ADVERTISEMENT

കുട്ടികൾ ആത്മഹത്യ ചെയ്യുന്ന വാർത്ത ഒാരോ രക്ഷിതാവിന്റെയുള്ളിലും ആധിയുടെ കനലാണ് കൊളുത്തുന്നത്. ഒരു പൂ വീഴുന്ന ലാഘവത്തോടെയാണ് ആ കുട്ടികൾ മരണത്തിലേക്ക് നടന്നു പോയത്.

സ്വപ്നങ്ങളുടെ അമിത ഭാരം താങ്ങാനാവാത്തതു കൊണ്ടാണോ? അതോ ഇതൊന്നും ആരോടും പറയാനാവാതെ ഒറ്റയ്ക്ക് നിന്നു കത്തി തീരുന്നതു കൊണ്ടാണോ?  

ADVERTISEMENT

ചോദ്യങ്ങളൊരുപാടുണ്ട്. രക്ഷിതാക്കൾക്കു മുന്നിൽ ഒരു വഴിയാണുള്ളത് കുട്ടികളെ കേൾക്കാനായി സമയം കണ്ടെത്തുക. പലപ്പോഴും വീടുകളിലെത്തിയാൽ കുട്ടികൾ പഠനമുറിയിലേക്കും പിന്നീട് മൊബൈലിനുള്ളിലേക്കും ഒതുങ്ങി പോവുകയാണ് പതിവ്. പല രക്ഷിതാക്കൾക്കും കുട്ടികളോടു സംസാരിക്കാനുള്ള ആശയവിനിമയത്തിന്റെ പാലങ്ങൾ തന്നെ ഇല്ലാതാകുന്നുണ്ട്. കുട്ടികളെക്കൊണ്ട് സംസാരിപ്പിക്കാൻ എന്തൊക്കെയാണ് ചെയ്യേണ്ടത്.? കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ സീനിയർ സൈക്യാട്രിസ്റ്റ് സി.ജെ ജോൺ നൽകുന്ന നിർദേശങ്ങൾ–

പലരും പാരന്റിങ് തുടങ്ങുന്നത് കൗമാരത്തിലാണ്. കുട്ടി ഹൈസ്കൂളിലോ പ്ലസ്ടുവിലോ എത്തുമ്പോഴായിരിക്കും പല അച്ഛനമ്മമാരും സടകുടഞ്ഞ് എഴുന്നേൽക്കുന്നത്. അതോടെ കുട്ടിക്കു ചുറ്റും നിയന്ത്രണങ്ങളുടെ ‘വൻമതിൽ’ കെട്ടാൻ തുടങ്ങും. അതുവരെ ഇല്ലാതിരുന്ന ഈ മതിൽ കണ്ട് കുട്ടി അതു പൊളിക്കാൻ ശ്രമിക്കും. ഇല്ലെങ്കില്‍ അതു ചാടിക്കടക്കാൻ നോക്കും. ഇതാണ് പല വീടുകളിലും നടക്കുന്നത്.

ADVERTISEMENT

കുട്ടിയെ ശാരീരികമായും മാനസികമായും ആരോഗ്യത്തോടെ വളർത്താനുള്ള യഥാർഥ പാരന്റിങിന് ഒരു തുടർച്ചയുണ്ട്. ഒാരോ പ്രായത്തിന് അനുസരിച്ചു കളിപ്പിക്കലും സംസാരവും വേണം. നിങ്ങളും കുട്ടിയും തമ്മിലുള്ള ആശയ വിനിമയത്തിന്റെ ആഴം എത്രയെന്നറിയാൻ ഒരുദാഹരണം പറയാം.

എട്ടു വയസുള്ള കുട്ടി ക്ലാസു വിട്ടു വന്നു പറയുന്നു–‘‘ അമ്മേ ഇന്നു ക്ലാസിൽ ഒരു പൂമ്പാറ്റ കയറി.’’

ADVERTISEMENT

‘‘എന്നിട്ടോ’’? എന്നു ചോദിക്കുന്നവരാവും 95 ശതമാനം അച്ഛനമ്മമാരും.

കുട്ടി ഉത്തരം പറയും:‘‘ അത് ടീച്ചർ ഇരുന്ന വശത്തേക്ക് പറന്നു പോയി.’’

‘‘അതുകണ്ട് ടീച്ചർ എന്തു പറഞ്ഞു? നിങ്ങൾ എന്തു ചെയ്തു?’’ മിക്കവരും ഈ ചോദ്യങ്ങളോടെ ആ സംഭാഷണം അവസാനിപ്പിക്കും.

‘‘എന്നിട്ട് പൂമ്പാറ്റ എന്തു ചെയ്തു?’’ ‘‘എന്തായിരുന്നു നിറം?’’നീ ഇതിനു മുൻപേ ആ നിറമുള്ള പൂമ്പാറ്റകളെ കണ്ടിട്ടുണ്ടോ?പൂമ്പാറ്റയെ കണ്ടിട്ട് കുട്ടികൾ എന്തു പറഞ്ഞു? ഇത്രയും ചോദിക്കുന്ന രക്ഷിതാക്കളുടെ എണ്ണം പിന്നെയും കുറയും. കുട്ടിക്കു പക്ഷേ ഇത്തരം ചോദ്യങ്ങൾ ആവേശമാവും. ക്ലാസിലെ കാര്യങ്ങൾ ഒാരോന്നായി പറഞ്ഞു തുടങ്ങും. ഇത് കുട്ടിക്ക് എല്ലാം പറയാനുള്ള താൽപര്യമുണ്ടാക്കും. ഇങ്ങനെ ശീലിക്കുന്ന കുട്ടികൾ മുതിരുമ്പോഴും എല്ലാ കാര്യവും പറഞ്ഞു തുടങ്ങും.

എന്നാൽ ഈ കൂട്ടത്തിലൊന്നും പെടാത്തവരുണ്ട്. ക്ലാസിൽ നീ പൂമ്പാറ്റയേയും നോക്കിയിരിക്കുകയാണോ? ടീച്ചർ പഠിപ്പിക്കുന്നതൊന്നും ശ്രദ്ധിക്കുന്നില്ലേ? ഇങ്ങനെ ചോദിച്ചാൽ അതോടെ ആശയവിനിമയം മുറിഞ്ഞു പോകും. ക്ലാസിൽ സംഭവിക്കുന്ന കാര്യങ്ങൾ‌ വീട്ടിൽ വന്നു പറയാൻ കുട്ടി മടിച്ചു തുടങ്ങും. ആശയവിനിമയം മുറിച്ചു കളയുന്ന രക്ഷിതാക്കളോട് എല്ലാ കാര്യങ്ങളും തുറന്നു പറയാനായി അവർ മടിക്കും.

നല്ല വളർത്തലിന്റെ അടിത്തറ കുട്ടിയുടെ പ്രായത്തിനനുസരിച്ച് ആശയവിനിമയം നടത്താൻ പറ്റുന്നുണ്ടോ എന്നതാണ്.

വേണം ഒരു ‘ധർമോ മീറ്റർ’

രക്ഷിതാക്കൾ ചെയ്യുന്ന ഒരോ കാര്യവും കുട്ടിയുടെ മനസ്സിൽ തെറ്റിനെയും ശരിയെയും കുറിച്ചുള്ള ചിന്തകൾക്ക് മാറ്റം വരുത്തും. കുട്ടി നിങ്ങളുെട സാമ്പത്തിക പ്രയാസങ്ങളോ കഷ്ടപ്പാടുകളോ ജോലിയിലെ ടെൻഷനുകളോ ഒന്നുമറിയരുത് എന്നു കരുതരുത്. ജീവിത സാഹചര്യങ്ങളെക്കുറിച്ച് അവർക്ക് പറഞ്ഞു കൊടുക്കുക. ഒാരോ കുട്ടിയേയും സ്വന്തം സാഹചര്യം തിരിച്ചറി‍‍ഞ്ഞ് വളരാൻ പരിശീലിപ്പിക്കണം.

കുട്ടിക്കാലത്തേ ശരിതെറ്റുകൾ തിരിച്ചറിയാൻ സഹായിക്കുന്ന ‘ധർമത്തിന്റെ ഒരദൃശ്യമീറ്റർ’ കുട്ടിയുടെ മനസ്സിൽ വേണം. അതാതു പ്രായത്തിൽ കിട്ടുന്ന അനുഭവങ്ങളിലൂടെ തെറ്റും ശരിയും മനസിലാക്കിയെടുക്കാൻ ഈ ‘ധർമോമീറ്റർ’ ഉപകരിക്കും. ഇതു മനസ്സിൽ സൂക്ഷിക്കുന്ന കുട്ടികൾ പിൽക്കാലത്ത് പഠനാവശ്യത്തിനും മറ്റും മാതാപിതാക്കളെ വിട്ടു നിൽക്കുമ്പോൾ ശരിയും തെറ്റും തിരിച്ചറിഞ്ഞ് മുന്നോട്ടു പോവും.

എന്തും പൈസ കൊടുത്തു വാങ്ങാം എന്ന ചിന്ത കുട്ടികളിൽ വളർത്തരുത്, രക്ഷിതാക്കളുടെ അത്തരം പ്രവ‍‍ൃത്തികൾ ജീവിതത്തിനെക്കുറിച്ചുള്ള കുട്ടിയുടെ കാഴ്ചപ്പാടുതന്നെ മാറ്റി മറിക്കും. പഠിച്ചു മാർക്കില്ലെങ്കിലും പണം കൊടുത്തു സീറ്റു വാങ്ങാവുന്നതേയുള്ളു എന്ന തോന്നൽ കുട്ടിയുടെ പഠന നിലവാരത്തെ ബാധിച്ചേക്കാം. പഠനത്തെക്കുറിച്ചു കുട്ടിയുടെ മനസിൽ ഒരു ലാഘവ ബുദ്ധി അതുണ്ടാക്കും.

എപ്പോഴും അവരുടെ എല്ലാ ആവശ്യങ്ങളും പെട്ടെന്ന് സാധിച്ചു കൊടുക്കാം എന്നു തീരുമാനിക്കരുത്. എന്നാലേ ആഗ്രഹം നീട്ടി വയ്ക്കുമ്പോഴുള്ള ചെറിയ നിരാശയും സങ്കടങ്ങളും കൈകാര്യം ചെയ്യാനായി കുട്ടികൾ പഠിക്കൂ. കുട്ടിക്കാലത്ത് അവരുടെ ആഗ്രഹങ്ങളെല്ലാം പെട്ടെന്ന് സാധിച്ചു കൊടുക്കാൻ രക്ഷിതാക്കൾക്ക് സാധിച്ചെന്നു വന്നേക്കാം. എന്നാൽ കൗമാരത്തിലേക്ക് കടക്കുമ്പോൾ എല്ലാ സ്വപ്നങ്ങളും അത്ര എളുപ്പത്തിൽ സാധിച്ചു കൊടുക്കാൻ പറ്റണമെന്നില്ല. ചെറുപ്പത്തിലേ നിയമങ്ങൾ പാലിക്കാനും പ്രതിസന്ധികള്‍ തരണം ചെയ്യാനും ടെൻഷൻ കൈകാര്യം ചെയ്യാനുമുള്ള പരിശീലനം നൽ‌കണം.

∙വിവരങ്ങൾക്ക് കടപ്പാട്

ഡോ.സി.ജെ ജോൺ

സീനിയർ സൈക്യാട്രിസ്റ്റ്, മെഡിക്കൽ ട്രസ്റ്റ് ആശുപത്രി, കൊച്ചി.

English Summary:

Parenting tips are crucial for understanding kids' mental health. Open communication and understanding their perspective can prevent many issues.

ADVERTISEMENT