നടത്തം, ബൈക്ക്, കാർ, ടെയിൻ, വിമാനം തുടങ്ങി മാർഗം ഏതുമായിക്കോട്ടേ കുട്ടിയുമായി യാത്ര ചെയ്യുമ്പോൾ ഈ മുൻകരുതലുകളെടുക്കാം Safety Tips While Traveling with Children

Mail This Article
സാധാരണ യാത്ര ചെയ്യുന്നതിലും ഇരട്ടി ശ്രദ്ധ വേണം കുട്ടികളുമായി യാത്ര ചെയ്യുമ്പോൾ. റെയിൽവേ ട്രാക്കിനരികിലൂടെ കളിച്ചു നടക്കുന്ന കുട്ടിയും, ബൈക്കിൽ മാതാപിതാക്കളുടെ മടിയിൽ നിന്ന് ഏത് സമയത്തും തെന്നി വീഴാൻ പാകത്തിനിരിക്കുന്ന കുട്ടിയും റോഡിൽ നടക്കുമ്പോൾ വണ്ടി പോകുന്ന വശത്ത് കുട്ടിയെ അലക്ഷ്യമായി നടത്തുന്നതും ഒക്കെ നമുക്ക് ചുറ്റും സ്ഥിരമായി കാണുന്ന അപകട കാഴ്ച്ചകളാണ്. വന്നു ചേരുന്ന അപകടങ്ങൾ തടാനാവില്ല... പക്ഷേ, അറിഞ്ഞു കൊണ്ട് അപകടങ്ങളെ ക്ഷണിച്ചു വരുത്താതിരിക്കാം.
നടക്കുമ്പോഴും വേണം ശ്രദ്ധ
വഴിയിലൂടെ കുട്ടികളുമായി നടക്കുമ്പോഴുള്ള സുരക്ഷയെക്കുറിച്ച് പലരും ആവശ്യത്തിനു ശ്രദ്ധ നൽകാറില്ല. എ ന്നാൽ ഇത്തരം അപകടങ്ങൾ കുറവല്ല താനും.
∙ കുട്ടികളുമായി പ്രഭാത നടത്തത്തിനോ രാത്രി നടത്തത്തിനോ പോകുമ്പോൾ എളുപ്പത്തിൽ ശ്രദ്ധ കിട്ടുന്ന തരത്തിലുള്ള നിറമുള്ള വസ്ത്രങ്ങൾ ധരിപ്പിക്കുക. വെള്ള നിറം, ഇളം നിറങ്ങളാണ് ഉത്തമം.
∙ വസ്ത്രങ്ങളിലും ബാഗിലുമൊക്കെ വെളിച്ചം തട്ടി പ്രതിഫലിക്കുന്ന തരം റിഫ്ലക്ടറുകൾ വയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. റിഫ്ലക്ടറുകളുള്ള ചെരുപ്പുകളും ടോപ്പുകളും പാന്റുകളും ലഭ്യമാണ്.
∙ ട്രാഫിക് ലൈറ്റിലെ നിറങ്ങളെ കുറിച്ചും പറഞ്ഞു കൊടുക്കാം. വളവു വരുന്ന ഇടങ്ങളിൽ വച്ചു റോഡ് മുറിച്ചു കടക്കാതിരിക്കുക എ ന്നും ഓർമിപ്പിക്കാം.
∙ വഴിയിലൂടെ നടക്കുമ്പോൾ എപ്പോഴും കുട്ടിയുടെ കൈപിടിക്കുക. കുട്ടിയെ വാഹനങ്ങൾ വരുന്ന വശത്തുകൂടി നടത്താതെ മറുവശത്തു കൂടി നടത്താൻ ശ്രദ്ധിക്കണം. ആൾക്കൂട്ടമുള്ള സ്ഥലത്താകുമ്പോൾ പരമാവധി കുട്ടിയുടെ കൈ വിടാതെ നടക്കുക. നോട്ടം തെറ്റിപോവാതിരിക്കാനും ശ്രദ്ധിക്കാം.
∙ കൊച്ചു കുട്ടികളെ തനിച്ചു റോഡിലേക്കു വിടാതിരിക്കുക. തൊട്ടടുത്തുള്ള കടയിലേക്കാണെങ്കിൽ പോലും മുതിർന്നവരൊപ്പമില്ലാതെ കുട്ടിയെ വിടേണ്ടതില്ല.
∙ ഇരുവശവും നോക്കി വണ്ടികൾ പാഞ്ഞു വരുന്നില്ല എ ന്ന് ശ്രദ്ധിച്ച് റോഡ് മുറിച്ചു കടക്കാൻ പറയുക.
∙ വഴിയുടെ വലതുവശം ചേർന്നു നടക്കുക, നടപ്പാതയുണ്ടെങ്കിൽ അതിലൂടെ നടക്കുക, കൂട്ടമായി നിരന്നു നടക്കാതിരിക്കുക എന്നൊക്കെ ഓർമിപ്പിക്കാം.
∙ സീബ്രാ ക്രോസിങ് ഉള്ളയിടങ്ങളിൽ അതുവഴി മാത്രം റോഡ് മുറിച്ചു കടക്കുക. വണ്ടികൾക്കിടയിലൂടെ റോഡ് മുറിച്ചു കടക്കാതിരിക്കുക.
∙ റോഡിലൂടെ നടക്കുമ്പോൾ ശ്രദ്ധ തിരിക്കുന്ന കാര്യങ്ങൾ ചെയ്യരുതെന്നു പറയാം. പരിസരം മറന്നുള്ള സംസാരം, ഫോൺ വിളി, ഹെഡ് ഫോണിൽ പാട്ടു വച്ചു നടക്കുക മുതലായവ നമ്മളും ഒഴിവാക്കി റോഡിൽ തന്നെ പരമാവധി ശ്രദ്ധിക്കാൻ ശീലിക്കണം.
∙ കുട്ടികളെ വളരെ ചെറിയ ക്ലാസുകൾ മുതൽ റോഡ് സു രക്ഷാമാനദണ്ഡങ്ങളെ കുറിച്ച് ബോധവൽക്കരിക്കണം. അവർക്കു മനസ്സിലാകുന്ന ഭാഷയിൽ ചിത്രങ്ങളും വിഡിയോയും കാണിച്ചോ ഇഷ്ടമുള്ള കാർട്ടൂൺ കഥാപാത്രങ്ങളെ കൊണ്ടു പറയിപ്പിക്കുന്ന മട്ടിൽ അവതരിപ്പിച്ചോ ഒക്കെ അറിവു പകരാം.
ഇരുചക്രവാഹനങ്ങളിൽ ഇരട്ടി ജാഗ്രത
തീരെ കൊച്ചുകുട്ടികളുമായുള്ള ഇരുചക്ര വാഹനത്തിലുള്ള യാത്രകൾ പരമാവധി ഒഴിവാക്കാൻ ശ്രദ്ധിക്കുക. ഒഴി വാക്കാൻ പറ്റാത്തപ്പോള്‍ കൂടുതൽ ശ്രദ്ധ വേണം.

∙ കുട്ടിയുടെ തല മുഴുവനായി പൊതിയുന്ന മട്ടിലുള്ള ഹെ ൽമറ്റ് വച്ചു ശീലിപ്പിക്കാം. വല്ലാത്ത ഇറുക്കം തോന്നുന്നതോ അയഞ്ഞു പോകുന്നതോ ഉപയോഗിക്കരുത്. ഹെൽമറ്റ് വെറുതെ വയ്ക്കുക മാത്രമല്ല, സ്ട്രാപ് കൃത്യമായി ഇട്ട് അത് ഊരിപ്പോകില്ലെന്നും ഉറപ്പിക്കണം.
∙ അപകടം സംഭവിച്ചാലും എളുപ്പം മുറിവ് പറ്റാത്ത തരത്തിലുള്ള ജാക്കറ്റ്, ഷൂസ്, ഗ്ലൗസ് എന്നിവ ധരിക്കാൻ കുട്ടികളെ ശീലിപ്പിക്കാം.
∙ കുട്ടി പിന്നിലാണ് ഇരിക്കുന്നതെങ്കിൽ പിന്നിലുള്ള / വശങ്ങളിലുള്ള റെയിലിൽ പിടിച്ചിരിക്കാൻ പറയണം.
∙ കുട്ടിയുമായി ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ കഴിവതും ബേബി ക്യാരിയറുകൾ പോലെയുള്ള ബക്കിൾ ചെയ്യാവുന്നതോ കെട്ടി വയ്ക്കാവുന്നതോ ആയ സംവിധാനങ്ങള്‍ കൊണ്ടു കുട്ടിയെ മുതിർന്നവരുമായി ചേർത്തു വയ്ക്കാം.
∙ കുട്ടിയുമായി വണ്ടിയോടിക്കുമ്പോൾ അമിതവേഗം ഒഴിവാക്കണം. 40-60 നും ഇടയിൽ വേഗം നിലനിർത്തി പോകാം.
∙ സ്പോർട്സ് ബൈക്ക് പോലെ പുറകിലെ സീറ്റ് ഉയർന്നിരിക്കുന്ന വാഹനങ്ങളിൽ കുട്ടികളുമായി യാത്ര ചെയ്യുന്നത് ഒട്ടും സുരക്ഷിതമല്ല.
∙ കുട്ടിയെ ഇരുചക്ര വാഹനത്തിന് മുൻപിൽ നിർത്തിയും പെട്രോൾ ടാങ്കിന് മുകളിലിരുത്തിയും യാത്ര ചെയ്യിപ്പിക്കുന്നത് സുരക്ഷിതമല്ലെന്ന് ഓർക്കുക.
∙ കുട്ടിയുമായി വണ്ടിയോടിക്കുമ്പോൾ ഫോൺ എടുക്കുക, ഫോണിൽ നോക്കുക പോലുളള ശ്രദ്ധ തിരിക്കുന്ന പ്രവൃത്തികൾ പാടെ ഒഴിവാക്കുക.
∙ ആദ്യമായി ദീർഘദൂരയാത്ര ചെയ്യും മുൻപ് വീട്ടിനടു ത്തുള്ള ചെറിയ വഴിയിൽ കൂടി വണ്ടിയിൽ എങ്ങനെ ഇരിക്കണം, എങ്ങനെ പിടിച്ചിരിക്കണം, എവിടെ പിടിച്ചിരിക്കണം തുടങ്ങിയ കാര്യങ്ങളൊക്കെ കുട്ടിയെ പഠിപ്പിക്കാം.
കാർ യാത്ര കരുതലോടെ
കാർ വാങ്ങും മുൻപേ അവരവരുടെ സാമ്പത്തിക പരിധിക്കുള്ളിൽ കിട്ടാവുന്നതിൽ വച്ച് ഏറ്റവും സുരക്ഷാ സംവിധാനങ്ങൾ നൽകുന്ന കാർ നോക്കി വാങ്ങുക.

∙ ഒരു സീറ്റ് ബെൽറ്റ് ഒരാൾക്കുള്ളതാണ്. ഇവിടെ പലരും കാർ സീറ്റിൽ കയറിയിരുന്ന് മുതിർന്നവർ സീറ്റ് ബെൽറ്റ് ഇട്ടശേഷം കുട്ടിയെ അതിനു മുകളിലൂടെ മടിയിലിരുത്തുന്നത് കാണാം. ഇത് കർശനമായി ഒഴിവാക്കണം.
∙ കുട്ടിയെ പിൻസീറ്റിലിരുത്തുന്നതാണ് ഏറ്റവും സുരക്ഷിതം. മുതിർന്നവർ മടിയിലും മറ്റും ഇരുത്തുമ്പോൾ നല്ല സപ്പോർട്ട് കിട്ടുന്ന തരത്തിൽ ശരീരത്തോടു ചേർത്തുവേണം ഇരുത്താൻ. കഴിയുമെങ്കിൽ കുട്ടികളെ ഇരുത്താവുന്ന ബേബി ക്യാരിയറിൽ കുട്ടിയെ ഇരുത്തി മുതിർന്നവരുമായി ചേർത്തു ബക്കിൾ ചെയ്യാം.
∙ നവജാതശിശു തൊട്ട് അഞ്ചു വയസ്സു വരെയുള്ള കുട്ടികളെ ഇരുത്താൻ പാകത്തിനുള്ള കാർ സീറ്ററുകൾ വിപ ണിയിൽ ലഭ്യമാണ്. അവ വാങ്ങി, സുരക്ഷയുറപ്പാക്കാം.
∙ കുട്ടിയുമായി യാത്ര പോകുമ്പോഴൊക്കെ കാറിൽ കയ റി ഡോർ അടച്ചിട്ട് ചൈൽഡ് ലോക്ക് ഇട്ടു ശീലിക്കാം.
∙ കുട്ടിയെ പിൻസീറ്റിൽ നീണ്ടു കിടക്കാൻ അനുവദിക്കരുത്. പെട്ടെന്ന് ബ്രേക്ക് ഇടേണ്ടി വന്നാൽ കുട്ടി മുന്നിലേക്കുതെറിച്ചു അപകടമുണ്ടാകാം.
∙ കുട്ടിയെ തനിച്ചു കാറിനകത്താക്കി പോകരുത്.
∙ ഭക്ഷണം തൊണ്ടയിൽ കുടുങ്ങുന്നതു പോലെയുള്ള അപകട സാധ്യതകളെക്കുറിച്ച് ബോധവാന്മാരായിരിക്കുക. കാർ ഓടുന്നതിനിടയ്ക്കു ഭക്ഷണം നൽകുന്നതു പരമാവധി ഒഴിവാക്കുക.
ട്രെയിൻ യാത്ര ആയാസരഹിതമാക്കാം
മുൻകൂട്ടി പ്ലാൻ ചെയ്ത് കുട്ടിയുടെ ഉറക്കത്തിന്റെയും ഭക്ഷണത്തിന്റെയും സമയം കണക്കിലെടുത്തു വേണം കൊച്ചു കുട്ടികളുമായുള്ള യാത്രയ്ക്കു ട്രെയിൻ ബുക്ക് ചെയ്യാൻ.
∙ അനുവാദമില്ലാതെ അപരിചിതരുടെ പക്കൽ നിന്ന് ഒ ന്നും വാങ്ങി കഴിക്കരുതെന്നു പറയാം.
∙ കഴിവതും സ്വന്തം കിടക്കവിരിയും തലയണ ഉറകളും ഒപ്പം കൊണ്ടു പോകാം (അലർജിയുള്ളവർ പ്രത്യേകിച്ചും).
∙ ബാഗും മറ്റും അലക്ഷ്യമായി വയ്ക്കരുതെന്നു കുട്ടിയോടു പറയാം. വലിയ ബാഗുകൾ ലോക് ചെയ്ത്, ചങ്ങലയിട്ടു വയ്ക്കാം.
∙ മടക്കി വയ്ക്കാവുന്ന തരത്തിലുള്ള ബേബി ക്യാരിയറുകൾ കരുതാം.
∙ തീരെ ചെറിയ കുട്ടികൾക്കു യാത്രയ്ക്കിടെ അവർക്കു ശീലമില്ലാത്ത ഭക്ഷ്യവസ്തുക്കൾ ആദ്യമായി കഴിക്കാൻ കൊടുക്കരുത്.
∙ കുട്ടിക്കു സ്ഥിരമായി കൊടുക്കുന്ന മരുന്നുകളുണ്ടെങ്കിൽ അതും അത്യാവശ്യം വന്നാൽ കൊടുക്കേണ്ടവയും കയ്യിൽ കരുതുക.
∙ യാത്രയ്ക്ക് ഇത്ര സമയമെടുക്കും എന്നൊക്കെ മുൻകൂട്ടി പറയാം.
∙ യാത്രയിൽ കഴിവതും കുട്ടികളെ സ്വർണാഭരണങ്ങൾ അണിയിക്കാതിരിക്കുന്നതാണ് ഉചിതം.
പറക്കും മുൻപേ തയാറെടുക്കാം
∙ കഴിവതും വെളുപ്പിനെയുള്ള ഫ്ലൈറ്റുകൾ തിരഞ്ഞെടുക്കുക. അവ മിക്കവാറും കൃത്യസമയം പാലിക്കാറുണ്ട്.
∙ കുറച്ചു മുതിർന്ന കുട്ടികളാണെങ്കിൽ ഫ്ലൈറ്റ് യാത്രയെ പറ്റി മുൻകൂട്ടി പറഞ്ഞു മനസ്സിലാക്കാം. എത്താൻ എത്ര സമയമെടുക്കും, ഇടയ്ക്ക് ഇറങ്ങാൻ കഴിയില്ല, അസ്വസ്ഥത തോന്നിയാൽ ഉടനെ പറയണം, പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനുള്ള സംവിധാനങ്ങൾ അകത്തുണ്ട്, സീറ്റ് ബെൽറ്റിന്റെ പ്രാധാന്യം, മുതിർന്നവരുടെ അനുവാദമില്ലാതെ അപരിചിതരിൽ നിന്നും ഒന്നും വാങ്ങി കഴിക്കരുത് എന്നിങ്ങനെയുള്ള കാര്യങ്ങൾ പറയാം.
∙ ചെറിയ കുട്ടികളാണെങ്കിൽ അവരുടെ കളിപ്പാട്ടങ്ങൾ, നാപ്കിൻ, ഭക്ഷണം, വെള്ളം, തൊപ്പി, ടവൽ, മരുന്നുകൾ, സാനിറ്റൈസർ, കൂടുതൽ ചെറിയ കവറുകളോ/ബാഗുകളോ, ഇന്‍ഹെയ്‌ലറുകൾ, വായിക്കാനും വരയ്ക്കാനുമുള്ള പുസ്തകങ്ങൾ ഒക്കെ കയ്യിൽ കരുതാം.

∙ ഫ്ലൈറ്റ് ടേക്ക്‌ഓഫിന്റെയും ലാന്‍ഡിങ്ങിന്റെയും സമയത്ത് കൊടുക്കാവുന്ന ചില ലോലിപ്പോപ്പുകളുണ്ട്. അതു ഡോക്ടറോടു ചോദിച്ചിട്ടു കൊടുക്കാം. ചവയ്ക്കുന്ന ചലനം കൊണ്ട് ഫ്ലൈറ്റ് ഉയരുമ്പോഴും താഴുമ്പോഴും വരുന്ന ചെറിയ ചെവി വേദനയകറ്റാം.
∙ ഫ്ലൈറ്റിനകത്ത് തണുപ്പായതു കൊണ്ടു ജാക്കറ്റ് ധരി പ്പിക്കാം. വളരെ ഇറുകിയ ഉടുപ്പുകള്‍ തീർത്തും ഒഴിവാക്കുക ബാത്റൂമിൽ പോകാൻ എളുപ്പത്തിന് പൊക്കാൻ പറ്റുന്ന/ ഊരാൻ പറ്റുന്ന ഉടുപ്പുകളും സിപ്പുള്ള തരം ഡിസൈനുകളും ഉള്ള വസ്ത്രങ്ങൾ തിരഞ്ഞെടുക്കുക.
∙ കഴിവതും വിൻഡോ സീറ്റ് എടുക്കുക. നടവഴിയുടെ അ രികിലെ സീറ്റാണെങ്കിൽ ആളുകളെ തട്ടി അലോസരമുണ്ടാകുന്ന സാഹചര്യം ഒഴിവാക്കാം.
വിവരങ്ങൾക്കു കടപ്പാട്: ഡോ. ജിസ് തോമസ്,
എച്ച്ഒഡി, പീഡിയാട്രിക്സ് വിഭാഗം,
മാർ സ്ലീവ മെഡിസിറ്റി, പാലാ