Tuesday 19 February 2019 04:07 PM IST

പ്രാർത്ഥനകൾ സഫലമാകുന്നു; ജഗതി ശ്രീകുമാർ വീണ്ടും സിനിമയിലേക്ക്

Binsha Muhammed

jagu

ഈയൊരു സന്തോഷവാർത്തയ്ക്കായാണ് പ്രേക്ഷകലക്ഷങ്ങൾ ഇത്രയും കാലം കാത്തിരുന്നത്. വെള്ളിത്തിരയിൽ ഹാസ്യരസത്തിന്റെ അമ്പിളിപ്രഭ ചൊരിഞ്ഞ പ്രിയപ്പെട്ട നായകൻ ജഗതി ശ്രീകുമാർ വീണ്ടും സിനിമയിയുടെ വെള്ളിവെളിച്ചത്തിലേക്ക്. രണ്ടായിരത്തി ഇരുപതിൽ പുറത്തിറങ്ങുന്ന ചിത്രത്തിലൂടെ നാട്യങ്ങളില്ലാത്ത നായകനെ വെള്ളിത്തിരയിൽ കാണാം. സന്തോഷവാർത്ത മകൻ രാജ്കുമാറാണ് ‘വനിത ഓൺലൈനുമായി’ പങ്കുവച്ചത്.

ഒരു പരസ്യ ചിത്രത്തിലൂടെ ജഗതി ശ്രീകുമാർ വീണ്ടും ക്യാമറയ്ക്കു മുന്നിലേക്കെത്തുന്നു എന്ന വാർത്തയുടെ പിന്മാമ്പുറം അന്വേഷിച്ചാണ് ‘വനിത ഓൺലൈൻ’ ജഗതിയുടെ മകൻ രാജ്കുമാറുമായി ബന്ധപ്പെട്ടത്. ആരാധകർക്ക് മധുരം പകരുന്ന ആ വാർത്തകൾക്കിടെ ഇരട്ടി മധുരം നൽകി ജഗതിയുടെ സിനിമാ മടങ്ങി വരവു കൂടി രാജ്കുമാർ അറിയുക്കുകയായിരുന്നു.

‘അതേ ആ വാർത്ത സത്യമാണ്. എല്ലാവരുടേയും കാത്തിരിപ്പിന്റേയും പ്രാർത്ഥനയുടേയും ഫലമായി അപ്പ സിനിമയിലേക്ക് വരുന്നു. ജഗതി ശ്രീകുമാർ എന്റർടെയ്മെന്റ്സിന്റെ ബാനറിൽ ഒരുക്കുന്ന ഒരു പരസ്യ ചിത്രത്തിലൂടെയാണ്  തിരിച്ചു വരവ്. തൃശ്ശൂരിലെ വാട്ടര്‍ തീം പാര്‍ക്കിന്റെ പരസ്യചിത്രത്തിലൂടെയാണ് അദ്ദേഹം വീണ്ടും ക്യാമറയ്ക്കു മുന്നിലെത്തുന്നത്. തൃശ്ശൂരിലെ വാട്ടര്‍ തീം പാര്‍ക്കിന്റെ പരസ്യചിത്രമാണിത്.   അതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. അപ്പയെ ചികിത്സിക്കുന്ന ഡോക്ടർമാരുടെ കൂടി നിർദ്ദേശ പ്രകാരമാണ് ഇത്. അപ്പയെ സാധാരണ ജീവിതത്തിലേക്ക് മടക്കി കൊണ്ടു വരുന്നതിന്റെ ഭാഗമാണ് ഈ ക്യാമറാ അപ്പിയറൻസും.’– രാജ്കുമാർ പറയുന്നു.

jagathy

വർഷങ്ങൾക്കു മുമ്പ് അപ്പ എൻറെ പേരിൽ രാജ്കുമാർ എന്റർടെയ്ൻമെന്റ്സ് എന്നൊരു സംരംഭം തുടങ്ങിയിരുന്നു. പലവിധ തിരക്കുകൾ കാരണം അതിന്റെ പ്രവർത്തനം സുഗമമായി മുന്നോട്ടു പോയില്ല. ഇപ്പോൾ ഞാൻ അപ്പയുടെ പേരിൽ ആരംഭിച്ചതാണ് ജഗതി ശ്രീകുമാർ എന്റർടെയ്ൻമെന്റ്സ് എന്ന ഈ പ്രൊഡക്ഷൻ സംരംഭം. അതിൻറെ കീഴിലാണ് ഈ പരസ്യ ചിത്രത്തിന്റേയും നിർമ്മാണം.

സന്തോഷം നൽുക്കന്ന കാര്യം അതു മാത്രമല്ല. അടുച്ച വർഷത്തോടെ അപ്പ സിനിമയിലും സജീവമാകും. ഒരു സിനിമയ്ക്കായി കരാർ ഒപ്പിട്ടു കഴിഞ്ഞു. ചിത്രത്തിന്റെ പ്രാഥമിക ചർച്ചകളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. കൂടുതൽ കാര്യങ്ങൾ ഇപ്പോൾ പറയാനാകില്ല. ഒരു കാര്യം ഉറപ്പ്. നിങ്ങളുടെ ജഗതി ചേട്ടനെ അടുത്ത വർഷം വെള്ളിത്തിരയിൽ കാണാം– രാജ്കുമാർ പറഞ്ഞു നിർത്തുന്നു.

jagayhy-2

2012 മാര്‍ച്ചില്‍ തേഞ്ഞിപ്പാലത്ത് വച്ച് നടന്ന വാഹനാപകടത്തിന്റെ രൂപത്തില്‍ വന്ന ദുരന്തമാണ് ജഗതിയെ സിനിമയില്‍ നിന്ന് അകറ്റിയത്.  അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജഗതി വര്‍ഷങ്ങള്‍ നീണ്ട ചികിത്സയിലൂടെയാണ് ജീവിതത്തിലേക്ക് മടങ്ങിവന്നത്. പിന്നീടങ്ങോട്ട് ആരോഗ്യം വീണ്ടെടുത്ത് ജഗതി സിനിമയില്‍ സജീവമാകാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകരും സിനിമാലോകവും.