പുകവലിക്കുന്നതേ നല്ല ശീലമല്ല. അതു ശരീരത്തിന് അടിമുടിയുണ്ടാക്കുന്ന കേടുപാടുകൾ വളരെ വലുതാണ്. അങ്ങനെയിരിക്കെ വേനൽക്കാലത്ത് പുകവലിച്ചാലോ? കഠിനമായ ചൂടിനൊത്ത് പുകവലിയും കൂടിയാകുമ്പോൾ
നിങ്ങൾ നിങ്ങൾക്കുള്ള ശവപ്പെട്ടി പണികഴിപ്പിക്കുന്നതിനു തുല്യമായി മാറും അത്. ചൂടുകാലത്ത് പുകവലിക്കുന്നവർ ശരീരത്തോട് ചെയ്യുന്ന ക്രൂരതകളുടെ ലിസ്റ്റ് നോക്കാം...
∙ ശരീരത്തിൽ നിർജ്ജലീകരണം കൂടുന്നു
പുകയിലയിലുള്ള നിക്കോട്ടിൻ ശരീരത്തിലെ ജലാംശത്തെ വളരെ വേഗത്തിൽ കുറച്ചു കളയുന്നുണ്ട്. ഇത് രക്തം കട്ടപിടിക്കുന്നതിലേക്കും അമിതമായ ക്ഷീണത്തിലേക്കുമാണ് നിങ്ങളെ കൊണ്ടെത്തിക്കുന്നത്. ചൂടുകാലത്ത് ശരീരം നന്നായി വിയർക്കുന്നതു വഴി ധാരാളം ജലം അങ്ങനെയും നഷ്ടപ്പെടും. ഇതു രണ്ടും കൂടിച്ചേരുന്നതോടെ പുകവലിക്കുന്നവർക്ക് മാറാത്ത ക്ഷീണത്തിന്റെ നാളുകളാകും മുന്നിൽ.
∙ ഹൃദയാഘാതം ക്ഷണിച്ചു വരുത്തുന്നു...
ചൂടുകാലമാകുമ്പോഴേക്കും ശരീരത്തെ ആകെ തണുപ്പിക്കാനായി ഹൃദയം സ്വതവേ കൂടുതൽ രക്തം പമ്പ് ചെയ്യാറുണ്ട്. പുകവലിക്കുന്നൊരാളുടെ രക്തധമനികൾ എളുപ്പത്തിൽ ചുരുങ്ങിപ്പോകുകയും അയാളുടെ രക്തസമ്മർദ്ദം അതോടെ ഉയരുകയും ചെയ്യുന്നു. ഒരു രസത്തിനോ സമ്മർദ്ദം കുറയ്ക്കാനെന്ന പേരിലോ ഒക്കെ വലിക്കുന്ന ഓരോ സിഗരറ്റും ഹൃദയാഘാത സാധ്യത കൂട്ടുന്നുണ്ട് എന്നോർക്കാം.
∙ സൂര്യാഘാത സാധ്യത കൂടും
പുകവലിക്കുന്നൊരാളുടെ ശരീര താപനില പൊതുവേ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലായിരിക്കും.. വേനൽക്കാലം ആകുന്നതോടെ ശരീരത്തിന്റെ ആന്തരിക താപനില നിയന്ത്രിച്ചു നിർത്താനുള്ള കഴിവു വീണ്ടും കുറയും. അതുകൊണ്ട് തന്നെ മറ്റുള്ളവരെ അപേക്ഷിച്ച് പുകവലിക്കാർക്ക് താപാഘാത സാധ്യത കൂടുതലാകാനിടയുണ്ട്.
∙ ശ്വാസകോശത്തിന് ഓട്ടവയ്ക്കൽ
ചൂടുകാലം ആകുമ്പോഴേക്കു തന്നെ അന്തരീക്ഷത്തിലെ വരണ്ട വായു ശ്വസിച്ച് ശ്വാസകോശത്തിന് ബുദ്ധിമുട്ടുണ്ടാകുന്നുണ്ട്.. അതിനോടൊപ്പം പുകവലി കൂടിയാകുമ്പോഴേക്ക് ചൂടുള്ള പുക കൂടി അകത്തേക്കു ചെന്ന് ശ്വാസകോശത്തിന്റെ വായു അറകൾക്ക് സാരമായ കേടുപാടുകൾ വരും. ഇതോടെ ആസ്ത്മ പോലുള്ള പ്രശ്നങ്ങളും കൂടാൻ തുടങ്ങും.
പുകവലി ഉപേക്ഷിക്കാൻ ഏറ്റവും നല്ല സമയം ഈ വേനൽക്കാലമാണ്. ശരീരത്തെ പതിയെ ക്ഷയിപ്പിച്ചു കളയുന്ന ആ ശീലം ഇല്ലാതാക്കിയാൽ തന്നെ നിങ്ങൾക്ക് ആരോഗ്യകരമായ നാളെകൾ സ്വന്തമാകും. സ്വയം സാധിക്കുന്നില്ലെങ്കിൽ പുകവലി നിർത്താൻ ഒരു പൾമനോളജിസ്റ്റിന്റെ സഹായം തേടാം.