‘പിഎസ് സിയോ? യെസ് ബ്രോ...’; ഈ Gen Z വേറെ ലെവലാണ്! 23 കാരി ഗൗരി പഞ്ചായത്ത് സെക്രട്ടറിയായ കഥ

Mail This Article
‘പിഎസ് സിയോ? നോ ബ്രോ...’ എന്ന് നെറ്റിചുളിക്കുന്ന Gen Z തലമുറ, മക്കളുടെ സ്വപ്നങ്ങളും സങ്കല്‍പങ്ങളും വേറെ ലെവലാണേ എന്ന് അഭിമാനിക്കുന്ന മാതാപിതാക്കള്‍, ‘ഓ.. ജെന്‍സി പിള്ളേരോ.. തല മൊത്തം പുകയാണ്.. സീറോ റെസ്പക്ട്..’ എന്ന് കമന്റിടുന്ന സോഷ്യല്‍ മീഡിയ അമ്മാവന്‍മാര്‍... അങ്ങനെ വ്യത്യസ്തമായ ചിന്താധാരകളുള്ള ഈ കാലഘട്ടത്തില്‍ കൊല്ലത്ത് നിന്നൊരു Gen Z പെണ്‍കുട്ടി കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് സെക്രട്ടറിയായി ചുമതലയേറ്റു.
പരവൂർ സ്വദേശിനി ഗൗരി ആർ. ലാൽജി എന്ന 23 കാരിയാണ് മലപ്പുറം അരീക്കോട് പഞ്ചായത്ത് സെക്രട്ടറിയായി ജോലിയിൽ പ്രവേശിച്ചത്. ബിരുദ പഠനത്തിനു ശേഷം എറണാകുളത്ത് ഹൈക്കോടതി അസിസ്റ്റന്റായി ജോലി ചെയ്തു വരുകയായിരുന്നു ഗൗരി. ഐഎഎസ് ലക്ഷ്യത്തിലേക്കുള്ള ഗൗരിയുടെ ആദ്യപടിയാണ് ഈ ജോലി. സ്വപ്ന നേട്ടത്തിലേക്കുള്ള പ്രയാണത്തില്‍ വനിതാ ഓണ്‍ലൈനിനോട് ആദ്യമായി മനസ് തുറക്കുകയാണ് ഗൗരി.
‘വേണം സാമ്പത്തിക സ്വാതന്ത്ര്യം’
ഒക്ടോബര്‍ 13ന് തിങ്കളാഴ്ചയാണ് പുതിയ ജോലിയില്‍ പ്രവേശിച്ചത്. പത്രവാര്‍ത്ത വന്നതോടെ കുറേപേര്‍ വിളിച്ചു, അഭിനന്ദിച്ചു, സ്വപ്നത്തിലെന്ന പോലെ സന്തോഷത്തിന്റെ നിറവിലാണ് ഞാന്‍. കുട്ടിക്കാലം തൊട്ടേ സാമ്പത്തിക സ്വാതന്ത്ര്യം വേണമെന്ന് ആഗ്രഹിച്ചിരുന്നു. പ്രധാന ലക്ഷ്യം സിവില്‍ സര്‍വീസ് ആയിരുന്നു. എങ്കിലും അതിനു മുന്‍പ് സാമ്പത്തികമായി സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തി നല്‍കുന്ന, സുരക്ഷിതത്വമുള്ള ഒരു ജോലി കൂടി ഞാന്‍ ആഗ്രഹിച്ചിരുന്നു.
ഇന്നത്തെ കാലത്ത് ആണായാലും പെണ്ണായാലും സാമ്പത്തിക സ്വാതന്ത്ര്യം അത്യാവശ്യമാണ്. അതുകൊണ്ട് പിഎസ് സി തന്നെ ശ്രമിച്ചു നോക്കി. ഹൈക്കോര്‍ട്ട് അസിസ്റ്റന്റ്, പഞ്ചായത്ത് സെക്രട്ടറി പരീക്ഷകള്‍ ഒരേ സമയത്താണ് എഴുതിയത്. ജോലി കിട്ടി കഴിഞ്ഞാല്‍ കുറച്ചുകൂടി ആത്മവിശ്വാസത്തോടെ സിവില്‍ സര്‍വീസിന് പ്രാക്റ്റീസ് ചെയ്യാം എന്ന് കരുതിയിരുന്നു.
ഹൈക്കോർട്ട് അസിസ്റ്റന്റ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയിരുന്നു, പഞ്ചായത്ത് സെക്രട്ടറി പരീക്ഷയിൽ 63-ാം റാങ്കും. ആദ്യം നിയമനം കിട്ടിയത് ഹൈക്കോര്‍ട്ട് അസിസ്റ്റന്റ് ആയിട്ടാണ്, മെയ് മുതല്‍ സെപ്റ്റംബര്‍ വരെ അഞ്ചു മാസം എറണാകുളത്ത് ജോലി ചെയ്തു. അതിനുശേഷമാണ് പഞ്ചായത്ത് സെക്രട്ടറിയായി ഓഫര്‍ ലെറ്റര്‍ ലഭിക്കുന്നത്. ഈ പ്രായത്തില്‍ വലിയ ചുമതലയാണ് തേടിയെത്തിയത്, ഇതെന്നെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ഉറപ്പാണ്.
‘നന്ദി അമ്മയോട്...’
എന്റെ അമ്മയോടാണ് ആദ്യം നന്ദി പറയേണ്ടത്. അമ്മ പിഎസ് സിക്ക് തയാറെടുത്ത ഒരാളാണ്, കെഎസ്ആര്‍ടിസി കണ്ടക്ടര്‍ ആയിട്ട് ജോലി കിട്ടിയിരുന്നു. എന്നാല്‍ ആരോഗ്യപ്രശ്നങ്ങള്‍ കാണം ജോലിയില്‍ തുടരാന്‍ പറ്റിയില്ല. ഡിഗ്രി കഴിഞ്ഞതും ഈയൊരു ലക്ഷ്യത്തിലേക്ക് എന്നെ വഴി തിരിച്ചുവിട്ടതും അമ്മയാണ്. എനിക്ക് വേണ്ട നിര്‍ദേശങ്ങള്‍ തന്നു, ഏതൊക്കെ പരീക്ഷയ്ക്ക് അപേക്ഷിക്കണം, എങ്ങനെ തയാറെടുക്കണം എന്നൊക്കെ അമ്മ പറഞ്ഞുതന്നു. ഒപ്പം എന്റെ സ്വപ്നം പിന്തുടരാന്‍ കുടുംബം, അധ്യാപകര്‍ അങ്ങനെ എല്ലാവരും പ്രോത്സാഹിച്ചിരുന്നു.
കൊല്ലത്തായിരുന്നു പഠനം, പത്താം ക്ലാസ് വരെ ലോഡ് കൃഷ്ണ റസിഡന്‍ഷ്യല്‍ പബ്ലിക് സ്കൂളിലാണ് പഠിച്ചത്. പ്ലസ് ടുവിന് ലേക് ഫോര്‍ഡ് സ്കൂള്‍, സിബിഎസ്ഇ പ്ലസ് ടു പരീക്ഷയിൽ കൊല്ലം ജില്ലാ ടോപ്പർ ആയിരുന്നു. ഡിഗ്രിക്ക് എസ്എന്‍ വിമന്‍സ് കോളജില്‍ ബിഎ എക്കണോമിക്സ് ആണ് പഠിച്ചത്. മൂന്നാം റാങ്കോടെയാണ് ബിഎ പാസായത്. പിന്നീട് ഫോര്‍ച്യൂണില്‍ സിവില്‍ സര്‍വീസ് കോച്ചിങ്ങിന് പോയി. ഒപ്പം പിഎസ് സി പരീക്ഷകള്‍ക്കും തയാറെടുത്തു തുടങ്ങി.

‘ടെന്‍ഷനുണ്ട്, ഒപ്പം എക്സൈറ്റ്മെന്റും...’
അരീക്കോട് പഞ്ചായത്ത് സെക്രട്ടറിയായി ജോയിന്‍ ചെയ്ത ദിവസം പലരും എന്റെയടുത്ത് വന്നുപറഞ്ഞു, ‘എന്റെ മോളുടെ പ്രായമാണ്, മക്കളേക്കാള്‍ ചെറുപ്പമാണ്...’ എന്നൊക്കെ. അതിന്റെ പരിഗണനയും സ്നേഹവുമൊക്കെ അവര്‍ക്ക് എന്നോടുണ്ട്. അതൊരു നല്ല കാര്യമായിട്ടാണ് ഞാന്‍ കാണുന്നത്.
പിന്നെ ചെറിയ ടെന്‍ഷനുണ്ട്, ഒപ്പം എക്സൈറ്റ്മെന്റും... ഇലക്ഷന്‍ വരാന്‍ പോകുവല്ലേ, അതിന്റെയൊക്കെ തിരക്ക് കാണും എന്നറിയാം. സഹപ്രവര്‍ത്തകരെല്ലാം വര്‍ഷങ്ങളുടെ പരിചയസമ്പത്ത് ഉള്ളവരാണ്, അവരുടെ പിന്തുണയും സഹകരണവും എന്റെ കൂടെയുണ്ട്. അതുകൊണ്ട് നന്നായി മാനേജ് ചെയ്യാം എന്ന് കരുതുന്നു.
‘പഠിക്കാന്‍ ചില വിദ്യകളുണ്ട്’
ദിവസത്തില്‍ കുറേ സമയം പഠനത്തിനായി ചെലവഴിക്കുന്ന ഒരാളല്ല ഞാന്‍, അല്‍പം മടിയുള്ള കൂട്ടത്തിലാണ്. ഇന്‍സ്റ്റാഗ്രാം ഒക്കെ നന്നായി ഉപയോഗിക്കുമായിരുന്നു. ഞാന്‍ എന്റെ വീക്നെസ് മനസ്സിലാക്കി. ഫോണ്‍ വരുമ്പോള്‍, സീരീസ് കാണുമ്പോള്‍ എല്ലാം ഞാന്‍ പെട്ടെന്ന് പഠനത്തില്‍ നിന്ന് വഴിമാറി പോകും. സീരീസ് കണ്ടുകണ്ട് കുറേ നേരം ഇരിക്കും. ഇത്തരം പോരായ്മകള്‍ മാറ്റിയെടുക്കാന്‍ ആത്മാര്‍ഥമായി ശ്രമിച്ചു.
പൊമൊടോരോ ടെക്നിക്സ് (Pomodoro Techniques) ഒക്കെ പരീക്ഷിച്ചു. ഒരു മണിക്കൂര്‍ പഠിച്ചിട്ട് പത്തു മിനിറ്റ് ബ്രേക് എടുക്കും. വലിയ ടാസ്ക് കാണുമ്പോള്‍ ഇതുചെയ്യണമല്ലോ എന്നോര്‍ത്ത് മടി തോന്നും. അത്തരം ടാസ്കുകളെ ചെറിയ ടാസ്ക്കുകയിട്ട് വിഭജിച്ചു പഠിച്ചു. അത്തരമൊരു രീതിയാണ് ഞാന്‍ പരീക്ഷിച്ചത്.
ഒപ്പം പരീക്ഷയുടെ സ്വഭാവം അനുസരിച്ച് സിലബസ് മാത്രം ഫോളോ ചെയ്തു. ദിവസവും മുടങ്ങാതെ പത്രം വായിക്കുന്ന ശീലമില്ല, എങ്കിലും പ്രധാന വാര്‍ത്തകളെല്ലാം ശ്രദ്ധിക്കാറുണ്ട്. പരീക്ഷയോട് അനുബന്ധിച്ച് പ്രത്യേകം മറിച്ചു നോക്കാറുണ്ട്. പുതിയ അറിവുകളൊക്കെ അങ്ങനെയാണ് കിട്ടുന്നത്.
നിങ്ങള്‍ സ്വന്തം ലക്ഷ്യത്തില്‍ ഉറച്ചുനില്‍ക്കുക, നമ്മുടെ ചുറ്റുമുള്ളവര്‍ക്ക് പല പല അഭിപ്രായങ്ങളും കാണും. അതൊന്നും മനസ്സിലേക്കെടുത്ത് ആ വഴി പോകാതെ, സ്വന്തം ലക്ഷ്യത്തെ മാത്രം മുന്‍നിര്‍ത്തി മുന്നോട്ടുപോകണം. ജീവിതം ആണെങ്കിലും, കരിയര്‍ ആണെങ്കിലും തീരുമാനിക്കേണ്ടത് നമ്മളാണ്. ഒരു തീരുമാനം എടുത്താല്‍ അതില്‍ തന്നെ ഉറച്ചുനില്‍ക്കുക. പോസിറ്റീവ് ക്രിട്ടിസിസം എടുക്കാം, തളര്‍ത്തുന്ന വാക്കുകള്‍ക്ക് ചെവി കൊടുക്കേണ്ടതില്ല. എപ്പോഴും കൃത്യമായ ഗൈഡന്‍സ് തരുന്നവര്‍ കൂടെയുള്ളത് നല്ലതാണ്. അവരുടെ സപ്പോര്‍ട്ട് കൂടുതല്‍ ആത്മവിശ്വാസം നല്‍കും.
പരവൂർ മലയാള മനോരമ ഏജന്റും റോഷ്ന ബുക്സ് ഉടമയുമായ കുറുമണ്ടൽ ചെമ്പന്റഴികം വീട്ടിൽ സി.എൽ. ലാൽജിയുടെയും ഒ.ആർ. റോഷ്നയുടെയും മകളാണ് ഗൗരി. ഒൻപതാം ക്ലാസ് വിദ്യാർഥിയായ ദേവദത്ത് സഹോദരനാണ്.
