ഫാഷനും കംഫർട്ടും ഒന്നിച്ചിണങ്ങുന്ന ജംപ്‌സ്യൂട് ഡിസൈൻ പഠിക്കാം; കാഷ്വൽവെയറിലും ഓഫീസ് ഡ്രസ്സിലും എവർഗ്രീൻ Measurements for a Perfect Fit Jumpsuit

Mail This Article
ഫാഷനിൽ ഏതു കാലത്തും നിറഞ്ഞുനിൽക്കുന്ന ഡ്രസ്സാണ് ജംപ്‌സ്യൂട്. കാഷ്വൽ വെയറിൽ കൂൾ ലുക്ക് തരാനും ഓഫിസ് ഡ്രസ്സിൽ സീരിയസ് മുഖമേകാനും ജംപ്‌സ്യൂട് തന്നെ മതി. എംബ്രോയ്ഡറിയും ഡിസൈനർ വർക്കുകളും നിറഞ്ഞ ജംപ്‌സ്യൂട് അണിഞ്ഞാൽ ഈവനിങ് പാർട്ടിയിലും മിന്നിത്തിളങ്ങാം. ഫാഷനും കംഫർട്ടും ഒത്തിണങ്ങുന്ന ജംപ്‌സ്യൂട് തയ്ക്കാൻ ഇക്കുറി പഠിക്കാം.
ഇതിനായി ഇനി പറയുന്ന അളവുകളാണു വേണ്ടത്. ഷോൾഡർ, കൈക്കുഴി, ടോപ് ഇറക്കം, കഴുത്തിറക്കം (മുൻ, പിൻ), കഴുത്തകലം, നെഞ്ചളവ് (ചെസ്റ്റ് റൗണ്ട്), ഇടുപ്പളവ് (വെയ്സ്റ്റ് റൗണ്ട്), ഹിപ് റൗണ്ട് (സീറ്റ് അളവ്), ക്രോച് ലെങ്ത്, ഫുൾ ഇറക്കം. ആകെ വേണ്ട തുണിയുടെ അളവു മൂന്നു മീറ്റർ.

അളവുകൾ മാർക് ചെയ്യാം
മുൻഭാഗത്തിനും പിൻഭാഗത്തിനുമുള്ള തുണി വെവ്വേറേ മടക്കിയിട്ട ശേഷം ഫുൾ ലെങ്ത്, ഷോൾഡർ, കൈക്കുഴി, ചെസ്റ്റ്, വെയ്സ്റ്റ്, ഹിപ്, ക്രോച്ച് ലെങ്ത് എന്നീ അളവുകൾ മാർക്ക് ചെയ്യണം. ചില അളവുകൾ നാലിലൊന്നും ചില അളവുകൾ രണ്ടിലൊന്നും കണക്കാക്കി മാർക് ചെയ്യാൻ ശ്രദ്ധിക്കണേ.
പിൻഭാഗത്തിനുള്ള തുണിയിൽ ക്രോച്ച് ലെങ്ത് മാർക് ചെയ്ത ശേഷം രണ്ട് ഇഞ്ച് കൂടുതൽ വീതി കണക്കാക്കിയാണു ഹിപ് അളവു മുതൽ താഴേക്കുള്ള ബോട്ടം പാർട്ടിലെ അളവുകൾ മാർക് ചെയ്യേണ്ടത്. കൃത്യമായി ലൂസ് കിട്ടാനാണ് ഇങ്ങനെ ചെയ്യുന്നത്. (സ്ട്രെയ്റ്റ് കട്ട് ബോട്ടം, ഫ്ലെയേർഡ് ഡിസൈൻ എന്നിവയ്ക്കു വേണ്ടി ഹിപ് അളവിനു താഴേക്കുള്ള അളവുകൾ മാർക് ചെയ്യുമ്പോൾ അതതു രീതിയിൽ മാറ്റങ്ങൾ വരുത്തിയാൽ മതി.)
മുൻഭാഗത്തു ബട്ടൺ, സിബ് ഓപ്പണിങ് നൽകാനായി എക്സ്ട്രാ പീസ് അറ്റാച്ച് ചെയ്യേണ്ടതിനാൽ അതിന്റെ അളവു കൂടി മാർക് ചെയ്യണം. ഇനി തയ്യൽ തുമ്പു കൂടി നൽകി പീസുകൾ വെട്ടിയെടുക്കാം.
ഈസിയായി തയ്ക്കാം
ആദ്യം തയ്ക്കേണ്ടത് കാലുകളാണ്. അടിവശം മടക്കി തയ്ച്ചശേഷം കാലുകളുടെ വശങ്ങൾ ചേർത്തു തയ്ക്കണം. ഇനി ക്രോച്ച് വശങ്ങൾ ചേർത്തു തയ്ച്ച് കാലുകൾ തമ്മിൽ യോജിപ്പിക്കാം.
ഷോൾഡർ അറ്റാച്ച് ചെയ്ത ശേഷം കൈക്കുഴി ക്രോസ് പീസ് വച്ചു കവർ ചെയ്തു തയ്ക്കണം. അതിനു ശേഷം വശങ്ങൾ അറ്റാച്ച് ചെയ്യാം. ഷേപ്പിനു വേണ്ടി ബെൽറ്റ് പിടിപ്പിക്കേണ്ടവർക്ക് അതുകൂടി ഈ സമയത്തു വശങ്ങളിൽ അറ്റാച്ച് ചെയ്യാം.
പിൻഭാഗങ്ങൾ തമ്മിൽ ചേർത്തു തയ്ച്ച ശേഷം കഴുത്തു ക്രോസ് പീസ് വച്ചു കവർ ചെയ്യണം. മുൻഭാഗത്തു ബട്ടൺ, സിബ് ഓപ്പണിങ് കൂടി നൽകി സ്റ്റിച്ചിങ് ഫിനിഷ് ചെയ്യാം.