Monday 25 January 2021 03:24 PM IST : By സ്വന്തം ലേഖകൻ

പ്രകൃതിയോട് ഇണങ്ങി 120 ദിവസം കൊണ്ട് പണിത 710 സ്ക്വയർഫീറ്റ് വീട്; ചെലവ് ഏഴ് ലക്ഷം രൂപ

sevvv1

‘‘ഇത് ഏഴ് ലക്ഷം രൂപയുണ്ട്. ഒരു കുടുംബത്തിന് താമസിക്കാൻ അത്യാവശ്യം വേണ്ട സൗകര്യങ്ങളെല്ലാം ഉള്ള ഒരു വീട് പണിയണം. തുക കുറവാണെന്നറിയാം... എങ്കിലും കഴിയുന്നത്ര നന്നായി തന്നെ വീടു തീർക്കണം.’’- മഠം പണികഴിപ്പിച്ചു നൽകുന്ന വീടിന്റെ നിർമാണചുമതല ഏൽപ്പിക്കുമ്പോൾ തൃശൂർ എഫ്സിസി കോൺവെന്റിലെ കന്യാസ്ത്രീകൾ ആർക്കിടെക്ട് ക്ലിന്റൺ തോമസിനോട് പറഞ്ഞതാണിത്. നാല് മാസത്തിനു ശേഷം വീടിന്റെ താക്കോൽ കൈമാറുമ്പോൾ സന്തോഷാധിക്യത്താൽ അവരുടെ കണ്ണ് നിറഞ്ഞിട്ടുണ്ടായിരുന്നു...

വിസ്മയവീട്

ഏഴ് ലക്ഷത്തിനാണ് വീട് പൂർത്തിയാക്കിയതെന്ന് തുടക്കത്തിൽ ആരും വിശ്വസിച്ചില്ല. ഒടുവിൽ കന്യാസ്ത്രീകൾ തന്നെ അതു സാക്ഷ്യപ്പെടുത്തേണ്ടി വന്നു.

തലയെടുപ്പും രൂപഭംഗിയും സമ്മേളിക്കുന്ന എക്സ്റ്റീരിയർ. സ്ഥലസൗകര്യത്തിന് കുറവില്ലാത്ത ഇന്റീരിയർ... ഏഴ് ലക്ഷത്തിന്റെ പരിമിതികളെ മറികടക്കുന്ന വിസ്മയക്കാഴ്ചകളാണ് തൃശൂർ പാത്രമംഗലത്തെ ഷിജുവിന്റെയും സഹോദരി ഷീജയുടെയും വീടു നിറയെ.

sevv4423

ഒറ്റനിലയിൽ 710 ചതുരശ്രയടിയാണ് വീടിന്റെ വിസ്തീർണം. പക്ഷേ, അതിലും പൊലിപ്പ് തോന്നും വിധമാണ് വീടിന്റെ രൂപഘടന. ലിവിങ്, ഡൈനിങ്, രണ്ട് കിടപ്പുമുറി, അടുക്കള, കോർട്‌യാർഡ് എന്നിവയിൽ ഒരു കിടപ്പുമുറിയും അതിനോട് േചർന്നുള്ള ബാത്റൂമും മാത്രമേ വാർത്തിട്ടുള്ളൂ. ട്രസ്സ് ചെയ്ത് ഷീറ്റിട്ടിരിക്കുകയാണ് ബാക്കിയിടങ്ങളിൽ. പക്ഷേ, കാഴ്ചയിൽ അതു മനസ്സിലാകില്ല. എല്ലാ മുറികളുടേയും മേൽക്കൂര കോൺക്രീറ്റ് ചെയ്തതാണെന്നേ തോന്നൂ. അത്തരത്തിലാണ് മേൽക്കൂരയുടെ ചെരിവും ഡിസൈനും.

ജിഐ ട്രസ്സിൽ സാൻഡ്‌വിച്ച് പാനൽ ഷീറ്റ് പിടിപ്പിച്ചാണ് മേൽക്കൂര തയാറാക്കിയത്. സാധാരണ ഷീറ്റുകളേക്കാൾ ചൂട് കുറയ്ക്കും എന്നതാണ് സാൻഡ്‌വിച്ച് പാനൽ ഷീറ്റ് തിരഞ്ഞെടുക്കാൻ കാരണം. ബൈസൺ പാനൽ ഉപയോഗിച്ച് ഫോൾസ് സീലിങ് ചെയ്തതും ചൂട് കുറയ്ക്കുക എന്ന ഉദ്ദേശത്തോടെയാണ്.

sevvv1886

പാറപ്പുറത്തെ ഭവനം

നാല് സെന്റാണ് വീടു പണിയാനായി ഉണ്ടായിരുന്നത്. പാറ നിറഞ്ഞ രീതിയിലായിരുന്നു സ്ഥലം. വീടിരിക്കുന്ന സ്ഥലത്തെ പാറ പൊട്ടിച്ച് അതുപയോഗിച്ചാണ് അടിത്തറ നിർമിച്ചത്. ഒറ്റനില വീടായതിനാൽ ഭാരം കുറഞ്ഞ എഎസി ബ്ലോക്ക് ഉപയോഗിച്ച് ചുമര് നിർമിച്ചു. ഇത്തരം കട്ടയ്ക്ക് സാമാന്യം മിനുസമുള്ള പ്രതലം ആയതിനാൽ സിമന്റ് തേക്കുന്നത് ഒഴിവാക്കി. അതു ചെലവ് കുറച്ചു. പുട്ടിയിട്ട ശേഷം പെയിന്റ് അടിച്ച് ചുമര് ഭംഗിയാക്കി.

ഫ്ലോറിങ്ങിന് അധികം വിലയില്ലാത്ത എന്നാൽ ഗുണമേന്മയുള്ള ടൈൽ ഉപയോഗിച്ചു. പ്രധാന വാതിലും പുറത്തേക്കു തുറക്കുന്ന വാതിലും തടികൊണ്ട് നിർമിച്ചു. ബാക്കിയിടങ്ങളിൽ റെഡിമെയ്ഡ് വാതിലുകൾ ഉപയോഗിച്ചു.

sevvv1444

കാലാവസ്ഥയെ മാനിച്ച്

കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിലായിരിക്കണം വീട് എന്ന കാര്യമാണ് ഏറ്റവും അധികം ശ്രദ്ധിച്ചത് എന്ന് ആർക്കിടെക്ട് ക്ലിന്റൺ തോമസ് പറയുന്നു.

‘‘താമസിക്കാൻ സുഖമില്ലെങ്കിൽ പിന്നെ എന്തു സൗകര്യമുണ്ടായിട്ടും കാര്യമില്ല. ട്രോപ്പിക്കൽ സാഹചര്യങ്ങൾക്ക് അനുസൃതമായി ആവശ്യത്തിനു കാറ്റും വെളിച്ചവും കടക്കുന്ന രീതിയിലാണ് വീടൊരുക്കിയത്.’’

sevv5e5fyf

വീടിനോട് ചേർന്നുള്ള സെമി ഓപൻ കോർട്‌യാർഡ് ആണ് ഈ ദൗത്യം മുഖ്യമായി നിർവഹിക്കുന്നത്. കിടപ്പുമുറികളിൽ സാധാരണ ജനാലകൾക്കു പകരം നൽകിയ ‘ഫുൾ വിൻഡോ’യും ഇക്കാര്യത്തിൽ സഹായിക്കുന്നു. 12 എംഎം കനമുള്ള ടഫൻഡ് ഗ്ലാസ് കൊണ്ടാണ് ചുമര് മുഴുവൻ നിറയുന്ന രീതിയിൽ ജനൽ നൽകിയത്.

120 ദിവസത്തിനുള്ളിൽ എല്ലാ പണികളും പൂർത്തിയായി എന്ന പ്രത്യേകതയുമുണ്ട് ഈ വീടിന്. ആർക്കിടെക്ടിന്റെ വീടിനു സമീപത്തായതിനാൽ എല്ലാ ദിവസവും നേരിട്ട് മേൽനോട്ടം വഹിക്കാനുമായി.

sevvv15555
Tags:
  • Vanitha Veedu