‘അച്ചാറുകൾ, പുളിരസം കൂടുതലുള്ള പഴങ്ങൾ വേണ്ടേ വേണ്ട’; വെള്ളപ്പാണ്ടിനു ആയുർവേദത്തിൽ പരിഹാരം Ayurvedic Solutions for Vitiligo
Mail This Article
വെള്ളപ്പാണ്ട് (Vitiligo) എന്നതു ചർമത്തിന്റെ നിറം നിർണയിക്കുന്ന മെലനിൻ നഷ്ടമാകുന്നതിലൂടെ ഉണ്ടാകുന്ന ത്വക്ക് രോഗം ആണ്. ചെറിയ വെളുത്ത പാടുകളായി ആരംഭിച്ചു ക്രമാതീതമായി വ്യാപിക്കുകയും ചെയ്യാം.
ഇതു രോഗിയുടെ ആരോഗ്യത്തിനു ഹാനികരമല്ലെങ്കിലും മാനസികവും സാമൂഹികവുമായ ബുദ്ധിമുട്ടുകൾ ഉണ്ടാകാം.
പാടുകൾ സാധാരണയായി മുഖം, കൈ, കാൽ, ചുണ്ട്, കവിൾ, നാസാപ്രദേശം തുടങ്ങിയ ഇടങ്ങളിലാണ് ആദ്യം പ്രത്യക്ഷപ്പെടുന്നത്. ദിവസങ്ങൾക്കോ മാസങ്ങൾക്കോ ശേഷം വ്യാപിച്ചു വലുതാകുകയും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും പരക്കുകയും ചെയ്യാം.
ചർമത്തിനൊപ്പം രോമങ്ങളും വെളുത്ത നിറത്തിലാകാം. ചൊറിച്ചിൽ വരാനും സൂര്യ പ്രകാശം ഏൽക്കുമ്പോൾ ചുവപ്പു നിറത്തിലേക്ക് പാടുകൾ മാറാനും സാധ്യതയുണ്ട്.
പരിഹാരം
ആയുർവേദത്തിൽ ഫലപ്രദമായ ചികിത്സ ലഭ്യമാണ്. ചിത്രകാസവം, ഗോമൂത്രാസവം, ചിലവില്വാതി കഷായം, നിർഗുണ്ട്യാതി കഷായം, മാണിഭദ്ര ഗുളം, ആരഗ്വധ മഹാതിക്തക ഘൃതം ഇവ വൈദ്യ നിർദേശപ്രകാരം അവസ്ഥാനുസരണം ഉപയോഗിക്കാവുന്നതാണ്. അവൽഗുജബീജാദി ചൂർണം ഉപയോഗിച്ചുള്ള ചികിത്സയുമുണ്ട്. ഇതിനും വൈദ്യനിർദേശം അത്യന്താപേക്ഷികമാണ്.
സൂര്യപ്രകാശം ഏൽക്കുകയും ദഹന പ്രശ്നങ്ങൾ വരാതെ ശ്രദ്ധിക്കുകയും വേണം. വെള്ളം ധാരാളം കുടിക്കുക.
പ്രതിരോധശക്തി കൂട്ടുന്ന ആഹാരം ശീലമാക്കാം. ഇലക്കറികൾ, ഈന്തപ്പഴം, പഴവർഗങ്ങൾ പ്രത്യേകിച്ചു വാഴപ്പഴം, ആപ്പിൾ, കിഴങ്ങ് വർഗങ്ങൾ പ്രത്യേകിച്ചു ബീറ്റ്റൂട്ട്, കാരറ്റ്, റാഡിഷ് മുതലായവ നല്ലതാണ്.
മദ്യപാനം പൂർണമായും ഒഴിവാക്കണം. അച്ചാറുകൾ, പുളിരസം കൂടുതലുള്ള പഴങ്ങൾ, തൈര്, കോഫി, ജങ്ക് ഫൂഡ്, തക്കാളി, ഉഴുന്ന് ചേർന്ന ആഹാരം എന്നിവയുടെ അമിതമായ ഉപയോഗം ഒഴിവാക്കുക. വ്യക്തിഗത ഭക്ഷണ നിയന്ത്രണവും വേണം.