മിക്കവാറും വയറു നിറച്ച് ആഹാരം കഴിക്കുന്നുണ്ട്, അത്യാവശ്യം നടപ്പും മറ്റുമുണ്ട് എന്നിട്ടും കുറച്ചു നാളായി തളർച്ച, ക്ഷീണം, കൈവിറയൽ, ഓർമക്കുറവ്, നാവിന് വീക്കം എന്നിവ വരുന്നുണ്ടോ? പല ലക്ഷണങ്ങളും കാര്യമായി ബാധിക്കാത്തതു കൊണ്ട് അതങ്ങു മാറും എന്നും കരുതിയിരിപ്പാണോ? എന്നാൽ അങ്ങനെ കരുതാൻ വരട്ടേ... പലപ്പോഴും ഈ ക്ഷീണത്തിനു പിന്നിൽ വൈറ്റമിൻ ബി12ന്റെ അഭാവമാകാം കാരണം. ഇതു കൃത്യമായി ചികിത്സിക്കാതെ വിട്ടാൽ നാഡീവീക്കത്തിലേക്കും ന്യൂറോളജിക്കൽ പ്രശ്നത്തിലേക്കും ആകും നമ്മൾ ചെന്നെത്തുക.
കൂടുതലും വീഗൻ ഡയറ്റും വെജിറ്റേറിയൻ ഡയറ്റും പാലിച്ചു പോരുന്നവരിലാണ് ഇത് കാണുന്നതെങ്കിലും അങ്ങനെ അല്ലാത്തവർക്കും വൈറ്റമിൻ ബി12ന്റെ കുറവു കൊണ്ടുള്ള പ്രശ്നങ്ങൾ ഇന്ന് കണ്ടുവരുന്നുണ്ട്.
എന്തൊക്കെ ലക്ഷണങ്ങൾ കണ്ടാലാണ് വൈറ്റമിൻ ബി12 ന്റെ അപാകതയാണോ എന്നു സംശയിക്കേണ്ടതെന്ന് നോക്കാം...
1. ന്യൂറോളജിക്കൽ പ്രശ്നങ്ങൾ
– കൈകാലുകളിൽ മരവിപ്പോ കുത്തലോ അനുഭവപ്പെടുക
– ബ്രെയിൻ ഫോഗ്. വേണ്ട വാക്കുകൾ കിട്ടാതിരിക്കുക, ഏകാഗ്രതയില്ലായ്മ എന്നിവയൊക്കെ തോന്നുന്ന അവസ്ഥ
– നടക്കാൻ ബുദ്ധിമുട്ട് തോന്നുക
– എല്ലാ കാര്യത്തിലും സംശയമേറുക
– മൂഡ് സ്വിങ്സ്
– വിഷാദഭാവം
– പിരിപിപ്പ്
2. ശാരീരിക പ്രശ്നങ്ങൾ
– കടുത്ത ക്ഷീണം
– ചർമം വിളറുകയോ മഞ്ഞച്ചോ വരിക
– വായ്പ്പുണ്ണ്
– നാവിന് വീക്കം തോന്നുക
3. മറ്റു പ്രശ്നങ്ങൾ
–കാഴ്ച്ചാ പ്രശ്നങ്ങൾ തോന്നുക
– ഹൃദയമിടിപ്പു കൂടുക
– മലബന്ധം/ വയറിളക്കം.
ഭക്ഷണത്തിൽ ആവശ്യത്തിന് മാംസം, മത്സ്യം എന്നിവയില്ലാത്തതോ ഇതിനു പകരമായി കഴിക്കാവുന്ന പാൽ, യോഗേട്ട്, സോയ് മിൽക്ക്, ബദാം മിൽക്ക്, ധാന്യങ്ങൾ തുടങ്ങിയവ ആവശ്യത്തിന് കഴിക്കാത്തതും വൈറ്റമിൻ ബി12ന്റെ അപാകത ഉണ്ടാക്കാം.
ഇങ്ങനെ എന്തെങ്കിലും തരത്തിലുള്ള സംശയങ്ങൾ തോന്നുന്നുണ്ടെങ്കിൽ വച്ചു താമസിപ്പിക്കാതെ ഉടനെ ഡോക്ടറെ കണ്ട് വേണ്ട പരിശോധനകൾ നടത്തുക. ആവശ്യമെങ്കിൽ സപ്ലിമെന്റുകളും മരുന്നും നിർദേശപ്രകാരം കഴിക്കുക.