തൃശൂർ അഞ്ചേരി സ്വദേശി പ്രതീഷിന്റെ ജീവിതകഥ പറയാതെ, പ്രതീഷ് നിർമിക്കുന്ന ബുക്ക് ഷെൽഫുകളെക്കുറിച്ച് പറയാനാകില്ല.
40 വയസ്സിനുള്ളിൽ ഒട്ടേറെ ഡയാലിസിസുകളും രണ്ട് വൃക്ക മാറ്റിവയ്ക്കലും പ്രതീഷ് നേരിട്ടത് പുസ്തകങ്ങൾ നൽകിയ അറിവിന്റെ പിൻബലത്തിലാണ്. സന്തോഷം വന്നാലും സങ്കടം വന്നാലും പുസ്തകം വാങ്ങുന്ന കൂട്ടത്തിലാണ് താനെന്ന് പ്രതീഷ് പറയുന്നു. അങ്ങനെ വാങ്ങിക്കൂട്ടിയ പുസ്തകങ്ങൾ വയ്ക്കാൻ ഓൺലൈൻ സ്റ്റോറുകളിൽ ഷെൽഫ് തപ്പിയതാണ്. എല്ലാറ്റിനും പൊള്ളുന്ന വില!
വീട്ടിൽ മറ്റെന്തോ പണി കഴിഞ്ഞു ബാക്കിവന്ന മൾട്ടിവുഡ് കഷണങ്ങൾ കൊണ്ട് സ്വന്തമായി ഒരു ഷെൽഫ് ഉണ്ടാക്കിനോക്കി. ഓൺലൈൻ സൈറ്റിൽ കണ്ടു മോഹിച്ച ബുക്ക് ഷെൽഫിന്റെ അതേ ഡിസൈൻ പിൻതുടർന്നായിരുന്നു നിർമാണം. സുഹൃത്തുക്കളും അവരുടെ സുഹൃത്തുക്കളുമായി ഒട്ടേറെ പേർ ഈ ബുക്ക് ഷെൽഫിന് ആവശ്യക്കാരായെത്തി.
മൾട്ടിവുഡിന് കൂടുതൽ പുസ്തകങ്ങളെ താങ്ങാനാകില്ല എന്നതായിരുന്നു ഒരു പ്രശ്നം. മാത്രമല്ല, മൾട്ടിവുഡിന്റെ വില പ്രതീഷിനു താങ്ങാവുന്നതിലപ്പുറവുമായിരുന്നു. അങ്ങനെ പ്ലൈവുഡിലേക്കു മാറി. നിർമാണശേഷമുള്ള ലാമിനേഷൻ, സുഹൃത്തുക്കളുടെയും അനുജന്റെയും സഹായത്തോടെ പുറത്തുകൊണ്ടുപോയി ചെയ്യിക്കാൻ തുടങ്ങിയതോടെ ഷെൽഫുകൾക്ക് പൂർണത കൈവന്നു.

106 സെമീ ഉയരത്തിൽ ഏഴ് തട്ടായാണ് ഷെൽഫുകൾ നിർമിക്കുന്നത്. ഏകദേശം 12 കിലോ ഭാരം വരും. മഹാഗണിയുടെ നിറം, ചെസ്റ്റ്നട്ട് നിറം, പൈൻ വുഡിന്റെ നിറം എന്നിവയാണ് കൂടുതൽ ആളുകൾ ഇഷ്ടപ്പെടുന്ന ഷേഡുകൾ. 2,200 രൂപയാണ് ഷെൽഫ് ഒന്നിന് വില. നിർമാണസാമഗ്രികൾക്കെല്ലാം വില കൂടിയതിനാൽ ഇപ്പോൾ വില വർധിപ്പിച്ചതാണ്. കൂടുതൽ ഓർഡറുകൾ ഉണ്ടെങ്കിൽ കേരളത്തിൽ എവിടെയും എത്തിക്കും.
പ്രതീഷിന്റെ മരുന്നുകൾക്കും ഡയാലിസിസിനുമുള്ള ചെലവുകൾ ഇപ്പോൾ ഇതുവഴി നടന്നുപോകുന്നുണ്ട് എന്നത് കുടുംബത്തിന് വലിയ ആശ്വാസമാണ്.
പ്രതീഷന്റെ ഫോൺ – 98471 43435