Friday 01 November 2024 03:24 PM IST

‘ബാഡ്മിന്റൺ കളിക്കാൻ പറ്റണ വലിയ കിച്ചൺ വേണം’: അന്നയുടെ കംഫർട്ട് സോൺ: അദ്ഭുതം ഈ വീട്

Sona Thampi

Senior Editorial Coordinator

she

കലൂർ ജോർജ് ഇൗഡൻ റോഡിലെ വീട്ടിൽ വെള്ളക്കെട്ട് സ്ഥിരം കലാപരിപാടിയായതോടെ എറണാകുളം എംപി ഹൈബി ഇൗഡന്റെ ഭാര്യ അന്ന പുതിയ വീടിനെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങി. അതേക്കുറിച്ച് അന്ന തന്നെ പറയുന്നു..

she3

‘‘ഞങ്ങൾ ഒരു വീടു പണിയുന്നതിനെക്കുറിച്ചുള്ള പ്ലാനിങ്ങിലാണ്. ഒാരോരുത്തർക്കും അവരുടെ വീടിന്റ വലുപ്പത്തെക്കുറിച്ച് ധാരണ ഉണ്ടാവുമല്ലോ. ചെറിയ, ഭംഗിയുള്ള വീടാണ് എനിക്കിഷ്ടം. നല്ലപോലെ സെറ്റ് ചെയ്തു വയ്ക്കാൻ പറ്റുന്നത്. പണിയാൻ പോകുന്ന വീടിനെക്കുറിച്ച് കൃത്യമായ െഎഡിയ ഉണ്ട്. ആ സൈറ്റിൽ ചെല്ലുമ്പോഴേ ആ വീട് എനിക്കവിടെ കാണാം. ചുറ്റും വരാന്തയുള്ള, വലിയ ജനാലകളും മുറികളുമുള്ള, നിറയെ കാറ്റും വെളിച്ചവുമുള്ള തുറന്ന വീട്..

മഞ്ഞ വിട്ടൊരു കളിയില്ല... മഞ്ഞ നിറത്തോട് എനിക്ക് വലിയ ഇഷ്ടമാണ്. വെള്ള ചുമരുകൾക്കുള്ളിൽ മഞ്ഞ നിറമടിച്ച ഒരു ചുമർ, അത് ഹൈബിയുടെ ഒാഫിസിലും ഡൽഹിയിലെ വീട്ടിലും ചെയ്തിട്ടുണ്ട്. മതിലിലും എന്റെ ഫേവറിറ്റ് കോഫി മഗ്ഗിലുമെല്ലാം മഞ്ഞയുണ്ട്. മഞ്ഞ നിറമെന്നാൽ സന്തോഷം തരുന്നതാണെനിക്ക്...

പഴമയോട് ഒരിഷ്ടക്കൂടുതലുണ്ട്... എന്നുവച്ചാൽ നോക്കൂ, ഫ്ലോറിങ്ങിന് ടൈൽ എനിക്ക് ഒട്ടും ഇഷ്ടമല്ല. ഒന്നുകിൽ വെള്ള മാർബിൾ (കഴിയുമെങ്കിൽ), അല്ലെങ്കിൽ റെഡ് ഒാക്സൈഡ്. അല്ലെങ്കിൽ െവള്ളയും കറുപ്പും നിറത്തിൽ ഡയമണ്ട് ആകൃതിയിലുള്ള സ്റ്റോൺ ഫ്ലോർ. ഡൽഹിയിലെ വീട് അങ്ങനെയാണ് ചെയ്തത്. ദില്ലിയുടെ സംസ്കാരത്തോട് ചേർന്നു നിൽക്കുന്നതുകൊണ്ട് ഗാർഡനിലെ നടപ്പാതയ്ക്ക് റെഡ് സ്റ്റോണും കൊടുത്തു.

she2

എല്ലാർക്കുമുണ്ട് ഒരു കംഫർട്ട് സോൺ- എനിക്ക് സങ്കടം വന്നാലും സന്തോഷം വന്നാലും ദേഷ്യം വന്നാലുമെല്ലാം ഞാൻ ബേക്ക് ചെയ്യും, കിച്ചൺ ആണ് എന്റെ കംഫർട്ട് സോൺ. വലിയ കിച്ചൺ വേണം. ‘ബാഡ്മിന്റൺ കളിക്കാൻ പറ്റണ വലിയ കിച്ചൺ വേണ’മെന്ന ആഗ്രഹക്കാരിയാണ് ഞാൻ. ലിവിങ്ങിലിരിക്കുന്ന അതിഥികളെ കണ്ടുകൊണ്ട് അവർക്കു വേണ്ടി പാചകം ചെയ്യുന്നതും ചൂടോടെ വിളമ്പുതന്നതുമൊക്ക സ്വപ്നങ്ങളിലുണ്ട്...

മരം ഒരു വീക്ക്നെസ്സ്- പണ്ടുമുതലേ തടി ഫർണിച്ചറിനോട് പ്രത്യേക സ്നേഹമുണ്ട്. അത്യാവശ്യം മരാമത്ത് സ്വയം ചെയ്യും. പഴയ ഫർണിച്ചറിൽ ആത്തംകുടി ടൈൽ വച്ച് പരീക്ഷണങ്ങൾ ഒക്കെ നടത്തിയിട്ടുണ്ട്. ‘റീയൂസി’ന്റെ ആളാണ് ഞാൻ. ആത്തംകുടി ൈടൽ നിർമാണം പോയി കണ്ട് ആ ടൈലുകൾ വച്ച് ടീ ടേബിൾ, മോൾക്ക് പിയാനോ ടേബിൾ എന്നിവയൊക്കെ ഉണ്ടാക്കി. ക്രിസ്മസ് അലങ്കാരങ്ങളിലും തടിയാണ് എന്റെ ചോയ്സ്. വഴിയിൽ കിടക്കണ പഴയ തടിയൊക്കെ പൊക്കിക്കൊണ്ടുവരും. മരത്തിൽ വളരുന്ന ഇത്തിൾക്കണ്ണിയോട് പ്രത്യേക സ്നേഹമാണ്. പേരയിൽ വളരുന്നത് കൂടുതൽ കാലം നിൽക്കും. അതെടുത്തുകൊണ്ടുവന്ന് കോർത്ത് സ്പ്രേ പെയിന്റ് അടിച്ച് ലൈറ്റൊക്കെ ഇട്ട് ഒാരോന്ന് ചെയ്തുകൂട്ടാറുണ്ട്. ചില സ്ഥലങ്ങൾ ഉണ്ട്. അവിടെ നിന്ന് പഴയ സാധനങ്ങൾ വാങ്ങി നമുക്ക് നമ്മുടെ രീതിയിൽ ചെലവു കുറച്ച് ചെയ്തെടുക്കാൻ പറ്റും. ഡൽഹിയിെല ചാന്ദ്നി ചൗക്കിലൊക്കെ നല്ല ഭംഗിയുള്ള അലങ്കാരവസ്തുക്കൾ കിട്ടും. ഫ്രാൻസിലും മെക്സിക്കോയിലുമൊക്കെ പോയപ്പോഴും ഇത്തരം കൗതുക വസ്തുക്കൾ ഞാൻ ഒത്തിരി ആസ്വദിക്കാറുണ്ട്.

വളരെ അപ്ഡേറ്റഡ് ആണ്...എപ്പോഴും വീടിനകം ഒരുപോലെ ഇരിക്കുന്നത് ഇഷ്ടമല്ല. വെള്ള ചുമരുകളാണ് ഇഷ്ടമെങ്കിലും ഫർണിഷിങ് കളർഫുൾ ആക്കാനാണ് എനിക്കിഷ്ടം. ദീപാവലി സമയത്ത് ചുവപ്പ്, മഞ്ഞ കർട്ടനുകൾ ആക്കും. ക്രിസ്മസ് ആവുമ്പോ വെള്ളയും ചുവപ്പും.. പഴയ സിൽക്ക്, ബാക്കി വന്ന തുണികൾ ഇതൊക്കെ ഞാൻ കുഷൻ കവറുകൾ ആക്കി മാറ്റും. ഇലച്ചെടികൾ, പ്രത്യേകിച്ച് മോൺസ്റ്റെറ ചെടിയാണ് താൽപര്യം. വരാന്ത മുഴുവൻ ചെടി വയ്ക്കണമെന്നാണ് ആഗ്രഹം.’’

കൈയിലൊതുങ്ങുന്ന സ്വപ്നത്തെ തേടിയുള്ള പ്രയാണത്തിലാണ് അന്ന.  ചിത്രങ്ങൾ: ഹരികൃഷ്ണൻ

Tags:
  • Celebrity Homes
  • Architecture