ടീനേജിന്റെ അൺലിമിറ്റഡ് എനർജിക്കു സ്റ്റൈലും കംഫർട്ടും ഒത്തിണങ്ങിയ കോളർ ഫ്രോക് DIY Frock Tutorial: Step-by-Step Guide

Mail This Article
കോളജിലേക്കു കടന്നാലും ടീനേജ് പെൺകുട്ടികൾക്കു ഫ്രോക് മോഹം അവസാനിക്കില്ല. ഏതു പ്രായക്കാർക്കും സ്റ്റൈലിൽ അണിയാവുന്ന ഡ്രസ്സാണു ഫ്രോക്. പാറ്റേണിലും സ്ലീവിലും ഏതു തരം പരീക്ഷണവും നടത്താമെന്നതാണു ഫ്രോക്കിനെ എവർഗ്രീനാക്കുന്നത്.
യൂത്തിന്റെ അൺലിമിറ്റഡ് എനർജിക്കു ചേരും വിധത്തിൽ തയ്ച്ചെടുക്കാവുന്ന കോൺട്രാസ്റ്റ് കോളറുള്ള ഫ്രോക്കാണ് ഇക്കുറി. ക്ലോസ്ഡ് നെക്കും പീറ്റർപാൻ കോളറുമാണ് ഇതിന്റെ ഹൈലൈറ്റ്. ബോട്ടം പാർട്ടിലെ ഗാതേഴ്സും ടോപ് പാർട്ടിലെ യോക്കും തമ്മിൽ ചേരുന്നിടത്തെ ബെൽറ്റും കോളറിലെ ലെയ്സുമാണു ഫ്രോക്കിനു മോഡേൺ ലുക് നൽകുന്നത്.
ഫ്രോക്കിനായി ഇനി പറയുന്ന അളവുകളാണു വേണ്ടത്. ഷോൾഡർ, കഴുത്തിറക്കം (മുൻ, പിൻ), കഴുത്തകലം, നെഞ്ചളവ് (ചെസ്റ്റ് റൗണ്ട്), കൈക്കുഴി, ഇടുപ്പളവ് (വെയ്സ്റ്റ് റൗണ്ട്), ടേപ് ഇറക്കം, സ്കർട് ഇറക്കം.
അളവുകൾ മാർക് ചെയ്യാം
മുൻഭാഗത്ത് ഓപ്പണിങ് നൽകേണ്ടതിനാൽ ടോപ്പിന്റെ മുൻഭാഗത്തു നടുവിലായി ഒരിഞ്ച് എക്സ്ട്രാ നൽകിയ ശേഷം വേണം അളവുകൾ മാർക് ചെയ്യാൻ. മുൻകഴുത്ത്, കഴുത്തകലം, കൈക്കുഴി, ചെസ്റ്റ് അളവ്, വെയ്സ്റ്റ് അളവ്, ടോപ് ഇറക്കം എന്നിവ മാർക് ചെയ്തു തയ്യൽതുമ്പു കൂടി നൽകി മുറിക്കാം.

ടോപ്പിന്റെ പിൻഭാഗത്തിനു വേണ്ടി പിൻകഴുത്തിറക്കം, കഴുത്തകലം, കൈക്കുഴി, ചെസ്റ്റ് അളവ്, വെയ്സ്റ്റ് അളവ്, ടോപ് ഇറക്കം എന്നിവ മാർക് ചെയ്തു തയ്യൽ തുമ്പു കൂടി നൽകി മുറിക്കാം.
ബോട്ടം പാർട്ടിനായി എത്രമാത്രം ഗാതേഴ്സ് വേണമെന്നത് അനുസരിച്ചു വീതി കണക്കാക്കിയ ശേഷം മാർക് ചെയ്ത് ഇറക്കം അടയാളപ്പെടുത്തി തയ്യൽതുമ്പു കൂടി നൽകി മുറിക്കാം. സ്ലീവിനുള്ള തുണി രണ്ടായി മടക്കിയിട്ടു പാറ്റേൺ പ്രകാരം അളവുകൾ മാർക് ചെയ്തു മുറിക്കണം. (പഫ്നു വേണ്ടി എക്സ്ട്രാ അളവുകൾ നൽകിയിരിക്കുന്നതു ശ്രദ്ധിക്കുക). വെയ്സ്റ്റിലെ ബെൽറ്റിനു വേണ്ടിയും സ്ലീവിന്റെ അടിവശത്തിനു വേണ്ടിയും നീളൻ തുണി മുറിച്ചെടുക്കുക.
ഈസിയായി തയ്ക്കാം
ടോപ്പിന്റെ മുൻവശത്തെ ഓപ്പണിങ് കവർ ചെയ്തു തയ്ച്ച ശേഷം ഷോൾഡറുകൾ അറ്റാച്ച് ചെയ്യാം. ഇനി കഴുത്തിന്റെ ഫുൾ അളവു കണക്കാക്കി കോളർ മുറിച്ചെടുത്ത് അറ്റാച്ച് ചെയ്യണം. സ്ലീവുകൾ പിടിപ്പിച്ച്, അടിവശത്തു ബെൽറ്റ് അറ്റാച്ച് ചെയ്തു വയ്ക്കണം.
ബോട്ടം പാർട്ടിലെ ഗാതേഴ്സിനു വേണ്ടി അടുങ്ങിയടുങ്ങി വരുന്ന വിധത്തിൽ വളരെ ശ്രദ്ധിച്ചു ചെറിയ ഞൊറിവുകളെടുക്കണം (തയ്ച്ചു കഴിയുമ്പോഴുള്ള വീതി ടോപ് പാർട്ടിന്റെ വെയ്റ്റ് അളവുമായി ചേർന്നു വരണം.) ടോപ്പിന്റെ ഓപ്പണിങ്ങിൽ ഹുക്ക് പിടിപ്പിക്കാം.
ടോപ്പും ബോട്ടവും അറ്റാച് ചെയ്യുമ്പോൾ മുൻപാളിയിൽ ബെൽറ്റിന്റെ അടിവശത്തേക്കാണു ബോട്ടം പാർട് ചേർത്തു തയ്ക്കേണ്ടത്. വശങ്ങൾ ചേർത്തു തയ്ച്ച്, അടിവശം മടക്കിയടിച്ചാൽ ഫ്രോക് റെഡി.