അതെ, വിശ്വസിക്കാൻ പ്രയാസമാണ്. സാധാരണ ചണസഞ്ചി ഉണ്ടാക്കുന്ന അതേ മെറ്റീരിയൽ കൊണ്ടാണ് തിരുവനന്തപുരം വഴുതക്കാടുള്ള നിർമല കരുണ ഡിക്രൂസ് മനോഹരമായ കർട്ടൻ നിർമിക്കുന്നത്. കഴിഞ്ഞ 26 വർഷമായി കരുണ ഇത്തരത്തിൽ ജൂട്ട് കർട്ടൻ നിർമിക്കുന്നു. പരുക്കൻ ഫിനിഷിന്റെ സൗന്ദര്യം ആസ്വദിക്കുന്ന ധാരാളം പേർ കരുണയുടെ ജൂട്ട് കർട്ടന്റെയും ആരാധകരാണ്. തിരുവിതാംകൂർ രാജകുടുംബത്തിന്റെ ഗെസ്റ്റ് ബംഗ്ലാവ് ആയ ശ്രീവൽസം കൊട്ടാരത്തിലും കരുണയുടെ കർട്ടൻ സ്ഥാനം പിടിച്ചിട്ടുണ്ട്.
‘‘ വീട് ഭംഗിയാക്കുന്നതിനുവേണ്ടി എന്റെ അമ്മയാണ് ചാക്ക് കൊണ്ടുള്ള കർട്ടൻ ആദ്യം പരീക്ഷിക്കുന്നത്. പരുക്കൻ ഫിനിഷ് ആളുകൾ ഇഷ്ടപ്പെടുന്നുണ്ടെന്ന് അറിഞ്ഞതോടെ ഹോബി വരുമാനമാർഗമാക്കി മാറ്റി,’’ തൊഴിൽപരമായി വക്കീൽ ആയ കരുണ പറയുന്നു.
കർട്ടൻ നിർമാണത്തിനാവശ്യമായ ജൂട്ട് ചെന്നൈയിൽ നിന്ന് റോൾ ആയാണ് വാങ്ങുന്നത്. പാക്കിങ് ആവശ്യങ്ങൾക്കാണ് കൂടുതൽ ഉപയോഗിക്കുന്നത് എന്നതിനാൽ നല്ലതുപോലെ വൃത്തിയാക്കിയെടുക്കുകയാണ് ആദ്യ ഘട്ടം. അതിനു ശേഷം ട്രീറ്റ് ചെയ്ത് ആവശ്യത്തിന് മുറിച്ചെടുത്താണ് കർട്ടൻ തയ്ക്കുന്നത്. ഏഴ് അടിയാണ് സാധാരണ കർട്ടന്റെ നീളം.

ചണച്ചാക്കിന്റെ ഒറ്റ നിറം വെല്ലുവിളിയാണോ എന്നു ചോദിച്ചാൽ, അല്ല എന്നാണ് കരുണയുടെ ഉത്തരം. ഭൂമിയുടെ നിറമാണ് ചാക്കിനും. ഭൂമിയുടെ ബാക്ക്ഗ്രൗണ്ടിൽ വൃക്ഷലതാദികളും പൂക്കളുമൊക്കെ ഭംഗിയായി നിൽക്കുന്നതുപോലെ ജൂട്ട് ഏറ്റവും നന്നായി ആശയങ്ങളെ ഉയർത്തിക്കാട്ടുമെന്ന് കരുണ പറയുന്നു.
വീടിന്റെ നിറവും തീമും അറിഞ്ഞ ശേഷം അതോടു ചേരുന്ന ആശയമാണ് കർട്ടനു തിരഞ്ഞെടുക്കുന്നത്. ബാംബൂ കഷണങ്ങൾ, ടെറാക്കോട്ട മുത്തുകൾ, ചിലങ്കയുടെ മണി... ഇങ്ങനെ കർട്ടന്റെ ഭംഗി കൂട്ടാൻ പലതും ഉപയോഗിക്കാറുണ്ട്. സാരിയുടെ കഷണമോ സീക്കൻസോ എംബ്രോയ്ഡറിയോ ലെയ്സോ ഒക്കെ ജൂട്ടിന്റെ മാറ്റുകൂട്ടും. ചിലയിടങ്ങളിൽ അക്രിലിക്, ഫാബ്രിക് പെയിന്റും ഉപയോഗിക്കാറുണ്ട്. ജൂട്ടിൽ തുളയിട്ട് സൃഷ്ടിക്കുന്ന പാറ്റേണുകൾ ആണ് കർട്ടന്റെ മറ്റൊരു അഴക്.

കർട്ടൻ ഒന്നിന് 1,500 രൂപ മുതലാണ് വില. ഓരോ കർട്ടനും ആവശ്യമായ അധ്വാനം കണക്കിലെടുത്താണ് വില നിശ്ചയിക്കുന്നത്. jute_india എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് വിൽപന കൂടുതൽ നടക്കുന്നത്.