ഒമ്പതാം ക്ലാസിൽ ദേശീയ ഹർഡിൽസിൽ പങ്കെടുത്ത അതേ ഊർജ്ജം 56 വയസ്സിലും! സിസ്റ്റർ സബീനയ്ക്ക് സ്വർണ്ണത്തിളക്കം Sister Sabeena, Age 56, Wins Gold at Kerala Masters’ Meet

Mail This Article
ഒൻപതാം ക്ലാസിൽ ദേശീയ ഹർഡിൽസിൽ പങ്കെടുത്തതിന്റെ ആ ഊർജ്ജം ഈ 56ാം വയസിലും വിട്ടുമാറിയില്ലെന്നു തെളിയിക്കുന്നതായിരുന്നു സിസ്റ്റർ സബീനയുടെ ഓട്ടവും ചാട്ടവും. വയനാട് മരവയൽ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന മാസ്റ്റേഴ്സ് മീറ്റില്‍ 55 വയസിനു മുകളിൽ പ്രായമുള്ളവരുടെ ഹർഡിൽസ് മത്സരത്തിലാണ് കാണികളെ ഞെട്ടിച്ച് തിരുവസ്ത്രവുമിട്ടൊരു സിസ്റ്റർ എത്തിയത്. സംശയത്തോടെ നോക്കിയിരുന്ന കണ്ണുകളൊക്കെ മത്സരം തുടങ്ങിയതോടെ വിടർന്ന് ആവേശക്കൊടുമുടിയിലെത്തി. തിരുവസ്ത്രമിട്ട് ട്രാക്കിൽ കാറ്റിനൊപ്പം പാഞ്ഞ് സിസ്റ്റർ സബീന സ്വർണ നേട്ടവും സ്വന്തമാക്കിയാണ് മടങ്ങിയത്.

‘‘മാനന്തവാടി ദ്വാരക എയുപി സ്കൂളിലെ കായികാധ്യാപികയായിട്ടാണ് ഞാൻ ജോലി ചെയ്യുന്നത്.’’ സിസ്റ്റർ പറഞ്ഞു തുടങ്ങി. ‘‘ചെറുപ്പം തൊട്ടേ കായിക ഇനങ്ങളോടൊക്കെ നല്ല താൽപര്യമുണ്ടായിരുന്നു. ഒൻപതിൽ പഠിക്കുമ്പോ ദേശീയ ഹർഡിൽസ് മത്സരത്തിൽ പങ്കെടുത്തിട്ടുണ്ട്. പിന്നെ കോളേജിൽ പഠിക്കുമ്പോ ഇന്റർവേഴ്സിറ്റി മത്സരങ്ങളിലും ഭാഗമായി. അതിനുശേഷം പല സ്കൂളികളിലായി കുട്ടികളുടെ കായികാധ്യാപികയായതോടെ മത്സരങ്ങളിൽ പങ്കെടുക്കുന്നത് നിർത്തി.
ഈ വരുന്ന മാർച്ചിൽ അധ്യാപനത്തിൽ നിന്ന് വിരമിക്കും. അതിനു മുൻപായിട്ടൊന്ന് മത്സരത്തിനിറങ്ങി നോക്കാമെന്നൊരാഗ്രഹം തോന്നിയാണ് മത്സരിച്ചത്. എനിക്ക് എന്നെത്തന്നെ ബോധ്യപ്പെടുത്താനുള്ളൊരു അവസരമായിട്ടാണ് ഇതിനെ കണ്ടത്, പിന്നെ ഒരു രസം.’’ സിസ്റ്റർ ചിരിക്കുന്നു.
കാസർഡോട് വെള്ളരിക്കുണ്ട് സ്വദേശിയായ സിറ്റർ സബീന തിരുവസ്ത്രം സ്വീകരിച്ചിട്ട് 32 വർഷമായി. കണ്ണൂർ സ്പോട്ട് ഡിവിഷനിലും പാലക്കാട് മെഴ്സി കോളജിലുമായിട്ടായിരുന്നു പഠനം. ആരാധന സന്യാസ സഭാംഗമായ സിസ്റ്റര്‍ ദ്വാരക പ്രോവിൻഷ്യൽ ഹൗസിലാണ് താമസം.