ADVERTISEMENT

50 കഴിഞ്ഞാൽ എല്ലുകൾ ദുർബലമാകുന്ന അവസ്ഥയും ഗർഭാശയ  പ്രശ്നങ്ങളും വരാം.  അൽപം കരുതലെടുത്താൽ ഇവ ഫലപ്രദമായി പ്രതിരോധിക്കാം...

ആർത്തവ വിരാമം ജീവിതാനന്ദങ്ങളുടെ അന്ത്യമല്ല എന്നറിയുന്നവരാണ് ഇന്നത്തെ സ്ത്രീകൾ. എന്നാൽ അതു സാധ്യമാകണമെങ്കിൽ ആരോഗ്യത്തിന്റെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ട്. ശരിയായ കരുതൽ ആണ്  ഊർജസ്വലമായ അൻപതുകളും അറുപതുകളും പിന്നീടുള്ള കാലവും സമ്മാനിക്കുന്നത്.

ADVERTISEMENT

ഓസ്റ്റിയോപൊറോസിസ്

ആർത്തവ വിരാമ ശേഷം സ്ത്രീകൾ കരുതിയിരിക്കേണ്ട അസുഖമാണ് ഓസ്റ്റിയോപൊറോസിസ്. പാരമ്പര്യം, പ്രായക്കൂടുതൽ തുടങ്ങി പല കാരണങ്ങൾ കൊണ്ടും ഓസ്റ്റിയോപൊറോസിസ് ഉണ്ടാകാമെങ്കിലും സ്ത്രീകളിൽ ആർത്തവ വിരാമത്തോടെ ഉണ്ടാകുന്ന ഹോർമോൺ കുറവുകൾ രോഗ സാധ്യത കൂട്ടുന്നു. വിറ്റാമിൻ ഡിയുടെ കുറവും ഓസ്റ്റിയോപൊറോസിസിനു കാരണമാണ്.

ADVERTISEMENT

അസ്ഥികളുടെ നിർമാണം കുറയുകയും എല്ലുകളുടെ സാന്ദ്രത നഷ്ടപ്പെട്ടു ദുർബലമാകുകയും എളുപ്പത്തിൽ ഒടിയുന്നതിനു കാരണമാകുകയും ചെയ്യുന്ന അവസ്ഥയാണ് ഓസ്റ്റിയോപൊറോസിസ്. നിസാരമായ വീട്ടു ജോലികൾ ചെയ്യുന്നതു പോലും ഒടിവുകൾക്കു കാരണമാകാം എന്നതാണു രോഗത്തെ നേരിടേണ്ടതിന്റെ പ്രാധാന്യം വർധിപ്പിക്കുന്നത്.

 എല്ലാ എല്ലുകളെയും ബാധിക്കാമെങ്കിലും ഇടുപ്പ്, നട്ടെല്ല്, കൈത്തണ്ട എന്നിവിടങ്ങളിലാണ് ഒടിവുകൾ കൂടുതലും ഉണ്ടാകുന്നത്. ഇടുപ്പിനുണ്ടാകുന്ന ഒടിവ് സങ്കീർണമാകാനും ജീവിതം ദുരിതമയമാകാനും കാരണമാകാം.  ഒടിവുകൾ വിട്ടുമാറാത്ത വേദനയ്ക്കും  വൈകല്യങ്ങൾക്കും ഇടയാക്കുകയും  ചെയ്യാം.

ADVERTISEMENT

 ലക്ഷണങ്ങളോ അസ്വസ്ഥതകളോ രോഗം വളരുന്ന ഘട്ടങ്ങളിൽ ഇല്ല എന്നതിനാൽ  പലപ്പോഴും ഓസ്റ്റിയോ പൊറോസിസ് ബാധിച്ച എല്ലുകൾ പൊട്ടുമ്പോഴോ ഒടിയുമ്പോഴോ ആയിരിക്കും രോഗം തിരിച്ചറിയുക.

 ആധുനിക രോഗ നിർണയ രീതികൾ  ഇവ നേരത്തേ കണ്ടെത്താൻ സഹായിക്കുന്നുണ്ട്. ശാരീരിക പരിശോധന, അസ്ഥികളുടെ എക്സ് റേ, ബോൺ ഡെൻസിയോമെട്രി തുടങ്ങിയ പരിശോധനകളിലൂടെ അറിയാം.

പരിഹാരം

ഓസ്റ്റിയോപൊറോസിസ് പൂർണമായി സുഖപ്പെടുത്താനാകില്ലെങ്കിലും രോഗം അധികരിക്കുന്നതിന്റെ വ്യാപ്തി കുറയ്ക്കാൻ കഴിയും. ഫിസിഷ്യൻ, ഓർത്തോപീഡിഷ്യൻ, ഗൈനക്കോളജിസ്റ്റ് എന്നിവരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ചകിത്സയാണ് ആവശ്യം. കാത്സ്യം, വിറ്റാമിൻ സപ്ലിമെന്റുകൾ, ഹോർമോൺ റീപ്ലേസ്മെന്റ് തെറപി തുടങ്ങിയ ചികിത്സാ രീതികൾ ഡോക്ടറുടെ നിർദേശപ്രകാരം സ്വീകരിക്കണം.

പ്രതിരോധം

പ്രതിരോധമാണ് ഓസ്റ്റിയോപൊറോസിസിൽ നിന്നും ര ക്ഷപെടാനുള്ള ഏറ്റവും  ഫലപ്രദമായ മാർഗം.  കാത്സ്യം, വൈറ്റമിൻ ഡി, മാംസ്യം എന്നിവ എല്ലുകളുടെയും പേശികളുടെയും വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്. ഇവ ധാരാളമായി അടങ്ങിയ  പോഷകപ്രദമായ ആഹാരം വ്യായാമം, ആരോഗ്യകരമായ ജീവിത ശൈലി എന്നിവ ശീലമാക്കുന്നത് ഓസ്റ്റിയോപൊറോസിസ് അകറ്റി നിർത്തും.

പാൽ, പനീർ, ഇലക്കറികൾ, വാൾനട്ട്, പരിപ്പുകൾ, റാഗി, ഈന്തപ്പഴം, ഏത്തപ്പഴം, ആത്തച്ചക്ക തുടങ്ങിയവ ആഹാരത്തിൽ ഉൾപ്പെടുത്തുക. ചെറിയ പ്രായം മുതൽ ശരീര ഭാരം നിയന്ത്രിച്ചു നിർത്തണം. ആയാസരഹിതമായ ജീവിതം എല്ലുകളുടെ ബലക്ഷയത്തിനു കാരണമാകും.

സ്ഥിരമായി വ്യായാമം ചെയ്യുന്നത് എല്ലുകൾക്ക് സാന്ദ്രത ലഭിക്കുന്നതിനു സഹായിക്കും. ഡയറ്റ്, വ്യായാമം എന്നിവ അൻപതു വയസ്സിനു ശേഷം വിദഗ്ധ സഹായത്തോടെ വേണം സ്വീകരിക്കാൻ.

യൂട്ടറൈൻ പ്രൊലാപ്സ്

ഗർഭാശയവും അവയോടു ബന്ധപ്പെട്ട അവയവങ്ങളും യോനി വഴി സാവധാനം പുറത്തേക്കു വരുന്ന അവസ്ഥയാണു ഗർഭപാത്ര പ്രൊലാപ്സ് (യൂട്ടറൈൻ പ്രൊലാപ്സ്).

ആർത്തവ വിരാമത്തോടെ അണ്ഡാശയങ്ങൾ പ്രവർത്തനം നിർത്തുന്നത് അണ്ഡാശയ ഹോർമോണുകളുടെ ഉൽപാ ദനം കുറയ്ക്കും. ഇത്  ഈ അവയവങ്ങളെ താങ്ങി നിർത്തുന്ന പേശികളും സ്നായുക്കളും  ( Musles and Ligament)  വസ്തിപ്രദേശ ഭിത്തിയും ( pelvic diaphragm) ദുർബലമാക്കും.  ഇതാണ് യുട്ടറൈൻ പ്രൊലാപ്സിനു പ്രധാന കാരണം.

അധിക തവണ  പ്രസവം നടക്കുക,  ബുദ്ധിമുട്ടുള്ള പ്രസവം, പ്രസവ സമയത്തു കുഞ്ഞിന് അധിക ഭാരം, അമിതഭാരം, വിട്ടുമാറാത്ത മലബന്ധം, വിട്ടുമാറാത്ത ചുമ, സ്ഥിരമായി അമിതഭാരം എടുക്കേണ്ടി വരുന്ന അവസ്ഥ എന്നിവയും കാരണമാണ്.  

നടുവേദനയാണു പ്രൊലാപ്സിന്റെ പ്രധാന ലക്ഷണം. യോനിയിൽ ഭാരം, മൂത്രമൊഴിക്കാനുള്ള ബുദ്ധിമുട്ട്, ലൈംഗിക ബന്ധത്തിൽ വേദന, മലബന്ധം എന്നിവയും ലക്ഷണങ്ങളാണ്. ഗർഭാശയ പ്രൊലാപ്സ് ഉള്ളവർക്ക് ഗർഭാശയ ഗളം പുറത്തേക്ക് വരുന്നത് അറിയാനാകും.  

ലൈംഗിക ബന്ധത്തിനു മുൻപ്  പുറത്തേക്കു വന്നിരിക്കുന്ന ഗർഭാശയ ഗളം അകത്തേക്ക് തള്ളി വയ്ക്കേണ്ടതായി വരാം.  ഗർഭാശയ പ്രൊലാപ്സിനോട് ചേർന്ന് മൂത്രാശയം, മലാശയം എന്നിവയും പുറത്തേക്കു വരാം.

പരിഹാരം

പ്രൊലാപ്സ് അധികമായാൽ  ശസ്ത്രക്രിയയാണ് പരിഹാരം. ശസ്ത്രക്രിയയ്ക്കുള്ള ആരോഗ്യം ഇല്ലെങ്കിൽ വെജൈനൽ പെസറി (Pessary) ട്രീറ്റ്മെന്റ് ആണ് ചെയ്യുക.  താഴേയ്ക്ക് ഇറങ്ങി വരുന്ന ഭാഗത്തെ യോനിയ്ക്കകത്ത് ഉറപ്പിച്ചു നിർത്താൻ ഉപയോഗിക്കുന്ന ഇലാസ്തികതയുള്ള റിങ് ആണ് പെസറി. അഴിച്ചു കഴുകി വൃത്തിയാക്കി ധരിക്കാനാകുന്ന ഉപകരണമാണ് പെസറി.

ശസ്ത്രക്രിയ പ്രധാനമായും യോനി വഴിയാണ് ചെയ്യുന്നത്. ഗർഭപാത്രം എടുത്തു മാറ്റുകയോ ( ഹിസ്റെക്ടമി) വസ്തി ഭിത്തിയുടെ ബലം ശസ്ത്രക്രിയവഴി കൂട്ടുകയോ ( Pelvic Floor Repair) ചെയ്യും. പ്രൊലാപ്സിന്റെ അവസ്ഥ അനുസരിച്ച് ചിലപ്പോൾ ലാപ്രോസ്കോപ്പി വഴിയും ശസ്ത്രക്രിയ ചെയ്യാനാകും. വജൈനൽ മെഷ് അഥവാ വല പോലെയുള്ള ഉപകരണം  യോനിയിൽ ഘടിപ്പിച്ച് അവയവങ്ങളെ താങ്ങി നിർത്തുന്ന ചികിത്സ നൂതനമാണ്.

പ്രതിരോധം

ചെറുപ്രായത്തിലേ വസ്തിപ്രദേശത്തിന‌ു (പെൽവിക് ഏരിയ) ബലം ലഭിക്കുന്ന തരം വ്യായാമങ്ങൾ ചെയ്യുന്നത് ഒരു പരിധി വരെ പ്രൊലാപ്സ് തടയാൻ സഹായകമാകും. മലബന്ധം വരുന്നതു തടയുക, അമിത ഭാരം ഉയർത്തുന്നത് ഒഴിവാക്കുക, ഭാരം ഉയർത്തേണ്ടി വന്നാൽ അതു സുരക്ഷിതമായി ഉയർത്തേണ്ടതെങ്ങനെയെന്നു മനസ്സിലാക്കി മാത്രം ചെയ്യുക,  ചുമ പിടിപെട്ടാൽ എത്രയും വേഗം ചികിത്സിക്കുക,  ശരീരഭാരം കൂടാതെ ശ്രദ്ധിക്കുക, അമിതവണ്ണം നിയന്ത്രിക്കാനാകാത്ത വിധം അലട്ടുന്നുവെങ്കിൽ ഡോക്ടറുടെ സഹായത്തോടെ അത് ആരോഗ്യകരമായ നിലയിലേക്കു കുറയ്ക്കുക  എന്നിവയാണു പ്രതിരോധ മാർഗങ്ങൾ.

post-menopause-health-guide-vanitha-story

കാർഡിയോ വാസ്കുലാർ രോഗങ്ങൾ

അൻപതു വയസ്സിനു ശേഷം കാർഡിയോ വാസ്കുലാർ  ഡിസീസസ് (CVD) അഥവാ ഹൃദയ സംബന്ധമായ രോഗങ്ങൾ പിടിപെടാനുള്ള സാധ്യത സ്ത്രീകളിൽ വളരെ കൂടുതലാണ്. ഈസ്ട്രജൻ ഹോർമോൺ സ്ത്രീകൾക്കു ഹൃദയസംബന്ധമായ രോഗങ്ങളിൽ നിന്നും വലിയ അളവിൽ പരിരക്ഷ നൽകുന്നുണ്ട്.  

ആർത്തവം നിന്നതിനു ശേഷം  ഈസ്ട്രജൻ ഹേർമോ ൺ കുറയുന്നത് ഈ സുരക്ഷാകവചം ദുർബലമാക്കും.  ഷുഗർ, പ്രഷർ, ഡിസ്ലിപിഡെമിയ (രക്തത്തിലെ ബ്ലഡ് ലിപ്പിഡുകൾ എന്ന പദാർഥത്തിന്റെ അളവ് കൂടുന്ന അവസ്ഥ) എന്നിവയിലേക്ക് നയിക്കാം. അതു ഹൃദയ സംബന്ധമായ രോഗങ്ങൾ പിടിപെടുന്നതിനു കാരണമാകും.

നെഞ്ചിനുള്ളിൽ ഭാരം / വേദന,  വിശ്രമിക്കുമ്പോഴും ചെറുതായി ആയാസപ്പെടുമ്പോഴും വേദന വരിക, ഇടത് വലതു കൈകളിലേക്കു വേദന പടരുക, വേദന വരുമ്പോൾ വിയർക്കുക, നടക്കുമ്പോൾ കിതപ്പ് / ക്ഷീണം എന്നിവ അനുഭവപ്പെടുക ഇവയുണ്ടെങ്കിൽ ഹൃദയസംബന്ധമായ തകരാറുകളുടെ ലക്ഷണമായി മനസ്സിലാക്കുകയും വൈദ്യപരിശോധനയിലൂടെ അതിന്റെ നിജസ്ഥിതി വിലയിരുത്തുകയും വേണം.

പരിഹാരം

സിവിഡി ബാധിച്ചാൽ ഹൃദയമിടിപ്പിനു വ്യതിയാനങ്ങൾ, ഹൃദയത്തിന്റെ പ്രവർത്തനം, വാൽവുകളുടെ ചുരുക്കം, ഹൃദയത്തിനു ചുറ്റും നീർക്കെട്ട് എന്നിവ ഉണ്ടാകാം.  രോഗനിർണയത്തിന് ഇസിജി, ടിഎംടി, ആൻജിയോഗ്രാം തുടങ്ങിയ പരിശോധനകൾ വേണ്ടി വരാം. തുടക്കത്തിൽ തന്നെ രോഗാവസ്ഥ തിരിച്ചറിയുകയും  വേണ്ട ചികിത്സ ചെയ്യുകയുമാണ് വേണ്ടത്. രക്തം കട്ട പിടിക്കാതിരിക്കാനുള്ള ഗുളികൾ, രക്തക്കട്ട ലയിപ്പിക്കാനുള്ള കുത്തിവയ്പ്പുകൾ, ആൻജിയോഗ്രാമിൽ രക്തയോട്ടത്തിനു  തടസ്സം കണ്ടാലോ അത്യാഹിത ഘട്ടത്തിലോ ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയ, ബൈപാസ് ശസ്ത്രക്രിയ എന്നിവയാണു പരിഹാര മാർഗങ്ങൾ.

പ്രതിരോധം

ആർത്തവ വിരാമത്തിനു മുൻപ് തന്നെ ജീവിത ശൈലി ക്രമീകരിച്ച് ഷുഗർ, പ്രഷർ, കൊളസ്ട്രോൾ എന്നീ അവസ്ഥകളിലേക്കു പോകാതിരിക്കാൻ ശ്രദ്ധിക്കുക. അതു തന്നെയാണ് ഏറ്റവും ശക്തമായ പ്രതിരോധ മാർഗം. ബ്ലഡ് പ്രഷർ നിയന്ത്രിക്കുകയാണ് അതിൽ ഏറ്റവും പ്രധാനം.  ഹെൽത് സ്ക്രീനിങ് ഇടയ്ക്കിടെ ചെയ്ത് ആരോഗ്യം വിലയിരുത്തണം.   ബോഡി മാസ് ഇൻഡക്സ് അനുസരിച്ചുള്ള ശരീരഭാരം നിലനിർത്തുക. ചുവന്ന മാംസം പരമാവധി കുറയ്ക്കുക, അമിതമായ സ്ട്രസ്, ഉറക്കമില്ലായ്മ എന്നിവയുണ്ടെങ്കിൽ പരിഹരിക്കുക, പുകവലി, മദ്യപാനം എന്നിവ പൂർണമായും ഒഴിവാക്കുക, നിത്യവും നിർബന്ധമായി അര മണിക്കൂർ വ്യായാമം  ചെയ്യാനും ശ്രദ്ധിക്കുക.

പോസ്റ്റ് കോയിറ്റൽ ബ്ലീഡിങ്

ലൈംഗിക ബന്ധത്തിനു ശേഷം യോനിയിൽ നിന്ന് രക്തസ്രാവം ഉണ്ടാകുന്ന അവസ്ഥയാണ് പോസ്റ്റ് കോയിറ്റൽ ബ്ലീഡിങ്. ആർത്തവ വിരാമ ശേഷം അ തുണ്ടാകുന്നത് യോനിയിലെ വരൾച്ച കൊണ്ടാകാം. ആർത്തവ വിരാമം ആയിട്ടില്ലാത്ത സ്ത്രീകളിലും ചിലപ്പോൾ ഈ അവസ്ഥ കണ്ടേക്കാം.

ആർത്തവ  വിരാമത്തോടെ ഈസ്ട്രജൻ ഹോർമോൺ ഉത്പാദനത്തിലുണ്ടാകുന്ന കുറവ് യോനിയിലെ ലൂബ്രിക്കേഷനും ഇലാസ്തികതയും കുറയുന്നതിനു കാരണമാകുന്നു. ഇതു ലൈംഗിക ബന്ധത്തി ൽ മുറിവുകൾ ഉണ്ടാക്കുകയും രക്തസ്രാവത്തിലേക്കു നയിക്കുകയും ചെയ്യുന്നു. അണ്ഡാശയം നീക്കം ചെയ്തവരിലും ഇതുണ്ടാകാം.

വരൾച്ച മൂലമുള്ള പോസ്റ്റ് കോയിറ്റൽ ബ്ലീഡിങ് ശരിയായ ഫോർപ്ലേയിലൂടെയും  ലൂബ്രിക്കന്റുകൾ ഉ പയോഗിച്ചും ഈസ്ട്രജൻ തെറാപ്പിയിലൂടെയും പരിഹാരിക്കാനാകും.

ആർത്തവ വിരാമ സംബന്ധമായ വരൾച്ചയല്ലാതെ  അണുബാധകൾ, ഗർഭാശയമുഖത്തുണ്ടാകുന്ന വളർച്ചകളായ പോളിപ്സ്, സെർവിക്കൽ കാൻസറിന്റെ തുടക്കം എന്നിവ മൂലവും രക്തസ്രാവമുണ്ടാകാം. ഇവ കൃത്യമായ കാരണം കണ്ടെത്തിയ ശേഷം മരുന്നുകളിലൂടെ പരിഹരിക്കേണ്ടതാണ്.

മെനോപോസിനു ശേഷം

ആർത്തവ വിരാമ ശേഷം രക്തസ്രാവം ഉണ്ടാകുന്നുണ്ടെങ്കിൽ, തുള്ളികളായോ (സ്പോട്ടിങ്) അല്ലാതെയോ ആണെങ്കിലും, ഒരേയൊരു തവണയേ ഉണ്ടായിട്ടുള്ളുവെങ്കിലും പരിശോധിക്കണം. ആർത്തവ വിരാമ ശേഷം എൻഡോ മെട്രിയൽ കാൻസർ സാധ്യത 10–16% ഉണ്ട് എന്നതിനാൽ പ്രധാനമാണിത്.

 ആർത്തവ വിരാമ ശേഷം  രക്തസ്രാവം ഉണ്ടായാൽ പാപ്സ്മിയർ, ട്രാൻസ് വജൈനൽ അൾട്രാ സൗണ്ട്  പോലുള്ള ടെസ്റ്റുകളിലൂടെ ഗർഭാശയ മുഖം, ഗർഭാശയം എന്നിവിടങ്ങളിൽ കാൻസറിലേക്കു നയിക്കുന്ന പ്രശ്നങ്ങളില്ല എന്നുറപ്പാക്കണം. കുടുംബത്തിലാർക്കെങ്കിലും കാൻസറുണ്ടെങ്കിൽ ഏറെ കരുതൽ വേണം.

Health for Women Over 50:

Post-menopausal women can face health challenges like osteoporosis and uterine prolapse, but proactive measures can effectively prevent these issues. Maintaining a healthy lifestyle, including proper diet and exercise, is crucial for enjoying vibrant fifties and beyond.

ADVERTISEMENT