ADVERTISEMENT

ചുട്ടുപൊള്ളുന്ന വെയിലെന്നൊക്കെ പറയുമ്പോഴും നമ്മിൽ പലർക്കും ഒരു കുട പിടിച്ചൊ തൊപ്പി വെച്ചോ ഇടയ്ക്കിടെ ജ്യൂസ് കുടിച്ചോ ഒക്കെ വെയിലിന്റെ ആഘാതം ഒരു പരിധി വരെ ചെറുക്കാനാകും. എന്നാൽ ഇതിനു പോലും സാധിക്കാതെ വെയിലത്തു വാടിപ്പോകുന്ന ചിലർ നമ്മുടെ വീടുകളിലുണ്ട്– ഓമനിച്ചു വളർത്തുന്ന അരുമമൃഗങ്ങൾ. വേനലിന്റെ ആഘാതം ഏറ്റു തുടങ്ങിയാൽ പോലും അവയ്ക്ക് മിണ്ടാൻ പോലുമാകില്ല, അതുകൊണ്ട് തന്നെ കണ്ടറിഞ്ഞു പ്രവർത്തിക്കേണ്ടതുണ്ട്. 

വേനൽ കടുക്കുമ്പോൾ വളർത്തുമൃഗങ്ങളുടെ ശ്രദ്ധയുടെ കാര്യത്തിലും ചില ‘എക്സ്ട്രാ’ കരുതലുകൾ നമുക്കെടുക്കാം...

ADVERTISEMENT

1. പലയിടത്തായി പല വെള്ളപ്പാത്രങ്ങൾ

വീട്ടിലെ അരുമ മൃഗങ്ങൾക്ക് വേനൽ കാലത്ത് ഏറ്റവും വേണ്ടത് ആവശ്യത്തിന് ജലാംശം ശരീരത്തിനകത്തേക്ക് എത്തുക എന്നതാണ്. ഇക്കാര്യം ഉറപ്പിക്കാനായി വീടിന്റെ പലയിടത്തായി വെള്ളപ്പാത്രങ്ങൾ നിറച്ചു വയ്ക്കാം. ഇതു കൂടാതെ ഐസിട്ട വെള്ളം ഇടയ്ക്ക് കൊടുക്കാം, തണുത്ത പഴങ്ങളും മറ്റും കഴിക്കുന്നവയ്ക്ക് അതും നൽകാം.

ADVERTISEMENT

2. തണുപ്പിക്കാനുള്ള മാർഗങ്ങൾ

വീട്ടിനകത്തു മാത്രം വളർത്തുന്ന മൃഗങ്ങൾക്ക് ഫാനും ഏസിയും ഇട്ടു കൊടുക്കാം. കിടക്കാനായി നനഞ്ഞ ടവൽ വിരിച്ചു കൊടുക്കുന്നതും ഇടയ്ക്കിടയ്ക്ക് നനഞ്ഞ ടവൽ കൊണ്ട് അവരെ തുടച്ചെടുക്കുന്നതും നല്ലതാണ്.

ADVERTISEMENT

പുറത്തു പോകുന്ന മൃഗങ്ങൾക്കായി തണലിടങ്ങൾ സൃഷ്ടിക്കുക. അവയ്ക്ക് സുരക്ഷിതമായി കിടക്കാനും തിരിയാനും നടക്കാനും പാകത്തിനുള്ളതാവണം ഈയിടങ്ങൾ.

3. അധികരോമം മാറ്റാം

കൃത്യമായി മൃഗങ്ങളുടെ ദേഹമാകെ ചീകിക്കൊടുക്കാം.. അമിതമായി അടിഞ്ഞു കൂടിയ രോമം കാരണം ചൂടുകൂടുന്ന അവസ്ഥ കുറയ്ക്കാൻ ഇതു സഹായിക്കും.. അതിനായുള്ള ചീപ്പു കൊണ്ടു വേണം ചീകാൻ.

എന്നാൽ ചൂടു നന്നായി കുറയട്ടേ എന്നു കരുതി രോമം മുഴുവൻ വടിച്ചു മാറ്റുകയും അരുത്. രോമങ്ങളാണ് അവയെ സൂര്യാഘാതത്തിൽ നിന്നും സംരക്ഷിക്കുന്നതെന്ന് ഓർക്കാം.

4. രാവിലെയും വൈകുന്നേരവും മാത്രം നടത്തം

അരുമ മൃഗങ്ങളുമായി നടക്കാനിറങ്ങുന്നവർ നാട്ടിലെ കാലാവസ്ഥ അനുസരിച്ച് രാവിലെ 9 മണിക്കു മുൻപും വൈകുന്നേരം ആറിനു ശേഷവും ഒക്കെ പുറത്തിറങ്ങുന്നതാകും ഉത്തമം. അതല്ലെങ്കിൽ നടക്കാനിറങ്ങും മുൻപ് മണ്ണിലോ നടക്കുന്ന വഴിയിലോ ഒന്ന് തൊട്ട് നോക്കുക. നിങ്ങളുടെ കൈ പൊള്ളുന്നെങ്കിൽ അവരുടെ കാലുകളും പൊള്ളും. അത്തരം അവസരങ്ങളിലുള്ള നടത്തം തീർത്തും ഒഴിവാക്കാം.

5. സൂര്യാഘാതത്തിന്റെ ലക്ഷണങ്ങൾ തിരിച്ചറിയാം

petcareinsummer02

അമിതമായി ശ്വസിക്കുക, ഹൃദയമിടിപ്പ് വല്ലാതെ കൂടുക, തലകറക്കം, ഛർദ്ദി മുതലായ ലക്ഷണങ്ങൾ മൃഗങ്ങളിൽ കണ്ടാൽ ഉടൻ തന്നെ അവയെ തണലത്തേക്ക് മാറ്റി വെള്ളം നൽകിയ ശേഷം എത്രയും വേഗം ഒരു മൃഗഡോക്ടറുടെ അടുത്ത് എത്തിക്കുക.

6. പെറ്റ് സൺസ്ക്രീൻ

നേരിയ രോമം മാത്രമുള്ള മൃഗങ്ങൾക്ക് എളുപ്പം സൂര്യാഘാതമേൽക്കാനുള്ള സാധ്യതയുണ്ട്. അവയ്ക്കായി ഡോക്ടറുടെ നിർദേശപ്രകാരം പെറ്റ് സൺസ്ക്രീനുകൾ വാങ്ങി പുരട്ടി കൊടുക്കാം.

7. ആളില്ലാതെ കാറിൽ ഇരുത്തരുത്

പെട്ടന്നൊരു സാധനം വാങ്ങി വരാനാണെങ്കിൽ പോലും അരുമ മൃഗത്തെ കാറിൽ തനിച്ചാക്കി പോകരുത്. കാറിന്റെ ചില്ലുകൾ ചെറുതായി തുറന്നിട്ടാൽ പോലും അതിനകത്തെ ചൂട് എളുപ്പം കൂടും. അത് മൃഗങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് ഓർക്കാം.

English Summary:

Pet summer care is crucial as animals can suffer from heatstroke and dehydration. Taking extra precautions like providing ample water, creating cool environments, and avoiding peak sun hours can ensure your pets stay safe and comfortable during hot weather.

ADVERTISEMENT