മൺകുടത്തിലേതുപോലെ കുളിർമയുള്ള വെള്ളം കിണറ്റിൽ നിന്നു ലഭിക്കണോ? വേണം എന്നാണ് ഉത്തരം എങ്കിൽ കളിമൺ റിങ്ങിനെപ്പറ്റി കൂടുതലറിയണം. കൊടുംവേനലിൽ പോലും ഇളംതണുപ്പുള്ള വെള്ളം ലഭിക്കാൻ ടെറാക്കോട്ട റിങ്ങുകൾ സഹായിക്കും.

കളിമൺ റിങ് അഥവാ ടെറാക്കോട്ട റിങ് രണ്ടു തരമുണ്ട്. ഇടവിട്ട് ദ്വാരങ്ങൾ ഉള്ളവയും ദ്വാരങ്ങൾ ഇല്ലാത്തവയും. ഉറവ തടസ്സങ്ങളില്ലാതെ കിണറ്റിലേക്ക് ഇറങ്ങാൻ സഹായിക്കുന്നതാണ് ദ്വാരങ്ങളുള്ള റിങ്. ദ്വാരങ്ങളില്ലാത്ത റിങ് ആണെങ്കിൽപ്പോലും കളിമൺ ഉൽപന്നമായതിനാൽ ഉറവയിൽ നിന്നുള്ള വെള്ളം അകത്തേക്ക് അരിച്ചിറങ്ങും. താഴെ ഉറവയുണ്ടാകാൻ സാധ്യതയുള്ള ഇടങ്ങളിൽ മാത്രം തുളകളുള്ള റിങ്ങും മുകളിലേക്കു വരുംതോറും സാധാരണ റിങ്ങും മതിയാകും. വെള്ളം അകത്തേക്ക് അരിച്ചിറങ്ങാൻ സഹായിക്കുന്ന വിധത്തിൽ മണലിന്റെ അംശം കൂടുതൽ ചേർത്താണ് കിണർ റിങ്ങുകൾ നിർമിക്കുന്നത്.
800 –900 ഡിഗ്രിയോളം ചൂടിൽ, മൺപാത്രങ്ങൾ നിർമിക്കുന്ന ചൂളകളിൽ തന്നെയാണ് കളിമൺ റിങ്ങുകളും നിർമിക്കുന്നത്. പാത്രങ്ങളേക്കാൾ വലുപ്പം കൂടുതലായതിനാൽ ചുട്ടെടുക്കുമ്പോൾ പൊട്ടാനുള്ള സാധ്യത കൂടുതലാണ്. അതു കണക്കിലെടുത്ത് വ്യത്യസ്ത തരം മണ്ണ് ചേർത്താണ് ടെറാക്കോട്ട റിങ്ങുകൾ നിർമിക്കുന്നത്. ഭാരതപ്പുഴയോരത്തെ മണലിന്റെ സാന്നിധ്യമുള്ള മണ്ണ്, ബെംഗളൂരുവിൽ നിന്നു വരുത്തുന്ന പശിമയുള്ള കളിമണ്ണ്, വയനാട്ടിൽ നിന്നുള്ള പ്രത്യേകതരം മണ്ണ് ഇവ ചേർത്താണ് മിക്ക ഉൽപാദകരും റിങ് നിർമിക്കുന്നത്. മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിലാണ് റിങ്ങുകളുടെ നിർമാണം പ്രധാനമായി നടക്കുന്നത്.
രണ്ടര അടി, മൂന്നര അടി, നാലര അടി, അഞ്ചര അടി, ആറര അടി എന്നിങ്ങനെ വ്യത്യസ്ത വ്യാസങ്ങളിലുള്ള ടെറാക്കോട്ട കിണർ റിങ്ങുകൾ വിപണിയിൽ ലഭിക്കും. ഉയരം ഒന്നര അടിയാണ്. രണ്ടര അടി വ്യാസമുള്ള റിങ് ഒന്നിന് 2,500 രൂപ, മൂന്നര അടിക്ക് 4,000 രൂപ, നാലര അടി വ്യാസമുള്ള റിങ്ങിന് 5,500 രൂപ, അഞ്ചര അടി വ്യാസമുള്ളതിന് 7000, ആറര അടിക്ക് 8500 എന്നിങ്ങനെയാണ് നിരക്ക്.

നിർമാണം പൂർത്തീകരിച്ച കിണറിനുള്ളിൽ ഒന്നിനു മുകളിൽ മറ്റൊന്നായി റിങ്ങുകൾ അടുക്കി വയ്ക്കുകയാണ് ചെയ്യുന്നത്. ഇടയ്ക്ക് സിമന്റ് ഇട്ട് ഉറപ്പിക്കേണ്ട കാര്യമില്ല. റിങ്ങിനു പുറത്ത് ഗ്രാവൽ അല്ലെങ്കിൽ മെറ്റിൽ നിറയ്ക്കണം. കിണറ്റിലെ വെള്ളം റിങ്ങിൽ മർദം പ്രയോഗിക്കുന്നുണ്ട്. പുറത്തുനിന്നുള്ള മണ്ണിന്റെ മർദം കൂടിയാകുമ്പോൾ ടെറാക്കോട്ട റിങ് പൊട്ടിപ്പോകാൻ സാധ്യതയുണ്ട്. ഇതൊഴിവാക്കാനാണ് പുറംപാളിയിൽ ഗ്രാവൽ അല്ലെങ്കിൽ മെറ്റിൽ വിരിക്കുന്നത്. മാത്രമല്ല, ഇങ്ങനെ ചെയ്യുമ്പോൾ ചുറ്റും ചെടികൾ വളരാനും മരങ്ങളുടെ വേരിറങ്ങാനുമുള്ള സാധ്യത കുറവുമാണ്. ഓരോ റിങ് ഇറക്കുമ്പോഴും ചുറ്റും മെറ്റിൽ നിറക്കുകയും നനച്ചു കൊടുക്കുകയും വേണം.
പെട്ടെന്ന് പൊട്ടാനും കേടാകാനുമുള്ള സാധ്യതയുള്ളതിനാൽ ഗ്രൗണ്ട് നിരപ്പിനു മുകളിൽ ടെറാക്കോട്ട റിങ് മിക്കവരും വയ്ക്കാറില്ല. കോൺക്രീറ്റ് റിങ്ങിനെ അപേക്ഷിച്ച് ടെറാക്കോട്ട റിങ്ങിന് വില കൂടുതലാണ് എന്നത് മറ്റൊരു പ്രധാന കാരണം. തറ നിരപ്പിനു മുകളിലേക്ക് കോൺക്രീറ്റ് റിങ്ങോ ഫെറോസിമന്റ് ഡിസൈനുകളോ ചെയ്യുന്നതാണ് പതിവ്.
വിവരങ്ങൾക്കു കടപ്പാട്: കെകെ ക്ലേ പ്രോഡക്ട്സ്, കുറ്റിപ്പുറം, മലപ്പുറം