Tuesday 09 June 2020 11:59 AM IST : By സ്വന്തം ലേഖകൻ

പാലക്കാട്ടെ ചൂട് വരെ തോറ്റുപോയി; 12 ലക്ഷത്തിന് ഒരു യമണ്ടൻ വീട്; ചെലവു കുറച്ചത് ഈ വിദ്യയിലൂടെ

pkd-home

ഷൊർണൂരിനടുത്തുള്ള കയിലാട്ട്, ഫാമിനു വേണ്ടിയാണ് ചാവക്കാടുകാരൻ ഷാനവാസ് സ്ഥലം വാങ്ങിയത്. എട്ട് ഏക്കർ സ്ഥലം ഒരു കുന്നിൻ ചരിവാണ്. പ്രകൃതിസമ്പത്തിനാൽ മനോഹരമായ സ്ഥലം. വിദേശമലയാളിയായ ഷാനവാസിന് ഫാം കാണാനെത്തുമ്പോൾ താമസിക്കാൻ ഒരിടം വേണം. അങ്ങനെയാണ് കോഴിക്കോട്ട് രാമനാട്ടുകരയിലെ എർത്തേൺ സസ്റ്റൈനബിൾ ഹാബിറ്റാറ്റിലെ എൻജിനീയർ മുഹമ്മദ് യാസിറിന് അടുത്തെത്തിയത്.

പാലക്കാട്ടെ ചൂടിനെ തടുക്കാൻ വെറുമൊരു വീടിനു സാധിക്കില്ല. അതുകൊണ്ടുതന്നെ, മണ്ണും വെട്ടുകല്ലും ഇഷ്ടികയും കംപ്രസ്ഡ് സ്റ്റബിലൈസ്ഡ് എർത്ത് ബ്ലോക്കും കൊണ്ടു നിർമിച്ച, ഉഗ്രനൊരു ഇക്കോഫ്രണ്ട്‍ലി വീടാണ് മുഹമ്മദ് യാസിർ ഷാനവാസിനു പണിതുകൊടുത്തത്. സിമന്റ് പേരിനു മാത്രമേയുള്ളൂ എന്നതിനാൽ ചൂടിനു അകത്തുകയറാൻ യാതൊരു വഴിയുമില്ല.

pkd-3

700 ചതുരശ്രയടിയുള്ള വീട് 12 ലക്ഷത്തിനു പൂർത്തിയായി എന്നത് മറ്റൊരു പ്രത്യേകത. രണ്ട് വ്യത്യസ്തഭാഗങ്ങൾ ആയാണ് രണ്ട് നിലകളും പണിതത് എന്നതാണ് പ്ലാനിന്റെ പ്രത്യേകത. താഴെ ഫാം നോക്കിനടത്തുന്നയാൾക്ക് താമസിക്കാൻ സിറ്റ്ഔട്ടും ലിവിങ് റൂമും അടുക്കളയും ബെഡ്റൂമും കോമൺ ബാത്റൂം അടങ്ങുന്ന ഭാഗം. മുകളിൽ ലിവിങ്ങും ബാത്റൂം അറ്റാച്ഡ് ബെഡ്റൂമും പാൻട്രിയും ബാൽക്കണിയും. ഗോവണി പുറത്തുനിന്ന്.

pkd-home

സൂര്യപ്രകാശം ശക്തമായി അടിക്കുന്ന ലിവിങ് റൂമിന്റെയും ബെഡ്റൂമിന്റേയും ചുവരുകൾ റാംഡ് എർത്ത് ടെക്നോളജി കൊണ്ടാണ്. പ്ലോട്ടിൽനിന്നുതന്നെയെടുത്ത മണ്ണാണ് ഈ ഭിത്തികളുടെ നിർമാണത്തിന് ഉപയോഗിച്ചത്. ഈ ഭിത്തികൾ വാട്ടർപ്രൂഫ് ചെയ്യുകയും ചെയ്തു. താഴത്തെ നിലയിലെ ബാക്കി ഭിത്തികൾ വെട്ടുകല്ല് മണ്ണും കുമ്മായവും കൊണ്ടുകെട്ടിയവയാണ്. മണ്ണ്–കുമ്മായം–സുർക്കി മിശ്രിതംകൊണ്ട് പ്ലാസ്റ്റർ ചെയ്യുകയും ചെയ്തു. എപ്പോഴും ഈർപ്പം നിൽക്കാനിടയുള്ള കിച്ചനും ടോയ്‌ലറ്റും മാത്രമാണ് സാധാരണ സിമന്റ് പ്ലാസ്റ്റർ ചെയ്തത്. ജനലുകൾക്കും വാതിലുകൾക്കും ചുറ്റുമുള്ള ഇടങ്ങൾ ഇഷ്ടികകൊണ്ടാണ്. ഇതിൽ കശുവണ്ടി എണ്ണ തേച്ച് ഈർപ്പ–കീടവിമുക്തമാക്കി. മുകളിലെ നില നിർമിച്ചിരിക്കുന്നത് കംപ്രസ്ഡ് സ്റ്റബിലൈസ്ഡ് എർത്ത് ബ്ലോക്കുകൾ കൊണ്ടാണ്. ഈ കട്ടകൾ കൂട്ടിച്ചേർത്തതും മണ്ണും കുമ്മായവും ചേർന്ന മിശ്രിതംകൊണ്ടാണ്. കശുവണ്ടി ഓയിൽ കൊണ്ട് കോട്ടിങ്ങും നൽകിയിട്ടുണ്ട്.

ഫില്ലർ സ്ലാബുകൊണ്ടുള്ള മേൽക്കൂരയും ചൂടു നിയന്ത്രിക്കാൻ സഹായിക്കുന്നു. മൈൽഡ് സ്റ്റീൽ ഗ്രില്ലും അലുമിനിയം പാനലും കൊണ്ടാണ് ജനലുകൾ. വായുസഞ്ചാരം കൂട്ടുന്നതിൽ ടെറാക്കോട്ട ജാളികൾ വലിയ പങ്കുവഹിച്ചിട്ടുണ്ട്. പഴയ തടിയും ആഞ്ഞിലിയും കൊണ്ടാണ് വാതിലുകളുടെ നിർമാണം. സെമിപോളിഷ്ഡ് കോട്ട സ്റ്റോൺകൊണ്ട് ഫ്ലോറിങ്ങും ചെയ്തു.

എൻജിനീയർ:

മുഹമ്മദ് യാസിർ, എർത്തേൺ സസ്റ്റൈനബിൾ ഹാബിറ്റാറ്റ്, രാമനാട്ടുകര, കോഴിക്കോട്, ഫോൺ: 98950 43270