വിവാഹമോചനത്തിനു ശേഷം പ്രതിമാസം 40 ലക്ഷം രൂപ ജീവനാംശം വേണമെന്ന് നടൻ ജയം രവിക്കെതിരെ മുൻ ഭാര്യ ആരതി ഹർജി ഫയൽ ചെയ്തെന്ന് തമിഴ് മാധ്യമങ്ങൾ. ഇതിൽ ജയം രവിയുടെ മറുപടി കേട്ട ശേഷം കേസ് ജൂൺ 12ന് വീണ്ടും പരിഗണിക്കും. സമവായത്തിലെത്താത്തതിനാൽ, ഇരുവിഭാഗത്തിനും രേഖാമൂലമുള്ള പ്രതികരണങ്ങൾ സമർപ്പിക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
ജയം രവി–ആരതി വിവാഹമോചനക്കേസുമായി ബന്ധപ്പെട്ട നടപടികൾ ചെന്നൈ കുടുംബ ക്ഷേമ കോടതിയിൽ പുരോഗമിക്കുകയാണ്. കഴിഞ്ഞ സെപ്റ്റംബറിലാണ് ജയം രവി വിവാഹമോചന ഹർജി ഫയൽ ചെയ്തത്. കഴിഞ്ഞ ആഴ്ച ഇരുകക്ഷികളും കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട് ഹാജരായി. ഒരുകാരണവശാലും രമ്യതയിൽ എത്താനാകില്ലെന്നും ആരതിയിൽ നിന്നും വിവാഹമോചനം വേണമെന്ന ഉറച്ച നിലപാടിലാണ് ജയം രവിയെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അനുരഞ്ജന – മധ്യസ്ഥ ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ് കേസ് കൂടുതൽ സങ്കീർണമായത്. കേസ് പരിഗണിച്ച ചെന്നൈയിലെ കുടുംബ കോടതി രവിയോടും ആരതിയോടും പ്രശ്നങ്ങൾ പറഞ്ഞു തീർക്കാനായി മധ്യസ്ഥ ചർച്ചയിൽ പങ്കെടുക്കാൻ നിർദേശിച്ചിരുന്നു. എന്നാൽ, ഇരുവരും ഇതിനു താൽപര്യം കാട്ടിയില്ല. സിറ്റിങ്ങിൽ പങ്കെടുത്തതുമില്ല. ഇതോടെയാണു മധ്യസ്ഥ ശ്രമങ്ങൾ പരാജയപ്പെട്ടതായി അധികൃതർ കോടതിയെ അറിയിച്ചത്.
തുടർന്ന് വിവാഹമോചന വാദം പുനരാരംഭിച്ചു. വിഡിയോ കോൺഫറൻസിങ് വഴിയാണ് രവിയും ആരതിയും ഹാജരായത്. ഫെബ്രുവരി 15നായിരുന്നു ഇതിനു മുമ്പ് കോടതി ഈ കേസിൽ വാദം കൂടിയത്.