ഇരുമ്പ് കമ്പിയുടെ ഒൻപതിലൊന്ന് ഭാരം, വെള്ളത്തിൽ മുക്കിയിട്ടാലും തുരുമ്പിക്കില്ല... ഫൈബർ കമ്പിക്ക് പ്രത്യേകതകളേറെയുണ്ട്.
ഇരുമ്പ് കമ്പിക്ക് പകരം ഉപയോഗിക്കാവുന്ന ഫൈബർ കമ്പി പുറത്തിറങ്ങി. ‘ജിഎഫ്ആർപി റീബാർ’ എ ന്നാണ് മുഴുവൻ പേര്. ‘ഗ്ലാസ് ഫൈബർ റീഇൻഫോഴ്സ്ഡ് പോളിമർ’ എന്നതിന്റെ ചുരുക്കെഴുത്താണ് ജിഎഫ്ആർപി. ഇരുമ്പ് കമ്പി ആവശ്യമായി വരുന്ന പല ഇടങ്ങളിലും ഫൈബർ കമ്പി ഉപയോഗിക്കാം. സ്ഥിരമായി വെള്ളം വീണാലും തുരു മ്പിക്കില്ല എന്നതാണ് ഫൈബർ കമ്പിയുടെ പ്രധാന സവിശേഷത. ഇരുമ്പ് കമ്പിയെ അപേക്ഷിച്ച് ഭാരം കുറവ്, ചെലവ് കുറവ്, ഈട് കൂടുതൽ തുടങ്ങിയ ഗുണങ്ങളുമുണ്ട്.
രണ്ടിരട്ടി ഈട്: ഇരുമ്പ് കമ്പിയേക്കാൾ രണ്ടിരട്ടി ഈട് ഫൈബർ കമ്പിക്ക് ഉണ്ടെന്നാണ് ഈ രംഗത്തെ പ്രമുഖ കമ്പനികളുടെ അവകാശവാദം. വെള്ളം വീണാലും തുരുമ്പിക്കാനുള്ള സാധ്യത ഒട്ടുമില്ല എന്നതാണ് ഈട് കൂടാനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. വെള്ളവുമായി മാത്രമല്ല, ആൽക്കലി സ്വഭാവമുള്ള വസ്തുക്കളുമായും ജിഎഫ്ആർപി പ്രതിപ്രവർത്തിക്കില്ല.
ബലത്തിന് കുറവില്ല: ടെൻസൈൽ സ്ട്രെങ്ത് കൂടിയ ‘എംആർജി കോംപസിറ്റ്സ്’ ഉപയോഗിച്ചാണ് ഫൈബർ കമ്പി നിർമിക്കുന്നത്. ഇതിന്റെ ടെൻസൈൽ സ്ട്രെങ്ത് 1000 എംപിഎയും അതിൽ കൂടുതലുമായിരി ക്കും. സ്റ്റീലിന്റേത് 500 എംപിഎ മാത്രമാണ്. അതിനാൽ സമാന വലുപ്പമുള്ള സ്റ്റീൽ കമ്പിയെക്കാൾ രണ്ട് മുതൽ മൂന്ന് മടങ്ങ് വരെ ടെൻസൈൽ സ്ട്രെങ്ത് ഫൈബർ കമ്പിക്കുണ്ടാകും. വളയുന്നതല്ലാതെ അത്ര പെട്ടെന്നൊന്നും ഒടിയില്ല എന്നതാണ് ടെ ൻസൈൽ സ്ട്രെങ്ത് കൂടുന്നതു കൊണ്ടുള്ള മെച്ചം.
ഭാരം കുറവ്: സ്റ്റീൽ കമ്പിയെ അപേക്ഷിച്ച് ഭാരം വളരെ കുറവാണെന്നതാണ് ഫൈബർ കമ്പിയുടെ മറ്റൊരു പ്രത്യേകത. സമാന വലുപ്പത്തിലുള്ള സ്റ്റീൽ കമ്പിയുടെ ഒൻപതിലൊന്ന് ഭാരമേ ഫൈ ബർ കമ്പിക്കുണ്ടാകൂ. ആറ് എംഎം കനവും 12 മീറ്റർ നീളവുമുള്ള സ്റ്റീൽ കമ്പിക്ക് ഏകദേശം 2.75 കിലോ ഭാരം വരുമ്പോൾ സമാന കനത്തിലും നീളത്തിലുമുള്ള ഫൈബർ കമ്പിക്ക് 0.57 അതായത് അര കിലോയ്ക്ക് അടുത്തേ ഭാരമുണ്ടാകൂ. കെട്ടിടത്തിന്റെ ‘ഡെഡ്’ ലോഡ് കുറയ്ക്കാം എന്നതാണ് ഇതുകൊണ്ടുള്ള ഗുണം.
ചെലവും കുറയും : സ്റ്റീൽ കമ്പിയേക്കാൾ ഉറപ്പും ബലവും ഫൈബർ കമ്പിക്കുണ്ട്; ഭാരം കുറവാണുതാനും. അതിനാൽ എട്ട് എംഎം കനമുള്ള സ്റ്റീൽ കമ്പി ഉപയോഗിക്കേണ്ട സ്ഥാനത്ത് ആറ് എംഎം കനമുള്ള ഫൈബർ കമ്പി ഉപയോഗിച്ചാൽ മതിയാകും. ഫൈബർ കമ്പി ഉപയോഗിക്കുമ്പോൾ ബലത്തിലോ ഭാരവാഹകശേഷിയിലോ ഒന്നും വിട്ടുവീഴ്ച ചെയ്യാതെ 20Ð30 ശതമാനം വരെ ചെലവ് കുറയ്ക്കാനാകുമെന്ന് കമ്പനികൾ ഉറപ്പ് പറയുന്നു.
ആറ് എംഎം കനമുള്ള ഫൈബർ കമ്പിക്ക് മീറ്ററിന് 10 രൂപയാണ് വില. എട്ട് എംഎം കനമുള്ളതിന് മീറ്ററിന് 19.5 രൂപ വിലവരും.
കൈകാര്യം ചെയ്യാൻ എളുപ്പം: മൂന്ന് എംഎം മുതൽ 25 എംഎം വരെ കനത്തിൽ ജിഎഫ്ആർപി റീബാർ ലഭിക്കും. 12 മീറ്റർ നീളമാണ് ഉണ്ടാകുക. ഇരുമ്പ് കമ്പി മുറിക്കുന്നതു പോലെ തന്നെ മുറിച്ച് ഉപയോഗിക്കാം. കോയിൽ പോലെ വളച്ചുകെട്ടി സൂക്ഷിക്കാം എന്നതിനാൽ ഇത് കൈകൈര്യം ചെയ്യാൻ എളുപ്പമാണ്. കാറിന്റെ ഡിക്കിയിൽ വച്ചു വേണമെങ്കിലും കൊണ്ടുപോകാം. കോൺക്രീറ്റിങ്ങിനും മറ്റും ഉപയോഗിക്കുമ്പോൾ പ്ലാസ്റ്റിക് ക്ലിപ് അല്ലെങ്കിൽ നൂൽക്കമ്പി ഉപയോഗിച്ച് കെട്ടാം.
വെൽഡിങ് സാധ്യമാകില്ല എന്നതാണ് ജിഎഫ്ആർപി റീബാറിന്റെ ന്യൂനത. 600 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ ചൂടേറ്റാൽ ഇതിന്റെ പ്രകൃതത്തിന് മാറ്റംവരും.
എവിടെയെല്ലാം ഉപയോഗിക്കാം: കെട്ടിടങ്ങളുടെ അടിത്തറയുടെ ബെൽറ്റ് വാർക്കുന്നതിനും, ഫ്ലോർ സ്ലാബ് വാർക്കുന്നതിനുമാണ് ഫൈബർ കമ്പി കൂടുതലായി ഉപയോഗിക്കുന്നത്. മതിൽ, സ്വിമിങ് പൂൾ, വാട്ടർ ടാങ്, മഴവെള്ള സംഭരണി തുടങ്ങിയവ നിർമിക്കാനും ഇവ ഉപയോഗിക്കാം. ‘ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ്’ അഥവാ ‘ബിഐ എസ്’ കെട്ടിടനിർമാണത്തിന് ഉപയോഗിക്കാവുന്ന നിർമാണവ സ്തുക്കളുടെ പട്ടികയിൽ ഇതുവരെ ഫൈബർ കമ്പിയെ ഉൾപ്പെടുത്തിയിട്ടില്ല. ഇതിനുള്ള നടപടിക്രമങ്ങൾ നടക്കുന്നുണ്ട്. നാഷനൽ ഹൈവേ അതോരിറ്റിയുടെ മേൽനോട്ടത്തിൽ നിർമിച്ചിട്ടുള്ള റോഡുകൾ, പാലങ്ങൾ എന്നിവയിൽ ഫൈബർ കമ്പി ഉപയോഗിച്ചിട്ടുണ്ടെന്നും അധികം വൈകാതെ അനുമതികളെല്ലാം ലഭിക്കുമെന്നും കമ്പനികൾ പറയുന്നു. n
വിവരങ്ങൾക്കു കടപ്പാട്: എംആർജി കോംപസിറ്റ്സ് ഇന്ത്യ, 150 ഫീറ്റ് റിങ് റോഡ്, രാജ്കോട്ട്, ഗുജറാത്ത്