സ്റ്റൈലിനായി കംഫർട്ട് വെട്ടിച്ചുരുക്കാൻ പറ്റാത്തവർക്കായി 2025ന്റെ ട്രെന്റ് വെയർ: റിലാക്സ്ഡ് ജീൻസ് Comfort Meets Style: Relaxed Jeans is Trending in 2025

Mail This Article
ഇതെന്തോന്നഡേയ് വന്നുവന്ന് ആണും പെണ്ണുമൊക്കെ ഒരുപോലായോ തുണിയുടുക്കുന്നേ... എന്നൊക്കെ പതിനാറാം നുറ്റാണ്ടിൽ നിന്നും ബസ്സുകിട്ടാത്ത ചിലരുടെ കമന്റുകൾ ഇന്നത്തെ വസ്ത്രധാരണത്തെ കുറിച്ച് ഒളിഞ്ഞും തെളിഞ്ഞും കേൾക്കാം. ആ കേൾക്കുന്നതിനൊക്കെയും അർഹിക്കുന്ന അവഗണ നൽകി ‘എനിക്കേറ്റവും പ്രധാനം എന്റെ കംഫേർട്ടാണ് അത് ഫാഷന്റെ പേരിൽ കളഞ്ഞു കുളിക്കാനാവില്ല’ എന്നു പറയുന്ന ആളുകളുടെ എണ്ണം കൂടി വരുന്നു. ആ സമയത്താണ് 2025ന്റെ ട്രെന്റിങ്ങ് ഔട്ട്ഫിറ്റുകളിലൊന്നായി റിലാക്സ്ഡ് ജീൻസ് ഹിറ്റ് ആകുന്നത്. ഒരേ സമയം ഇടാൻ നല്ല സുഖവും ആശ്വാസവും നൽകുന്ന എന്നാൽ സ്റ്റൈലിന് യാതൊരു വിട്ടുവീഴ്ച്ചയും വരുത്താത്ത ലുക് ആണ് റിലാക്സ്ഡ് ജീൻസ് ഇഷ്ടക്കാർക്ക് നൽകുന്നത്. സ്കിൻ ഫിറ്റ് ജീൻസുകൾ ശരീരത്തെ ആകെ മുറുക്കി ഇറുക്കി വരുത്തിയ ശ്വാസംമുട്ടലിന് ആശ്വാസമായി വായുസഞ്ചാരമുള്ള ജീൻസ് ട്രെന്റായാതു കൊണ്ടു തന്നെ ഇവയ്ക്ക് എല്ലാ പ്രായത്തിലുമുള്ള ആവശ്യക്കാരുണ്ട്.
റിലാക്സ്ഡ് ജീൻസിന്റെ ഹൈലൈറ്റ്സ്
_ സാധാരണ ജീൻസിനേക്കാൾ വീതിയുണ്ട് എന്നാൽ ബാഗി സ്റ്റൈൽ പോലെ അത്രയ്ക്കും ലൂസും അല്ല.
_ ഇടുപ്പിൽ നിന്ന് താഴേക്ക് വരുമ്പോൾ ഷേപ്പിൽ വ്യത്യാസം വരാം– സ്ട്രെയ്റ്റ് കട്ട്, വൈഡ്–ലെഗ് സ്റ്റൈൽ എന്നിങ്ങനെ പല തരമുണ്ട്.
_ ചില റിലാക്സ്റ്റ് ജീൻസുകൾ അരയ്ക്ക് മുകളിലായി ഇടുന്ന തരം ഹൈ–വെയ്സ്റ്റ് സ്റ്റൈലിൽ ഉള്ളവയാണ്. ഇവയിട്ടാൽ കാലുകൾക്ക് കൂടുതൽ നീളം തോന്നിക്കും.
_ പല തരം പാദരക്ഷകളിട്ട് ഓരേ ജീൻസിന് പല ലുക്സ് നൽകാം. ലോഫറുകളും, സ്നീക്കറുകളും കിറ്റൺ ഹീൽസും ഒക്കെ പരീക്ഷിക്കാം.
_ വയറു മറയ്ക്കാനും ശരീരാകൃതികളിലുള്ള വ്യത്യാസങ്ങൾ മറയ്ക്കാനുമൊക്കെ ഈ ജീൻസിനെ ചിലർ കൂട്ടുപിടിക്കാറുണ്ട്.
_ ഇടുന്ന ടോപ്പോ ഷർട്ടോ ടക് ഇൻ ചെയ്യുകയാണെങ്കിൽ ഒപ്പം ബെൽറ്റ് കൂടി ധരിക്കുന്നത് മൊത്തം ലുക്കിനെ വേറിട്ടതാക്കും.
_ സംഗതി മൊത്തത്തിൽ അൽപം ലൂസ് ആണെങ്കിലും ജീൻസ് വാങ്ങുമ്പോൾ അരവണ്ണം കൃത്യമായിരിക്കാൻ ശ്രദ്ധിക്കുക. അതല്ലെങ്കിൽ ഫിറ്റ് ശരിയായി വരില്ല, കാഴ്ച്ചയ്ക്ക് അസുഖകരമായിരിക്കും.