ഒരു വീടിനെക്കുറിച്ചുള്ള ധാരണകളെല്ലാം പൊളിച്ചെഴുതുന്നതാണ് കതിരൂർ ഉള്ള ഇൗ വീട്. പരസ്പരം ഒഴുകിക്കിടക്കുന്ന ഇടങ്ങൾ ആദ്യമൊന്ന് അമ്പരപ്പിക്കുമെങ്കിലും, പിന്നീട് കാഴ്ചക്കാരെ വിസ്മയിപ്പിക്കും.
പുറമേ നിന്ന് നോക്കുമ്പോൾ കമാനം പോലുള്ള മേൽക്കൂരയും ലംബമായ അഴികളും മാത്രമാണ് കാഴ്ചയിൽ വരുന്നത്. എക്സ്റ്റീരിയറും ഇന്റീരിയറും തമ്മിൽ വേർതിരിക്കാനാവാത്ത വിധം ഒന്നിനോടൊന്ന് ഇഴുകിച്ചേർന്നു കിടക്കുന്നു. ചുവന്ന വെട്ടുകല്ലിന് കോൺട്രാസ്റ്റ് ഭംഗിയൊരുക്കി ചെടികളുടെ പച്ചപ്പും കൂടിച്ചേരുമ്പോൾ വീടിന്റെ സമഗ്ര ചിത്രമായി.
നടുമുറ്റങ്ങളും പച്ചപ്പിന്റെ മൂലകളും വീട്ടിലുടനീളം തങ്ങളുടെ സാന്നിധ്യം വിളിച്ചോതുന്നു. പ്ലോട്ടിന്റെ പല ലെവലുകൾ, പല വലുപ്പത്തിലുള്ള മരങ്ങൾ, വടക്കുകിഴക്കു വശത്തേക്കുള്ള ചരിവ്, കിഴക്കും തെക്കും ഭാഗത്തുള്ള വഴികൾ എന്നിവയൊക്കെ കണക്കിലെടുത്താണ് ഡിസൈൻ ഒരുക്കിയിരിക്കുന്നത്. മാത്രമല്ല, സൂര്യന്റെ സഞ്ചാരപാത പരിഗണിച്ച്, പ്രധാന മുറികൾ വടക്കു വശത്ത് കൊടുത്ത് ചൂട് കുറയ്ക്കുകയും സ്വകാര്യത കൂട്ടുകയും ചെയ്തു.
നാല് സോൺ ആയാണ് വീട്. അതിൽ മൂന്നും താഴത്തെ നിലയിൽ ഭൂമിയുടെ പല തട്ടുകളിലായാണ് കിടപ്പ്.
വീടിന്റെ ഹൃദയഭാഗത്തു നിന്ന് വേറിട്ട് പ്രത്യേകമായി നിൽക്കുന്ന സ്വീകരണമുറിയും അതിനോടു ചേർന്ന ഫോയറും ഒൗട്ട്ഡോർ സിറ്റിങ്ങും ആകാശം കാണുന്ന നടുമുറ്റവുമെല്ലാം ചേർന്നതാണ് ആദ്യ സോൺ. വിരുന്നുകാർക്ക് പുറത്തെ ലാൻഡ്സ്കേപ്പിലിരിക്കുന്ന പ്രതീതിയാണ് സ്വീകരണമുറി ഒരുക്കുന്നത്.
പല വഴികളിലൂടെ വീടിനകത്തേക്കും പുറത്തേക്കും കടക്കാമെന്നതാണ് ഏറ്റവും അമ്പരപ്പിക്കുന്ന കാര്യം. സ്വീകരണമുറിയിലേക്കു കടക്കാതെ ഫോയറിൽ നിന്ന് പുൽത്തകിടിയുടെ അരികു പറ്റി പോകുന്ന പടികൾ വീടിനകത്തേക്കു നമ്മെ കൊണ്ടുപോകും, ഇനി, ആ വഴി േവണ്ട എന്നാണെങ്കിൽ, പോർച്ചിൽ നിന്നു നേരിട്ട് വീടിനകത്തേക്കു കടക്കാം.
രണ്ടാമത്തെ സോൺ ആണ് തുറന്ന ഫാമിലി ലിവിങ്ങും ഡൈനിങ്ങും ചേർന്നത്. പച്ചപ്പിന്റെ സാമീപ്യത്തിൽ അനന്തമായി കിടക്കുകയാണ് ഇൗ ഭാഗം. വായുസഞ്ചാരം സുഗമമാക്കിക്കൊണ്ട് ഒരു നടുമുറ്റം വീടിന്റെ ഭംഗി ആവോളം വർദ്ധിപ്പിക്കുന്നു. സ്വകാര്യതയ്ക്കുവേണ്ടി അടുക്കളയെ ഇത്തിരി മാറ്റിനിർത്തി.
മൂന്നാമത്തെ സോണിലെ താരങ്ങൾ മൂന്ന് കിടപ്പുമുറികളും പൂജാ ഏരിയയുമാണ്. ഇവയെല്ലാം ഒരു ഇടനാഴി വഴി ബന്ധിച്ചിരിക്കുന്നു. ലെവൽ വ്യത്യാസത്തിന്റെ ബുദ്ധിമുട്ടില്ലാതെ ഒരു കിടപ്പുമുറി മാത്രം ഫാമിലി ഏരിയയുടെ അതേ ലെവലിലാണ്. ഒരു ഫോയറിലൂടെ കയറി, ബെഡ് ഏരിയയും ഡ്രസ്സിങ് ഏരിയയുമായി വലുതായി, ആകാശം കാണുന്ന ഒരു നടുമുറ്റവുമായി േചർന്നാണ് കിടപ്പുമുറികൾ ക്രമീകരിച്ചിരിക്കുന്നത്. തെക്കുപടിഞ്ഞാറൻ കാറ്റ് തഴുകി വരുന്ന നടുമുറ്റത്തേക്കാണ് ഒാരോ കിടപ്പുമുറിയും ടോയ്ലറ്റും തുറക്കുന്നത്.
ഫാമിലി ഏരിയയും മാസ്റ്റർ ബെഡ്റൂമും അതിനോടു ചേർന്ന് സെമി ഒാപ്പൻ ആയ ലോഞ്ച് ഏരിയയും ചേർന്നതാണ് ഇൗ നില. മുകളിലെ നിലയെ ചൂടിൽ നിന്നും മഴയിൽ നിന്നും പൊതിഞ്ഞുകൊണ്ട് ടെറാക്കോട്ട കുഴലുകൾ തീർക്കുന്ന ആവരണമാണ് പുറമേ നിന്നു കാണുന്ന അഴികൾ. പ്രത്യേകം പറഞ്ഞു ചെയ്ത 306 ടെറാക്കോട്ട കുഴലുകൾ പ്രത്യേക പാറ്റേണിൽ കമ്പികളെ പൊതിഞ്ഞ് അഴികളായി മാറി ഇടനാഴിയുടെ ആവരണമായി മാറുന്നു.
വെട്ടുകല്ലിലാണ് വീട് പണിതിരിക്കുന്നത്. ചുവന്ന ഭിത്തികൾ ലാൻഡ്സ്കേപ്പിലെ ചെടികൾക്കിടയിൽ ഉൗർജസ്വലത പകരുന്നുണ്ട്. The Stoic Wall Residence എന്ന് ഇൗ പ്രോജക്ടിനെ ആർക്കിടെക്ട് ടീം വിശേഷിപ്പിക്കുന്നതും ഇൗ ഭിത്തികളുടെ സവിശേഷത കണക്കിലെടുത്താണ്. ആകാശം കാണുന്ന നടുമുറ്റങ്ങളിലേക്കോ പുറത്തെ പച്ചപ്പിലേക്കോ തുറക്കാത്ത ഒരു ഇടവും ഇവിടെയില്ല എന്നതാണ് ഇൗ വീടിന്റെ ഏറ്റവും വലിയ മനോഹാരിത. വീട്ടകത്തിന്റെ ഫോക്കൽ പോയിന്റുകൾ ആയി വർത്തിക്കുന്ന നടുമുറ്റങ്ങൾ ഇന്റീരയറിന് കൊടുക്കുന്ന ലാഘവത്വം കണ്ടുതന്നെ അറിയണം!
ഇന്റീരിയർ അലങ്കാരങ്ങൾ മൊത്തത്തിലുള്ള വീടിന്റെ സ്വഭാവത്തോടു ചേർന്നുനിൽക്കുന്നതാണ്. ഫർണിച്ചറും അലങ്കാരങ്ങളും ലാളിത്യം കൊണ്ട് ശോഭ പകരുന്നു. സഹോദരൻ ചെയ്ത ആർട് ഫൊട്ടോഗ്രഫിയും ആർക്കിടെക്ട് ദമ്പതികളുടെ മകൾ ലിയയുടെ പെയിന്റിങ്ങുകളുമാണ് ചുമരിന്റെ അലങ്കാരങ്ങൾ.
തേയ്ക്കാത്ത വെട്ടുകൽഭിത്തികൾ, ടെറാക്കോട്ട, തേക്കിൻതടി, കല്ലുകൊണ്ടുള്ള പേവ്മെന്റ്, തേയ്ക്കാത്ത കോൺക്രീറ്റ് എന്നിങ്ങനെ സൗന്ദര്യത്തിന്റെ മറ്റൊരു ഉൗഷ്മളമായ തലമാണ് ഇന്റീരിയറിൽ കാണുക. ലാൻഡ്സ്കേപ്പിലെ ചെടികളിലും കാണാം ഇൗയൊരു സൂക്ഷ്മഭാവം. നിലവിലുണ്ടായിരുന്ന ചെടികളോടൊപ്പം പല പുതിയ നാടൻ ചെടികളും ചേർത്തുവച്ചു.
പരമ്പരാഗതമായ ചിത്രക്കൂട്ടിൽ ആധുനിക ഘടകങ്ങൾ കൂട്ടിയിണക്കി, പ്രാദേശികത്വം ഒട്ടും നഷ്ടപ്പെടുത്താതെ കാഴ്ചക്കാരെ വിസ്മയിപ്പിക്കുകയാണ് ഇൗ വീട്. വീടിന്റെ ഭംഗി എന്നത് കാഴ്ചയിലല്ല, അനുഭവിച്ച് ആസ്വദിക്കുന്നതിലാണ് എന്ന് തെളിയിക്കുകയാണ് രാജ്യാന്തര ശ്രദ്ധ നേടിയ വീട്. പ്രായോഗികതയുടെ അഴകളവുകൾക്ക് കാല്പനികതയുടെ ഭംഗി കൂടി ചേരുമ്പോൾ വീട് വീട്ടുകാരുടെ ഹൃദയത്തോട് ചേർന്നു നിൽക്കുന്നു. ഒാരോ ദിവസവും പുതിയ പ്രസരിപ്പും കാഴ്ചകളും തരുന്ന വീട്!
ചിത്രങ്ങൾ: ടർട്ടിൽ ആർട്സ് ഫൊട്ടോഗ്രഫി