Tuesday 04 June 2024 04:57 PM IST : By സ്വന്തം ലേഖകൻ

മൂന്നര സെന്റേയുള്ളൂ. എന്നാലും ആനേം കാണാം പെരുന്നാളും കൂടാം ആശക്കൂടാരത്തിൽ...

Brijesh Unni2

കുന്നംകുളം തെക്കേ അങ്ങാടിയിലെ മൂന്നര സെന്റിലുള്ള വീട് അതിന്റെ പേര് പോലെത്തന്നെ ഒരു ‘ആശക്കൂടാര’മാണ്. സ്ഥലത്തിന്റെ വലുപ്പമല്ല, ഡിസൈൻ ചിന്തകളുടെ ആകെത്തുകയാണ് വീടിന്റെ ഭംഗി എന്നതിന് തെളിവായ വീട്. ആർക്കിടെക്ട് ദമ്പതികളായ ബ്രിജേഷിന്റെയും പൂജയുടെയും ഭാവനകൾ ചെറിയ സ്ഥലമുള്ള ഏവർക്കും ആശകളും ആവേശവും കൊടുക്കുന്നതാണ്.

തിങ്ങിനിൽക്കുന്ന, വെളിച്ചം കടക്കാത്ത, റോഡിലേക്കു തുറക്കുന്ന അങ്ങാടിവീടുകൾ ഇവിടെ പലർക്കും ബാധ്യതയാണ്. പ ലരും പുതിയ സ്ഥലമന്വേഷിച്ചു പോകുമ്പോളാണ് ഗീഗോയും ആശയും തങ്ങളുടെ മൂന്നര സെന്റിന്റെ വെല്ലുവിളി ഏറ്റെടുത്തത്.

ആനേം കാണാം, പെരുന്നാളും കാണാം

Brijesh Unni Formal Living room, Kitchen

സ്ഥലപരിമിതി ഏശാത്ത വിധത്തിലാണ് വീടിന്റെ ഡിസൈ ൻ. മുൻവശത്ത് പരമാവധി സ്ഥലം വിട്ടിരിക്കുന്നതിനാൽ രണ്ട് കാർ പാർക്ക് െചയ്യാം. വളഞ്ഞുനിൽക്കുന്ന മുൻവശത്തെ ഭിത്തി അനാവശ്യ സ്ഥലം കളയുന്നില്ല, മാത്രമല്ല, വീടിന് ഒരു തുടർച്ചയും വേറിട്ട ഭംഗിയും കൊടുക്കുന്നു.

വീതി കുറഞ്ഞ അങ്ങാടിയിലൂടെ കടന്നുപോകുന്ന കുന്നംകുളത്തെ പെരുന്നാൾ കൊട്ടിക്കേറ്റങ്ങൾ അതിപ്രശസ്തവും നാട്ടുകാരുടെ ആവേശവുമാണ്. വീട്ടിൽ നിന്നു തന്നെ പെരുന്നാളും ആനയെയും കാണണമെന്ന കുട്ടികളുടെ ആഗ്രഹവും ബ്രിജേഷിന്റെ ഡിസൈനിൽ സ്ഥാനം പിടിച്ചു. രണ്ടും മൂന്നും നിലകളിൽ നിന്ന് ഇറങ്ങാവുന്ന തരത്തിൽ വിശാലമായ ബാൽക്കണികൾ കാഴ്ചയും സ്വകാര്യതയും തരും. അതിനു മുന്നിലായി നിരക്കിനീക്കാവുന്ന മെറ്റൽ സ്ക്രീൻ ആണ് വീടിന്റെ എക്സ്റ്റീരിയറിന്റെ ഡിസൈൻ ഭംഗിയായി മാറിയിരിക്കുന്നത്. ഇൗ സ്ക്രീൻ നീക്കിയാൽ അങ്ങാടിക്കാഴ്ചകൾ മുന്നിൽ തുറന്നുവരും. ഇനി, തുറന്നിടാത്തപ്പോഴും സ്ക്രീൻ ഉപകാരിയാണ് വീടിനകത്ത് നല്ല വായുസഞ്ചാരം ഉറപ്പുവരുത്തും.

Brijesh Unni4 Study area, Family living room

കാട്ടകാമ്പാലിലെ തറവാടിന്റെ കുറവുകൾ പരിഹരിക്കത്തക്കവിധമാണ് ഗീഗോ പുതിയ വീടിനെ സമീപിച്ചത്. ഏറ്റവും പി ൻവശത്തുള്ള അടുക്കളയും ചെറിയ ചെറിയ മുറികളും വീട്ടിലുള്ളവരെ, പ്രത്യേകിച്ച് സ്ത്രീകളെ മാറ്റിനിർത്തുന്നതാണ് എന്ന് ഗീഗോ തിരിച്ചറിഞ്ഞു. അതുകൊണ്ടാണ് ഒാപ്പൻ ഇന്റീരിയർ എ ന്ന് ആദ്യമേ തീരുമാനിച്ചത്.

ചെറിയ സിറ്റ്ഒൗട്ടിൽ നിന്ന് കടക്കുമ്പോൾ ലിവിങ്, ഡൈനിങ്, കിച്ചൻ, സ്റ്റെയർകെയ്സ് എല്ലാം ഒറ്റ ഫ്രെയിമിൽ. ഒൗപചാരികതകളില്ലാതെ തുറസ്സായ ഇന്റീരിയർ. ഇൗ ഹാളിലുള്ള, നിലം വരെയുള്ള മൂന്ന് ജനലുകൾ വഴി പ്രകാശത്തിന് ഒരു കുറവുമില്ല. മാത്രമല്ല, 30 അടി പൊക്കത്തിൽ റൂഫിൽ നിന്ന് വീഴുന്ന പ്രകാശം കൂടിയാവുമ്പോൾ ചെറിയ സ്ഥലത്തെ വീട്ടിൽ യാതൊരു ഇടുക്കവും തോന്നുകയില്ല. മുകളിൽ നിന്ന് ഹാളിൽ ചതുരക്കളങ്ങളായി പ്രകാശം വീഴുന്നതു കാണാനും ഒരു ചേലുണ്ട്. ഗ്ലാസ്സും സീലിങ് ഒാടും കൊണ്ടാണ് ആർക്കിടെക്ട് പ്രകാശത്തിനു വഴിയൊരുക്കിയത്.

അഞ്ചു നിലയെന്നു പറയാമോ

Brijesh Unni3 Bedrooms

മുന്നിലും പിന്നിലുമായി രണ്ട് ടവറുകൾ, അതു രണ്ടും തമ്മിൽ ബന്ധിച്ച് നടുവിൽ സ്റ്റെയർ ഏരിയ എന്ന രീതിയിലാണ് വീടിന്റെ കിടപ്പ്. മുൻവശത്ത് കിച്ചൻ, ഫാമിലി ലിവിങ്, സ്റ്റഡി ഏരിയ എന്നിവയാണ് താഴെയും മുകളിലുമായി വരുന്നത്. പിൻവശത്തെ ടവറിൽ ഒാരോ നിലയിലും ഒാരോ കിടപ്പുമുറികൾ. മുൻവശത്തെ സീലിങ് എട്ട് അടി പൊക്കത്തിലാണെങ്കിൽ പിറകുവശത്ത് 10 അടിയുണ്ട്. അതുകൊണ്ടുതന്നെ പിൻവശത്തു നിന്ന് മുന്നിലേക്ക് ചരിഞ്ഞു നിൽക്കുന്നു മേൽക്കൂര. നിരക്കിനീക്കാവുന്ന ജനലുകളും വാതിലുകളും സ്ഥലം ഒട്ടും കളയാത്ത രീതിയിലാണ്. ആഡംബരങ്ങളും അലങ്കാരങ്ങളും ഒഴിവാക്കിയ വീടിന്റെ അലങ്കാരം തന്നെ അതിൽ വീഴുന്ന വെളിച്ചവും കയറിയിറങ്ങുന്ന വായുവുമാണ്. പോരാത്തതിന് പ്രൊഫൈൽ ലൈറ്റിങ്ങും മൂഡ് ലൈറ്റിങ്ങും ചെയ്തു.

ആനയും ബാൻഡ്സെറ്റും വിരുന്നുകാരും ഇൗ മുറ്റത്തും അകത്തും നിറഞ്ഞാടിയപ്പോൾ സംതൃപ്തി ലഭിക്കുന്നത് വീട്ടുകാർക്കു മാത്രമല്ല, നല്ല ആർക്കിടെക്ചറിനും കൂടിയാണ്.

online Master page Plan

PROJECT FACTS

Area: 2200 sqft Owner: ഗീഗോ & ആശ Location: കുന്നംകുളം, തൃശൂർ

Design: ജേഡ് ആർക്കിടെക്ട്സ്, തൃശൂർ Email: brijesh@jaid.in