Wednesday 22 May 2019 05:17 PM IST : By സ്വന്തം ലേഖകൻ

ആവശ്യത്തിനനുസരിച്ച് വീടൊരുക്കിയാൽ പോരേ...ആഢംബരമെന്തിന്?; ചെലവ് കുറയ്ക്കാൻ‌ ഈ വഴികൾ

cc

ആവശ്യമുള്ളതിൽ കൂടുതൽ നിർമിക്കുക വഴി സമൂഹത്തിന് തെറ്റായ സന്ദേശം നൽകുകയാണ് ഓരോരുത്തരും ചെയ്യുന്നത്. ഇത്തരത്തിലുള്ള ധൂർത്ത് നിർമാണസാമഗ്രികളുടെ ഡിമാൻഡ് കൂട്ടും. സ്വാഭാവികമായി വിലയും കൂടും. ചെലവ് കുറയ്ക്കൽ എന്നതിനെപ്പറ്റിയുള്ള കാഴ്ചപ്പാടിൽ തന്നെ സമൂലമായ മാറ്റം വരുത്തുകയാണ് ഇതിനുള്ള പരിഹാരം. സാമ്പത്തിക ഞെരുക്കം കൊണ്ടു മാത്രം പിന്തുടരുന്ന ഒന്നാകരുത് ചെലവ് ചുരുക്കൽ. കുറച്ചു വിഭവങ്ങൾ ഉപയോഗിച്ച് പരമാവധി സൃഷ്ടിക്കാനുള്ള ആർത്തിയുമാകരുത്. ‘വളരെക്കുറച്ച് ഉപയോഗിക്കുകയും ബാക്കി നാളേക്ക് കരുതിവയ്ക്കുകയും ചെയ്യണം’ എന്ന ‘പോസിറ്റീവ് ആറ്റിറ്റ്യൂഡ്’ ആകണം ചെലവ് ചുരുക്കലിന് പ്രചോദനം. അതാണ് സംസ്കാരസമ്പന്നതയുടെ ലക്ഷണം. വിഭവക്ഷാമം, വർധിച്ച ഊർജ ഉപയോഗം, ആഗോളതാപനം, കാലാവസ്ഥാ വ്യതിയാനം എന്നിവയ്ക്കെല്ലാമുള്ള ഉത്തരം കൂടിയാണിത്. എല്ലാവിധത്തിലുമുള്ള ധൂർത്ത് ഒഴിവാക്കി വീടു പണിയുന്ന ശീലം പ്രചാരത്തിലായാൽ തീർച്ചയായും നിർമാണസാമഗ്രികളുടെ ലഭ്യത കൂടും. വില കുറയും.

ഒാരോരുത്തരുടെയും അഭിരുചി പ്രതിഫലിക്കുന്ന ഇടമാണ് വീട്. വൈകാരികമായ ഒരുപാട് അർഥതലങ്ങൾ അതിനുണ്ടാകുക സ്വാഭാവികം മാത്രം. ചെലവ് ചുരുക്കേണ്ട സാഹചര്യം വരുമ്പോൾ ആദ്യം ഒഴിവാക്കപ്പെടുക ഇത്തരം വൈകാരിക ഇടങ്ങളായിരിക്കും. സ്വസ്ഥമായി ഇരുന്ന് വായിക്കാനുള്ള അല്ലെങ്കിൽ പാട്ടു കേൾക്കാനുള്ള ഇടങ്ങളൊക്കെ ഇതിൽപെടും. വളരെ കുറഞ്ഞ ചെലവിൽ നിർമിക്കാവുന്ന ‘ലൈറ്റ് സ്ട്രക്ചർ’ ആയി ഇത്തരം ഇടങ്ങൾ കൂട്ടിച്ചേർക്കുകയാണ് ചെലവ് കുറയ്ക്കാനുള്ള വഴി. സ്റ്റീൽ ട്രസ്സിൽ ഓടുമേഞ്ഞ മേൽക്കൂരയും റെഡിമെയ്ഡ് പാനലുകൾ ഉപയോഗിച്ചുള്ള കനംകുറഞ്ഞ ചുമരുകളുമൊക്കെയായി ഇതു തയാറാക്കാം. വീടിന്റെ പൊതുവായ ഡിസൈനിനോടു പൂർണമായും ചേർന്നുനിൽക്കുന്ന രീതിയിലാകണം ലൈറ്റ് സ്ട്രക്ചർ. ഇതുകൂടി ഉൾപെടുന്ന രീതിയിൽ വീട് രൂപകൽപന ചെയ്യുകയാണ് ഉത്തമം. വീടുപണിയുന്നതിനൊപ്പം ഇതു പണിയുകയുമാകാം.

നിർമാണവസ്തുക്കൾ, പലതരം നിർമാണരീതികൾ എന്നിവയെക്കുറിച്ചൊക്കെ ഏകദേശ ധാരണ നേടിയ ശേഷം വീടുപണി ആരംഭിക്കുന്നത് ചെലവ് നിയന്ത്രിക്കാൻ സഹായിക്കും. ഓരോ നിർമാണവസ്തുവിന്റെയും ഗുണവും ദോഷവും വിലയിരുത്തിയ ശേഷം വേണം അതു വേണോ എന്നുറപ്പിക്കാൻ. ഉദാഹരണത്തിന് മുറികളിൽ പുട്ടി ഇടുന്ന കാര്യമെടുക്കുക. എല്ലാ മുറികളിലും പുട്ടി ഇടേണ്ട കാര്യമില്ല. എന്നു മാത്രമല്ല, പ്ലാസ്റ്ററിങ്ങും പുട്ടിയിടലും ഒന്നും ഇല്ലാതെ തന്നെ പുട്ടിയുടെ അതേ ഫിനിഷ് നൽകുന്ന മറ്റൊരുപാട് നിർമാണവസ്തുക്കൾ ഇപ്പോൾ ലഭ്യമാണ്. ചെലവും ഗുണഗണങ്ങളും താരതമ്യം ചെയ്ത ശേഷം വേണം ഏതു വേണം എന്നു തീരുമാനിക്കാൻ.

കെട്ടിടത്തിന്റെയും മുറികളുടെയും ആകൃതിയും ചെലവും തമ്മിൽ ബന്ധമുണ്ട്. ലളിതമായ ആകൃതിയാണ് ചെലവ് കുറയ്ക്കാൻ അനുയോജ്യം. ലളിതമായ ആകൃതിയിലുള്ള കെട്ടിടത്തിന്റെ ഭംഗി കൂട്ടാനും അൽപം നാടകീയത തോന്നിപ്പിക്കാനുമൊക്കെ നിങ്ങളുടെ ആർക്കിടെക്ടിന്റെ കയ്യിൽ ഇഷ്ടംപോലെ വഴികളുണ്ട്. ചെലവ് നിയന്ത്രിച്ചുതന്നെ ഭംഗിയുള്ള കെട്ടിടം ഒരുക്കാൻ ആർക്കിടെക്ടിന്റെ ഇടപെടൽ വഴി സാധിക്കും.

ഒറ്റയടിക്കു തന്നെ വീടു മുഴുവനായി പൂർത്തിയാക്കണമെന്നു നിർബന്ധമില്ല. മൊത്തത്തിലുള്ള രൂപരേഖ തയാറാക്കിയ ശേഷം നിർമാണം പല ഘട്ടങ്ങളായി ആസൂത്രണം ചെയ്യാം. അത്യാവശ്യമുള്ളത് ആദ്യം എന്നതായിരിക്കണം നയം. അനാവശ്യ ബാധ്യതകൾ ഒഴിവാക്കാൻ ഇതു സഹായിക്കും. കാലം മാറുന്നതനുസരിച്ച് ആവശ്യങ്ങളും അഭിരുചികളും മാറും എന്നും ഒാർക്കുക. ഏറ്റവും പുതിയ രീതികൾക്കൂടി വീട്ടിൽ ഉൾക്കൊള്ളിക്കാനും ഈ ടെക്നിക് സഹായിക്കും. ■

വിവരങ്ങൾക്ക് കടപ്പാട്;

ജോർജ് ജെ. ചിറ്റൂർ
ആർക്കിടെക്ട്
ജിജെസി ഡിസൈൻസ്
തിരുവനന്തപുരം