ഒന്നര വയസ്സുള്ളപ്പോൾ നവനീത് പാടി, ‘അരികിൽ നീയുണ്ടായിരുന്നെങ്കിൽ...’ വേദികൾ കീഴടക്കുന്ന നവനീത് മാജിക്കിന്റെ രഹസ്യം അറിയാം Navaneeth's American Roots and Malayalam Music

Mail This Article
ഭാവസാന്ദ്രമായ പാട്ടുകളിലൂടെ വേദികൾ
കീഴടക്കിയ നവനീത് ഉണ്ണികൃഷ്ണൻ സിനിമ പിന്നണി ഗാനരംഗത്തും അരങ്ങേറ്റം കുറിച്ചു. ഹൃദയപൂർവത്തിലെ പാട്ട് ജനഹൃദയങ്ങൾ കീഴടക്കുമ്പോൾ നവനീത് വനിതയ്ക്കു നൽകിയ പ്രത്യേക അഭിമുഖം.
ചക്രവർത്തിനീ നിനക്കു ഞാനെന്റെ...
ശിൽപഗോപുരം തുറന്നൂ...
പുഷ്പപാദുകം പുറത്തു വയ്ക്കു നീ...
നഗ്നപാദയായ് അകത്തു വരൂ...
നവനീത് ഉണ്ണികൃഷ്ണൻ പാടുകയാണ്. പാട്ടു കേട്ടാൽ ചക്രവർത്തിനി എപ്പോ ൾ നഗ്നപാദയായ് അകത്തു വന്നെന്നു ചോദിച്ചാൽ മതി. അത്രമാത്രം മധുരമായി, ഭാവാർദ്രമായാണു നവനീത് പാടുന്നത്.
വേദികൾ കീഴടക്കുന്ന നവനീതിന്റെ ശബ്ദം അടുത്തിടെ വെള്ളിത്തിരയിലും തരംഗമായി. ‘ഹൃദയപൂർവ’ത്തിലെ വിട പറയാം... ചിരിയോടെ... ഇടനെഞ്ചിൽ പെയ്യാ മേഘക്കാറോടെ... എന്ന പാട്ടു കേട്ടു നമ്മൾ ഉള്ളിലെ വിങ്ങലടക്കി. വരികളിലും വാക്കുകളിലും വേദനയും ഇടർച്ചയും നിറച്ചു പാടിയ ഈ പാട്ടുകാരൻ ജനിച്ചതും വളർന്നതും അങ്ങ് അമേരിക്കയിലാണ്. മലയാളത്തിൽ സംസാരിക്കുമ്പോൾ വാക്കുകൾ തപ്പിപ്പെറുക്കുന്ന നവനീത് പക്ഷേ, പാടുമ്പോൾ വരികൾ ഒഴുകി വരും. ആ മാജിക്കിനു പിന്നിലെ രഹസ്യം അറിയാം.
എത്രാമത്തെ വയസ്സിലാണു പാടിത്തുടങ്ങിയത് ?
കഷ്ടിച്ച് ഒന്നര വയസ്സുള്ളപ്പോൾ തന്നെ അരികിൽ നീയുണ്ടായിരുന്നെങ്കിൽ..., ഉണ്ണീ വാവാവോ... ഒക്കെ ഞാൻ പാടിയിരുന്നത്രേ. ഇതൊക്കെ അച്ഛനും അ മ്മയും പറഞ്ഞു കേട്ട അറിവാണ്.
അച്ഛൻ ഉണ്ണികൃഷ്ണന്റെയും അമ്മ പ്രിയയുടെയും നാട് കണ്ണൂർ ജില്ലയിലാണ്. ഹാർഡ്‌വെയർ എൻജിനീയറായ അച്ഛനും ഫിസിഷ്യനായ അമ്മയും വർഷങ്ങളായി അമേരിക്കയിൽ ജോലി ചെയ്യുന്നത്. ഞാനും അനിയൻ അനിരുദ്ധും ജനിച്ചതും പഠിക്കുന്നതുമെല്ലാം അമേരിക്കയിൽ തന്നെ. കുടുംബത്തിലാരും പാട്ടു പഠിച്ചിട്ടില്ല. അമ്മയുടെ അച്ഛൻ രാമചന്ദ്രൻ നന്നായി പാടുമായിരുന്നു, കുഞ്ഞായിരുന്നപ്പോൾ എന്നെ മടിയിലിരുത്തി അമ്മ പാട്ടു കേൾക്കുമായിരുന്നു. മലയാളം, ഹിന്ദി, തമിഴ് സിനിമാപാട്ടുകളും കർണാടിക്, ഹിന്ദുസ്ഥാനി പാട്ടുകളുമൊക്കെ അതിൽ പെടും.
18 മാസം പ്രായമുള്ളപ്പോഴത്തെ ഒരു വിഡിയോ ഉണ്ട്. അതിൽ ഞാൻ ഹെച്ഛരിക ഗാരാരാ... ഹേ രാമചന്ദ്രാ... ഹേ സുഗുണസാന്ദ്രാ... എന്ന ബാലമുരളീകൃഷ്ണ സാറിന്റെ കൃതി ആസ്വദിച്ചു കേൾക്കുകയാണ്. ത്യാഗരാജ കീർത്തനങ്ങളും ആസ്വദിച്ചു കേൾക്കുമായിരുന്നു. അവയെല്ലാമാകും എന്നെ സംഗീതത്തോട് അടുപ്പിച്ചത്.

എത്ര വയസ്സു മുതൽ പാട്ടു പഠിക്കുന്നു ?
നാലാം വയസ്സിൽ, ഡോ. വിജയശ്രീ ശർമജിക്കു കീഴിൽ ഹിന്ദുസ്ഥാനിയിലാണു തുടക്കം. അരിസോണയിലായിരുന്നു ടീച്ചറുടെ മ്യൂസിക് സ്കൂൾ. പിന്നെ, ഗുരുജി പണ്ഡിറ്റ് രമേശ് നാരായൺജിയുടെ കീഴിൽ ഹിന്ദുസ്ഥാനി ക്ലാസ്സിക്കൽ വോക്കൽ പഠിക്കാൻ തുടങ്ങി.
15 വയസ്സുള്ളപ്പോഴാണു ട്രിവാൻഡ്രം കൃഷ്ണകുമാർ സാറിനു കീഴിൽ കർണാടക സംഗീതം പഠിച്ചുതുടങ്ങിയത്. ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ ഡാറ്റ സയൻസ് നാലാം വർഷ ബിരുദവിദ്യാർഥിയാണ് ഞാൻ. പഠനത്തിന്റെ തിരക്കിനിടയിലും സംഗീതപഠനത്തിനും പ്രാക്ടീസിനും സമയം കണ്ടെത്തുന്നതു വലിയ ഹരമാണ്.
പാട്ടിന്റെ വഴികൾ തേടിപ്പോകാൻ എന്തായിരുന്നു പ്രേരണ ?
പാട്ടിന്റെ വ്യത്യസ്തതകൾ പരിചയപ്പെടുത്തിയ ചിലരുണ്ട്. കെപിഎസിയുടെ നാടകഗാനങ്ങൾ ആദ്യമായി കേൾപ്പിച്ചത് അപ്പൂപ്പനാണ്. ദേവരാജൻ മാഷും കെ.എസ്. ജോർജും കെപിഎസി സുലോചനയുമൊക്കെ അങ്ങനെ ഹൃദയത്തിലേക്കു കയറി.
11–ാം വയസ്സു മുതലാണ് ഇന്ത്യൻ ഭാഷകളിലെ പാട്ടുകളിലെ സംഗീതത്തിന്റെ രാഗവും സ്വരസ്ഥാനങ്ങളും അവയ്ക്കു മറ്റു പാട്ടുകളോടുള്ള സാമ്യവുമൊക്കെ അന്വേഷിച്ചു തുടങ്ങിയത്. രമേശ് നാരായൺ സാറിന്റെ കീഴിൽ കേദാർ എന്ന രാഗം പഠിക്കുന്ന സമയം. ദേവരാജൻ മാഷിന്റെ ചക്രവർത്തിനീ... എന്ന പാട്ടു ചുമ്മാ ഓർമ വന്നു. കേദാർ രാഗത്തിലല്ലേ ആ പാട്ട് ചിട്ടപ്പെടുത്തിയതെന്നു സാറിനോടു ചോദിച്ചപ്പോൾ ‘അതെ’ എന്ന് ഉത്തരം കിട്ടി. അതു കേട്ട പാടേ അടുത്ത സംശയം മനസ്സിൽ വന്നു, ‘ഇത്ര സിംപിൾ ആയ പാട്ടു ചിട്ടപ്പെടുത്താൻ എന്തിനാകും ദേവരാജ ൻ മാഷ് കേദാർ തന്നെ ഉപയോഗിച്ചത് ?
എങ്ങനെയാകും ഇത്ര സൗന്ദര്യത്തോടെ ആ രാഗത്തെ പാട്ടിൽ ഉൾപ്പെടുത്തിയത് ?’ ചോദ്യങ്ങൾ മനസ്സിൽ നിറഞ്ഞതോടെ ആ പാട്ടിനു സൗന്ദര്യം കൂടിക്കൂടി വന്നു. ഈ ചിന്തകളൊക്കെയാണു പാട്ടിനെയും രാഗത്തെയും കുറിച്ചു സംസാരിക്കാനുള്ള പ്രേരണ.
വയലാർ എഴുതി ദേവരാജൻ മാഷ് ഈണം നൽകി യേശുദാസ് പാടിയ പാട്ടുകളുടെ ആരാധകനാണു ഞാൻ. മ ല്ലാക്ഷീ മണിമാറിൽ... ബഹാർ രാഗത്തിലാണ്. മിയാകി മൽഹാർ എന്ന രാഗം പഠിച്ചപ്പോഴാണ് അതിശയിപ്പിക്കുന്ന മറ്റൊരു കാര്യം മനസ്സിലായത്, ഇന്നെനിക്കു പൊട്ടുകുത്താൻ എന്ന പാട്ട് ദേവരാജൻ മാഷ് ആ രാഗത്തിലാണു ചിട്ടപ്പെടുത്തിയിരിക്കുന്നത്. കർണാടക സംഗീതത്തിൽ അവഗാഹമുള്ള ഒരു മലയാളി സംഗീതസംവിധായകൻ ശുദ്ധമായ ഹിന്ദുസ്ഥാനി രാഗത്തിൽ പാട്ടുകൾ ചിട്ടപ്പെടുത്തിയിരിക്കുന്നു എന്നതാണ് അതിശയിപ്പിച്ചത്.
ജയരാജ് വാര്യർ അങ്കിളാണു മാഷിന്റെ മകൾ ശർമിള ആന്റിയെ പരിചയപ്പെടുത്തി തന്നത്. ഒരിക്കൽ കൊച്ചിയിലെ പ്രോഗ്രാം കാണാൻ ശർമിള ആന്റിയും മകനും കൂടി വ ന്നു. അതിനും രണ്ടു വർഷം മുൻപു ഫെയ്സ്ബുക്കിലെ എ ന്റെ വൈറലായ വിഡിയോ കണ്ടിട്ടു മാഷിന്റെ ഭാര്യ ലീലാമണി അമ്മൂമ്മ കത്തയച്ചിരുന്നു. ആ കത്തിൽ നിറയെ മാഷിന്റെ പാട്ടുപാടുന്ന കുട്ടിയോടുള്ള സ്നേഹമായിരുന്നു.
ഒരിക്കൽ അദ്ദേഹത്തിന്റെ വീടു സന്ദർശിക്കാൻ അവസരം കിട്ടി. അവിടെ മുറിയിൽ മാഷ് ഉപയോഗിച്ചിരുന്ന ഹാർമോണിയമുണ്ട്. അതിന്റെ കട്ടകളിലൂടെ വിരലോടിക്കാനും തൊട്ടു നമസ്കരിക്കാനും ഭാഗ്യം കിട്ടി. ഈ വർഷം സ്വരലയ– ദേവരാജൻ മാസ്റ്റർ പുരസ്കാരം ലഭിച്ചിരുന്നു. അവാർഡ് നിശയിലും മാഷിന്റെ ജന്മനാടായ പരവൂരിലും അന്നു പ്രോഗ്രാമുകൾ അവതരിപ്പിച്ചു.
വരികളും വാക്കുകളുമൊക്കെ അമേരിക്കക്കാരന്റെ നാവിനു വഴങ്ങുന്നതിനു പിന്നിലെ രഹസ്യമെന്താണ് ?
ഹിന്ദുസ്ഥാനിയും കർണാടകസംഗീതവും ബാലൻസ് ചെയ്തു കൊണ്ടുപോകുന്നതു പ്രയാസമാണെന്നു വലിയ സംഗീതജ്ഞർ വരെ പറയാറുണ്ട്. പക്ഷേ, സ്വരങ്ങൾ ഉച്ചരിക്കുന്നതിലെ വ്യത്യാസവും രാഗങ്ങളിലെ സാമ്യങ്ങളും തിരിച്ചറിഞ്ഞു പാടുന്നതു രസമുള്ള സംഗതിയാണ്.
അമ്മൂമ്മ ശ്യാമളയാണ് എന്റെ മലയാളം നന്നായതിനു പിന്നിൽ. അമ്മൂമ്മയ്ക്കൊപ്പമായിരുന്നു കുട്ടിക്കാലമെല്ലാം. പാടുമ്പോൾ വരികൾ തിരുത്തി തന്നിരുന്നത് അമ്മൂമ്മയാണ്. ആദ്യമൊക്കെ ഞാൻ പാടിയിരുന്നത് ‘സാലഭഞ്ജികകൾ കൈകളിൽ കുസുമതാളമേന്തി വരവേൽക്കും...’ എന്നാണ്. താളമല്ല താലമാണ് ഏന്തിനിൽക്കുന്നതെന്ന് അമ്മൂമ്മ തിരുത്തിതന്നു. ‘നീലനിശീഥിനീ...’യിലെ ‘ശ’യും ‘ഷ’യും തമ്മിലുള്ള വ്യത്യാസം പറഞ്ഞുതന്നതും ‘എപ്പോഴെന്നറിയില്ല...’യിലെ ‘ഴ’യും ‘റ’യും ‘ന്ന’യുമൊക്കെ വേർതിരിച്ചു പഠിപ്പിച്ചു തന്നതും അമ്മൂമ്മയാണ്. എങ്ങനെ വാക്കുകൾ ഉച്ചരിക്കണമെന്നും ഓരോ അക്ഷരങ്ങളുടെയും കട്ടിയും കടുപ്പവുമൊക്കെ എങ്ങനെ ഉപയോഗിക്കണമെന്നുമുള്ള ടിപ്സ് ഇപ്പോഴും അതേപടി പാലിക്കുന്നു.
കോവിഡ് കാലമാണോ യുട്യൂബിലൂടെ പാട്ടിലെ ‘രാഗവിസ്താരം’ തുടങ്ങാൻ കാരണം ?
2006ൽ അച്ഛനാണു യുട്യൂബ് ചാനൽ തുടങ്ങിയത്. അ തിൽ യാത്രകളുടെയും മറ്റും വിഡിയോകൾ അച്ഛനും അ മ്മയും കൂടിയാണു പോസ്റ്റ് ചെയ്തിരുന്നത്. 2007ൽ, എനിക്കു രണ്ടര വയസ്സുള്ളപ്പോൾ അച്ഛൻ പോസ്റ്റ് ചെയ്ത ചില വിഡിയോകളിൽ ഒരു മധുരക്കിനാവിൻ, ഏഴു സ്വരങ്ങളും, ഇരുളിൽ മഹാനിദ്രയിൽ... ഒക്കെ പാടുന്നുണ്ട്.
പത്തു വയസ്സുള്ളപ്പോഴാണ് ദേവരാജൻ മാഷിനോടുള്ള ഇഷ്ടം വീട്ടുകാർ തിരിച്ചറിഞ്ഞത്. സംസാരത്തിലും പാട്ടുകളിലും എപ്പോഴും മാഷ് നിറയും. ആ സംസാരമൊക്കെ ക്യാമറയിൽ ഷൂട്ട് ചെയ്യുന്നത് അച്ഛനു ശീലമായിരുന്നു. ആ വിഡിയോകൾക്കു വലിയ സ്വീകാര്യത കിട്ടി. പിന്നെയും വിഡിയോകൾ ചെയ്യാനുള്ള പ്രചോദനം അതാണ്.
അതിനു പിന്നാലെ അരിസോണയിലെ മലയാളി കൺവൻഷനിൽ വച്ച് ആദ്യമായി പാട്ടിനെ കുറിച്ചും അതിന്റെ രാഗത്തെ കുറിച്ചുമൊക്കെ വിശദീകരിച്ചു പരിപാടി അവതരിപ്പിച്ചു. പ്രോഗ്രാം അവസാനിച്ചപ്പോൾ സദസ്സ് ഒന്നാകെ എഴുന്നേറ്റു നിന്നു കയ്യടിച്ചു. ആ കയ്യടി ഇന്നും മനസ്സിലുണ്ട്. ഓരോ പാട്ടിനു ശേഷവും അടുത്തതായി പാടുന്ന പാട്ട് ഇതാണ് എന്നു പറയുമ്പോൾ തന്നെ കയ്യടി മുഴങ്ങിത്തുടങ്ങും. പാടിത്തുടങ്ങുമ്പോൾ സ്വിച്ചിട്ടതു പോലെ സദസ്സ് നിശബ്ദമാകും. എല്ലാവരും പാട്ടിൽ ലയിച്ചിരിക്കും. ആ കാഴ്ചയാണു വീണ്ടും വീണ്ടും എന്നെ പാടിപ്പിക്കുന്നത്.
പാട്ടിലൂടെ കിട്ടിയ കൂട്ടുകളെ കുറിച്ചു പറയൂ ?
കോവിഡ് കാലത്തു കുറേ പ്രോഗ്രാമുകൾ ക്യാൻസലായതോടെ ഓൺലൈനിലൂടെ പ്രോഗ്രാമുകൾ ചെയ്തു തുടങ്ങി. അന്നു കൈതപ്രം സാർ, ജയരാജ് വാര്യർ അങ്കിൾ, വ യലാർ ശരത് ചന്ദ്രവർമ അങ്കിൾ എന്നിവർക്കൊപ്പമൊക്കെ പ്രോഗ്രാമുകൾ ചെയ്യാൻ അവസരം കിട്ടി.
സംഗീതജ്ഞൻ ശ്രീവത്സൻ ജെ. മേനോൻ സാറും സിനിമട്ടോഗ്രഫർ സന്തോഷ് ശിവൻ സാറും ഞാൻ പാടുന്ന വിഡിയോ ഷെയർ ചെയ്തിരുന്നു. സംഗീത സംവിധായകൻ എം. ജയചന്ദ്രൻ സാറിന്റെ വീട്ടിൽ വച്ചു സംഗീതത്തെ പറ്റി കുറേയധികം സംസാരിക്കാനുള്ള അവസരവും കിട്ടി. ഒരിക്കൽ കൊച്ചിയിലെ പ്രോഗ്രാമിൽ അല്ലിയിളം പൂ വോ... പാടിയ ശേഷം കണ്ണൂരിലേക്കു ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ ഒരു മെസേജ്, ‘പാട്ടു ഞാൻ പാടിയതിനെക്കാൾ നന്നായി പാടി, അഭിനന്ദനങ്ങൾ...’ ഗായകൻ സാക്ഷാൽ കൃഷ്ണചന്ദ്രൻ സാറിന്റേതായിരുന്നു ആ മെസേജ്.
സത്യൻ അന്തിക്കാട് സാർ, മോഹൻലാൽ അങ്കിൾ, സംവിധായകൻ ഫാസിൽ അങ്കിൾ, രാഷ്ട്രീയനേതാക്കളായ എം.എ. ബേബി അങ്കിൾ, സി.പി. ജോൺ അങ്കിൾ എന്നിവരോടൊക്കെ കൂട്ടുകൂടാനായതു പാട്ടിലൂടെയാണ്.
കലാഭവനിലെ മുൻനിര കലാകാരന്മാരായ പി.ജെ. സെബാസ്റ്റ്യൻ അങ്കിൾ, റെക്സ് ഐസക് മാഷ്, അനൂപ് അങ്കിൾ എന്നിവരെ പരിചയപ്പെട്ടതു മറ്റൊരു ഭാഗ്യം തന്നു, പ്രിയഗായകൻ യേശുദാസ് സാറുമായി സംസാരിക്കാനായി. റെക്സ് ഐസക് സാറാണ് ഫോണിൽ സംസാരിക്കാനുള്ള അവസരം ഉണ്ടാക്കി തന്നത്. ഒന്നേകാൽ മണിക്കൂറോളം ആ കോൾ നീണ്ടു. പാട്ടിനെ കുറിച്ചു മാത്രമാണ് അ ദ്ദേഹം സംസാരിച്ചത്. സ്വർണച്ചാമരം വീശിയെത്തുന്ന... എ ന്ന പാട്ടൊക്കെ അദ്ദേഹം പാടിത്തന്നു.
ഹൃദയപൂർവത്തിലെ പാട്ടു മലയാളം ഏറ്റെടുത്തല്ലോ ?
അതിന്റെ ക്രെഡിറ്റ് സംവിധായകൻ സത്യൻ അന്തിക്കാട് അങ്കിളിനും സംഗീതസംവിധായകൻ ജസ്റ്റിന്‍ പ്രഭാകറിനും അവകാശപ്പെട്ടതാണ്. സത്യൻ അങ്കിളാണ് ആ പാട്ടിലേക്ക് എന്നെ കൊണ്ടുവന്നത്. റിക്കോർഡിങ്ങിന് അങ്കിളും അഖിലേട്ടനും ഉണ്ടായിരുന്നു. ആ പാട്ടു റിലീസായ പിറകേ ഒരു കോൾ വന്നു, ‘‘വെൽകം ടു മലയാളം സിനിമ...’’ എന്നു പറഞ്ഞു സംസാരം തുടങ്ങിയ ആ കോളിന്റെ അങ്ങേ തലയ്ക്കൽ മോഹൻലാൽ അങ്കിളിയിരുന്നു.
പാട്ടിലെ സ്വപ്നങ്ങളെന്താണ് ?
ഡിഗ്രി അവസാന വർഷം പഠിക്കുകയാണ്. ഡാറ്റ സയൻസ് ജോലിക്കൊപ്പം സംഗീതവും മുന്നോട്ടു കൊണ്ടുപോണം എന്നാണു സ്വപ്നം. ഇന്ത്യയിൽ വന്നു കുറച്ചധികം പ്രോഗ്രാമുകൾ ചെയ്യണമെന്നും ആഗ്രഹമുണ്ട്. വെക്കേഷനു കണ്ണൂരിലെ തറവാട്ടിലേക്കു വരുന്നതാണു നാടുമായി ബന്ധപ്പെട്ട് ആകെയുള്ള ഓർമ.
എട്ടാം ക്ലാസ്സിൽ പഠിക്കുന്ന അനിയൻ അനിരുദ്ധ് നന്നായി പാടും. റാപ്പും പോപ്പുമൊക്കെ നന്നായി വഴങ്ങും. പ ക്ഷേ, ഹരിവരാസനമാണ് അവന്റെ പ്രിയപ്പെട്ട പാട്ട്.