പൂച്ചകളിൽ കണ്ടുവരുന്ന അതിതീവ്രമായ രോഗമാണ് ‘ഫെലൈൻ പാർവോ’ അഥവാ ‘പാൻലൂക്കോപീനിയ’ (panleukopenia). ഇതുണ്ടാക്കുന്നത് ഡിഎൻഎ വൈറസ് ആയ ഫെലൈൻ പാർവോ വൈറസുകളാണ്. പ്രാരംഭഘട്ടത്തില്‍ ചികിത്സിച്ചില്ലെങ്കിൽ ഈ രോഗം ഭേദമാക്കാൻ കഴിയില്ല. സാംക്രമിക രോഗമായതിനാൽ കൂടുതൽ ശ്രദ്ധയും കരുതലും ആവശ്യമാണ്.
∙ നേരിയ പനിയോടു കൂടി പൂച്ചകൾ വെള്ളപ്പാത്രത്തിന്റെ മുന്നിൽ തലകുനിച്ചിരിക്കുന്ന അവസ്ഥയിലും ദുർഗന്ധത്തോടെയുള്ള വയറിളക്കത്തിന്റെ രൂപത്തിലോ പൂച്ചകളിൽ ലക്ഷണം പ്രകടമാകാം.
തീവ്രമായ ക്ഷീണത്തോടെ പൂച്ചക്കുഞ്ഞുങ്ങൾ മരണപ്പെടുന്നെങ്കിലും കാരണം ഫെലൈൻ പാർവോ വൈറസുകളാകാം.
∙ ശ്വേതരക്താണുക്കളുടെ (White Blood Cells) എണ്ണം കുറയുന്നതോടു കൂടി ശരീരത്തിന്റെ അവശേഷിച്ച രോഗപ്രതിരോധശേഷി തകരാറിലാകുന്നതാണു രോഗതീവ്രതയ്ക്കു കാരണം.
ഈ ഘട്ടം എത്തിക്കഴിഞ്ഞാൽ ചികിത്സിച്ചു രക്ഷപ്പെടുത്തുക പ്രയാസമാണ്. അ തിനാൽ പൂച്ചകളിൽ പനിയോ, ക്ഷീണമോ, ദുർഗന്ധത്തോടെയുള്ള വയറിളക്കമോ കണ്ടാൽ ഡോക്ടറെ ഉടനടി കാണിക്കണം.
∙ പൂച്ചക്കുഞ്ഞുങ്ങൾക്ക് എട്ടു മുതൽ പത്ത് ആഴ്ച പ്രായമായാൽ വെറ്ററിനറി ഡോക്ടറെ സമീപിച്ചു വിരമരുന്നു കൊടുത്ത ശേഷം പാൻലൂക്കോപീനിയയ്ക്കെതിരെയുള്ള വാക്‌സീന്‍ നൽകണം. 700 മുതൽ 800 രൂപ വരെയാണ് ഈ വാക്സീന്റെ വില. വാക്സിനേഷനാണു രോഗപ്രതിരോധത്തിൽ പരമപ്രധാനം.
കടപ്പാട്: ഡോ. അബ്ദുൾ ലത്തീഫ് .കെ, എംവിഎസ്ഇ ക്ലിനിക്കൽ മെഡിസിൻ, വെറ്ററിനറി സർജൻ