Monday 12 April 2021 04:32 PM IST : By സ്വന്തം ലേഖകൻ

എൺപതിലധികം ജനലുകൾ, സൂര്യന്റെ സ്ഥാനം അടിസ്ഥാനമാക്കി മുറികളുടെ‌ ക്രമീകരണം, ഇന്റീരിയറിൽ വെളിച്ചം തീർക്കുന്ന മാന്ത്രികത

kannur 1

അകത്തളങ്ങളിൽ സൂര്യപ്രകാശം പ്രഭ ചൊരിയുന്നൊരു വീടു വേണമെന്നായിരുന്നു കണ്ണൂർ പയ്യാമ്പലത്തെ മുഹമ്മദ് അജ്സലിന്റെയും വീട്ടുകാരുടെയും ആഗ്രഹം. സൗകര്യങ്ങളുടെ കാര്യത്തിൽ ഒട്ടും കുറവുണ്ടാകരുതെന്നും വീട്ടുകാർ ആവശ്യപ്പെട്ടിരുന്നു.ആകെ എട്ട് സെന്റേയുള്ളൂ എന്നതായിരുന്നു രൂപകൽപനാ വേളയിലെ മുഖ്യ വെല്ലുവിളി. തൊട്ടടുത്ത പ്ലോട്ടിലെ 10 സെന്റ് കൂടി വാങ്ങാൻ വീട്ടുകാർ ശ്രമിച്ചെങ്കിലും വളരെ ഉയർന്ന വില ആവശ്യപ്പെട്ടതിനാൽ നടന്നില്ല. ഇതുമൂലം പ്ലോട്ട് നിറഞ്ഞു നിൽക്കുന്ന രീതിയിലാണ് വീടിന്റെ രൂപരേഖ തയാറാക്കിയത്. മുൻഭാഗമൊഴികെ മൂന്ന് വശത്തും ഒരു മീറ്ററും ഒന്നര മീറ്ററുമായി മിനിമം സ്ഥലം മാത്രമേ ഒഴിച്ചിട്ടുള്ളു.

kannur 3

സ്ഥലപരിമിതിയും സ്വകാര്യതയും പരിഗണിച്ച് കോർട്‌യാർഡ്, ഗാർഡൻ എന്നിവയെല്ലാം വീടിനുള്ളിൽ നൽകി. വീടു പൂർത്തിയാകുന്ന ഘട്ടമെത്തിയപ്പോൾ തൊട്ടടുത്ത പ്ലോട്ട് ന്യായമായ വിലയ്ക്കു നൽകാൻ തയാറായി. മുറ്റം, ലാൻഡ്സ്കേപ്, ഗസീബോ, കാർ പാർക്കിങ് എന്നിവയെല്ലാം വീടിന് ഇടതുവശത്തുള്ള ഈ പ്ലോട്ടിൽ ക്രമീകരിച്ചു. സൂര്യന്റെ സ്ഥാനം അടിസ്ഥാനമാക്കിയാണ് മുറികളുടെ സ്ഥാനം നിശ്ചയിച്ചത്.

kannur 2

പകൽസമയം നല്ലതുപോലെ സൂര്യപ്രകാശമെത്തുന്ന ഇടങ്ങളിലാണ് ലിവിങ്, ഡൈനിങ്, കിച്ചൻ എന്നിവയൊരുക്കിയത്. പകൽ അധികം ഉപയോഗിക്കാത്ത കിടപ്പുമുറികൾ വടക്കുവശത്തായി ക്രമീകരിച്ചു. കന്റെംപ്രറി ശൈലിയിലാണ് എല്ലാ മുറികളുടെയും ഇന്റീരിയർ. പൊതുഇടങ്ങളിലെല്ലാം അധികം അടച്ചുകെട്ടലുകളില്ലാത്ത ഓപൻ ശൈലിയാണ് (Open Style) പിന്തുടർന്നത്. ഗ്ലാസ് പാർട്ടീഷൻ, വലിയ ഗ്ലാസ് ജനാലകൾ എന്നിവയെല്ലാം വീട്ടകം വിശാലമാക്കുന്നതിനൊപ്പം ആവശ്യത്തിനു വെളിച്ചമെത്തിക്കാനും സഹായിക്കുന്നു.

kannur 6

എൺപതിലധികം ജനാലകളാണ് ഇവിടെയുള്ളത്.പകുതിഭാഗം ഇരട്ടിപൊക്കത്തിൽ വരുന്ന വിധമാണ് സ്വീകരണമുറിയുടെ ഘടന. ഇരട്ടിപ്പൊക്കമുള്ള ഭാഗത്ത് മേൽക്കൂരയിൽ നൽകിയിരിക്കുന്ന ഗ്ലാസ് ഷീറ്റുകൾ വീടിനുള്ളിലേക്കുള്ള പ്രകാശവഴിയാകുന്നു. സൂര്യന്റെ സ്ഥാനം മാറുന്നതനുസരിച്ച് വെളിച്ചം വരയ്ക്കുന്ന നിഴൽചിത്രങ്ങളും ചലിച്ചുകൊണ്ടിരിക്കും.ഗ്ലാസ് പാർട്ടീഷനാണ് സ്വീകരണമുറിയെയും ഡൈനിങ് സ്പേസിനെയും വേർതിരിക്കുന്നത്. ഡൈനിങ് സ്പേസിന് വലതുവശത്തുള്ള കോർ‌ട്‌യാർഡ് ഗാർഡന് ഇരുവശത്തുമായാണ് താഴത്തെ നിലയിലെ രണ്ടു കിടപ്പുമുറികൾ. കോർട്‌യാർഡിലേക്ക് തുറക്കുന്ന ഭാഗത്ത് ഗ്ലാസ് ഭിത്തിയാണ്. കർട്ടൻ മാറ്റിയാൽ പൂന്തോട്ടത്തിലെ കാഴ്ചകൾ ആസ്വദിക്കാം.

kannur 4

കിടപ്പുമുറികളിൽ ആവശ്യത്തിന് വെളിച്ചവുമെത്തും.ഡൈനിങ് സ്പേസിന് പിന്നിലായാണ് അടുക്കള. ഇതിനു നേരെ മുകളിലായി ‘മെസനൈൻ ഫ്ലോർ’ രീതിയിൽ ക്രമീകരിച്ചിരിക്കുന്ന ‘ബേക്കിങ് സ്റ്റുഡിയോ’ ആണ് വീടിന്റെ മറ്റൊരു ഹൈലൈറ്റ്. കേക്കും പുഡ്ഡിങ്ങുമൊക്കെ ഉണ്ടാക്കുന്നതാണ് വീട്ടമ്മയുടെ ഇഷ്ടവിനോദം. ഇതിനാണ് രണ്ടാമതൊരു അടുക്കള എന്ന രീതിയിൽ ബേക്കിങ് സ്റ്റുഡിയോ ഒരുക്കിയത്. തറനിരപ്പിൽ നിന്ന് 2.6 മീറ്റർ ഉയരത്തിലാണിവിടം. ഇവിടെനിന്നാണ് മുകൾനിലയിലെ സ്റ്റഡി ഏരിയയിലേക്കുള്ള സ്റ്റെയർകെയ്സ്. സ്റ്റഡി ഏരിയ കൂടാതെ രണ്ടു കിടപ്പുമുറികൾ, ഫാമിലി ലിവിങ് സ്പേസ്, ഇൻഡോർ ഗാർഡൻ എന്നിവയാണ് മുകൾനിലയിലുള്ളത്.

kannur 5

വെർട്ടിക്കൽ ഗാർഡൻ രീതിയിൽ ചെടികൾ പിടിപ്പിച്ചിരിക്കുന്ന ഇൻഡോർ ഗാർഡനും ഗ്ലാസ് ചുമരുകളാണുള്ളത്. മുകളിലെ ബാൽക്കണിയിൽനിന്നും ഫാമിലി ലിവിങ് സ്പേസിൽനിന്നും ഗാർഡനിലേക്കു കണ്ണെത്തും.സ്ഥലം കുറവായതിനാൽ വീടിന്റെ മുൻവശത്തു മാത്രമേ ചരിഞ്ഞ മേൽക്കൂര നൽകിയുള്ളൂ. പിൻഭാഗത്ത് ക്രമീകരിച്ച ഓപൻ ടെറസ് ബഹുവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാം. സൂര്യനോട് കൂട്ടുകൂടാവുന്ന ഒരു വഴിയും അടച്ചിട്ടില്ലിവിടെ..

kannur 8

1.

kannur 7

ഡിസൈൻ: അനസ് അഹമ്മദ്

അനസ് അഹമ്മദ് ആർക്കിടെക്ട്സ്

കണ്ണൂർ / കോഴിക്കോട്

aaarchitects2005@gmail.com

Tags:
  • Vanitha Veedu