പുറത്തുനിന്ന് കണ്ട വീടല്ലല്ലോ അകത്തേക്കു കയറുമ്പോൾ’’ വീടു പണിക്കു വന്ന ഇലക്ട്രീഷന്റെ അതേ അഭിപ്രായമാണ് വീടു കാണുന്നവർക്കെല്ലാം. മലപ്പുറം പെരിന്തൽമണ്ണയിലെ 2500 ചതുരശ്രയടിയുള്ള വീടിന്റെ വ്യത്യസ്തതയ്ക്കു പിന്നിൽ ആർക്കിടെക്ട് ഉവൈസ് സുബുവാണ്. ട്രോപ്പിക്കൽ ശൈലിയിലുള്ള ആർക്കിടെക്ചറിനോടാണ് ഉവൈസിനു താൽപര്യം. ഉവൈസിന്റെ പ്രോജക്ട് കണ്ട് ഇഷ്ടപ്പെട്ടാണ് വീട്ടുകാരായ അസ്കറും സുമയ്യയും എത്തുന്നത്. ചെറുപ്പക്കാരായ ഈ അധ്യാപക ദമ്പതികൾക്ക് വേറിട്ട വീടു വേണം എന്നതായിരുന്നു ആവശ്യം. ഓപ്പൻ പ്ലാനിൽ, നിറയെ കാറ്റും വെളിച്ചവും കയറിയിറങ്ങുന്ന, പച്ചപ്പിലേക്കു കണ്ണെത്തുന്ന വീട്.

കാലാവസ്ഥയോടിണങ്ങുന്ന വീട് ഒരുക്കാൻ സാധിച്ചതിൽ ഉവൈസ് സന്തുഷ്ടനാണ്. പരമ്പരാഗത മെറ്റീരിയൽ ആണെങ്കിലും ആധുനികമായ സൗകര്യങ്ങളും കാഴ്ചകളും സജ്ജീകരിച്ചു. ഡിസൈനിന്റെ ഭാഗമായി ചെടികൾ വരുന്ന ‘ബയോഫിലിക്’ സമീപനമാണ് ഇവിടെ. ശ്രീലങ്കയിലും ബംഗ്ലദേശിലും പ്രാക്ടീസ് ചെയ്തിട്ടുള്ള ഉവൈസിന് അവിടെ നിന്നു പഠിച്ച ട്രോപ്പിക്കൽ പാഠങ്ങളാണ് തുണയായത്.
വീടിനുള്ളിൽ വെളിച്ചത്തിന് ഒട്ടും പഞ്ഞമില്ല. കൂടാതെ വെള്ള, ഗ്രേ തുടങ്ങിയ നിറങ്ങളും വെളിച്ചത്തെ പ്രതിഫലിപ്പിക്കുന്നു. ആദ്യം ഉണ്ടായിരുന്ന വീട് പുതുക്കാനാണ് വീട്ടുകാർ ഉവൈസിനെ സമീപിക്കുന്നത്. അതു സാധ്യമല്ലാതിരുന്നതിനാലാണ് പുതിയ വീടു വയ്ക്കാൻ തീരുമാനിക്കുന്നത്. പഴയ വീടിനോടു ചേർന്നു നിന്നിരുന്ന മരം കേന്ദ്രീകരിച്ചാണ് ഈ വീടിന്റെ രൂപകൽപന. വീടിനുള്ളിലെ കോർട്‌യാർഡിലാണ് ഇപ്പോൾ ആ മരത്തിനു സ്ഥാനം. തട്ടായുള്ള ഭൂമിയായിരുന്നു. അതനുസരിച്ചാണ് വീടിന്റെ ആകൃതിയും ഉരുത്തിരിഞ്ഞു വന്നത്.

വീടിന്റെ പുറംകാഴ്ചയിൽ നിന്ന് നമുക്കു ലഭിക്കുന്ന മുൻധാരണകളെ തിരുത്തുന്നതാണ് അകത്തേക്കു കയറുമ്പോഴുള്ള കാഴ്ച. സ്ഥിരം കാണാത്ത ആശയങ്ങളും സാമഗ്രികളും ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം വീട്ടുകാർ നൽകിയെന്ന് ഉവൈസ്.
മോൾക്ക് കളിക്കാൻ വീട്ടിനുള്ളിൽ കോർട്‌യാർഡ് വേണമെന്ന് വീട്ടുകാരി ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല, വീടിനുള്ളിൽ കൂടുതൽ സമയം ചെലവിടാൻ ആഗ്രഹിക്കുന്നവരുമാണ് ഇവർ. ബേ വിൻഡോ പോലെയുള്ള ഇടങ്ങൾ അതിനനുസൃതമായി രൂപപ്പെട്ടതാണ്.

വീട്ടുകാരുടെ ആവശ്യങ്ങൾക്കും ജീവിതശൈലിക്കും അനുസരിച്ചാണ് വീട് ഡിസൈൻ ചെയ്തത്. എന്നു മാത്രമല്ല, എക്കാലത്തും ഇഷ്ടം തോന്നുന്ന രൂപകൽപനയാണ് വീടിന്റേത്. വീട്ടുകാരുമായി നല്ല ആശയവിനിമയം സാധ്യമായതിന്റെ വിജയം കൂടിയാണിത്.
പഴയ വീട്ടിൽ നിന്നുള്ള ഓടാണ് മേൽക്കൂരയിൽ. ചെങ്കല്ല് സുലഭമായതിനാൽ ചുമരിന് അതാണുപയോഗിച്ചത്. വീടിനുള്ളിൽ രണ്ട് കോർട്‌യാർഡുകളുണ്ട്. ഫോയറിനോടു ചേർന്നും ഡൈനിങ്ങിനോടു ചേർന്നും.

മിനിമലിസ്റ്റിക് രീതിയിൽ ഒരുക്കിയ ഈ വീട് കാണുന്നവർ ഒന്നു കൂടി നോക്കുമെന്നതിൽ തർക്കമില്ല.
PROJECT FACTS
Area: 2500 sqft
Owner: പി. കെ. അസ്കർ & സുമയ്യ
Location: പെരിന്തൽമണ്ണ
Design: ട്രോപ്പിക്കൽ ആർക്കിടെക്ചർ ബ്യൂറോ, മഞ്ചേരി architectuvais@gmail.com