Wednesday 01 November 2023 04:04 PM IST

തടിയഴകിൽ ശാരദാവിഹാർ; തൃശൂരിന്റെ പാരമ്പര്യത്തിനൊത്ത വീട്

Sona Thampi

Senior Editorial Coordinator

sh1

അഞ്ച് ദശകങ്ങളോളം ആനകളെ മെരുക്കിയെടുത്ത കേരളത്തിലെ അതിപ്രശസ്തനായ മൃഗഡോക്ടർ കെ. സി. പണിക്കർ താമസിക്കുന്ന ‘ശാരദാ വിഹാർ’ അതിന്റെ തലയെടുപ്പു കൊണ്ട് വ്യത്യസ്തത പുലർത്തുന്ന വീടാണ്.

sh2 സിറ്റ്ഒൗട്ട് തടിയുടെയും വെട്ടുകല്ലിന്റെയും പ്രകൃതിദത്ത ഭംഗിയുള്ള സിറ്റ്ഒൗട്ട്. പോർച്ചിൽ നിന്നും മുറ്റത്തുനിന്നും കയറാം. കലാത്തിയ ചെടികൾ തഴച്ചുനിൽക്കുന്ന മുറ്റം സ്വകാര്യത ഉറപ്പുവരുത്തുന്നു. മൂന്ന് പാളികളായി തുറക്കാവുന്നതാണ് ജനലുകൾ. തൂണുകളും സീലിങ്ങും തടിയിൽ ചെയ്തെടുത്തു

73 വർഷം പഴക്കമുണ്ടായിരുന്ന വീട് കാലത്തിനൊത്ത് മാറ്റിയപ്പോഴും കാലാതീതമായ ചില ഘടകങ്ങൾ ആർക്കിടെക്ട് ടീം ഇവിടെ കൊണ്ടുവന്നു. ഡോ. പണിക്കരുടെ മകൾ ഡോ. സുജാതയും ഭർത്താവ് ഡോ. ആനന്ദകേശവനും വീടിന്റെ പഴയ പേരു മാത്രമല്ല, പെരുമയും നിലനിർത്തുന്നതിൽ ബദ്ധശ്രദ്ധരായിരുന്നു.

തൊട്ടടുത്ത് ക്ഷേത്രമുള്ളതിനാൽ വാസ്തു അളവുകൾക്കും പൂജാമുറിക്കും പ്രത്യേകം പ്രാധാന്യം കൊടുത്തു വീട്ടുകാർ. പഴയ ഫർണിച്ചറും പഴയ അലങ്കാരവസ്തുക്കളും മാത്രമല്ല, പഴയ വീടിന്റെ തടിയും പുതിയ വീടിന്റെ ഭാഗമാക്കിയാണ് ഡിസൈൻ.

sh3 സ്വീകരണമുറി പഴയ ഫർണിച്ചർ പോളിഷ് ചെയ്ത് സ്വീകരണമുറിയിൽ ഉപയോഗിച്ചു. ചുമരിലെ വാർളി പെയിന്റിങ്ങിലും ആനയാണ് താരം

നഗരഹൃദയത്തിലെ ഒൻപത് സെന്റ്, ആർക്കിടെക്ട് ടീമിന് ശരിക്കും വെല്ലുവിളിയായിരുന്നു. പൊടിയും ശബ്ദവും നിറഞ്ഞ പ്രധാന റോഡിന്റെ മൂലയിലാണ് വീട്. മുൻവശത്തെ ഇടറോഡ് ചെന്നെത്തുന്നത് കുളശ്ശേരി ക്ഷേത്രത്തിലും.

sh4 ഡ്രൈ കോർട്‍യാർഡ് കോബിൾ സ്റ്റോൺ വിരിച്ച ഡ്രൈ കോർട്‍യാർഡ്. പിറകിൽ ഡൈനിങ് ഏരിയ കാണാം. വുഡൻ ഫിനിഷ് ഫ്ലോർ ഒരു ഇടനാഴി പോലെ വർത്തിക്കുന്നു

നഗരത്തിരക്കുകളെ അകറ്റിനിർത്താൻ മതിലിന് പൊക്കം കൂട്ടി, മുകളിൽ കമ്പിയഴികൾ കൊടുത്തു, അതിരിടാൻ മുളയും നട്ടു. ഒാപ്പൻ കോർട്‍യാർഡുകൾ ചെയ്യുന്ന ആർക്കിടെക്ട് ശ്യാമിന് ഇവിടെ പ്ലോട്ടിന്റെ സാഹചര്യമനുസരിച്ച് വിട്ടുവീഴ്ചകൾ ചെയ്യേണ്ടിവന്നു. അകത്ത് ഡ്രൈ കോർട്‍യാർഡ്, അതിനു പുറത്ത് ഗ്രീൻ കോർട്‍യാർഡ് എന്ന സമീപനമാണ് ആർക്കിടെക്ട് ടീം കൈക്കൊണ്ടത്. ‘കലാത്തിയ’ െചടികളും മരവുമൊക്കെയായി ഹരിതാഭയിൽ പൊതിഞ്ഞെടുത്തിരിക്കുകയാണ് ശാരദാ വിഹാറിനെ.

ബാംഗ്ലൂർ സ്റ്റോൺ വിരിച്ച ഡ്രൈ കോർട്‍യാർഡിന്റെ ഒരു ഭാഗത്ത് നിരക്കിനീക്കാവൂന്നവാതിലുള്ള ബെഡ്റൂമും എതിർവശത്ത് ഗ്രീൻ കോർട്‍യാർഡും മുന്നിൽ പൂജാമുറിയും പിറകിൽ ഒാപ്പൻ ഡൈനിങ്, കിച്ചൻ എന്നിവയുമാണ്. പഴയ തളം പോലെ ആളുകൾക്ക് ഇൗ ഭാഗത്ത് ഒന്നിച്ചിരിക്കാം.

sh5 ഡൈനിങ് ഒാപ്പൻ ഡൈിങ് ഏരിയ ആണിവിടെ. ഡ്രൈ കോർട്‍യാർഡിനോട് ചേർന്നാണ് ഡൈനിങ്

ചുറ്റുമുള്ള തിരക്കിലും ‘പോപ് അപ്’ ചെയ്യാത്ത രീതിയിൽ, എന്നാൽ തലയെടുപ്പുള്ള കൊമ്പനെപ്പോലെയാണ് എലിവേഷൻ. കാന്റിലിവർ ചെയ്ത് പുറത്തേക്ക് നീട്ടിയെടുത്ത ബോക്സിൽ നീളൻ ‘ലൂവർ’ ജനലുകളാണ് ശാരദാ വിഹാറിനെ വ്യത്യസ്തമാക്കുന്ന മുഖമുദ്ര. കൂടാതെ, കണ്ണൂരിൽ നിന്നു കൊണ്ടുവന്ന വെട്ടുകല്ലിന്റെ ക്ലാഡിങ്ങും.

sh6 കിടപ്പുമുറി താഴെ രണ്ടും മുകളിൽ മൂന്നുമായി അഞ്ച് കിടപ്പുമുറികളുണ്ട്. പഴയ ഫർണിച്ചർ തന്നെ മിക്കതിലും ഉപയോഗിച്ചു. വാർളി പെയിന്റിങ്ങുകൾ എല്ലാ കിടപ്പുമുറികൾക്കും അലങ്കാരമാണ്.

വീട്ടുകാരുടെ മനോഭാവത്തോട് ഏറ്റവും ഇണങ്ങുന്ന രീതിയിൽ തടിപ്പണിയെ ട്രെഡീഷണൽ ആയും മോഡേൺ ആയും ഇവിടെ ഉപയോഗപ്പെടുത്തിയിരിക്കുന്നു. സീലിങ്ങിലെ പാനലിങ്ങിന് പഴയ തടി ഉപയോഗപ്പെടുത്തി. ഗേറ്റിനും തൂവാനത്തിനും തടിയോട് സാമ്യമുള്ള ഷീറ്റുകൾ ഉപയോഗിച്ചു. തടി ജനലുകൾ മൂന്ന് പാളികളായി തുറക്കാവുന്നതാണ്. അവയ്ക്ക് സൗന്ദര്യം കൂട്ടുന്നു ഏറ്റവും മുകളിലെ നിറമുള്ള ചില്ലുകൾ.

പ്രശസ്തനായ വീട്ടുകാരന്റെ പ്രതാപം ഒട്ടും ചോർന്നിട്ടില്ല പുതിയ ഡിസൈനിലും.

sh7 ബേ വിൻഡോ ഗോവണി കയറിയെത്തുന്ന ഭാഗത്താണ് വശ്യമനോഹരമായ ബേ വിൻഡോ. അഞ്ച് മീറ്ററിൽ കൂടുതൽ നീളമുണ്ട് ഇതിന്. അടിയിൽ നിറയെ സ്റ്റോറേജ് ഉണ്ട്. നേരേ മുന്നിലെ ടിവി ഏരിയ വേണമെങ്കിൽ സ്ലൈഡിങ് ഡോർ വഴി അടച്ച് പ്രത്യേക മുറിയാക്കാനും സാധിക്കും

Area: 3100 sqft Owner: ഡോ. ആനന്ദകേശവൻ & ഡോ. സുജാത Location: തൃശൂർ

Design: 7th Hue Architecture Studio Email: ar.shyamraj@gmail.com