കുട്ടികളുടെ കളിയും ചിരിയും കളിപ്പാട്ടങ്ങളും കുസൃതികളും നിറയുമ്പോൾ വീടിനകം ഉത്സവത്തിമിർപ്പിലാകും. എന്നാൽ ഒരു കാര്യം കൂടി പറയട്ടേ, നമുക്കു സുരക്ഷിതമെന്നു തോന്നുന്ന പലതും കുഞ്ഞുമക്കൾക്കു സുരക്ഷിതമല്ല.
വാതിലിനിടയിൽ വിരൽ കുടുങ്ങുക, ചവിട്ടിയിൽ തെന്നി വീഴുക, കട്ടിലിൽ നിന്നു വീഴുക, ഫർണിച്ചറിൽ മുട്ടി അപകടം സംഭവിക്കുക തുടങ്ങി എത്രയൊക്കെ അബദ്ധങ്ങളാണു വീട്ടിൽത്തന്നെ നടക്കുന്നത്.
വീട്ടിലേക്കുള്ള പെയിന്റ് തിരഞ്ഞെടുക്കുന്നതു മുതൽ പ്ലേ ഏരിയ ഒരുക്കുന്നതു വരെ കുഞ്ഞുങ്ങളുടെ സുരക്ഷിതത്വം മുന്നിൽക്കണ്ടു വേണം. ഇവിടെയാണ് കിഡ്സ് പ്രൂഫ് ഇന്റീരിയറുകളുടേയും എക്സ്റ്റീരിയറുകളുടേയും പ്രാധാന്യം വർധിക്കുന്നത്. ദാ, ഇനി പറയുന്ന സേഫ്റ്റി ചെക്‌ലിസ്റ്റ് ഒന്നു നോക്കിക്കോളൂ.
ഇവിടെയെല്ലാം കിഡ്സ് ഫ്രണ്ട്‌ലി
കുട്ടികളുള്ള വീടുകളിൽ പതിവായി രണ്ടു പ്രശ്നങ്ങളാണ് കേൾക്കാറുള്ളത്. ഒന്നുകിൽ ടേബിളിന്റെ അറ്റത്തു മുട്ടി കുഞ്ഞിന്റെ തല മുഴച്ചു, മുറിഞ്ഞു എന്നത്. മറ്റൊന്നു കുട്ടിക ൾ ചാടിക്കയറിയും കളർ പെൻസിലുകൾ കൊണ്ടു വരച്ചും സോഫയും സെറ്റിയുമൊക്കെ നാശമാക്കിയെന്ന്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈ പരാതികൾ ഒഴിവാക്കാം.
ഫർണിച്ചർ വാങ്ങുമ്പോൾ അഗ്രഭാഗം ഉരുണ്ടവ തിരഞ്ഞെടുക്കാം. കോർണർ പ്രൊട്ടക്ടറുകൾ ഉപയോഗിക്കുന്നതും ഇതേ ഫലം നൽകും. ഫർണിച്ചറിന്റെ ഈട്, സുരക്ഷിതത്വം, മെയിന്റെയ്ൻ ചെയ്യാനുള്ള സൗകര്യം, കംഫർട്ട് എന്നിവ പരിശോധിക്കുക.
കുഷ്യൻ സീറ്റിങ് ഫർണിച്ചറിൽ വൃത്തിയാക്കാവുന്നതും കഴുകാവുന്നതുമായ ഫാബ്രിക് ഉപയോഗിക്കാം. പെട്ടെന്നു പൊടി അടിയുന്ന തരം തുണിത്തരങ്ങൾ ഒഴിവാക്കുകയാണ് ഉചിതം. പെയിന്റ് തിരഞ്ഞെടുക്കുമ്പോൾ ഗ്രീൻ ഗാർഡ് സർട്ടിഫിക്കറ്റുള്ള വാട്ടര്‍ ബേസ്ഡ് പെയിന്റ് പരിഗണിക്കാം. കഴുകി വൃത്തിയാക്കാൻ സാധിക്കുന്ന പെയിന്റുകളാണെങ്കിൽ കുട്ടികൾ ചുവരിൽ വരച്ചാലും കറ പറ്റിയാലും മായ്ച്ചു കളയാനാകും.
ഷോക്ക് അടിക്കാതിരിക്കാൻ
ഇലക്ട്രിക് സോക്കറ്റുകളിൽ കുട്ടികൾ വിരലിട്ടും പെൻസി ൽ, പേന മുതലായവ ഇട്ടുമൊക്കെയുണ്ടാകുന്ന അപകടങ്ങൾ പതിവു കാഴ്ചയാണ്. ഇന്നു പലവീടുകളിലേയും സോക്കറ്റുകൾ കുട്ടികൾക്കു കൈ എത്തുന്ന ഉയരത്തിലാണു സ്ഥാപിക്കുന്നത്. ഇത് അപകടസാധ്യത വർധിപ്പിക്കുന്നു. ഇവിടെ ഒൗട്‌ലെറ്റ് പ്ലഗ് കവറുകൾ ഉപയോഗിക്കാം. ബിൽറ്റ് ഇൻ സോക്കറ്റ് ഷട്ടറുകളുള്ള ടാംപർ റെസിസ്റ്റന്റ് റിസപ്റ്റക്കിൾസ് ഉപയോഗിക്കുന്നതും അപകടങ്ങൾ തടയാൻ സഹായിക്കും.
സൂപ്പറാണു ഫർണിച്ചർ സ്ട്രാപ്പുകൾ
ടിവി സ്റ്റാൻഡ്, കംപ്യൂട്ടർ ടേബിൾ, ബുക്ക് ഷെൽഫ് തുടങ്ങിയവ കുട്ടികൾ പിടിക്കുമ്പോൾ മറിഞ്ഞു ദേഹത്തേക്കു വീണ് അപകടമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇ തു തടയുന്നതിനായി ആന്റി ടിപ് ഫർണിച്ചർ സ്ട്രാപ്പുക ൾ, ഹുക്കുകൾ മുതലായവ ഉപയോഗിച്ചു കെട്ടിവയ്ക്കാം.
ഡ്രോയറുകൾക്കും ഡോര്‍ സ്‌റ്റോപ്പറുകൾക്കും സോഫ്റ്റ് ക്ലോസ് ഹിഞ്ചുകൾ നൽകാം. കതകുകൾ പെട്ടെന്ന് അ ടഞ്ഞുണ്ടാകുന്ന അപകടം തടയാൻ ഇതു സഹായിക്കും.
വേഗത്തിൽ മറിഞ്ഞു വീഴാൻ സാധ്യതയില്ലാത്ത, ബലമുള്ളതും നിലത്ത് ഉറച്ചു നിൽക്കുന്നതുമായ ഫർണിച്ചർ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. വേഗത്തിൽ ഉ ടയാൻ സാധ്യതയുള്ള അലങ്കാരവസ്തുക്കൾ കഴിവതും കുഞ്ഞുങ്ങളുടെ കയ്യെത്തും ദൂരത്തു വയ്ക്കാതെയിരിക്കുക. ഇവ ഡബിൾ സൈഡ് ടേപ് ഉപയോഗിച്ച് ഒട്ടിച്ചു വയ്ക്കുന്നതും നല്ലതാണ്.
പൊടികളേ വിട, തുമ്മലേ വിട
കുട്ടികളിൽ പൊതുവേ കണ്ടുവരുന്ന പല അലർജികളുടേയും പ്രധാന കാരണം വീടിനുള്ളിൽ തങ്ങിനിൽക്കുന്ന പൊടിയാണ്. കൃത്യമായ ഇടവേളകളിൽ വീടിനുൾവശവും പുറവും വൃത്തിയാക്കണം.
തറ അണുനാശിനി ഉപയോഗിച്ചു തുടയ്ക്കാനും വാക്വം ക്ലീൻ ചെയ്യാനും ശ്രദ്ധിക്കാം. കാർപെറ്റുകളും അടുക്കളയിൽ ഉപയോഗിക്കുന്ന ടവ്വലുകളും നന്നായി കഴുകി ഉ ണക്കി വേണം ഉപയോഗിക്കാൻ.
കളിപ്പാട്ടങ്ങളും പുസ്തകങ്ങളും വെന്റിലേറ്റഡ് ബോക്സുകളിലും മെഷുകളിലും സൂക്ഷിക്കുന്നതു പൊടി അ ടിഞ്ഞു കൂടുന്നതു തടയും. വീടിലെ എല്ലാ വാതിലുകൾക്കും ജനാലകൾക്കും മോസ്ക്കിറ്റോ നെറ്റുകൾ സ്ഥാപിക്കാം. നെറ്റ് അടിക്കുന്നതിലൂടെ കൊതുകുകൾ വീടിനുള്ളിൽ പ്രവേശിക്കുന്നതും രാസവസ്തുക്കൾ കലർന്ന മോസ്ക്കിറ്റോ ലിക്വിഡിന്റെ ഉപയോഗവും തടയാം. ഇതു കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഗുണകരമാണ്.
അരുമയോടെ ഒരുക്കാം കിഡ്സ് റൂം
പരമാവധി നിറങ്ങൾ കുത്തി നിറച്ച മുറികളാണു കുഞ്ഞുമക്കൾക്കു സന്തോഷമെന്നാണു പലരുടേയും ധാരണ. എ ന്നാലിത് ഏറക്കുറെ തെറ്റാണ്. കഴിയുന്നത്ര ന്യൂട്രൽ ആ യി വേണം കിഡ്സ് റൂം ഒരുക്കാൻ. കുട്ടികൾ വളരെ വേഗത്തിൽ വളരുമെന്ന കാര്യം പരിഗണിച്ചുവേണം മുറിയിലേക്കുള്ള ഫർണിച്ചർ തിരഞ്ഞെടുക്കാൻ. എളുപ്പത്തിൽ മാറ്റാനും നീക്കാനും സാധിക്കുന്ന ഫർണിച്ചറാണ് നല്ലത്. വളർച്ചയ്ക്കൊപ്പം മാറി മാറി വരുന്ന കുഞ്ഞിഷ്ടങ്ങൾക്കനുസരിച്ചു മുറിയുടെ ലുക് മാറ്റാനും ഇതു സഹായിക്കും.
ഒന്നിലധികം കുട്ടികൾ ഷെയർ ചെയ്യുന്ന മുറിയിലേക്ക് ബങ്ക് ബെഡുകൾ തിരഞ്ഞെടുക്കാറുണ്ട്. എന്നാൽ ഇവിടെ കുറച്ചധികം ജാഗ്രത വേണം. ബെഡിന് നൽകുന്ന റെയിൽ വളരെ മൃദുലവും അഗ്രഭാഗം മൂർച്ചയില്ലാത്തതുമായിരിക്കണം. ബെഡ് ഏരിയയുടെ റെയിലിങ്ങിനും ലാഡറിനും ഗുണമേന്മയുള്ള മെറ്റീരിയൽ മാത്രം ഉപയോഗിക്കുക.
മുകളിലെ ബെഡ് ഉപയോഗിക്കുന്ന കുട്ടി എഴുന്നേറ്റു നിന്നാൽപ്പോലും തലയും കയ്യും ഫാനിൽ തട്ടില്ലെന്ന് ഉറപ്പുവരുത്തണം. ബെഡിൽനിന്നു സുരക്ഷിതമായ അകലത്തിലാകണം ഫാൻ. മുറിയിൽ ആവശ്യത്തിനു സ്ഥലസൗകര്യമുണ്ടെങ്കിൽ താഴത്തെ ബെഡ് ക്വീൻ സൈസിൽ ചെയ്യാവുന്നതാണ്. ആവശ്യമെങ്കിൽ ബങ്ക് ബെഡിന്റെ വശങ്ങൾ സ്റ്റോറേജ് സ്പേസ് ആയും ഉപയോഗിക്കാം.
വീഴാതെ നോക്കാം
കുട്ടികളുള്ള വീടുകളിൽ കാർപെറ്റുകൾ തിരഞ്ഞെടുക്കുമ്പോൾ വളരെ ശ്രദ്ധ വേണം. കോട്ടൺ, ജൂട്ട്, വൂളൻ തുട ങ്ങിയ മെറ്റീരിയലുകൾ കൊണ്ടു നിർമിച്ച കാർപെറ്റുകളാണ് ഉചിതം. ഇളം നിറങ്ങളേക്കാൾ നല്ലതു കടുത്ത നിറങ്ങളാണ്. അഴുക്കോ കറയോ പറ്റിയാൽ പെട്ടെന്നു തിരിച്ചറിയാതിരിക്കാൻ ഇതു സഹായിക്കും.
വാഷിങ് മെഷീനിൽ കഴുകാവുന്നതും എളുപ്പത്തിൽ വൃത്തിയാക്കാൻ കഴിയുന്നതുമായ കാർപെറ്റുകൾക്കു മു ൻഗണന നൽകാം. ഓടിയും ചാടിയുമുള്ള കളികൾക്കിടയിൽ തെന്നി വീഴാതിരിക്കാൻ നോൺ സ്ലിപ് കാർപെറ്റുകളാണു നല്ലത്.
കളിയിൽ അൽപം കാര്യം
ഒട്ടുമിക്ക വീടുകളിലും കുഞ്ഞു മക്കൾക്കായി പ്ലേ ഏരിയ ഒ രുക്കാൻ ശ്രദ്ധിക്കാറുണ്ട്. വലിയ ഉയരത്തിലുള്ള റൈഡുക ൾ പ്ലേ ഏരിയയിൽ ഒഴിവാക്കാം. കുഞ്ഞുകൾക്കു മുറിവു പ റ്റുന്നതോ വേദനിക്കുന്നതോ ആയ യാതൊന്നും പ്ലേ ഏരിയയിൽ ഇല്ലെന്നുറപ്പു വരുത്തണം. ആവശ്യത്തിനു വായു സഞ്ചാരവും വെളിച്ചവും പ്ലേ ഏരിയയിലുണ്ടാകണം.
വളരെ ശ്രദ്ധയോടെ ഒരുക്കേണ്ട മറ്റൊരു ഏരിയയാണ് ബാൽക്കണി. കാണാനും കൂട്ടുകൂടിയിരിക്കാനും ബാൽക്കണി നല്ലതാണെങ്കിലും ഇവിടെയും അപകടസാധ്യതകൾ പതിയിരിക്കുന്നു. ബലമുള്ളതും ഉറപ്പുള്ളതുമായ റെയിലിങ് മാത്രമേ ബാൽക്കണിയിൽ നൽകാവൂ.
ഫ്ലോറിങ്ങിന് നോൺ സ്ലിപ്പറി വസ്തുക്കൾ ഉപയോഗിക്കുക. ഊഞ്ഞാൽ, കസേര മുതലായ ഒരിക്കലും റെയിലിങ്ങിനു സമീപം സ്ഥാപിക്കാതിരിക്കുക. മുള്ളുള്ളതും അരളിപ്പൂവു പോലെ വിഷമയമുള്ളതുമായ ചെടികൾ ബാൽക്കണിയിൽ നിന്ന് ഒഴിവാക്കുകയാണ് ഉചിതം.
പൂൾ ഒരുക്കുമ്പോൾ
എത്ര തന്നെ ഭംഗി തോന്നിക്കുമെങ്കിലും കുട്ടികൾ എ ളുപ്പത്തിലെത്താവുന്ന ഇടങ്ങളിൽ നിന്ന് ആഴമേറിയ പൂളും ഫൗണ്ടനും ഒഴിവാക്കാം. മുതിർന്നവരുടെ മേൽനോട്ടത്തിൽ മാത്രം കുട്ടികൾക്കു കടന്നു ചെല്ലാവുന്ന സ്ഥലത്തു പൂൾ ആകാം.
പൂളിന് ചുറ്റും നാലടിയിൽ കുറയാതെ, ബലമുള്ള വേലിയും ഗേറ്റും ഉണ്ടാകണം. ഗേറ്റ് പൂട്ടിയിരിക്കുകയാണെന്നു രക്ഷിതാക്കൾ ഉറപ്പുവരുത്തുക. അപകട സാധ്യത ഒഴിവാക്കുന്നതിനായി സേഫ്റ്റി അലാം സ്ഥാപിക്കാം. ഉപയോഗിക്കാത്തപ്പോൾ പവർ ഓപ്പറേറ്റഡ് ലിഡ് ഉപയോഗിച്ച് പൂൾ മൂടിയിടാം. മിതമായ ആഴത്തിലുള്ള പൂളും ഫൗണ്ടനുമാണ് സുരക്ഷിതം. പൂളിന് ചുറ്റും തെന്നി വീഴാത്ത തരം ഫ്ലോറിങ് നൽകാം.
ദേ, ഇവിടെ കണ്ണുവേണം
മുകളിലത്തെ നിലയിലാണു ബെഡ് റൂമെങ്കിൽ മുതിർന്നവരുടെ കണ്ണുവെട്ടിച്ചു കുഞ്ഞുങ്ങൾ താഴേക്ക് ഓടാനുള്ള സാധ്യത വളരെ കൂടുതലാണ്. തിരിച്ചും സംഭവിക്കാം. ഇനിയിപ്പോൾ വാതിൽ അടയ്ക്കാൻ മറന്നാൽ മുറ്റത്തേക്കോ റോഡിലേക്കോ ഓടും. വീടിന്റെ ഇന്റീരിയറിന് ഇണങ്ങുന്ന തരത്തിൽ സേഫ്റ്റി ഗേറ്റുകൾ കസ്റ്റമൈസ് ചെയ്താൽ ലുക് കളയാതെ സേഫ്റ്റി നിലനിർത്താം.
സ്‌റ്റെയർ റെയിലിലെ അഴികൾ തമ്മിലുള്ള അകലം 10 സെന്റീമീറ്ററിൽ താഴെ ആയിരിക്കണം. ചെറിയ കുട്ടികൾ ഇടയിൽ കുടുങ്ങിയും ഊർന്നു വീണുമുണ്ടാകുന്ന അപകടങ്ങൾ തടയാൻ ഇതു സഹായിക്കും. വാർഡ്രോബ്, കാബിനറ്റ് തുടങ്ങിയവയില്‍ കൈ കുടുങ്ങി അപകടമുണ്ടാകാതിരിക്കാൻ സേഫ്റ്റി ലാച്ചുകളും മാഗ്‌നറ്റിക് ഡോർ കാച്ചുകളും ഉപയോഗിക്കാം.
വിവരങ്ങൾക്കു കടപ്പാട്: സൽമ ഷാഹുൽ, സ്റ്റുഡിയോ എംഫിസ്, കോഴിക്കോട്