ADVERTISEMENT

‌മകൾക്കു 10 വയസ്സ് ആകുന്നേയുള്ളൂ. ആദ്യ ആർത്തവം വന്നിട്ടില്ല. വൈറ്റ് ഡിസ്ചാർജ് ഉണ്ട്. ചൊറിച്ചിൽ ഒന്നുമില്ല. പക്ഷേ, ചെറിയ കുട്ടികൾക്ക് വൈറ്റ് ഡിസ്ചാർജ് വരുമോ?- ഡയാന, ഫോർട് കൊച്ചി

ബാല്യത്തിൽ നിന്നു കൗമാരത്തിലേക്കു ശരീരം മാറുന്നതിന്റെ തുടക്കമാണിത്. ശരീരത്തിൽ സ്ത്രീഹോർമോണുകളുടെ പ്രത്യേകിച്ച് ഈസ്ട്രജൻ ഹോർമോണിന്റെ അളവു കൂടുന്നതിനാൽ മാറിടം വളർന്നു തുടങ്ങുന്നു, യോനിയിൽ നിന്ന് ഡിസ്ചാർജ് കണ്ടു തുടങ്ങുന്നു. നിറവ്യത്യാസമോ ദുർഗന്ധമോ ഇല്ലാത്ത ഡിസ്ചാർജ് നോർമലാണ്. യോനിയിലെ ഈർപ്പവും ആരോഗ്യകരമായ അവസ്ഥയും നിലനിർത്താനും ഇൻഫെക്‌ഷനും മറ്റും തടയാനും ഇതു സഹായിക്കുന്നു. കൂടാതെ ഈ സ്രവം മൃതകോശങ്ങളെ നീക്കം ചെയ്തു യോനി വൃത്തിയായിരിക്കാൻ സഹായിക്കുന്നു. ഇക്കാര്യങ്ങൾ കുട്ടിയെ പറഞ്ഞു മനസ്സിലാക്കുക.

ADVERTISEMENT

ഒപ്പം ചില കാര്യങ്ങൾ ശ്രദ്ധിക്കാനും കുട്ടിയോടു പറയുക ∙ കോട്ടൺ പാന്റീസ് ഉപയോഗിക്കുക. ∙ അയഞ്ഞ അടിവസ്ത്രങ്ങൾ ധരിക്കുക. വിയർപ്പ് അടിഞ്ഞിരുന്നാൽ ചൊറിച്ചിലും മറ്റും ഉണ്ടാകാം.

∙ പ്രൈവറ്റ് ഏരിയ വീര്യം കുറഞ്ഞ, സുഗന്ധമില്ലാത്ത സോപ്പ് ഉപയോഗിച്ചു വൃത്തിയാക്കുക. ഡിസ്ചാർജ് ഉണങ്ങിപ്പിടിച്ച് അസ്വസ്ഥത ഉണ്ടാകാൻ ഇടയുണ്ട്. ∙ സുഗന്ധദ്രവ്യങ്ങൾ ഒന്നും പ്രൈവറ്റ് ഏരിയയിൽ ഉപയോഗിക്കരുത്. ഇതെല്ലാം വൾവോവജൈനൈറ്റിസിനു (അണുബാധയ്ക്കു) കാരണമാകാം.

ADVERTISEMENT

ഇനി സാധാരണമല്ലാത്ത ഡിസ്ചാർജിന്റെ ലക്ഷണങ്ങൾ നോക്കാം. ∙ ഒരുപാട് അളവിൽ ഡിസ്ചാർജ് പോകുക. ∙ മഞ്ഞയോ പച്ചയോ നിറത്തിലോ തൈരു പോലെ വെളുത്തോ ഡിസ്ചാർജ് പോവുക.

∙ ചൊറിച്ചിൽ അനുഭവപ്പെടുക. ഇതോടൊപ്പം അടിവയറ്റിൽ വേദന, മൂത്രമൊഴിക്കുമ്പോൾ പുകച്ചിൽ, പനി എന്നിവയിലേതെങ്കിലും ഉണ്ടെങ്കിൽ അണുബാധയാണോ എന്നു സംശയിക്കണം. ഡോക്ടറെ കാണാൻ വൈകരുത്.

ADVERTISEMENT

വിരശല്യം, മലബന്ധം എന്നിവയുള്ളവരിലും വളരെ വിരളമായി വൈറ്റ് ഡിസ്ചാർജ് അധികമായി വരാം.

ഗർഭിണിയായതു മുതൽ പൈനാപ്പിൾ കഴിക്കരുത്, മെർക്കുറി അടങ്ങിയ മീൻ കഴിക്കരുത് എന്നിങ്ങനെ കേൾക്കുന്നു. ഇതിൽ എന്തെങ്കിലും വസ്തുതയുണ്ടോ? ബിപി ഇല്ല. ബ്ലഡ് ടെസ്റ്റ് എല്ലാം നോർമൽ ആണ്. - ശാരി, നാദാപുരം

ഗർഭിണിയായിരിക്കുമ്പോൾ ആരോഗ്യകരമായ ഡയറ്റ് പിന്തുടരുക എന്നതു വളരെ പ്രധാനമാണ്. കൂടാതെ ധാരാളം വെള്ളം കുടിക്കുകയും വേണം. അയൺ, കാൽസ്യം, ഫോളിക് ആസിഡ് എന്നീ പോഷകങ്ങൾ ഭക്ഷണത്തിലൂടെ ലഭിക്കുന്നതു ഗർഭകാലത്തു മതിയായേക്കില്ല. അതിനാൽ ഇവ സപ്ലിമെന്റായി ഡോക്ടർമാർ നിർദേശിക്കാറുണ്ട്. ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, പയറുവർഗങ്ങൾ, മീൻ, ഇറച്ചി എന്നിവയൊക്കെ ഡയറ്റിൽ ഉൾപ്പെടുത്തണം. പഴങ്ങൾ നല്ലതാണെങ്കിലും മധുരം അധികം ഉള്ളിൽ ചെല്ലാതിരിക്കാൻ മിതമായ അളവിൽ കഴിക്കുക. പ്രമേഹ സാധ്യതയുള്ളവർ കിഴങ്ങുവർഗങ്ങൾ ചെറിയ അളവിൽ മാത്രം കഴിക്കാനും ശ്രദ്ധിക്കുക.

ഗർഭിണികൾ, പ്രത്യേകിച്ച് ഗർഭം അലസാനും മാസം തികയാതെ പ്രസവിക്കാനും സാധ്യതയുള്ളവർ ഒഴിവാക്കേണ്ട ചിലതുണ്ട്.

പച്ച പപ്പായയും നന്നായി പഴുക്കാത്ത പപ്പായ, പൈനാപ്പിൾ എന്നിവ : പഴുക്കാത്ത പപ്പായയിൽ അടങ്ങിയിരിക്കുന്ന പപൈൻ, ലാറ്റക്സ് എന്നിവ യൂട്രൈൻ കോൺട്രാക്‌ഷൻ ഉണ്ടാക്കാൻ സാധ്യതയുള്ളതാണ്. പഴുക്കാത്ത പൈനാപ്പിളിൽ അടങ്ങിയിട്ടുള്ള ബ്രൊമാലിൻ വളരെ കൂടിയ അളവിൽ ഉള്ളിൽ ചെന്നാലും ഇതേ പ്രശ്നം വരാം. പൈനാപ്പിളിന്റെ നടുക്കുള്ള ഭാഗത്താണ് ബ്രൊമാലിൻ അധികമായി ഉള്ളത്. ഇതൊഴിവാക്കുക.

നന്നായി പഴുത്ത പപ്പായയും പൈനാപ്പിളും മിതമായ അളവിൽ കഴിക്കുന്നതു ദഹനത്തിനു സഹായിക്കുകയും മലബന്ധം തടയുകയും ചെയ്യും. പോഷകങ്ങളും ലഭിക്കും. ഒരു ദിവസം ഒരു കപ്പ് എന്ന അളവിൽ ഇവ കഴിക്കാം.

മെർക്കുറിയുടെ അളവ് അധികമുള്ള മീനുകൾ : അയല, സ്രാവ്, സ്വോഡ് ഫിഷ്, ടൈൽ ഫിഷ് എന്നിവ ഒഴിവാക്കാം. മെർക്കുറി അധികമായാൽ ഗർഭസ്ഥശിശുവിന്റെ തലച്ചോറിന്റെയും നാഡീവ്യവസ്ഥയുടേയും വളർച്ചയെ ബാധിക്കാം. കാൽസ്യസമ്പുഷ്ടമായ മത്തി, നത്തോലി എന്നിവ ആഹാരത്തിൽ ഉൾപ്പെടുത്തുക. സാൽമൺ, തിലാപ്പിയ, ചൂര എന്നിവയും കഴിക്കാവുന്നതാണ്.

The Truth About Pineapple and Mercury in Fish During Pregnancy:

Addressing concerns about white discharge in young girls and pregnancy dietary advice, this article clarifies normal physiological changes and potential health risks. It provides guidance on hygiene for children and essential dietary considerations for expectant mothers to ensure a healthy pregnancy.

ADVERTISEMENT