ADVERTISEMENT

അപ്രതീക്ഷിതമായി ആർക്കു വേണമെങ്കിലും സംഭവിക്കാവുന്നതാണ് പാമ്പ് കടിയേൽക്കുക എന്നത്. പാമ്പ് വിഷത്തിന് ഇന്ന് ഫലപ്രദമായ ചികിത്സ ലഭ്യമാണെങ്കിലും മരണം സംഭവിക്കുന്നതിന്റെ പ്രധാന കാരണം ചികിത്സ വൈകുന്നതും പ്രഥമ ശുശ്രൂഷയിലെ അപാകതകളുമാണ്. വിഷപ്പാമ്പിന്റെ കടിയേറ്റാൽ കുറഞ്ഞത് നാലുമണിക്കൂറിനുള്ളിൽ മറുമരുന്ന് കുത്തിവയ്ക്കണം. വൈകുംതോറും മരണസാധ്യത കൂടും. 

പാമ്പുകടി ഏൽക്കാതിരിക്കാൻ

ADVERTISEMENT

ഏറ്റവും നല്ലത് പാമ്പുകടി ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയെന്നതാണ്. രാത്രികാലങ്ങളിലാണ് കൂടുതലും കടിയേൽക്കുന്നത്. ടോർച്ച് ഉപയോഗിച്ചാൽ അപകടസാധ്യത കുറയും, കാടു പിടിച്ച പ്രദേശത്തു പകൽ നടക്കേണ്ടി വന്നാലും ബൂട്ട് ഉപയോഗിക്കുക. ചൂടുകാലത്ത് ജനലുകള്‍ തുറന്നിട്ട് ഉറങ്ങാതിരിക്കുക. വീടിനു പുറത്തിട്ടിരിക്കുന്ന ഹെല്‍മറ്റ്, ഷൂസ് എന്നിവയെല്ലാം നന്നായി പരിശോധിച്ച ശേഷം ഉപയോഗിക്കുക. 

പ്രഥമശുശ്രൂഷ ഏറ്റവും പ്രധാനം

ADVERTISEMENT

പാമ്പു കടിയേറ്റാൽ നിങ്ങൾ എന്തു ചെയ്യുന്നു എന്നതും എന്തു ചെയ്യാതിരിക്കുന്നു എന്നതും രോഗിയുടെ ജീവൻ രക്ഷിക്കുകയോ അപായപ്പെടുത്തുകയോ ചെയ്യാം. അനാവശ്യ ടെൻഷൻ (ഭീതി) ഒഴിവാക്കുകയെന്നതാണ് ഏറ്റവും പ്രധാനം. മിക്കപ്പോഴും വിഷമില്ലാത്ത പാമ്പിന്റെ കടിയാവും. വിഷമുള്ള പാമ്പാണെങ്കിലും ടെൻഷനുണ്ടായാൽ ഹൃദയമിടിപ്പും രക്തസമ്മർദവും കൂടുകയും വിഷം പെട്ടെന്ന് ശരീരത്തിൽ വ്യാപിക്കാനും മരണം സംഭവിക്കാനും കാരണമാവുകയും ചെയ്യും. സമചിത്തതയോടെ, ടെൻഷനില്ലാതെ പാമ്പിൻ വിഷത്തിന് ചികിത്സ ഉള്ള ആശുപത്രിയിലെത്തുകയാണ് വേണ്ടത്. 

പ്രഥമ ശുശ്രൂഷ: ചെയ്യേണ്ടതും ചെയ്യരുതാത്തതും 

ADVERTISEMENT

ചെയ്യരുതാത്തവ

∙ കാലിലോ കയ്യിലോ ആണ് സാധാരണ കടി ഏൽക്കാറ്. കടിയേറ്റ ഭാഗത്തിനു മുകളിലായി ചരടുകൊണ്ടോ തുണി കൊണ്ടോ കെട്ടുക. വിഷം വ്യാപിക്കാതിരിക്കാൻ സഹായിക്കും. പ്രഥമശുശ്രൂഷയുടെ ആദ്യപടിയായി അങ്ങനെ ചെയ്യാൻ ഡോക്ടർമാർ ആവശ്യപ്പെടാറുമുണ്ട്. അങ്ങനെ ചെയ്യുമ്പോൾ അരമണിക്കൂർ ഇടവിട്ട് കെട്ട് അഴിച്ച് കാലിലേക്കുള്ള രക്തയോട്ടം സുഗമമാക്കണം. ഇല്ലെങ്കിൽ രക്തയോട്ടത്തിന് തടസം നേരിട്ട് കാലിൽ ഗാൻഗ്രീൻ ഉണ്ടാകാം. കാലു തന്നെ മുറിച്ചു മാറ്റേണ്ടതായും വരാം. അതുകൊണ്ട് അങ്ങനെ കെട്ടുന്നത് ഒഴിവാക്കുന്നതാണു നല്ലതെന്നാണ് പുതിയ വെളിപ്പെടുത്തൽ.

∙ മുറിവിൽ പേസ്റ്റ്, പച്ചിലകൾ എന്നിവ തേക്കാൻ പാടില്ല. 

∙ ബ്ലേഡ്, കത്തി എന്നിവ കൊണ്ട് മുറിവുണ്ടാക്കുകയോ വായ് കൊണ്ട് മുറിവിൽ നിന്ന് വിഷം വലിച്ചെടുക്കുകയോ പാടില്ല. 

∙ പാമ്പിനെ തിരിച്ചറിയാൻ വേണ്ടി അതിനെ സഞ്ചിയിലാക്കി കൊണ്ടുവരേണ്ടതില്ല. നമ്മുടെ നാട്ടിൽ വിഷമുള്ള നാല് ഇനം പാമ്പുകളുടെയും വിഷത്തിനെതിരെ പ്രവർത്തിക്കുന്ന വാലന്‍റ്റ് മരുന്നാണ് ഇന്നു നൽകുന്നത്. 

∙ വാഹനത്തിൽ കൊണ്ട് പോവുമ്പോൾ മലർത്തി കിടത്തുന്നത് ഒഴിവാക്കുക. തല ചെരിച്ച് വച്ച് വശങ്ങളിലേക്ക് തിരിച്ചു കിടത്തുകയാവും നന്നാവുക. വിഷബാധ ഉണ്ടെങ്കിൽ ഛർദ്ദിക്കാനുള്ള സാധ്യതയുണ്ട്. മലർന്ന് കിടന്ന് യാത്ര ചെയ്യുമ്പോൾ ഛർദ്ദിച്ചാൽ ആമാശയത്തിൽ നിന്ന് വരുന്ന ഭക്ഷണ വസ്തുക്കൾ ശ്വാസനാളി വഴി ശ്വാസകോശത്തിലേക്ക് പോകാനുള്ള സാധ്യതയുണ്ട്. അതുപോലെ നാഡീവ്യവസ്ഥയെ ബാധിക്കുന്ന വിഷം ആണെങ്കിൽ നാവിന്റെയും തൊണ്ടയുടെയും ചലനങ്ങളെ ബാധിക്കും. മലർത്തികിടത്തിയാൽ നാവ് മൂലം ശ്വാസ തടസ്സം ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. 

∙  ആശുപത്രിയിലേക്ക് പോകാനായി ഇരുചക്ര വാഹനങ്ങൾ മാത്രമേ ഉള്ളൂ എങ്കിൽ രണ്ടുപേർക്കിടയിൽ ഇരുത്തി മാത്രമേ കൊണ്ടു പോകാവൂ. 

 ∙ മദ്യപിക്കുകയോ, പുകവലിക്കുകയോ ആഹാരം കഴിക്കുകയോ ചെയ്യാൻ പാടില്ല. മദ്യവും പുകയിലയിലെ നിക്കോട്ടിനും രക്തക്കുഴലുകളെ വികസിപ്പിച്ച് വിഷം വളരെ പെട്ടെന്ന് രക്തത്തില്‍ കലരാന്‍ കാരണമാകും. ചായയിലും കാപ്പിയിലും അടങ്ങിയിരിക്കുന്ന കഫീനും ഇതേ പോലെ പ്രവര്‍ത്തിക്കും. 

∙ കടിയേറ്റ ഭാഗത്ത് മുറിവുണ്ടാക്കി രക്തം ഒഴുക്കിക്കളയാൻ ശ്രമിക്കരുത്. അണലി വർഗത്തിലുള്ള പാമ്പുകളുടെ കടിയേറ്റാൽ രക്തം കട്ടപിടിക്കാനുള്ള ശേഷി നഷ്ടപ്പെടാം. മുറിവ് ഉണ്ടാക്കിയാൽ ഭീമമായ രക്ത നഷ്ടമായിരിക്കും ഫലം. 

∙  മുറിവിൽ നിന്നും രക്തം വായ കൊണ്ട് വലിച്ചെടുത്ത് തുപ്പിക്കളയാൻ ശ്രമിക്കരുത്. വിഷം വലിച്ചെടുക്കുന്ന വ്യക്തിക്ക് ചിലപ്പോൾ വിഷബാധ ഏല്‍ക്കാം.

∙ ഏതെങ്കിലും തരത്തിലുള്ള പച്ചമരുന്നുകളോ ഇലകളോ വച്ചുകെട്ടാനോ കഴിക്കാനോ പാടില്ല. ഇങ്ങനെ വച്ചുകെട്ടിയാൽ അണുബാധ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു. 

∙  മുറിവിൽ ഐസ് ഉപയോഗിക്കാൻ പാടില്ല. 

∙  തീ കൊണ്ട് പൊള്ളലേല്‍പ്പിക്കാന്‍ പാടില്ല. 

∙ വിഷക്കല്ല് വയ്ക്കുക, പച്ചമരുന്നു കഴിച്ചു നേരം കളയുക തുടങ്ങിയ അശാസ്ത്രീയമായ കാര്യങ്ങൾക്കായി സമയം കളയരുത്. രക്തത്തിൽ കലർന്നിരിക്കുന്ന വിഷത്തെ നിർവീര്യമാക്കാൻ മാത്രമേ പ്രതിവിഷത്തിന് (ASV) സാധിക്കൂ.

∙  കടിയേറ്റ ഭാഗത്ത് മുറുകി കിടക്കുന്ന വസ്ത്ര ഭാഗങ്ങൾ ഉണ്ടെങ്കിൽ അഴിക്കുക. 

∙  കടിയേറ്റ കൈകാലുകളിൽ മോതിരം, വളകൾ, കൈത്തളകൾ, കാൽത്തളകൾ എന്നിങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ അഴിച്ചു വയ്ക്കുക. കാരണം കടിയേറ്റ ഭാഗം നീര് വെക്കാനുള്ള സാധ്യതയുണ്ട്. അങ്ങനെയുണ്ടായാൽ ഇവ പിന്നീട് അഴിച്ചെടുക്കാൻ ബുദ്ധിമുട്ടായിരിക്കും.

ചെയ്യേണ്ടവ

∙ കാലിൽ ആണ് പാമ്പ് കടിയേറ്റതെങ്കിൽ ഒട്ടും നടക്കരുത്. നടന്നാൽ രക്തയോട്ടം കൂടുകയും വിഷം ശരീരത്തിലേക്ക് പെട്ടെന്ന് വ്യാപിക്കുകയും ചെയ്യും. മിക്കവർക്കും ഈ കാര്യം അറിഞ്ഞുകൂടാ. നടക്കാതിരിക്കാൻ കാലിൽ ഒരു സ്പ്ലിന്റ് കെട്ടുന്നത് നന്നായിരിക്കും. 

∙ പാമ്പിൻ വിഷത്തിന് ചികിത്സ നൽകുന്ന ആശുപത്രിയിലേക്ക് എത്രയും പെട്ടെന്ന് എത്തുക.

പാമ്പിൻ വിഷം – ലക്ഷണങ്ങൾ

വിഷമുള്ള പാമ്പാണ് കടിച്ചതെങ്കിൽ ചില ലക്ഷണങ്ങൾ ശരീരത്തിൽ പ്രത്യക്ഷപ്പെടാം. അവ അറിഞ്ഞിരുന്നാൽ ചികിത്സ പെട്ടെന്ന് ആക്കാം. 

∙ തളർച്ച, ക്ഷീണം, ബോധം മറയൽ, കണ്ണുകൾ അടഞ്ഞു പോവുക, നടക്കാൻ ബുദ്ധിമുട്ടനുഭവപ്പെടുക എന്നിവയാണ് മൂർഖൻ കടിച്ചാലുണ്ടാവുക. ഞരമ്പുകളെയാണ് വിഷം ബാധിക്കുന്നത്. 

∙ അണലി പോലുള്ളവ കടിച്ചാൽ രക്തം കട്ടപിടിക്കാതെ വരും. തന്മൂലം മുറിവിൽ നിന്നു രക്തം പൊയ്ക്കൊണ്ടിരിക്കും. മൂക്കിൽ നിന്നും വായിൽ നിന്നും രക്തം വരുക, രക്തം ഛർദിക്കുക എന്നിവയുമുണ്ടാകും

മുകളിൽ സൂചിപ്പിച്ച ലക്ഷണങ്ങളിൽ ഏതെങ്കിലും പ്രത്യക്ഷപ്പെട്ടാൽ വിഷം ഉള്ള പാമ്പാണ് കടിച്ചതെന്ന് ഉറപ്പിക്കാം. 

അന്ധവിശ്വാസങ്ങള്‍: 

1. പാമ്പുകടിച്ചാല്‍ ഉറങ്ങാന്‍ പാടില്ല – യാതൊരു ശാസ്ത്രീയ അടിസ്ഥാനവും ഇതിനില്ല. പാമ്പു കടിയേറ്റ കുഞ്ഞിനെ ഉറങ്ങാന്‍ അനുവദിക്കാതെ വഴക്ക് പറഞ്ഞും ഭീതിപ്പെടുത്തിയും കരയിച്ചും കൊണ്ട് വരുന്നത് വിപരീതഫലം ചെയ്യും.

2. കടിച്ച പാമ്പിനെ കൊണ്ട് രണ്ടാമത് കടിച്ചാല്‍ വിഷമിറങ്ങും - കുറച്ചു കൂടി വിഷം ശരീരത്തില്‍ കയറിയേക്കാം, ചികിത്സ വൈകാം, പെട്ടെന്ന് മരണം സംഭവിക്കാം.

വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ. ടി. എം ഗോപിനാഥ പിള്ള

Understanding Snake Bites: Prevention and Immediate Actions:

Snake bite prevention is crucial as unexpected snake bites can happen to anyone, and prompt first aid and timely medical attention are key to survival. Effective treatment for snake venom is available, but delays in treatment and improper first aid significantly increase the risk of mortality.

ADVERTISEMENT