Thursday 04 May 2023 12:08 PM IST : By സ്വന്തം ലേഖകൻ

സ്ഥലം കുറവാണെന്ന പരാതി വേണ്ട; രണ്ടര സെന്റിലും പണിയാം കിടിലൻ വീട്

alpy 1

ആലപ്പുഴ നഗരഹൃദയം. ചുറ്റുവട്ടത്ത് ബന്ധുക്കളുടെ വീടുകൾ. രണ്ടര സെന്റേ ഉള്ളുവെങ്കിലും അവിടെത്തന്നെ വീടു പണിയാം എന്ന തീരുമാനത്തിലേക്ക് റിയാസ് മുഹമ്മദിനേയും കുടുംബത്തെയും നയിച്ച കാരണങ്ങളിതൊക്കെയാണ്. അബുദാബിയിൽ ഉദ്യോഗസ്ഥനാണ് റിയാസ്. ഭാര്യയും രണ്ട് പെൺമക്കളും അവിടെയാണ്. അവധിക്ക് മാത്രമാണ് നാട്ടിലെത്തുക. നാല് കിടപ്പുമുറികളുള്ള, അടച്ചിട്ടാലും മെയ്ന്റനൻസ് പ്രശ്നങ്ങൾ ബാധിക്കാത്ത തരത്തിലുള്ള നല്ലൊരു വീട് എന്നതായിരുന്നു സ്വപ്നം. കുറേ ഗൃഹപാഠം ചെയ്തും അന്വേഷണങ്ങൾ നടത്തിയുമാണ് ഡിസൈനർ അനീസ് ഹക്കിമിനെ വീടിന്റെ നിർമാണച്ചുമതല ഏൽപ്പിച്ചത്.

alpy  2 ലിവിങ് സ്പേസ്

രണ്ടര സെന്റ്. അടുത്തടുത്ത് വീടുകൾ. മുറ്റവും, മുറികൾക്കെല്ലാം ആവശ്യത്തിനു വലുപ്പവും വേണം. ഈ സാഹചര്യത്തിൽ നാല് കിടപ്പുമുറി എങ്ങനെ ഉൾക്കൊള്ളിക്കും എന്നതായിരുന്നു ഡിസൈൻ ടീം നേരിട്ട പ്രധാന വെല്ലുവിളി. പല സാധ്യതകൾ പരിശോധിച്ചെങ്കിലും വഴിയൊന്നും തെളിഞ്ഞില്ല. രണ്ടിനു പകരം മൂന്ന് നിലയായി വീടൊരുക്കുകയാണ് പ്രായോഗികം എന്ന് ഒടുവിൽ ബോധ്യമായി.

alpy  6 ട്രിപ്പിൾ ഹൈറ്റിൽ ഡൈനിങ് സ്പേസ്

ചെറിയ സ്ഥലത്ത് മൂന്ന് നില പണിയുമ്പോൾ കാഴ്ചയിൽ ‘ടവർ’ പോലെ തോന്നിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. വീടിനു മുൻഭാഗത്ത് പകുതിയോളം സ്ഥലം ഒഴിച്ചിട്ട് പിന്നിലേക്കിറങ്ങിയാണ് മൂന്നാം നിലയുടെ ഡിസൈൻ. അതാണ് എലിവേഷന്റെ ഹൈലൈറ്റ്. മൂന്നാം നിലയ്ക്കു മുകളിൽ പിന്നിലായുളള ബോക്സ് ടൈപ്പ് സ്ട്രക്ചറിന് ഉള്ളിലാണ് വാട്ടർ ടാങ്കിന് സ്ഥാനം. ഇതും എലിവേഷന്റെ ഭാഗമായി വരുംവിധമാണ് ‍ഡിസൈൻ.

alpy 5 അടുക്കള

ചെറിയ സ്ഥലത്തെ വീടുകളിൽ വീടിന്റെ ഡിസൈൻ പോലെത്തന്നെ പ്രധാനമാണ് മുറ്റത്തിന്റെ കാര്യവും. മുറ്റം നന്നായാൽ പകുതി നന്നായി എന്നു പറയാം. ഈ തത്വം മനസ്സിലാക്കി പ്രത്യേക കരുതലോടെയാണ് മുറ്റം ഡിസൈൻ ചെയ്തത്. പ്ലോട്ടിന് ഇടുക്കം തോന്നാതിരിക്കാനും കാറ്റ് തടസ്സപ്പെടാതിരിക്കാനുമായി മുൻഭാഗത്ത് രണ്ട് അറ്റങ്ങളിൽ കുറച്ചിടത്തു മാത്രമേ കട്ട കെട്ടിയുള്ള മതിൽ നൽകിയുള്ളൂ. അതും ഒന്നര മീറ്റർ പൊക്കത്തിൽ മാത്രം. നീളത്തിലുള്ള സ്ലൈഡിങ് ഗേറ്റ് തന്നെ മതിലിന്റെ ജോലിയും ചെയ്യുന്ന രീതിയിലാണ് ക്രമീകരണം. വണ്ടി തിരിക്കാനും മറ്റും കൂടുതൽ സൗകര്യമാണെന്നു മാത്രമല്ല, ഗേറ്റ് മുഴുവനായി തുറന്നാൽ രണ്ട് വണ്ടി മുറ്റത്ത് പാർ‌ക്ക് ചെയ്യാനും കഴിയും.

സിറ്റ്ഔട്ടിനു നേരെ മുന്നിലായി വിക്കറ്റ് ഗേറ്റ് നൽകിയിട്ടുള്ളതിനാൽ ആളുകൾക്ക് അതുവഴി വീട്ടിലേക്കെത്താം. കരിങ്കൽപ്പാളികൾ വിരിച്ചും മുകളിൽ സ്റ്റീൽ പർഗോള നൽകിയും കൃത്യമായി അടയാളപ്പെടുത്തിയ നടപ്പാത മുറ്റത്തിന്റെ ചന്തം കൂട്ടുന്നു.

alpy 4 കിടപ്പുമുറി

ഓപ്പൻ പ്ലാനിനോട് വീട്ടുകാർക്ക് അത്രകണ്ട് താൽപര്യം ഉണ്ടായിരുന്നില്ല. ആവശ്യത്തിന് സ്വകാര്യത ലഭിക്കും രീതിയിലാണ് മുറികളുടെ ക്രമീകരണം. ലിവിങ്, ഡൈനിങ്, അടുക്കള, ഒരു കിടപ്പുമുറി എന്നിവയാണ് താഴത്തെ നിലയിൽ. ട്രിപ്പിൾ ഹൈറ്റിൽ നൽകിയിരിക്കുന്ന ഡൈനിങ് സ്പേസ് ആണ് ഇന്റീരിയറിലെ താരം. ചൂട് കടത്തിവിടാത്ത പ്രത്യേകതരം ഗ്ലാസ്സ് കൊണ്ടാണ് ഇതിന്റെ മേൽക്കൂര. ആവശ്യത്തിനു സൂര്യപ്രകാശം ഇതുവഴി വീടിനുള്ളിലെത്തും. ടെറസിനും ഗ്ലാസ്സിനും ഇടയിൽ ആവശ്യത്തിനു വിടവ് നൽകിയിട്ടുള്ളതിനാൽ ഇതുവഴി ചൂട് വായു പുറത്തു പോകുകയും ചെയ്യും.

അറ്റാച്ഡ് ബാത്റൂം, ഡ്രസ്സിങ് സ്പേസ് സൗകര്യങ്ങളുള്ള രണ്ട് കിടപ്പുമുറികളാണ് രണ്ടാമത്തെ നിലയിലുള്ളത്. ഒരു കിടപ്പുമുറിയും വിശാലമായ ബാൽക്കണിയും മൂന്നാംനിലയിൽ വരുന്നു. മുറിയിലേക്ക് കയറിയാലുടൻ കട്ടിൽ കാണാത്ത രീതിയിൽ നൽകിയിരിക്കുന്ന വാഡ്രോബ് ആണ് മുകളിലെ കിടപ്പുമുറിയിലെ ശ്രദ്ധേയ കാഴ്ച.

alpy  7 വീടിന്റെ പ്ലാൻ

സ്വപ്നംകണ്ട സൗകര്യങ്ങളെല്ലാം രണ്ടര സെന്റിലെ വീട്ടിൽ ലഭിച്ചതിന്റെ സന്തോഷത്തിലാണ് റിയാസും കുടുംബവും. അടുത്ത അവധിക്കാലത്തിനായി വീട്ടുകാർ കാത്തിരിക്കുകയാണ്; നാട്ടിലെ സ്വപ്നക്കൂടിലേക്കെത്താൻ. 

ചിത്രങ്ങൾ: ഹരികൃഷ്ണൻ

Area: 1700 sqft Owner: റിയാസ് മുഹമ്മദ് & ഷാനി Location: ചാത്തനാട്, ആലപ്പുഴ

Design: ആഡ് ഓൺ ഡിസൈൻസ്, ആലപ്പുഴ designs.addon@gmail.com

Tags:
  • Architecture