Monday 06 January 2020 04:58 PM IST : By സ്വന്തം ലേഖകൻ

കുടിവെള്ളം മുട്ടിയില്ല, 2.9 സെന്റിൽ കിണറിനു മുകളിലൂടെ കലക്കനൊരു വീട്

2-cent

ഇത് മഴവില്ല്...വിണ്ണിലെ വലയത്തിൽ സപ്തനിറങ്ങളുടെയും സൗന്ദര്യം ആവാഹിച്ചതുപോലെ മണ്ണിലെ ഇത്തിരി സ്ഥലത്ത് ഒരു കുടുംബത്തിനു വേണ്ട സൗകര്യങ്ങളെല്ലാം കൂട്ടിച്ചേർത്ത വിസ്മയക്കാഴ്ച.

ആകെയുള്ള 2.9 സെന്റിൽ വീട് പണിയാനാകുമോ എന്ന ആശങ്കയിലായിരുന്നു തിരുവനന്തപുരം വെള്ളനാട്ടുള്ള കിരൺ കുമാറും കുടുംബവും. ആർക് ബിൽഡേഴ്സിലെ ഡിസൈനർ രാകേഷും കൂട്ടരും പ്ലോട്ടിൽ ‘മഴവില്ല്’ വിരിയിച്ചപ്പോൾ അതെല്ലാം മാഞ്ഞുപോയി.

1450 ചതുരശ്രയടി വിസ്തീർണമുള്ള ഇരുനില വീട്ടിൽ മൂന്നു കിടപ്പുമുറികളടക്കം ഒരു കുടുംബത്തിനാവശ്യമായ സൗകര്യങ്ങളെല്ലാമുണ്ട്. വീടിനുള്ളിലെത്തിയാൽ 2.9 സെന്റിന്റെ പരിമിതികളൊന്നും അനുഭവപ്പെടില്ല എന്നതാണ് മഴവില്ലിന്റെ ഏറ്റവും വലിയ സവിശേഷത. ഒട്ടും ഇടുക്കം തോന്നിക്കാത്ത രീതിയിലാണ് അകത്തളം. മുറികളുടെ വിന്യാസവും ചുമരിന്റെ നിറക്കൂട്ടുമെല്ലാം വീട്ടകത്തിനു വിശാലത പകരുന്നു.

2-cent-3

സിറ്റ്ഔട്ട്, ഫോയർ, ലിവിങ്, ഡൈനിങ്, മാസ്റ്റർ ബെഡ്റൂം, അടുക്കള, വർക് ഏരിയ എന്നിവയാണ് താഴത്തെ നിലയിലുള്ളത്. മുറ്റം ആയി കൂടി ഉപയോഗിക്കാവുന്ന രീതിയിലാണ് കാർപോർച്ചിന്റെ ഡിസൈൻ. പോളി കാർബണേറ്റ് ഷീറ്റ് കൊണ്ടുള്ള മേൽക്കൂരയാണിതിന്.

രണ്ട് കിടപ്പുമുറി, ബാൽക്കണി, ഫാമിലി ലിവിങ്, യൂട്ടിലിറ്റി ഏരിയ എന്നിവയാണ് മുകളിലെ നിലയിലുള്ളത്. കിടപ്പുമുറികളോടെല്ലാം ചേർന്ന് ബാത്റൂം,വാഡ്രോബ് എന്നിവ നൽകിയിട്ടുണ്ട്.

2-cent-5
2-cent-1

അടുക്കളയിൽ ഒഴികെ ബാക്കി എല്ലായിടത്തും വെള്ള നിറത്തിലുള്ള ടൈൽ ഉപയോഗിച്ചാണ് ഫ്ലോറിങ്. ഇളംനിറത്തിലാണ് എല്ലാ ചുമരുകളും. ചുമരിൽ ലൈറ്റുകൾ ഒഴിവാക്കി. സീലിങ്ങിലാണ് ലൈറ്റുകൾ എല്ലാം നൽകിയത്. ഓപൻ ഡിസൈനിലാണ് അടുക്കള. തിക്കുംതിരക്കും ഒഴിവാക്കി വിശാലത തോന്നിക്കാൻ ഇതെല്ലാം ഒത്തിരി സഹായിക്കുന്നു. ജിഐ സ്ക്വയർ ട്യൂബ് കൊണ്ടുള്ള സ്റ്റെയർകെയ്സും സ്ഥലം ഒട്ടും അപഹരിക്കുന്നില്ല. ടിവി യൂണിറ്റിന്റെ തുടർച്ചയായി വരും വിധമാണ് സ്റ്റെയർകെയ്സ്.

2-cent-4
2-cent-6

പറമ്പിലുണ്ടായിരുന്ന കിണർ മൂടാൻ വീട്ടുകാർക്കും ഡിസൈനർക്കും മനസ്സു വന്നില്ല. സ്ഥലപരിമിതി കാരണം കിണറിന്റെ പകുതി വീടിനുളളിലാക്കേണ്ടി വന്നു എന്നു മാത്രം. വീടിനുള്ളിൽ വരുന്ന ഭാഗത്ത് മുകളിൽ കോൺക്രീറ്റ് സ്ലാബ് പിടിപ്പിച്ച് സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. അതുകാരണം മഴവില്ലിൽ കുടിവെള്ളത്തിന് മുട്ടില്ല.

2-cent-2