‘അടിയന്തര ഗർഭനിരോധന ഗുളികകൾക്കു നിയന്ത്രണം ഏർപ്പെടുത്തും’ ഈ വാർത്ത കണ്ട് എണ്ണവും കണക്കും നോക്കാതെ എമർജൻസി കോൺട്രാസെപ്റ്റീവ് പിൽ കഴിച്ചിരുന്നവർ ഒന്നു ഞെട്ടിയിട്ടുണ്ടാകും. ഈ ഗുളിക അത്ര പ്രശ്നമാണോ ? അറിയാം വിശദമായി. എന്താണ് ഇസി പിൽ ? സംരക്ഷണമില്ലാതെയുണ്ടായ ലൈംഗീകബന്ധത്തിനു ശേഷം ഗർഭധാരണം തടയാനായി ഉപയോഗിക്കുന്നതാണ് എമർജൻസി കോൺട്രാസെപ്റ്റീവ് പിൽസ് (ഇസി പിൽസ്). പേരു സൂചിപ്പിക്കുന്നതു പോലെ അടിയന്തര സാഹചര്യങ്ങളിൽ മാത്രം ഉപയോഗിക്കാനുള്ളതാണ് ഇത്. ഗർഭധാരണം തടയാനുള്ള എളുപ്പവഴിയായി കാണരുത്. ഇത്തരം ഹോർമോണൽ ഗുളികകൾ രണ്ടു തരമുണ്ട്. ഈസ്ട്രജനും പ്രൊജസ്ട്രോണും അടങ്ങിയതും പ്രൊജസ്ട്രോണ്‍ മാത്രമടങ്ങിയതും. മിക്കവർക്കും സുപരിചിതമായ, അധികമായി ഉപയോഗിക്കപ്പെടുന്ന ഇസി പില്ലിൽ അടങ്ങിയിരിക്കുന്നത് പ്രൊജസ്ട്രോണിന്റെ സിന്തറ്റിക് രൂപമായ ലെവനോർജസ്ട്രൽ ആണ്. അണ്ഡോൽപാദനം തടഞ്ഞും സെർവൈക്കൽ മ്യൂക്കസിന്റെ കട്ടി കൂട്ടി ബീജത്തിന്റെ ചലനം പതിയെയാക്കിയുമാണ് ഇസി പിൽ ഗർഭധാരണം തടയുന്നത്.
ലൈംഗീകബന്ധമുണ്ടായി 24 മണിക്കൂറിനുള്ളിൽ ഗുളിക കഴിച്ചാൽ 95% ഗർഭധാരണം തടയാനാകും. 72 മണിക്കൂറിനുള്ളിലാണു ഗുളിക കഴിക്കുന്നതെങ്കിൽ 85% സംരക്ഷണമേ ലഭിക്കൂ. ഒരു ഗുളിക കഴിച്ചാൽ ആ പ്രാവശ്യത്തേക്കു മാത്രമാണ് ഗർഭധാരണം തടയുക. ഗർഭിണിയായാൽ ഇസി പിൽ കഴിച്ചതുകൊണ്ട് പ്രയോജനവുമില്ല.
പാർശ്വഫലങ്ങൾ അറിയണം
ഇസി പിൽ കഴിച്ചാൽ വയറു കമ്പിക്കൽ, ഓക്കാനം, തലവേദന, മാറിടത്തിനു ചെറിയ വേദന എന്നിങ്ങനെയുള്ള പാർശ്വഫലങ്ങൾ ഉണ്ടാകാം. എന്നാൽ, അമിതമായി ഉപയോഗിച്ചാൽ ആർത്തവചക്രത്തെ സാരമായി ബാധിക്കും. ഇസി പിൽസിലെ ഹോർമോണിന്റെ അളവു സാധാരണ ഓറൽ കോൺട്രാസെപ്റ്റീവ് പിൽസിൽ അടങ്ങിയിരിക്കുന്നതിനേക്കാൾ മൂന്നു– നാലിരട്ടി കൂടതലാണ്. അമിത അളവിൽ ഹോർമോൺ ശരീരത്തിലെത്തിയാൽ അതു മാനസിക ആരോഗ്യത്തെയും ബാധിക്കും.
മൂഡ് സ്വിങ്സ്, ആങ്സൈറ്റി പ്രശ്നങ്ങൾ എന്നിവ ഉണ്ടാകാം. ഇത്തരം ഗുളികകൾ മാസത്തില്‍ രണ്ടു തവണയിൽ കൂടുതൽ കഴിക്കരുത്, ഇവ ലൈംഗീകരോഗങ്ങൾക്കെതിരായി സംരക്ഷണം നൽകുന്നില്ല, പതിവായി ഉപയോഗിക്കാവുന്ന ഗർഭനിരോധന മാർഗങ്ങൾ ഡോക്ടറെ കണ്ട് സ്വീകരിക്കണം എന്നിങ്ങനെയുള്ള മുന്നറിയിപ്പുകൾ ഇസി പിൽ കവറിൽ നൽകണമെന്ന നിർദേശമാണ് വന്നിരിക്കുന്നത്.
ഇസി പിൽ ഉപയോഗത്തിൽ ഡോക്ടേഴ്സിനു പറയാനുള്ളതും ഇതുതന്നെയാണ് ഒസിപി, DMPA ഇൻജക്‌ഷൻ, ഇൻട്രാ യൂട്രൈൻ ഡിവൈസ് എന്നിങ്ങനെ ഗർഭനിരോധന മാർഗങ്ങൾ പലതുണ്ട്. ഓരോരുത്തരുടെയും അഭിരുചിയും ആരോഗ്യ അവസ്ഥയും മുൻനിർത്തി മാർഗങ്ങൾ തിരഞ്ഞെടുക്കാവുന്നതാണ്. കോണ്ടം പോലുള്ള ബാരിയർ കോൺട്രാസെപ്റ്റീവ് ഉപയോഗിച്ചാൽ ലൈംഗീകരോഗങ്ങളെയും തടയാം.
സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിനു ശേഷം അടിയന്തര ഗർഭനിരോധനമായി ഉപയോഗിക്കുന്ന മാർഗങ്ങളിൽ ഗുളിക മാത്രമല്ല, കോപ്പർ ടിയും ഉണ്ട്. 24 മണിക്കൂറിനുള്ളിൽ തന്നെ ഉപയോഗിക്കുന്നതാണ് നല്ലത്. 99 % ഫലപ്രദമാണ്. ഹോർമോൺ പാർശ്വഫലങ്ങളില്ല, മുലയൂട്ടലിനെ ബാധിക്കില്ല എന്നീ ഗുണങ്ങളുമുണ്ട്.
വിവരങ്ങൾക്കു കടപ്പാട് : ഡോ. വിന്നി വിജയൻ സീനിയര്‍ കൺസൽറ്റന്റ്,ഒബ്സ്ടട്രിക്സ് & ഗൈനക്കോളജി, ബേബി മെമ്മോറിയല്‍ ഹോസ്പിറ്റൽ, കോഴിക്കോട്