Tuesday 11 January 2022 12:42 PM IST : By സ്വന്തം ലേഖകൻ

ഒന്നര സെന്റിലെ ഉഗ്രൻ മൂന്നുനില വീട്

two cent 2 j

ആകെയുള്ളത് മൂന്ന് സെന്റ്. അതിൽ ഒന്നര സെന്റോളം വഴിക്കു വീതി കൂട്ടുമ്പോൾ പോകും. എങ്കിലും ബാക്കിവരുന്ന ഒന്നര സെന്റിൽ വീടുപണിയാനായിരുന്നു കണ്ണൂർ തളാപ്പ് കോടഞ്ചേരി വീട്ടിലെ പ്രതീഷന്റെയും പ്രീതിയുടെയും തീരുമാനം. അതിനു കാരണങ്ങൾ മൂന്നായിരുന്നു. തൊട്ടടുത്താണ് പ്രതീഷന്റെ തറവാട്. കഷ്ടിച്ച് 50 മീറ്റർ ദൂരമേയുള്ളു എന്നും തൊഴുന്ന തളാപ്പ് ശ്രീ സുന്ദരേശ്വര ക്ഷേത്രത്തിലേക്ക്. പിന്നെ, ആർക്കിടെക്ടുമാരായ പ്രവീൺ ചന്ദ്രയിലും മകൾ ഊർമിളയിലുമുള്ള വിശ്വാസം.

two cent 1 ഒന്നര സെന്റിലെ മൂന്നുനില

വഴിയിൽ നിന്ന് താഴ്ന്നായിരുന്നു പ്ലോട്ട്. പിന്നിലേക്ക് പോകുംതോറും താഴ്ച കൂടി വരുന്ന നിലയിൽ. വഴിനിരപ്പിൽനിന്ന് മൂന്ന് മീറ്ററോളം താഴ്ന്നായിരുന്നു പിൻഭാഗം. ഇവിടെ വീടുപണിയാനാകുമോ എന്ന സന്ദേഹവുമായെത്തിയ പ്രതീഷനും പ്രീതിക്കും ആർക്കിടെക്ട് പ്രവീണും ഊർമിളയും പൂർണപിന്തുണ ഉറപ്പു നൽകി. സ്കൂളിൽ ഊർമിളയുടെ അധ്യാപികയായിരുന്നു പ്രീതി.

two cent 5 വീട്ടുകാരായ പ്രതീഷനും പ്രീതിയും മക്കളോടൊപ്പം വീടിനു മുന്നിൽ

മൂന്ന് കിടപ്പുമുറി വേണം എന്നതായിരുന്നു വീട്ടുകാരുടെ പ്രധാന ആവശ്യം. അറ്റാച്ഡ് ബാത്റൂമുള്ള മൂന്ന് കിടപ്പുമുറികൾ തന്നെ ആർക്കിടെക്ട് ടീം ഒരുക്കി. ഒപ്പം വീട്ടുകാരുടെ ഇഷ്ടത്തിനൊത്ത വിശാലമായ പൊതുഇടങ്ങളും.

two cent 4 കിടപ്പുമുറി

വഴിയിൽ നിന്നു നോക്കിയാൽ രണ്ടുനിലയെന്നു തോന്നും. പക്ഷേ, മൂന്നുനിലയാണ് വീട്. വഴിനിരപ്പിന് താഴെയുള്ള ‘ബേസ്മെന്റ് ഫ്ലോർ’ പെട്ടെന്ന് കണ്ണിൽപ്പെടില്ല. ഇവിടെയാണ് അടുക്കള, വർക്ഏരിയ, ഡൈനിങ് എന്നിവ. അടുക്കളയ്ക്കു പിന്നിലായാണ് തറവാട്. അവിടവുമായി ആശയവിനിമയം സാധ്യമാകും വിധമാണ് അടുക്കളയുടെ ഡിസൈൻ.

വഴിയിൽ നിന്ന് താഴ്ന്ന സ്ഥലമായതിനാലും റോഡ് വികസനത്തിന്റെ ഭാഗമായി നിർമാണപ്രവർത്തനങ്ങൾ നടക്കാമെന്നതിനാലും ഉറപ്പിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാതെ ‘ഫ്രെയിംഡ് സ്ട്രക്ചർ’ രീതിയിലാണ് കെട്ടിടം നിർമിച്ചത്. വെള്ളം ഒലിച്ചിറങ്ങി ഈർപ്പം പിടിക്കാനുള്ള സാധ്യത മുൻകൂട്ടികണ്ട് ബേസ്മെന്റ് ഫ്ലോറിന് കോൺക്രീറ്റ് ചുമരുകൾ നൽകി. ചുമരിനും റോഡിനും ഇടയിലുള്ള സ്ഥലം മണ്ണിട്ട് നിരപ്പാക്കി മുകളിൽ ഇന്റർലോക്ക് ടൈൽ വിരിച്ചു. ഇതിലൂടെ വഴിയിൽ നിന്ന് നടുവിലെ നിലയിലേക്ക് പ്രവേശിക്കാം.

സിറ്റ്ഔട്ട്, ലിവിങ് സ്പേസ്, മാസ്റ്റർ ബെഡ്റൂം എന്നിവയാണ് നടുവിലെ നിലയിലുള്ളത്. റോഡിനും സിറ്റ്ഔട്ടിനും ഇടയിൽ ഒന്നര സെന്റോളം ഒഴിച്ചിട്ടു. ഇപ്പോൾ വീടിന്റെ മുറ്റമാണ് ഇവിടം. റോഡിന് വീതി കൂട്ടുമ്പോൾ ഇതിൽ കുറച്ചു ഭാഗം നഷ്ടപ്പെടും.

two cent 3 ലിവിങ് സ്പേസും ടിവി യൂണിറ്റും

സിറ്റ്ഔട്ടിൽ നിന്ന് ലിവിങ് സ്പേസിലേക്കും അവിടെനിന്ന് മാസ്റ്റർ ബെഡ്റൂമിലേക്കും എത്താനാകും വിധമാണ് നടുവിലെ നിലയുടെ ഘടന. ലിവിങ് സ്പേസിനോട് ചേർന്നാണ് സ്റ്റെയർ ഏരിയ. ഇതുവഴി ബേസ്മെന്റ് ഫ്ലോറിലേക്കും മുകളിലെ നിലയിലേക്കും എത്താം.

മുറികളുടെ എണ്ണം കൂട്ടാതെ, ഉള്ള മുറികൾ നല്ല വലുപ്പത്തിൽ നൽകുന്നതായിരുന്നു ആർക്കിടെക്ട് ടീമിന്റെ നയം. അതിനാൽ വീടിനുള്ളിൽ ഒട്ടും ഇടുക്കം തോന്നിക്കില്ല. ആവശ്യത്തിനു കാറ്റും വെളിച്ചവും കടക്കാനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുള്ളതിനാൽ എല്ലാ മുറികൾക്കും ഉള്ളതിലും കൂടുതൽ വലുപ്പം തോന്നിക്കുന്നു. സ്ഥലം ഒട്ടും നഷ്ടപ്പെടുത്താത്ത രീതിയിലുള്ള ഫർണിച്ചറാണ് മുറികളിലെല്ലാം. ലിവിങ് സ്പേസിലെ ‘L’ ആകൃതിയിലുള്ള സോഫയടക്കം എല്ലാ ഫർണിച്ചറും പ്രത്യേകം ഡിസൈൻ ചെയ്തു നിർമിക്കുകയായിരുന്നു.

two cent  basement plan ബേസ്‌മെന്റ് ഫ്ലോറിന്റെ പ്ലാൻ

ഫ്ലോർ സ്പേസ് നഷ്ടപ്പെടുത്താത്ത വിധം ചുമരിലൊരുക്കിയ ടിവി യൂണിറ്റും ഊണുമേശയുടെയും സ്റ്റഡി ടേബിളിന്റെയുമെല്ലാം ദൗത്യം നിറവേറ്റുന്ന ബ്രേക്ഫാസ്റ്റ് കൗണ്ടറുമെല്ലാം സ്ഥലം ലാഭിക്കുന്നതിൽ മൽസരിക്കുന്നു.

two cent grond floor plan ഗ്രൗണ്ട് ഫ്ലോറിന്റെ പ്ലാൻ

രണ്ടു കിടപ്പുമുറിയും വിശാലമായ ബാൽക്കണിയുമടങ്ങിയ ‘പ്രൈവറ്റ് സ്പേസ്’ ആണ് മൂന്നാംനില. തുണിയും മറ്റും സൂക്ഷിക്കാൻ ഇഷ്ടംപോലെ സ്ഥലസൗകര്യമുള്ള ‘ഫുൾ വോൾ വാഡ്രോബ്’ രണ്ടു മുറികളിലുമുണ്ട്. ബാൽക്കണിയിൽ നിന്നാൽ പയ്യാമ്പലം വരെ കാഴ്ചയെത്തും. സമീപത്തെ ക്ഷേത്രത്തിലെ ഉൽസവവും വെടിക്കെട്ടുമെല്ലാം വ്യക്തമായി കാണാമെന്നതിനാൽ വീട്ടുകാരുടെ പ്രിയപ്പെട്ട ഇടമാണ് ഇവിടം. വേണമെങ്കിൽ, ഭാവിയിൽ മുകളിൽ ഒരു നില കൂടി പണിയാം. ഇതിനായി സ്റ്റെയർകെയ്സും സ്റ്റെയർ റൂമും ഒരുക്കിയിട്ടുണ്ട്.

two cent first floor plan ഫസ്റ്റ് ഫ്ലോറിന്റെ പ്ലാൻ

ബേസ്മെന്റ് ഫ്ലോർ ഒഴികെ മറ്റു രണ്ടു നിലകളുടെയും ചുമരുകൾ വെട്ടുകല്ലുകൊണ്ടാണ്. ഈർപ്പത്തിന്റെ പ്രശ്നം ഒഴിവാക്കാനായി എല്ലായിടത്തും സിമന്റ് തേച്ച് പെയിന്റടിച്ചു. മുൻഭാഗത്ത് താഴെയും മുകളിലുമായുള്ള രണ്ടു മുറികളുടെ ചുമരിൽ നൽകിയിരിക്കുന്ന ക്ലാഡിങ് ആണ് എക്സ്റ്റീരിയറിന്റെ ഹൈലൈറ്റ്. വെട്ടുകല്ലിന്റെ ഒന്നര ഇഞ്ച് കനമുള്ള പാളികളാണ് ഇതിനുപയോഗിച്ചത്. സൗകര്യങ്ങളുടെ കാര്യത്തിൽ മാത്രമല്ല, ഭംഗിയിലും ഒട്ടും പിന്നിലല്ല ‘പ്രാർഥന’ എന്നു പേരിട്ടിരിക്കുന്ന വീട്.

ചിത്രങ്ങൾ: മോഹൻ ലെൻസ്‌വ്യൂ

Tags:
  • Architecture