Saturday 28 March 2020 05:25 PM IST : By സ്വന്തം ലേഖകൻ

ഇനി കുറച്ചുകാലത്തേക്ക് അതിഥികളില്ലല്ലോ... പൂച്ചെടികളെല്ലാം വീട്ടുകാർക്ക് കാണാവുന്ന രീതിയിലാക്കി ജിപി!

gp1

എവിടാ...? എന്ന ചോദ്യത്തിന് പ്രസക്തിയില്ലാത്ത കാലം പൂന്തോട്ടവും പച്ചക്കറിത്തോട്ടവും ഒരുക്കുന്ന തിരക്കിലാണ് ജിപി എന്ന ഗോവിന്ദ് പദ്മസൂര്യ. പട്ടാമ്പിയിലെ ‘കാർത്തിക’ എന്ന വീടിന്റെ മുറ്റത്ത് പൂത്തു നിൽക്കുന്ന ചെടികളുടെയും അവയെ പരിചരിക്കുന്ന കുടുംബാംഗങ്ങളുടെയും ചിത്രവും വീഡിയോയും ജിപി വനിത വീട് ഓൺലൈനിലൂടെ പങ്കുവച്ചു.

gp8745

കുറേക്കാലത്തേക്ക് അതിഥികളൊന്നും വരാനില്ലാത്തതിനാൽ പൂച്ചട്ടികളുടെയെല്ലാം സ്ഥാനം മാറ്റുന്ന ജോലിയാണ് രണ്ട് ദിവസമായി തകൃതിയായി നടക്കുന്നത്. പൂക്കളെല്ലാം വീട്ടുകാർക്ക് കാണാവുന്ന രീതിയിൽ പുനഃക്രമീകരിക്കാനുള്ള ഐഡിയ ജിപിയുടെ അമ്മ മാലതിയുടേതാണ്. ജിപിക്കും അനുജൻ അമൃത് സൂര്യയ്ക്കുമാണ് ചട്ടി ചുമന്ന് മാറ്റുന്ന ജോലി. ഒപ്പം കളകളൊക്കെ മാറ്റി എല്ലാത്തിനും വളമിടുന്നുമുണ്ട്. 

gp223

മുറ്റത്തും മതിലിലുമായി ഇഷ്ടംപോലെ ചെടികളാണ് വീട്ടിലുള്ളത്. ബിഎസ്എൻഎല്ലിൽ നിന്ന് എജിഎം ആയി വിരമിച്ച അമ്മയ്ക്കായിരുന്നു ലോക്ക്ഡൗൺ വരെ പൂന്തോട്ടത്തിന്റെ ചുമതല. സിംഗപ്പൂർ യാത്രയിൽ കണ്ട് ഇഷ്ടമായ ‘െവർട്ടിക്കൽ ഗാർഡൻ’ ടെക്നിക്ക് ആണ് മതിലിൽ പരീക്ഷിച്ചിരിക്കുന്നത്. പച്ചക്കറിത്തോട്ടമാണ് ബാങ്ക് മാനേജർ ആയി വിരമിച്ച അച്ഛൻ ഗോവിന്ദ് മേനോന്റെ ഇഷ്ടവിനോദം. ലോക്ക്ഡൗൺ കാലത്ത് അത്യാവശ്യം പിടിച്ചു നിൽക്കാനുള്ള തക്കാളിയും വഴുതനയും മുരിങ്ങയും ചീരയുമൊക്കെ ഇവിടെയുണ്ട്.

gp990hj

വീട്ടിലിരിക്കാൻ തുടങ്ങിയ ഒരാഴ്ചയ്ക്കിടയിൽ രണ്ട് ‘കുലപാതകങ്ങളും’ ജിപി ചെയ്തു! അതുകാരണം വാഴപ്പഴത്തിനും ക്ഷാമമില്ല. ക്ഷീണമകറ്റാൻ നല്ല പേരക്കയും സപ്പോട്ടയും ഇഷ്ടംപോലെ പറമ്പിലുണ്ട്. മാങ്ങ പാകമായി വരുന്നു. ഇതുവരെ കണ്ണിൽപ്പെടാത്ത അല്ലെങ്കിൽ കാണാതെ പോയ പല നന്മകളും തിരിച്ചറിയുന്നതിന്റെ സന്തോഷത്തിലാണ് ജിപി.

Tags:
  • Vanitha Veedu
  • Celebrity Homes