ADVERTISEMENT

ഇത്രയും നാൾ പടി കയറാൻ യാതൊരു ബുദ്ധിമുട്ടും ഇല്ലാതിരുന്നൊരാൾ നാലു പടി കയറിക്കഴിയുമ്പോഴേ കിതയ്ക്കുന്നു... ആസ്ത്മയുടെ യാതൊരു ലക്ഷണങ്ങളും ഇല്ലാതിരുന്നൊരാൾക്കും രാത്രിയിലെ നേരിയ തണുപ്പേറ്റാൽ പോലും ശ്വാസതടസവും ശ്വസിക്കുമ്പോൾ മൂളക്കവും വരുന്നു... പ്രശ്ന പരിഹാരത്തിനായി പൾമനോജിസ്റ്റിനെ കാണുന്ന സാഹചര്യത്തിൽ മാത്രമാണ് പലർക്കും ശ്വാസസംബന്ധമായ പ്രശ്നങ്ങളുടെ രൂക്ഷത മനസിലാകുന്നത്.

കോവിഡിനു ശേഷം പലരേയും ബുദ്ധിമുട്ടിക്കുന്ന ഒന്നായി ശ്വാസകോശ പ്രശ്നങ്ങൾ മാറിയിട്ടുണ്ട്. ഈ പ്രശ്നങ്ങൾ വച്ചു താമസിക്കാതെ കൃത്യമായ പരിശോധനയും ചികിത്സയും കൊണ്ട് പരിഹരിക്കുക തന്നെ വേണം. അലസത പിചാരിച്ച് പിന്നെയാവട്ടേ എന്നോർത്തിരുന്നാൽ കാര്യങ്ങൾ കൈവിട്ടു പോയേക്കാം..

ADVERTISEMENT

ചികിത്സയ്ക്ക് ഒപ്പം ദിനവും ചെയ്യേണ്ടൊരു കാര്യമാണ് ശ്വസന വ്യായാമങ്ങൾ. എളുപ്പത്തിൽ ചെയ്യാവുന്ന 4 വ്യായാമങ്ങൾ നോക്കാം.

1. ഡയഫ്രാഗ്‌മാറ്റിക് ബ്രീതിങ്ങ്

ADVERTISEMENT

നന്നായി നിവർന്ന് ഇരിക്കുകയോ കിടക്കുകയോ ചെയ്യുക. എന്നിട്ട് ഒരു കൈ നെഞ്ചിലും മറ്റേ കൈ വയറ്റിലും വയ്ക്കുക. ഇനി സാവകാശം മൂക്കിലൂടെ ശ്വാസം അകത്തേക്ക് വലിക്കാം. ഈ സമയത്ത് നെഞ്ച് അതേപടി നിൽക്കുകയും വയറുഭാഗം വികസിക്കുകയും ചെയ്യണം. ഇനി സാവകാശം വായിലൂടെ ശ്വാസം പുറത്തേക്ക് വിടാം.

2. പെഴ്സ്ഡ് ലിപ് ബ്രീതിങ്ങ്

ADVERTISEMENT

സാവകാശം രണ്ടു വരെ മനസിൽ എണ്ണി മൂക്കിലൂടെ ശ്വാസം ഉള്ളിലേക്ക് വലിക്കാം. എന്നിട്ട് പതുക്കെ നാല് വരെ എണ്ണി വായു പുറത്തേക്ക് വിടാം. ചുണ്ടുകൾ കൂർപ്പിച്ചു പിടിച്ച് ഒരു മെഴുകുതിരി ഊതി കെടുത്തും പോലെ വേണം ശ്വാസം പുറത്തേക്ക് കളയാൻ.

3. ബോക്സ് ബ്രീതിങ്ങ്

മനസിൽ ഒരു ബോക്സ് സങ്കൽപ്പിക്കുക അതിന്റെ ബിന്ദുക്കളെ എ,ബി,സി,ഡി എന്നു വിളിക്കാം. അതിന്റെ ഒരു വശത്തെ ബിന്ദുവിൽ നിന്ന് ( എ മുതൽ ബി വരെ) അടുത്തതിലേക്ക് എന്ന് സങ്കൽപ്പത്തിൽ നാലു വരെ മനസിൽ എണ്ണിക്കൊണ്ട് ശ്വാസം അകത്തേക്ക് വലിക്കാം. ശേഷം ബി മുതൽ സി വരെയുള്ള സമയത്ത് നാലു വരെ എണ്ണി ഉള്ളിലേക്ക് എടുത്ത ശ്വാസം പിടിച്ചു വയ്ക്കാം. ഇനി സി മുതൽ ഡി വരെ നാലു വരെ എണ്ണി ശ്വാസം പുറത്തേക്ക് വിടുക. അവസാനമായി ഡി മുതൽ എ വരെ  അതേപടി തുടരാം. വീണ്ടും എ മുതൽ ബി വരെ ശ്വാസം അകത്തേക്ക്...

4. 4–7–8 എന്ന് രീതി

മനസിൽ നാലു വരെ എണ്ണി പതിയെ മൂക്കിലൂടെ ശ്വാസം അകത്തേക്ക് വലിച്ചെടുക്കുക. അകത്തേക്ക് എടുത്ത ശ്വാസത്തെ 7 വരെ എണ്ണുന്ന സമയം വരെ പിടിച്ചു നിർത്തുക. എന്നിട്ട് എട്ടു വരെ  എണ്ണിക്കൊണ്ട് ശക്തിയായി വായിലൂടെ ശ്വാസം പുറത്തേക്ക് വിടാം.

കഴിയുന്നതും ഈ ശ്വസന രീതികളിൽ ഏതെങ്കിലും ഒന്നോ രണ്ടോയെങ്കിലും സ്ഥിരമായി ചെയ്യാൻ ശ്രമിക്കുക. ഒരു ദിവസത്തിൽ പല തവണകളിലായി 5–10 മിനിറ്റോളം ഇവ ചെയ്യുന്നതാണ് നല്ലത്. ആയാസകരമായി ഇരുന്നോ കിടന്നോ ഇവ ചെയ്യാം. ഇരുന്നു ചെയ്യുമ്പോൾ തോളുകൾ ബലമായി ചെവിയിലേക്ക് ഉയർത്തി പിടിക്കാതെ റിലാക്സ്ഡായി വയ്ക്കുക. ഇവ ചെയ്യുന്നതിനിടെ എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാലോ തല കറങ്ങിയാലോ ഉടനെ നിർത്തി സ്വാഭാവികമായി ശ്വസിക്കുക.

ADVERTISEMENT