‘കഫപ്രകൃതം ഉള്ളവർക്ക് പാലുൽപ്പന്നങ്ങളിൽ മോരാണ് നല്ലത്’; ആഹാരം കഴിക്കാം ശരീര പ്രകൃതി നോക്കി Preventive Health Ayurveda Diet
Mail This Article
രോഗം വന്നതിനുശേഷം ചികിത്സ തേടുന്നതിനേക്കാൾ നല്ലത് രോഗങ്ങളൊന്നും വരാതെ നോക്കുന്നതല്ലേ. ആരോഗ്യസംരക്ഷണത്തിന്റെ നെടുംതൂണുകളായി പൊതുവെ പറയപ്പെടുന്ന ആഹാരം, വ്യായാമം, ഉറക്കം തുടങ്ങിയ കാര്യങ്ങളിൽ കഴിയുന്നത്ര ചിട്ടകൾ പാലിച്ചുകൊണ്ടാണ് ഇതു സാധ്യമാക്കേണ്ടത്.
ഈ വിഷയങ്ങളിൽ ഏറ്റവും അധികം പ്രാധാന്യം കൊടുക്കാറുള്ളത് ആഹാരത്തിനാണ്. ആയുർവേദം നിർദേശിക്കുന്ന പൊതുവായ ആഹാരശീലങ്ങൾ ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്.
പക്ഷേ, വ്യക്തികളുടെ ശാരീരിക പ്രത്യേകതകളനുസരിച്ച് ഇതിൽ എന്തൊക്കെ മാറ്റങ്ങൾ വേണമെന്നും ഏതു തരം ആഹാരങ്ങളാണ് ഓരോ തരം ആളുകൾക്കും ആരോഗ്യകരം എന്നുമുള്ളത് അത്രയധികം പൊതു ധാരണയില്ലാത്ത കാര്യമാണ്. ഇതു മനസ്സിലാക്കുന്നതു രോഗസാധ്യത കുറയ്ക്കാനും ആരോഗ്യ ജീവിതം സ്വന്തമാക്കാനും സഹായിക്കും.
വ്യക്ത്യധിഷ്ഠിതമായ പോഷണം (nutrigenomics) എന്നത് ആധുനിക പോഷണ ശാസ്ത്രത്തിൽ പുതിയ ആശയമാണെങ്കിലും ആയുർവേദത്തിന്റെ അടിസ്ഥാന സമീപനം തന്നെ ഇതിൽ കേന്ദ്രീകൃതമാണ്.
എന്താണു ശരീരപ്രകൃതി?
വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങളുടെ സന്തുലനാവസ്ഥയിൽ പല തരത്തിലുള്ള മാറ്റങ്ങൾ വരാം. ഒരോ വ്യക്തിയുടെയും ശരീരത്തിലെ ഈ ഏറ്റക്കുറവുകൾ അടിസ്ഥാനമാക്കിയാണ് ഇന്ന ശരീരപ്രകൃതി എന്നു പറയുന്നത്. ത്രിദോഷങ്ങളിൽ എതെങ്കിലും ഒന്നു കൂടി നിൽക്കുകയോ ഒന്നിലധികം ദോഷങ്ങൾ അധികരിക്കുകയോ ചെയ്യുന്ന സ്ഥിതി ഉണ്ടാകാം.
വാത പ്രകൃതി, പിത്ത പ്രകൃതി, കഫ പ്രകൃതി, വാതപിത്ത പ്രകൃതി, കഫപിത്ത പ്രകൃതി, വാതകഫ പ്രകൃതി, വാതപിത്തകഫ പ്രകൃതി എന്നിങ്ങനെ പൊതുവേ ഏഴുതരം പ്രകൃതികളായാണു തരം തിരിക്കാറുള്ളത്. ശാരീരികവും മാനസികവുമായ ചില ലക്ഷണങ്ങൾ വച്ചാണ് ഇത് നിർണയിക്കേണ്ടത്. ദോഷങ്ങളുടെ വ്യത്യസ്ത ചേർച്ചകളനുസരിച്ച് ഈ ലക്ഷണങ്ങളിലും വ്യത്യാസം വരാം.
ആളുകളുടെ ശാരീരിക, മാനസിക സ്വഭാവങ്ങൾ നിരന്തരം നിരീക്ഷിച്ചു മാത്രമേ ഏതുതരം പ്രകൃതിയാണെന്നു പറയാനാകൂ.
ഓരോ ശരീര പ്രകൃതിക്കും അതുമായി ബന്ധപ്പെട്ട ചില രോഗങ്ങൾ വരാനുള്ള സാധ്യതയുണ്ട്. ശരീരപ്രകൃതിയെക്കുറിച്ച് സാമാന്യധാരണ ഉണ്ടെങ്കിൽ അതിനനുസരിച്ചുള്ള കരുതലുകളെടുക്കാം. ജീവിതശൈലിയി ൽ മാറ്റം വരുത്താം. രോഗസാധ്യതയെ തടയുന്ന വ്യായാമങ്ങൾ ശീലിക്കാം.
വാതപ്രകൃതിക്കാർക്കു വാത ദൃഷ്ടിയുണ്ടാകാനുള്ള സാധ്യതകളും പിത്ത പ്രകൃതിക്കാർക്ക് പിത്ത ദൃഷ്ടിയുണ്ടാകാനുള്ള സാധ്യതയും കഫ പ്രകൃതിക്കാർക്ക് കഫദൃഷ്ടിയുണ്ടാകാനുള്ള സാധ്യതയും കൂടുതലായതിനാൽ ആഹാരശീലങ്ങളിലും ഈ അറിവ് പ്രയോജനപ്പെടുത്താം.
വാതപ്രകൃതി
ദഹനപഥത്തിന്റെ ചലനം സ്വാഭാവികമായിത്തന്നെ കുറവായതിനാൽ ചലനത്തെ സന്തുലനാവസ്ഥയിൽ നിലനിർത്തുന്ന വിഭവങ്ങൾ ആവശ്യമാണ്.
കഴിക്കാവുന്നത്: കഴിക്കുന്നതിലെല്ലാം ജലാംശമോ നെയ്യിന്റെ അംശമോ ഉണ്ടാകുന്നതു നല്ലതാണ്. തവിടോടു കൂടിയ ധാന്യങ്ങളാണു കൂടുതലും കഴിക്കേണ്ടത്. മധുരം, പുളി, ഉപ്പ് എന്നീ രസങ്ങളാണ് അനുയോജ്യം. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കാം. കായം, മല്ലി, ജീരകം എന്നിവ ആഹാരങ്ങളിൽ ഉൾപ്പെടുത്തണം.
ഒഴിവാക്കേണ്ടത്: ദഹിക്കാൻ ഏറെ സമയമെടുക്കുന്നതും ദഹനക്കേടുണ്ടാക്കുന്നതുമായ വിഭവങ്ങൾ, മൈദ ചേർന്നപലഹാരങ്ങൾ, കയ്പ്പുള്ള പച്ചക്കറികൾ, കാബേജ്, കോളിഫ്ലവർ, കടല, കിഴങ്ങ്.
പിത്ത പ്രകൃതി
ഇത്തരക്കാരിൽ ഉപാപചയപ്രവർത്തനങ്ങളുടെ നിരക്ക് കൂടുതലായതിനാൽ അതിന് അനുയോജ്യമായ ആഹാരം ആവശ്യമാണ്.
കഴിക്കാവുന്നത്: കയ്പ്, മധുരം, ചവർപ്പ് എന്നീ രസങ്ങൾ അനുയോജ്യം. പഴങ്ങൾ, പച്ചക്കറികൾ, പയർ, സോയാ ബീ ൻ, വെള്ളരി, മത്തൻ, കുമ്പളം, കാബേജ്, കോളിഫ്ലവർ, പടവലം, ഉരുളക്കിഴങ്ങ്, മല്ലി, ചെറുപയർ, ചെറുധാന്യങ്ങൾ, ചെറുപയർ മുതലായവ.
ഒഴിവാക്കേണ്ടവ: കൂടുതൽ എരിവ്, പുളി, ഉപ്പ്, അച്ചാറുക ൾ, മസാല, ഉഴുന്ന്, വെളുത്തുള്ളി, കോഴിയിറച്ചി, വറുത്തതും പൊരിച്ചതുമായ ഭക്ഷണം, ചായ, കാപ്പി, മുളക്, വഴുതന മുതലായവ.
കഫ പ്രകൃതി
ഉപാപചയ നിരക്കു കൂടുതലായതിനാൽ കാലറി നിലവാരം കൂടുതലുള്ള ആഹാരങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്.
കഴിക്കാവുന്നത്: പയർ വർഗങ്ങൾ കൂടുതലായി ആഹാരത്തിൽ ഉൾപ്പെടുത്താം. ധാന്യങ്ങൾ കുറവ് മതി.
തവിടോടു കൂടിയ ചെറുധാന്യങ്ങൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. എരിവ്, കയ്പ്, ചവർപ്പ് എന്നിവ അനുയോജ്യം. പാലുൽപ്പന്നങ്ങളിൽ മോരു കൂടുതൽ നല്ലത്. മലർ, ഇഞ്ചി, കുരുമുളക്, കോഴിയിറച്ചി, ആട്ടിറച്ചി.
ഒഴിവാക്കേണ്ടത്: ഉഴുന്ന്, നേന്ത്രപ്പഴം, സവാള, മത്സ്യം, പാ ൽ, തൈര്, മധുരം, ഉപ്പ്, പുളി എന്നിവ മിതമായ രീതിയി ൽ ഉപയോഗിക്കുക. തവിട് നീക്കം ചെയ്ത അരി, ബ്രെഡ് എന്നിവ നല്ലതല്ല. ഇവ കഴിയുന്നത്ര ആഹാരത്തിൽ ഉൾപ്പെടുത്താതിരിക്കാൻ ശ്രമിക്കുക.
ആഹാരത്തിൽ ശ്രദ്ധിക്കാം
ദഹനശേഷി, ശരീരകോശങ്ങളുടെ ആവശ്യകത എന്നിവയനുസരിച്ച് ഓരോ പ്രായത്തിലും ആഹാരത്തിന്റെ തരത്തിലും മാറ്റം വരുത്തേണ്ടി വരാം.
ചെറിയ കുട്ടികളിലും മുതിർന്നവരിലും പൊതുവെ ദ ഹനശേഷി കുറവായതുകൊണ്ട് എളുപ്പം ദഹിക്കുന്നതും എന്നാൽ പോഷകമൂല്യമുള്ളതുമായ ആഹാരങ്ങളാണ് നല്ലത്. ജലാംശം കൂടുതലുണ്ടാകുന്നതാണ് ഉചിതം.
കൗമാരക്കാരുടെ ആഹാരത്തിൽ ധാതുലവണങ്ങളുടെ അളവ് കൂടുതലായിരിക്കണം. ആർത്തവ വിരാമത്തോടടുത്ത സ്ത്രീകളുടെ ആഹാരത്തിൽ കാൽസ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയവയുടെ അളവു കൂടുതലായിരിക്കണം. പൊതുവെ പഴങ്ങളും പച്ചക്കറികളും നന്നായി കഴിക്കാൻ നിർദേശിക്കാവുന്നതാണ്. ധാന്യങ്ങളുടെ തവിടിൽ ധാരാളം ധാതുലവണങ്ങളടങ്ങിയതിനാൽ തവിടോടെയുള്ള ധാന്യങ്ങൾ കഴിക്കാം.
ഇത്തരത്തിൽ ഓരോരുത്തരുടെയും ശരീര പ്രകൃതിക്കിണങ്ങിയ ആഹാരശീലങ്ങൾ ഉറപ്പു വരുത്താൻ സാധിച്ചാൽ പോഷണ വൈകല്യങ്ങളാൽ ഉണ്ടാകാനിടയുള്ളതും ശാരീരിക ഘടകങ്ങളുടെ അസന്തുലനം കൊണ്ടു ബാധിക്കാവുന്നതുമായ നിരവധി രോഗങ്ങളെ പ്രതിരോധിക്കാൻ നമുക്കു സാധിക്കും.
