ADVERTISEMENT

എട്ടാം ക്ലാസിൽ പഠിക്കുന്ന കാലത്താണ് മാളവികയുടെ മനസ്സിൽ ആ മോഹം കയറിക്കൂടിയത് – പത്താം ക്ലാസ് കഴിഞ്ഞ് ഹ്യുമാനിറ്റീസും സംസ്കൃതവും പഠിക്കണം. ഒരു പതിമൂന്നു വയസ്സുകാരി കൃത്യതയോടെ തന്റെ തീരുമാനം പറഞ്ഞപ്പോൾ അച്ഛൻ ബിന്നിയും അമ്മ ഗീതയും പിന്തുണച്ചു. ‘എന്തു പഠിച്ചാലും നന്നായി പഠിക്കണം, അതിൽ ബെസ്റ്റാകണം’ എന്നതായിരുന്നു അമ്മയുടെ നിലപാട്.

അങ്ങനെ, കോട്ടയത്തെ കേന്ദ്രീയ വിദ്യാലയിലെ സ്കൂൾ പഠനം കഴിഞ്ഞ ഉടൻ, പ്ലസ് വൺ – പ്ലസ് ടൂ പഠനത്തിനായി എറണാകുളത്തേക്കു മാറി. എറണാകുളം നേവൽ ബേസ് കേന്ദ്രീയവിദ്യാലയ സ്കൂളിൽ മാത്രമേ ഈ രണ്ടു വിഷയങ്ങളു ചേർന്നു വരുന്ന കോഴ്സ് ഉള്ളൂവെന്നതായിരുന്നു കാരണം. യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസിൽ ഉദ്യോഗസ്ഥയായ ഗീതയും മകളുടെ പഠനാർത്ഥം എറണാകുളത്തേക്കു സ്ഥലം മാറ്റം വാങ്ങി. അങ്ങനെ കോട്ടയം വിട്ട് കുടുംബം കൊച്ചിയിലെത്തി.

ADVERTISEMENT

പ്ലസ് ടൂ കഴിഞ്ഞപ്പോൾ, ബിരുദത്തിനു ചരിത്രം തിരഞ്ഞെടുക്കാനാണ് മാളവിക തീരുമാനിച്ചത്. പക്ഷേ, അപ്പോൾ അച്ഛൻ എതിർത്തു. ജേണലിസ്റ്റായ ബിന്നി വിശ്വംഭരന്റെ ആഗ്രഹം മകളും തന്നെപ്പോലെ പത്രപ്രവർത്തനത്തിന്റെ വഴിയിലേക്കെത്തണമെന്നായിരുന്നു. നന്നായി വായിക്കുന്ന, എഴുതുന്ന മാളവികയ്ക്ക് അതിൽ തിളങ്ങാനാകും എന്നതിൽ അദ്ദേഹത്തിനു സംശയമുണ്ടായില്ല. മാത്രമല്ല, ബിന്നിയുടെ അച്ഛൻ വിശ്വംഭരനും പത്രപ്രവർത്തകനായിരുന്നു. പക്ഷേ, അതായിരുന്നില്ല ബിന്നിയുടെ ലക്ഷ്യം. തുടക്കത്തിൽ ചെറിയ എതിർപ്പൊക്കെയുണ്ടായെങ്കിലും ഒടുവിൽ മകളുടെ ആഗ്രഹത്തിനൊപ്പം നിൽക്കാനാണ് ബിന്നി തീരുമാനിച്ചത്. ഗീതയാകട്ടേ, പഠനത്തിൽ മകളുടെ എല്ലാ ആഗ്രഹങ്ങളെയും പൂർണമനസ്സോടെ പിന്തുണച്ചു. സാഹചര്യങ്ങൾ എതിരായതിനാൽ ആഗ്രഹിച്ചതു പോലെ പഠനം മുന്നോട്ടു കൊണ്ടു പോകാനാകാത്തതിന്റെ വിഷമം ഉള്ളിലുണ്ടായിരുന്ന ഗീത മകളിലൂടെ തന്റെ വിഷമങ്ങൾ മറക്കുകയായിരുന്നു. എന്തായാലും അവർക്കു തെറ്റിയില്ല, പഠനത്തിൽ മിടുക്കിയായി മുന്നേറി, അക്കാഡമിക് തലത്തിൽ ശ്രദ്ധേയയും കോളജ് അധ്യാപികയുമായി വളർന്ന മാളവികയെത്തേടി ഒരു ചരിത്ര മുഹൂർത്തം കൂടി എത്തിയിരിക്കുന്നു.

ഹംബോൾട്ട് സർവകലാശാലയുടെ ഒരു കോടി രൂപയുടെ ‘ഇൻഹെറിറ്റഡ് ഫെലോ’ ബഹുമതി നേടുന്ന ആദ്യ മലയാളിയെന്ന നേട്ടത്തിലേക്കാണ് കണ്ണൂർ സർവകലാശാല ചരിത്രവിഭാഗത്തിലെ അസിസ്റ്റന്‍റ് പ്രൊഫസർ കൂടിയായ ഡോ. മാളവിക ബിന്നി എത്തിച്ചേർന്നിരിക്കുന്നത്. ജർമനിയിലെ ബെർലിനിലുള്ള ഹംബോൾട്ട് സർവകലാശാലയിലെ കേറ്റ് ഹാംബർഗർ സെന്റർ ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ് 2026–2027 അക്കാദമിക് വർഷത്തിലെ ‘ഇൻഹെറിറ്റഡ് ഫെലോ’ ആയാണ് മാളവികയെ തെരഞ്ഞെടുത്തിരിക്കുന്നത്. ആഗോളതലത്തിൽ പത്തിൽ താഴെ ആളുകൾക്ക് മാത്രമാണ് ഈ ഫെലോഷിപ്പിനുള്ള അവസരം ലഭിച്ചിരിക്കുന്നത്.

ADVERTISEMENT

ജാതിയും ബൗദ്ധികതയും പൈതൃകവും തമ്മിലുള്ള ബന്ധത്തെ വിശകലനം ചെയ്യുന്ന Castifacts (Caste Artefacts) എന്ന ശീർഷകത്തിലുള്ള ശ്രദ്ധേയമായ പഠനമാണ് ഒരു കോടി രൂപയുടെ ഈ ആഗോള ബഹുമതിക്ക് മാളവികയെ അർഹയാക്കിയത്.

‘‘ഈ വലിയ സന്തോഷം പങ്കുവയ്ക്കാൻ അച്ഛൻ എനിക്കൊപ്പമില്ല എന്നതാണ് വലിയ സങ്കടം. നാല് വർഷം മുമ്പ് അദ്ദേഹം ഞങ്ങളെ വിട്ടു പോയി. അച്ഛന്റെ ആഗ്രഹം പോലെയായിരുന്നില്ല പഠനത്തിലെ എന്റെ തിരഞ്ഞെടുപ്പെങ്കിലും ജെ.എൻ.യുവിൽ ഉപരിപഠനത്തിനായി പോയ ഘട്ടമായപ്പോഴേക്കും അദ്ദേഹം എന്റെ അക്കാഡമിക് ജീവിതത്തിൽ വലിയ തൃപ്തനും സന്തോഷവാനുമായിരുന്നു. ഇപ്പോഴുണ്ടായിരുന്നെങ്കിൽ ഏറ്റവുമധികം സന്തോഷിക്കുന്നതിലൊരാളും അച്ഛനാകുമായിരുന്നു. എന്റെ തീരുമാനം തെറ്റിയില്ലെന്നു അച്ഛന്റെ മുന്നിൽ പ്രൂവ് ചെയ്യാനുള്ള ഒരവസരം കൂടിയായിരുന്നല്ലോ.

ADVERTISEMENT

അച്ഛനും അമ്മയും ജോലിയുടെ തിരക്കിലായതിനാൽ, എന്റെ അമ്മയുടെ അമ്മ ജോയി റോസമ്മയാണ് ഞങ്ങളുടെ കൂടെ നിന്ന് എന്നെയും അനിയത്തിയെയും വളർത്തിയത്. എന്റെ ജീവിതത്തിൽ കുറേ നല്ല കാര്യങ്ങൾ നടന്നപ്പോഴേക്കും അമ്മമ്മയുടെ ഓർമ പോയിരുന്നു എന്നതാണ് മറ്റൊരു വലിയ സങ്കടം ’’.– മാളവിക ‘വനിത ഓൺലൈനോട്’ പറയുന്നു.

malavika-binny-2

മാളവികയുടെ സഹോദരി ഉത്തര ഗീത ഇപ്പോൾ ജെൻഡർ സ്റ്റഡീസിൽ പി എച്ച് ഡി ചെയ്യുന്നു.

‘‘കേരളത്തിൽ ആദ്യമായാണ് ഒരാൾക്ക് ഈ ഫെലോഷിപ്പ് ലഭിക്കുന്നത്. ജെ.എൻ.യുവിൽ എന്റെ ഒപ്പം പഠിച്ച ഒരു ബംഗാളി സുഹൃത്തിന് കഴിഞ്ഞ വർഷം കിട്ടിയപ്പോഴാണ് ഞാൻ ഈ ഫെലോഷിപ്പിനെക്കുറിച്ച് അറിയുന്നത്. എന്റെ തീമും അവളുടെ തീമും ഏകദേശം സാമ്യമുള്ളതാണ്. അവൾ ഡീറ്റെയ്ൽസ് തന്നപ്പോൾ, ഞാൻ കുറച്ചു ഫീൽഡ് വർക്ക് ചെയ്ത് പ്രൊപ്പോസൽ ഉണ്ടാക്കി അയച്ചു. നാല് മാസം ഇവിടെയും ബാക്കി ജർമനിയിൽ ചെന്നുമാണ് ഫെലോഷിപ്പിന്റെ ജോലികൾ തീർക്കേണ്ടത്. 14 മാസമാണ് സമയം തരുക.

എന്റെ ജീവിതാഭിലാഷം ഒരു ദളിത് വിമെൻ ആർക്കൈവ്സ് തയാറാക്കുകയെന്നതാണ്. 70 വയസ്സ് കഴിഞ്ഞ ദളിത് സ്ത്രീകളുടെ ജീവിതാനുഭവങ്ങൾ രേഖപ്പെടുത്തുകയാണ് ലക്ഷ്യം. കേരളത്തിൽ അത്തരമൊന്നില്ല. ദളിത് വിഭാഗത്തിൽ നിന്നുള്ള സ്ത്രീജീവിതം കാര്യമായി എഴുതപ്പെട്ടിട്ടില്ല. ഉണ്ടെങ്കിൽ തന്നെ ബയോഗ്രഫീസോ, ഓട്ടോബയോഗ്രഫീസോ അല്ല. മറ്റു ഭാഷകളിലൊക്കെയുണ്ടു താനും.

അതിനായുള്ള പരിശ്രമങ്ങൾ തുടരുകയാണ്. ഇതിനോടകം 45 സ്ത്രീകളോടു സംസാരിച്ചു. ഇനി എഴുതിത്തുടങ്ങണം. പ്രൊജക്ട് ഇംഗ്ലീഷിലാണ് സമർപ്പിക്കുന്നതെങ്കിലും പിന്നാലെ മലയാളത്തിലും അതു പുസ്തകമായി പ്രസിദ്ധീകരിക്കും. കുറഞ്ഞത് 100 പേരുടെ ജീവിതം രേഖപ്പെടുത്തുകയെന്നതാണ് ലക്ഷ്യം’’. – മാളവിക പറയുന്നു.

Goddesses of South Asia: Traditions and Transformations (Bloomsbury Academic) എന്ന ഗ്രന്ഥത്തിന്റെ സഹഎഡിറ്ററായ മാളവികയുടെ പുതിയ ഗ്രന്ഥം Polyphonic Ayurveda (Primus Publishers) പ്രസിദ്ധീകരണത്തിന് ഒരുങ്ങുകയാണ്. JNU വിൽ പി എച്ച് ഡി പഠനം പൂർത്തിയാക്കിയ മാളവികയ്ക്ക് Erasmus Mundus Fellowship, കേരള ഹിസ്റ്ററി കോൺഗ്രസ് നൽകുന്ന ഇളംകുളം കുഞ്ഞൻപിള്ള Young Historian അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട് .

2024-ൽ യു.എസ്. കോൺസുലേറ്റ് സംഘടിപ്പിച്ച International Visitor Leadership Program (IVLP) ഇൽ തിരഞ്ഞെടുക്കപ്പെട്ടിരുന്ന ഡോ മാളവിക ബിന്നി 2024 ഇൽ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളുടെ പ്രാഥമിക ജൂറിയിലും കേരള സാഹിത്യ അക്കാഡമിയുടെ നോൺ ഫിക്ഷൻ വിഭാഗത്തിലെ ജൂറിയിലും അംഗമായിരുന്നു .

ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസിന്റെ (2023–2025) എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ അംഗം കൂടിയായ ഡോ മാളവിക ബിന്നി കേരള ഹിസ്റ്ററി കോൺഗ്രസിന്റെ എക്സിക്യൂട്ടീവ് അംഗവും ദിശയുടെ ഉപദേശക സമിതി അംഗവുമാണ് . ഇരുപതിലധികം രാജ്യങ്ങളിൽ ഇതിനോടകം അക്കാഡമിക് പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

മാന്നാനം കെ.ഇ. കോളജില്‍ ചരിത്രവിഭാഗം അധ്യാപകനായ ടിന്റു ജോസഫ് ആണ് മാളവികയുടെ ജീവിതപങ്കാളി. ജെ.എൻ.യുവിൽ സഹപാഠികളായിരുന്ന കാലത്താണ് ഇവർ പ്രണയത്തിലായതും പിന്നീടു വിവാഹിതരായതും.

ADVERTISEMENT