മലപ്പുറം വളാഞ്ചേരിയിലാണ് ഫസൽ നാലകത്തിന്റെ 2000 ചതുരശ്ര അടിയുള്ള പുതിയ വീട്. 10 സെന്റിലുള്ള വീടിന്റെ പ്ലാനും 3D യുമെല്ലാം ചെയ്തത് ആസിഫ് ആണ്. രണ്ടാമത്തെ പ്രാവശ്യം ചെയ്ത 3D ക്ലിക്ക് ആയി. അതുപോലെ തന്നെ വീട് പണിതുയർത്തി.
മൊത്തം മെറ്റീരിയലും സ്വന്തമായി വാങ്ങിക്കൊടുത്ത് പണിയിപ്പിച്ചാണ് ഫസൽ വീടുപണിയുടെ ബജറ്റ് വരുതിയിലാക്കിയത്. 25 ലക്ഷത്തിന് ഇൗ വീട് കഴിഞ്ഞോ എന്ന് ആരെങ്കിലും അദ്ഭുതം കൂറിയാൽ കൃത്യം കണക്കുകൾ കൊടുത്ത് ഫസൽ സംഭവം വിവരിക്കും.
റോഡിൽ നിന്ന് അല്പം പൊങ്ങിയാണ് പ്ലോട്ട്. അതുകൊണ്ട് ഗേറ്റ് സ്ലൈഡിങ് ആക്കി. ജിെഎ പൈപ്പ് വാങ്ങിയാണ് ഗേറ്റിന് ഡിസൈൻ കൊടുത്തത്. മുൻവശത്തെ ജനലിനും വാതിലിനുമെല്ലാം തേക്കിൻ തടി തന്നെ ഉപയോഗിച്ചു. ഒമ്പത് പാളികളുള്ള ജനലാണ് കിടപ്പുമുറികൾക്ക് ഇവിടെ കൊടുത്തിരിക്കുന്നത്.

മുൻവശത്ത് മുകളിൽ കാണുന്ന ഗ്ലാസ്സ് ആണ് വീടിന്റെ അഴകും ആഡംബരവും. 10 x 5 അടി വലുപ്പത്തിലാണ് ഇൗ ഗ്ലാസ്സ്. വീടിനകത്ത് ഹാളിൽ നല്ല വെളിച്ചം കിട്ടാൻ ഇൗ ഗ്ലാസ്സ് സഹായിക്കുന്നു. പുറത്തേക്ക് നല്ല കാഴ്ചയും കിട്ടും. അതേസമയം പുറത്തുനിന്ന് അകത്തേക്ക് കാഴ്ചയില്ലതാനും.
ഗ്ലാസ്സിന്റെ താഴെ ഭാഗത്ത് വൃത്താകൃതിയിലുള്ള ഒാപ്പനിങ്ങുകൾ കൊടുത്തിട്ടുണ്ട്. അവ ഗ്ലാസ്സ് കൊണ്ട് അടച്ചിട്ടുണ്ട്. ഇതും ഹാളിനകത്ത് വെളിച്ചം കടക്കാൻ സഹായിക്കുന്നു.
ലിവിങ്ങിൽ നിന്നാണ് ഗോവണി തുടങ്ങുന്നത്. വെറും 6000 രൂപയ്ക്കാണ് ഗോവണിയുടെ കൈവരി ജിെഎ കൊണ്ട് ഫസൽ ചെയ്തിരിക്കുന്നത്. അതിന് തടിയുടെ പെയിന്റ് കൊടുത്ത് ലുക്ക് തടിയുേടതാക്കുകയും ചെയ്തു. വുഡൻ നിറത്തിലാണ് ഗോവണിയുടെ പടിയിലുള്ള ടൈലുകൾ. ചതുരശ്രയടിക്ക് 36 രൂപ വില വരുന്ന ഗ്ലോസ്സി ടൈൽ ആണ് വീടിനകത്ത്.
ഹാളിൽ ലിവിങ്ങിനും ഡൈനിങ്ങിനും ഇടയിൽ പാർട്ടീഷൻ ചെയ്തിരിക്കുന്നതും ജിെഎ പൈപ്പ് കൊണ്ടാണ്. നാല് കിടപ്പുമുറികളിൽ രണ്ടെണ്ണം താഴെയും രണ്ടെണ്ണം മുകളിലുമാണ്.
സ്വന്തം അധ്വാനം കൊണ്ട് വീടുപണിയുടെ ചെലവ് ചുരുക്കിയതിന്റെ മിടുക്കിലാണ് ഫസലിന്റെ വീട് തലയുയർത്തി നിൽക്കുന്നത്.