Friday 05 January 2024 02:55 PM IST : By സ്വന്തം ലേഖകൻ

‘ഇരുനിലകളെയും ബന്ധിപ്പിക്കും, ചൂട് കുറയ്ക്കും, പ്രകാശം നിറയ്ക്കാം’; അറിയാം ഡബിൾഹൈറ്റ് വീടിന്റെ പ്രത്യേകതകള്‍

double-height-home

വീടിനു ചില ഇടങ്ങളിൽ ഡബിൾഹൈറ്റ് നൽകുന്നത് ട്രെൻഡ് ആയതുകൊണ്ടു മാത്രമാണോ?

പുതിയ വീടു പണിയുമ്പോൾ കുറച്ചു ഭാഗമെങ്കിലും ഡബിൾ ഹൈറ്റിൽ വേണമെന്ന് നിർദേശം വരാം. വീടിനു ഭംഗികൂട്ടാൻ ഡിസൈനിൽ നൽകുന്ന എലമെന്റ് മാത്രമാണിതെന്നാണ് പലരുടെയും ധാരണ. സത്യത്തിൽ ഇതുകൊണ്ട് മറ്റെന്തെങ്കിലും ഗുണമുണ്ടോ?

രണ്ടു നിലയുടെ ഉയരത്തിൽ ഒറ്റനില വീടിന്റെ ഏതെങ്കിലും ഒരു ഭാഗം നിർമിക്കുന്നതിനാണ് ഡബിൾഹൈറ്റ് കൊടുക്കുക എന്നു പറയുന്നത്. 20 അടിയാണ് പൊതുവേ ഉയരം നൽകാറുള്ളത്. വീടിന്റെ കുറച്ചു ഭാഗം ഇങ്ങനെ പണിയുന്നത് ട്രെൻഡാണ്.

ഡബിൾഹൈറ്റ് ഭംഗിയേകുമെന്നതിൽ ത ർക്കമില്ല. പക്ഷേ, ഡിസൈനിന്റെ ഭാഗമായി സ്വാഭാവികമായി ഡബിൾ ഹൈറ്റ് ഉരുത്തിരിയുമ്പോൾ അത് ഉപയോഗപ്രദവും കാര്യക്ഷമവും ആയി മാറുന്നുണ്ട്. ഡബിബിൾ ഹൈറ്റ് എന്നു കേൾക്കുമ്പോൾ ആശങ്കകൾ ഉണ്ടെങ്കിൽ ഇതാ അറിഞ്ഞോളൂ അതിന്റെ ഗുണവും ദോഷവും.

അറിയാം ചില ഗുണങ്ങൾ

കൂടുതൽ വലുപ്പം

ഫോർമൽ ലിവിങ്, ഡൈനിങ് എന്നിവിടങ്ങളാണ് ഡബിൾഹൈറ്റ് കൊടുക്കുന്ന പ്രധാന ഇടങ്ങൾ. ഫോർമൽ ലിവിങ്ങിന് ഉയരക്കൂടുതൽ വരുമ്പോൾ അകത്തേക്കു കയറുമ്പോൾ തന്നെ വീടിന് വലുപ്പം തോന്നിക്കും. അതുകൊണ്ടു ചെറിയ സ്ഥലത്തുണ്ടാക്കുന്ന വീടുകളിൽ ഡബിൾഹൈറ്റ് പരീക്ഷിക്കാം.

ചൂട് കുറയ്ക്കും

ചൂടുവായു എപ്പോഴും മുകളിലേക്കാണു സഞ്ചരിക്കുക. ഡ ബിൾ ഹൈറ്റിൽ  മുകളിൽ  ജനാലകളോ  വെന്റിലേഷനോ നൽകിയാൽ ചൂടു വായു അതിലൂടെ പുറത്തു പോകും. താഴത്തെയും മുകളിലെയും ജനാലകൾ യുക്തിപൂർവം പ്ലാൻ ചെയ്താൽ ക്രോസ് വെന്റിലേഷൻ ക‍ൃത്യമായി നടപ്പിലാക്കാം; വായുസഞ്ചാരം സുഗമമാക്കാം.

01-(22)-1

പ്രകാശം നിറയ്ക്കാം

ഡബിൾഹൈറ്റിന്റെ ചുമരു വലുതായതു കൊണ്ടു തന്നെ അവിടെ ഗ്ലാസോ വലിയ ജനാലകളോ നൽകാം. തത്ഫലമായി വീടിനുള്ളിൽ നിറയെ സൂര്യപകാശം ലഭിക്കും. ഈ വെളിച്ചം രണ്ടു നിലകളിലേക്കും പ്രസരിക്കുകയും വീട് വെളിച്ചവും വായുവും കൊണ്ടു നിറയുകയും ചെയ്യും.

ഇന്റീരിയറിന് പ്രൗഢി

ഡബിൾഹൈറ്റിന്റെ ചുമരിൽ ടെക്സ്ചർ, ക്ലാഡിങ്, സ്റ്റേറ്റ്മെന്റ് അലങ്കാരങ്ങൾ, ഹാങ്ങിങ് ലൈറ്റ് തുടങ്ങിയവ നൽകുന്നത് ഇന്റീരിയറിന്റെ ലുക്ക് തന്നെ മാറ്റിമറിക്കും. കൃത്യമായ പ്ലാനിങ്ങോടെ ഈയിടം ഡിസൈൻ ചെയ്താൽ മൊത്തത്തിലുള്ള ഇന്റീരിയർ തീമിനൊപ്പം ചേർന്ന് മനോഹരമായ കാഴ്ച പ്രദാനം ചെയ്യും.

ഇരുനിലകളെയും ബന്ധിപ്പിക്കും

ഡബിൾഹൈറ്റിന്റെ വലിയ മേന്മയാണ് രണ്ടു നിലകളെ തമ്മിൽ ബന്ധിപ്പിക്കുന്നു എന്നത്. ഇരുനില വീടുകളിൽ രണ്ടുനിലകളിലെയും അംഗങ്ങൾ ഒറ്റപ്പെട്ടു പോകുമെന്ന പരാതിയുണ്ട്. ഇതു പരിഹരിക്കാൻ  ഫാമിലി ലിവിങ്, ഡൈനിങ് എന്നിവിടങ്ങളിൽ ഡബിൾഹൈറ്റ് നൽകുന്നതു ഉചിതമാണ്.

പൊതുവെ വീട്ടിൽ ഡബിൾഹൈറ്റ് വരുന്നയിടമാണ് സ്റ്റെയർ ഏരിയ. അതിനെ കുറച്ചു കൂടി ഉയരം കൂട്ടി ഭിത്തിയോടു ചേർത്ത് ‘C’ ആകൃതിയിൽ സ്റ്റെയർ വരുന്ന രീതിയിൽ നൽകിയാൽ രണ്ടുനിലകളും തമ്മിൽ കാഴ്ചയാ ൽ ബന്ധിപ്പിക്കാനും സാധിക്കും.

എലിവേഷനും ഭംഗി

15–17 അടിയിലും ഡബിൾഹൈറ്റ് ചെയ്യാം. മുകളിലെ നിലയ്ക്ക് ഏഴ് അടി ഉയരമേ ഉണ്ടാകൂ. ഇത് എലിവേഷന് ഭംഗി കൂട്ടാൻ സഹായിക്കും. ഒരുനില വീട്ടിൽ ഡബിൾഹൈറ്റ് നൽകിയാൽ പുറമേനിന്നു കാണുമ്പോൾ രണ്ടുനിലയുടെ പ്രതീതിയുണർത്തും.

കോർട്ട് യാർഡ്

ഡബിൾഹൈറ്റിൽ കോർട്ട്‌ യാർഡ് ഒരുക്കുന്നതു പുതുവീടുകളിലെ കാഴ്ചയാണ്. കോർട്ട്‌ യാർഡ് വിശാലമായി  തോന്നിക്കാനും അതുവഴി വീടിന് എടുപ്പേകാനും ഇതു സഹായിക്കുന്നു.

ഒാർക്കാം ചില പ്രശ്നങ്ങളും

∙ പരിചരണം പ്രയാസം

മെയിന്റനൻസ് പ്രയാസമാണെന്നതാണ് ഇതിന്റെ ഒരു പോരായ്മ. മുകളിലെ മാറാലയും അഴുക്കുമെല്ലാം വൃത്തിയാക്കാൻ പ്രയാസമാണ്. ബുദ്ധിപൂർവം ‍ഡിസൈൻ ചെയ്താൽ ഇത് ഒരു പരിധി വരെ ഒഴിവാക്കാം. എത്തിപ്പെടാൻ കഴിയില്ലെങ്കിൽ ഡബിൾഹൈറ്റിലെ ലൈറ്റിനു കുഴപ്പം സംഭവിച്ചാൽ മാറ്റാനും ബുദ്ധിമുട്ടായിരിക്കും.

∙ ചെലവു കൂടുതൽ

ഡബിൾ‌ഹൈറ്റ് പണിയുമ്പോൾ ചെലവു കൂടുതലാണ്. തട്ടിട്ടു വേണം ഇവിടത്തെ പണികൾ ചെയ്യാൻ. അതിന് സമയം കൂടുതലെടുക്കും. ഡബി ൾഹൈറ്റ് ഭംഗിയായി അവതരിപ്പിക്കേണ്ടതു കൊണ്ട് അലങ്കാരങ്ങളും ലൈറ്റുമൊക്കെ വേണ്ടിവരുമല്ലോ. അതും ചെലവു കൂട്ടും.

∙ ചൂടു കൂടാം

കൃത്യമായ പ്ലാനിങ് ഇല്ലാതെ ഡബിൾഹൈറ്റിൽ ഗ്ലാസ് ഇട്ടാൽ സൂര്യപ്രകാശം കൂടുതലായി ഉള്ളിലെത്താനും ചൂട് കൂടാനും സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ എയർകണ്ടീഷൻ ചെയ്യേണ്ടി വരികയും അതു ചെലവു കൂട്ടുകയും ചെയ്യാം.

ഡബിൾഹൈറ്റ് ഏരിയയിൽ സീലിങ് ഫാൻ കൊടുക്കാൻ സാധിക്കില്ല. പെഡസ്റ്റൽ ഫാനോ വോൾ മൗണ്ട് ഫാനോ ആണ് നൽകുക. അപ്പോൾ കുടുംബാംഗങ്ങൾ കൂടുതൽ സമയം ചെലവിടാറുള്ള ഫാമിലി ലിവിങ് പോലെയുള്ള ഇടങ്ങളിൽ ഡബിൾഹൈറ്റ് കൊടുത്താൽ കാറ്റ് കുറവായി തോന്നാം.

വിവരങ്ങൾക്കു കടപ്പാട്:

ഷിന്റോ വർഗീസ്

കോൺസെപ്റ്റ്സ് ഡിസൈൻ സ്റ്റുഡിയോ, കൊച്ചി

Tags:
  • Vanitha Veedu