Tuesday 30 April 2019 12:03 PM IST : By സ്വന്തം ലേഖകൻ

പൊങ്ങച്ചം കാണിക്കാനല്ല പാർക്കാനാണ് വീട്; വീട് വലുതായാലും ചെറുതായാലും ചെലവ് കുറയ്ക്കാൻ ഈ മാർഗങ്ങൾ

cc

വീടിന്റെ വലുപ്പം കുറയ്ക്കുക എന്നതാണ് ചെലവ് കുറയ്ക്കാനുള്ള എളുപ്പമാർഗം. എത്ര കിടപ്പുമുറി വേണം എന്നത് നിർണായകമാണ്. പൊങ്ങച്ചം കാണിക്കലല്ല, ആവശ്യമാണ് ഇക്കാര്യത്തിൽ വഴികാട്ടേണ്ടത്. എന്നോ വരുമെന്നു പ്രതീക്ഷിക്കുന്ന അതിഥിക്കുവേണ്ടി കിടപ്പുമുറികൾ പണിതിടുന്നത് പാഴ്‌വേലയാണെന്ന് തിരിച്ചറിയണം. കിടപ്പുമുറികളുടെ വലുപ്പം നിയന്ത്രിക്കുകയാണ് പിന്തുടരേണ്ട മറ്റൊരു കാര്യം. ‘ബെഡ് റൂം’ എന്നാൽ ‘ഡെഡ് റൂം’ ആണെന്നോർക്കണം. മിക്കവരും രാത്രി 10 മുതൽ രാവിലെ ആറ് വരെയുള്ള സമയമാണ് ഇവിടെ ചെലവഴിക്കുന്നത്. അതും ഉറങ്ങാൻ വേണ്ടി മാത്രം. 10 X 11 അടി വലുപ്പം തന്നെ കിടപ്പുമുറിക്ക് ധാരാളം. വാഡ്രോബ് പിടിപ്പിക്കാൻ ഉദ്ദേശിക്കുന്നു എങ്കിൽ 12 X 13 അടി മതിയാകും. മുറി അടച്ചിട്ടേ മലയാളികൾ വസ്ത്രം മാറൂ എന്നതിനാൽ ‘ഡ്രസിങ് ഏരിയ’ എന്ന ആർഭാടം ഒഴിവാക്കാം. വലുപ്പക്കൂടുതലിലല്ല, ആവശ്യത്തിന് കാറ്റും വെളിച്ചവും കടക്കുകയും സ്വകാര്യത ലഭിക്കുകയും ചെയ്യുന്ന രീതിയിൽ കിടപ്പുമുറി ക്രമീകരിക്കുന്നതിലാണ് മിടുക്കു കാട്ടേണ്ടത്.

കിടപ്പുമുറികളുടെ എണ്ണത്തിനൊപ്പം ബാത്റൂമുകളുടെ എണ്ണവും നിയന്ത്രിച്ചാൽ ചെലവ് പിടിച്ചുകെട്ടാനാകും എന്ന കാര്യത്തിൽ സംശയം വേണ്ട. 6 X 6 അടി വലുപ്പത്തിൽ നല്ല ബാത്റൂം നിർമിക്കാനാകും. ഈ അളവാണ് ഇന്റർനാഷനൽ സ്റ്റാൻഡേർഡ്. ബാത്റൂമിൽ തെന്നിവീണ് നടുവൊടിയുന്നത് ഒഴിവാക്കാനും ഇതു സഹായിക്കും. എങ്ങാനും തെന്നിയാലും ഭിത്തിയിൽ പിടിത്തം കിട്ടും. മലർന്നടിച്ച് വീഴില്ല!

അടുക്കളയുടെ വലുപ്പവും ആഹാരത്തിന്റെ രുചിയും തമ്മിൽ ഒരു ബന്ധവുമില്ല. മിതമായ വലുപ്പത്തിലുള്ള അടുക്കളയാണെങ്കിൽ ജോലി ചെയ്യാൻ എളുപ്പമായിരിക്കും. അല്ലെങ്കിൽ അങ്ങോട്ടും ഇങ്ങോട്ടും ഓടി മടുക്കും. 60 ചതുരശ്രയടിയിൽ അത്യാവശ്യ സൗകര്യങ്ങളെല്ലാമുള്ള അടുക്കള ഒരുക്കാം. സിങ്കിന് 3 X 2 അടി, അടുപ്പിന് 2 X 2 അടി, റഫ്രിജറേറ്ററിന് 3 X 3 അടി എന്ന കണക്കിലേ സ്ഥലം ആവശ്യമുള്ളൂ. മിക്സിയും അവ്നുമൊക്കെ കൗണ്ടർടോപ്പിൽ ഇടം കണ്ടെത്താം. വീട്ടിലേക്കാവശ്യമായ മുഴുവൻ പാത്രങ്ങളും സൂക്ഷിക്കാനുള്ള ഷെൽഫ് ചുമരിൽ പിടിപ്പിക്കാവുന്നതേയുള്ളൂ. ഇതിനു പകരം ഓപൻ കിച്ചൻ, വർക്കിങ് കിച്ചൻ, വർക് ഏരിയ, സ്റ്റോർ എന്നിങ്ങനെ ചെറിയ ഫുട്ബോൾ മൈതാനത്തിന്റെ അത്രയും സ്ഥലത്ത് അടുക്കള പണിതാൽ ചെലവ് പിടിച്ചാൽ കിട്ടില്ല.

ഷോ കിച്ചൻ എന്ന രീതിയിലാണ് പലരും ഓപൻ കിച്ചൻ നിർമിക്കുന്നത്. അത്യാവശ്യത്തിന് ഒരു ചായ പോലും തിളപ്പിക്കാതെ ഇവിടം സൂക്ഷിക്കും. നാട്ടുകാരുടെ മുന്നിൽ പ്രദർശിപ്പിക്കുക എന്നതാണ് ലക്ഷ്യം. മിക്കയിടത്തും വർക്കിങ് കിച്ചനിലെ പുകയില്ലാത്ത അടുപ്പിൽ പാലുകാച്ചലിനു ശേഷം ഒരിക്കൽപോലും തീ പുകഞ്ഞിട്ടുണ്ടാകില്ല. 22 കണ്ടെയ്നറുകളിൽ തീരാവുന്ന പ്രശ്നമാണ് ഒരു മുറിയുടെ വലുപ്പമുള്ള ‘സ്റ്റോർ റൂം’ ആയി മാറുന്നത്. മലയാളി സ്ഥിരമായി ഉപയോഗിക്കുന്ന പലവ്യ‍ഞ്ജനങ്ങളുടെ എണ്ണമാണ് 22. ഇതിനു വരുന്ന ചെലവാകട്ടെ പരമാവധി രണ്ടായിരം രൂപയും. അരി സൂക്ഷിക്കാനുള്ള വലിയ പാത്രങ്ങളും ഇത്രയും കണ്ടെയ്നറുകളുമുണ്ടെങ്കിൽ സ്റ്റോറേജ് ഒരു പ്രശ്നമേയല്ല. മുക്കിനുമുക്കിന് സൂപ്പർ മാർക്കറ്റ് ഉള്ളപ്പോൾ ആരും ചാക്കു കണക്കിന് സാധനങ്ങൾ വീട്ടിൽ സൂക്ഷിക്കുന്നില്ല എന്നോർക്കണം. കൂട്ടുകുടുംബവും കൃഷിയും ഒന്നുമില്ലാത്തതിനാൽ പണ്ടത്തെപ്പോലെ കൃഷിവിഭവങ്ങളും പച്ചക്കറിയുമൊന്നും വീട്ടിൽ സൂക്ഷിക്കേണ്ടി വരുന്നുമില്ല. വാഷിങ് മെഷീൻ വയ്ക്കാനാവശ്യമായ 3 X 3 അടി സ്ഥലം കൂടി അടുക്കളയിൽ ഉൾപെടുത്താനായാൽ ‘വർക് ഏരിയ’ എന്ന ‘അനാവശ്യ ഏരിയ’ ഒഴിവാക്കാനാകും.

സ്റ്റഡി റൂമിൽ ഇരുന്നു പഠിച്ചാലേ മിടുക്കരാകൂ എന്നില്ല. മാത്രമല്ല, സ്റ്റഡി റൂമിൽ പഠിച്ച് മഹാന്മാരായവരെപ്പറ്റി ആരും അധികം കേട്ടിട്ടുമില്ല. വീടുപണിയുമ്പോൾ സ്റ്റഡി റൂം ഒഴിവാക്കാൻ അധികം ആലോചിക്കേണ്ടതില്ല. ഇരുനില വീടാണെങ്കിൽ സ്റ്റെയർകെയ്സ് ലാൻഡിങ്ങിലോ കിടപ്പുമുറിയിലോ അധികം ബഹളം ഇല്ലാത്ത പൊതുഇടങ്ങളിലോ ഒക്കെ ‘സ്റ്റഡി സ്പേസ്’ ക്രമീകരിക്കാം. സ്റ്റോറേജ് സൗകര്യമുള്ള ഫർണിച്ചർ ആണ് ഇവിടേക്ക് അനുയോജ്യം. പുസ്തകങ്ങളും മറ്റും സൂക്ഷിക്കാൻ ചുമരിൽ ഷെൽഫും നൽകാം.

ബാൽക്കണിയിലിരുന്ന് കാഴ്ച കാണുന്ന മലയാളിയെ ആരെങ്കിലും കണ്ടിട്ടുണ്ടോ? രണ്ടാംനിലയിലെ വാടകക്കാരല്ലാതെ ആരും ബാൽക്കണിയിലേക്ക് ഇറങ്ങാറില്ല എന്നതാണ് വാസ്തവം. ‘ബാൽക്കണി’ ‘കെണി’യായി മാറുന്ന കാഴ്ചയാണ് നമ്മുടെ നാട്ടിൽ കൂടുതലും. വീടുപണിത് ആദ്യത്തെ ഒരാഴ്ചയായിരിക്കും ബാൽക്കണി ഉപയോഗിക്കുക. പിന്നീട് ഇവിടം പക്ഷികൾക്ക് കാഷ്ഠിക്കാനുള്ള ഇടമായി മാറും. കിലോ കണക്കിന് പൊടി അടിഞ്ഞുകൂടുകയും ചെയ്യും. പുറത്തെ കാഴ്ചകൾ കാണാൻ ഉചിതമായ സ്ഥാനത്ത് ജനാലകൾ നൽകാം. അതിനോടു ചേർന്ന് കസേരയും ചെറിയ ടീപോയ്‌യുമിട്ട് ‘സിറ്റിങ് ഏരിയ’ ക്രമീകരിക്കുക കൂടി ചെയ്താൽ പണവും സ്ഥലവും പാഴാകില്ല.

നമ്മുടെ വീടുകളിൽ സ്ഥിരം കാണുന്ന വില്ലനാണ് സൺഷെയ്ഡ്. ജനലിനും വാതിലിനുമൊക്കെ മഴയിൽ നിന്ന് സംരക്ഷണം നൽകാൻ എന്ന പേരിൽ ലിന്റൽ ലെവലിൽ നിന്ന് രണ്ടടി പുറത്തേക്ക് മൂന്നിഞ്ച് കനത്തിൽ പിടിപ്പിക്കുന്ന സ്ലാബുകളാണ് ഇവ. സത്യത്തിൽ മഴവെള്ളം ഒലിച്ചുപോകാതെ കെട്ടിക്കിടക്കുന്ന വാട്ടർ ടാങ്കുകളാണ് സൺഷെയ്ഡുകൾ. പായൽ പിടിച്ച് ചുമര് മുഴുവൻ വൃത്തികേടാകാനേ ഇവ വഴിയൊരുക്കൂ. ഈ വില്ലന്മാർക്കു പകരം ‘റെയിൻ ഷെയ്ഡ്’ ആണ് നമ്മുടെ നാട്ടിലെ കാലാവസ്ഥയ്ക്ക് അനുയോജ്യം. ചുമരിൽ ഒരു മീറ്റർ നീളമുള്ള കഴുക്കോലുകളും പട്ടികകളും പിടിപ്പിച്ച് അതിനു മുകളിൽ ഓടിട്ട് നിഷ്പ്രയാസം ഇവ നിർമിക്കാം. ചെലവ് കുറവാണെന്നു മാത്രമല്ല, വൃത്തിയാക്കാൻ എളുപ്പവുമാണ്.

ഷോ വോൾ, അതിന്റെ പിന്മുറക്കാരനായ ക്ലാഡിങ് വോൾ എന്നിവയൊക്കെ ഒഴിവാക്കുകയാണെങ്കിൽ ചെലവ് കുറയും എന്നുമാത്രമല്ല, വീട് വൃത്തിയായി സൂക്ഷിക്കാൻ എളുപ്പവുമായിരിക്കും. ക്ലാഡിങ് ടൈലുകൾക്കിടയിൽ പൊടി അടിയാൻ വളരെ സമയമൊന്നും വേണ്ട. പരുപരുത്ത പ്രതലമായതിനാൽ ഇത് വൃത്തിയാക്കാനും ബുദ്ധിമുട്ടായിരിക്കും.

വളരെ ലളിതമായ ഡിസൈനിലുള്ള സ്റ്റെയർകെയ്സ് ആണ് ചെലവ് കുറയ്ക്കാൻ ഉത്തമം. മെറ്റൽ ഫ്രെയിമിൽ പഴയ തടികൊണ്ടുള്ള പടികൾ പിടിപ്പിച്ച് ഇത് എളുപ്പത്തിൽ നിർമിക്കാം. വാർക്ക കമ്പി ഉപയോഗിച്ച് ഭംഗിയുള്ള ഹാൻഡ്റെയ്‍ൽ നിർമിക്കുകയും ചെയ്യാം. ■

വിവരങ്ങൾക്ക് കടപ്പാട്;
ജയൻ ബിലാത്തിക്കുളം‌
ഡിസൈനർ
ജേ ബീസ് ഇന്റീരിയർ ആർട് ഗാലറി
കോഴിക്കോട്