Friday 19 February 2021 12:11 PM IST : By സ്വന്തം ലേഖകൻ

കണ്ണു മിഴിക്കണ്ട! പുതിയ വീടാണ്, വേറിട്ട രൂപ ഘടന, അതിശയം നിറച്ച് അകത്തളവും, നിർമാണ വസ്തുക്കൾ പാഴാക്കാതെ ഡിസൈൻ ചെയ്തത് ഇങ്ങനെ

vinu new1

തിരുവനന്തപുരം പോത്തൻകോടിനടുത്ത് നേതാജി നഗറിലെ കുന്നിൻമുകളിലാണ് ‘ശിഖര’ എന്നു പേരിട്ടിരിക്കുന്ന മൂന്നുനില വീട്. സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥനും സഞ്ചാരിയുമായ ഹരികുമാർ കരുണാകരനും ഭാര്യയും മകനുമടങ്ങുന്ന കുടുംബമാണ് താമസക്കാർ. കാഴ്ചകളാണ് യാത്രികന്റെ പാഥേയം! മിഴികൾ ദൂരങ്ങളെ പുൽകുന്ന മലമുകളിലാകണം വീട് എന്ന് ഹരികുമാർ ആഗ്രഹിച്ചതിന്റെ കാരണവും മറ്റൊന്നല്ല. 60 സെന്റിൽ ഏറ്റവും പൊക്കത്തിലുള്ള ഭാഗം തന്നെ വീട് വയ്ക്കാനായി തിരഞ്ഞെടുത്തു.

vinu new 6

‘‘വീടിന്റെ ആകൃതി എന്തുമാകട്ടെ എന്നായിരുന്നു ഞങ്ങളുടെ നിലപാട്. അകത്ത് നമ്മൾ ആഗ്രഹിക്കുന്നതു പോലെ സുഖകരമായ അന്തരീക്ഷം വേണം. അതായിരുന്നു ആഗ്രഹം,’’ വീട്ടുകാരൻ ഹരികുമാർ പറയുന്നു. പടിഞ്ഞാറ് അഭിമുഖമായാണ് വീടിന്റെ നിൽപ്. സവിശേഷമായ ആകൃതിയിലാണ് മുൻവശത്തെ ഭിത്തി. ഇതാണ് ആദ്യം കണ്ണിൽപ്പെടുക. ‘‘പ്ലോട്ടിൽ നിന്ന് മുകളിലേക്ക് നോക്കിയാൽ അറിയാതെ തന്നെ കൈകൊണ്ട് മുഖം മറച്ചു പോകും. പടിഞ്ഞാറു നിന്നുള്ള സൂര്യരശ്മികൾ കണ്ണിൽ പതിക്കാതിരിക്കാൻ ചെയ്തു പോകുന്നതാണത്. നമ്മുടെ കൈത്തലത്തിന്റെ പുനരാവിഷ്കാരമാണ് മുന്നിലെ ഭിത്തി. 

vinu new 4

വെയിലും ചൂടും നേരിട്ട് വീടിനുള്ളിലെത്തുന്നതിൽ നിന്ന് തടയും വിധമാണ് അതിന്റെ ഘടന,’’ വീടിന്റെ വേറിട്ട രൂപത്തെപ്പറ്റി ആർക്കിടെക്ട് വിനു ദാനിയേൽ വിശദമാക്കുന്നു. സിമന്റ് തേച്ച നാല് ചുമരുകൾക്കുള്ളിലുള്ള സ്ഥലത്തെ വീട് എന്നു വിളിക്കുന്നതിനോട് ഹരികുമാറിനും കുടുംബത്തിനും ഒട്ടും യോജിപ്പുണ്ടായിരുന്നില്ല. മൺവീടുകളോടുള്ള സ്നേഹമാണ് ആർക്കിടെക്ട് വിനു ദാനിയേലിലേക്കെത്തിച്ചത്. വനിത വീട് മാസിക ആയിരുന്നു വഴികാട്ടി.

vinu new 2

പ്ലോട്ടിൽ നിന്നു ലഭിക്കുന്ന മണ്ണ് ഉപയോഗിച്ചു നിർമിക്കുന്ന കട്ട കൊണ്ട് വീട് പണിയാനായിരുന്നു ആദ്യ തീരുമാനം. പക്ഷേ, കല്ലും ചെങ്കല്ലിന്റെ അംശവും കൂടിയ മണ്ണ് കട്ട നിർമിക്കാൻ അനുയോജ്യമായിരുന്നില്ല. അതുകാരണം ‘ഷട്ടേർഡ് ഡെബ്രി വോൾ’ രീതിയിൽ ഭിത്തി നിർമിക്കാൻ തീരുമാനിച്ചു. വിനു ദാനിയേൽ പേറ്റന്റ് നേടിയിട്ടുള്ള സാങ്കേതികവിദ്യയാണിത്. കല്ലും ചരലുമൊക്കെ ഉൾപ്പെടുന്ന മണ്ണ് പ്രത്യേക ഫ്രെയിമിനുള്ളിൽ ഇട്ട് ഇടിച്ചുറപ്പിച്ച് ഭിത്തി നിർമിക്കുകയാണിവിടെ ചെയ്യുന്നത്. മഴവെള്ള സംഭരണിക്കായി കുഴിയെടുത്തപ്പോൾ കിട്ടിയതും ബേസ്മെന്റ് ഫ്ലോർ നിർമിക്കാനായി നീക്കം ചെയ്തതുമായ മണ്ണാണ് ചുമര് നിർമിക്കാനായി ഉപയോഗിച്ചത്.

vinu  new 5

മണ്ണിനൊപ്പം അൽപം സിമന്റ് കൂടി ചേർത്താണ് ‘ഷട്ടേർഡ് ഡെബ്രി വോൾ’ നിർമിക്കുന്നത്. 10 എംഎം മുതൽ 70 എംഎം വരെ വലുപ്പത്തിലുള്ള, ഉറപ്പും ബലവുമുളള എന്ത് വേസ്റ്റ് മെറ്റീരിയലും ഇതിനൊപ്പം ചേർക്കാം. പ്ലാസ്റ്റിക്, സെറാമിക് എന്നിങ്ങനെ അജൈവ വസ്തുക്കൾ എല്ലാം ഉൾപ്പെടുത്താം. ഇത്തരത്തിൽ നിർമിക്കുന്ന ചുമരിന് 5.2 എംപിഎയ്ക്കു (Mega Pascal) മുകളിൽ കംപ്രസീവ് സ്ട്രെങ്ത് ഉണ്ടാകും. ഹരികുമാറിന്റെ ചെറുപ്പത്തിൽ പച്ചപ്പ് നിറഞ്ഞ നിലയിലായിരുന്നു ഇവിടം. പലതരത്തിലുള്ള നാടൻ മരങ്ങളും പുൽമേടുകളും നിറഞ്ഞ സ്ഥലം. ടാറിട്ട വഴിയൊന്നും ഉണ്ടായിരുന്നില്ല. ചെറിയൊരു നടപ്പാത. അതായിരുന്നു വഴി. പിന്നീട് മരങ്ങളെല്ലാം വെട്ടിത്തെളിച്ച് റബർ വച്ചതോടെ കാര്യങ്ങൾ ആകെ മാറി. പ്രദേശത്തിന്റെ സ്വാഭാവിക ഭൂപ്രകൃതി വീണ്ടെടുക്കണം എന്നതായിരുന്നു ഹരികുമാറിന്റെ ആഗ്രഹം. ആർക്കിടെക്ടും അതിനോട് യോജിച്ചു.

vinu new 3

ലാൻഡ്സ്കേപ്പിനെ അതിന്റെ വഴിക്കു വിടുക എന്നതായിരുന്നു തീരുമാനം. പുതിയതായി ഒരു ചെടിയും നട്ടില്ല. ഒരെണ്ണം പോലും പറിച്ചു കള‍ഞ്ഞില്ല. മണ്ണ് നിരത്താനും നികത്താനും മെനക്കെട്ടില്ല. പണ്ട് എങ്ങനെയായിരുന്നോ അതിലേക്കുള്ള തിരിച്ചുപോക്കിലാണ് ഇവിടം. സ്വാഭാവികതയാണ് ലാൻഡ്സ്കേപ്പിന്റെ മുഖമുദ്ര.തടിമില്ലിൽ വെറുതെ കളയുന്ന ചെറിയ തടിക്കഷണങ്ങൾ ശേഖരിച്ചാണ് വാതിലുകളും കട്ടിൽ അടക്കമുള്ള ഫർണിച്ചറും അടുക്കളയിലെ കാബിനറ്റുമൊക്കെ നിർമിച്ചത്. ടൈൽ കടയിൽ നിന്ന് ലഭിച്ച പൊട്ടിയ ടൈൽ കലാപരമായി പതിപ്പിച്ച് ബാത്റൂം ആകർഷകമാക്കി. ഫൈബർ സിമന്റ് ബോർഡ് ഉപയോഗിച്ചാണ് സ്റ്റെയർകെയ്സിന്റെ പടികളും ഉള്ളിലെ നടപ്പാലവും നിർമിച്ചത്. പുനരുപയോഗിക്കാം എന്നതാണ് മെച്ചം.വീടുകെട്ടുന്നതിന്റെ പേരിൽ നിർമാണവസ്തുക്കൾ പാഴാക്കുന്നില്ല എന്നുമാത്രമല്ല പാഴ്‌വസ്തുവായി ഒന്നുമില്ലെന്ന് ബോധ്യപ്പെടുത്തുകയും ചെയ്യുന്നു ‘ശിഖര’ എന്ന വീട്. 

vinu new 5

ആർക്കിടെക്ട് വിനു ദാനിയേൽ

വോൾമേക്കേഴ്സ്, പാടിവട്ടം, കൊച്ചി vinudaniel@gmail.com

Tags:
  • Vanitha Veedu