Monday 27 December 2021 03:44 PM IST : By സ്വന്തം ലേഖകൻ

ഈ 12 കാര്യങ്ങൾ ശ്രദ്ധിച്ചാൽ വീടിനു നിറം നൽകുന്നത് വെറുതെയാകില്ല

Painting1

1. നിറത്തെ എടുത്തു കാണിക്കാനും കുറച്ചു കാണിക്കാനും പ്രകാശത്തിനു സാധിക്കും. വൈബ്രന്റ് ആയ നിറങ്ങൾ പ്രകാശം കുറവുള്ളിടത്ത് കൊടുത്താൽ അത്ര തീവ്രത തോന്നില്ല.

2. ഇന്റീരിയറിന്റെ തീമിനും മൂഡിനും അനുസരിച്ചാണ് ലൈറ്റിങ് നിശ്ചയിക്കുന്നത്. കൃത്രിമ വെളിച്ചം നൽകുമ്പോൾ നിറത്തെ എങ്ങനെ പരിപോഷിപ്പിക്കാം എന്നു ശ്രദ്ധിക്കണം.

Painting2

3. ഇന്റീരിയറിൽ വെളിച്ചത്തിന്റെ അളവിനെ നമുക്ക് നിയന്ത്രിക്കാൻ സാധിക്കും. എന്നാൽ എക്സ്റ്റീരിയറിൽ അത് സാധ്യമല്ല. ദിശകൾക്കനുസരിച്ച് പ്രകാശത്തിന്റെ ലഭ്യത കുറയുമെന്നു മാത്രം. അതനുസരിച്ച് നിറം കൊടുക്കാം. വടക്കു വശത്ത് വെളിച്ചം കുറവായിരിക്കും. അതുകൊണ്ട് അവിടെ ഇളംനിറം കൊടുക്കാം.

4. ഉദ്ദേശിക്കുന്ന നിറം ചുമരിൽ വരുമ്പോൾ എങ്ങനെയുണ്ടാവുമെന്ന് ഉറപ്പില്ലെങ്കിൽ കുറച്ച് സാംപിൾ വാങ്ങി അടിച്ചു നോക്കുക.

5. സീലിങ്ങിന് വെള്ള നൽകുന്നത് വിശാലമായി തോന്നിക്കാനാണ്. പേസ്റ്റൽ ഷേഡുകളും ഇളംനിറങ്ങളും സീലിങ്ങിലേക്കിണങ്ങും. കടുംനിറങ്ങൾ സീലിങ്ങിൽ നൽകിയാൽ മുറി ചെറുതായി തോന്നും.

Painting4

6 മുറിയുടെ ഒരു ചുമരിനെ ഫോക്കൽ പോയിന്റ് ആയെടുത്ത് അതിന് വ്യത്യസ്തമായ നിറവും മറ്റു ചുമരുകൾക്ക് വെള്ളയും നൽകുന്നത് മുറിക്ക് ഭംഗിയേകാനുള്ള താരതമ്യേന ചെലവു കുറഞ്ഞ മാർഗമാണ്. പാനലുകൾ, അലങ്കാര വസ്തുക്കൾ തുടങ്ങി ഭംഗിക്കായി മറ്റു സാമഗ്രികളെ ആശ്രയിക്കേണ്ട ആവശ്യം ഇവിടെ വരുന്നില്ല.

7. ആദ്യം വൈറ്റ് സിമന്റ്/ പ്രൈമർ അടിക്കുക. അതു കഴിഞ്ഞ് പുട്ടിയിടുക. പുട്ടിയിട്ടതിനുശേഷം സാൻഡ് പേപ്പറിട്ട് പിടിക്കുക. അതിനു മീതേ വീണ്ടും പ്രൈമർ അടിക്കുക. അതു കഴിഞ്ഞാണ് ഇമൽഷൻ അടിക്കുന്നത്. കുറഞ്ഞത് രണ്ട് കോട്ട് ഇമൽഷൻ അടിക്കണം.

8. ൈവറ്റ് സിമന്റോ പ്രൈമറോ അടിക്കാതെ ചിലർ നേരിട്ട് പുട്ടി അടിക്കാറുണ്ട്. അത് നല്ലതല്ല. ഇവയിൽ ഏതെങ്കിലുമൊന്ന് ചെയ്ത് ഭിത്തി മിനുസമാക്കിയതിനു ശേഷമേ പുട്ടി അടിക്കാവൂ.

Painting3

9. പുട്ടി വിലങ്ങനെയും കുറുകെയുമായി രണ്ടു കോട്ട് കുറഞ്ഞത് ഇടണം. പ്ലാസ്റ്ററിങ് മോശമാണെങ്കിൽ മൂന്നാമത്തെ കോട്ടും നൽകാം.

10. ഇപ്പോൾ മിക്ക വീടുകളുടെയും താഴത്തെ നിലയിൽ രണ്ടടി ഉയരത്തിൽ വെള്ളം വലിഞ്ഞ് പുട്ടി പൊളിഞ്ഞിളകുന്നത് കാണാറുണ്ട്. ഇതിനു പരിഹാരമാണ് രണ്ടടി ഉയരത്തിൽ വാട്ടർ പ്രൂഫിങ് സൊലൂഷൻ അകത്തും പുറത്തുമായി അടിച്ചു കൊടുക്കുന്നത്. പുട്ടി ഇടുന്നതിനൊപ്പം തന്നെ ഇതു ചെയ്യാൻ ശ്രദ്ധിക്കണം. പുട്ടി ഇട്ടതിനു ശേഷമല്ല ഇതു ചെയ്യേണ്ടത്.

11. ഗ്രില്ലിന് ഇനാമൽ പെയിന്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കണം. കാരണം ഗ്രിൽ വർക്കുകളുടെ പ്രൈമർ മോശമാണെങ്കിൽ തുരുമ്പു പിടിക്കാനുള്ള സാധ്യതയുണ്ട്. സാൻഡ്പേപ്പർ ഇട്ട് അതിൽ നിലവിലുള്ള പ്രൈമർ നന്നായി ഉരച്ചു കളയണം. അതിനുശേഷം എപ്പോക്സി പ്രൈമർ അടിക്കണം. ഇതു കഴിഞ്ഞ് വീണ്ടും ചെറുതായി പേപ്പറിട്ടു പിടിച്ച് മിനുസമാക്കാം. അതു കഴിഞ്ഞ് രണ്ടു കോട്ട് ഇനാമൽ പെയിന്റ് അടിക്കാം.

12. വുഡ്പോളിഷ് ചെയ്യുമ്പോൾ തടിക്ക് കാലപ്പഴക്കമുണ്ടെങ്കിൽ ഉളി കൊണ്ട് ചീകി വൃത്തിയാക്കി സാൻഡ്പേപ്പർ പിടിക്കണം. അതുകഴിഞ്ഞ് ഫസ്റ്റ് കോട്ട് സീലർ അടിച്ചതിനു ശേഷം കുഴികൾ ഉള്ളയിടത്ത് പുട്ടി ഇട്ട് അവ അടയ്ക്കണം. വീണ്ടും പേപ്പറിടണം. ശേഷം വുഡ് പോളിഷ് അടിക്കാം. ഇത് ഗ്ലോസി, മാറ്റ്, സെമി ഗ്ലോസ് തുടങ്ങി പല ഫിനിഷുകളിൽ കിട്ടും. പിയു പോളിഷ് ആണ് കൂടുതൽ ഫിനിഷ് നൽകുന്നത്. സ്പ്രേ ചെയ്യുകയോ കൈകൊണ്ട് അടിക്കുകയോ ചെയ്യാം. സ്പ്രേ ചെയ്യുമ്പോഴാണ് മികച്ച ഫിനിഷ് ലഭിക്കുന്നത്.

Tags:
  • Design Talk