ADVERTISEMENT

“രക്തം ഒഴുകുകയാണ്… ആംബുലൻസ് എത്താൻ ഇനിയും 10 മിനിറ്റ്! ആ 10 മിനിറ്റിൽ നിങ്ങൾ ചെയ്യുന്ന ഒരു ചെറിയ പ്രഥമ ശ്രുശ്രൂഷ (First Aid) ഒരു ജീവൻ രക്ഷിച്ചേക്കാം. നിങ്ങൾ എന്ത് ചെയ്യും?”

***
ഒരു അപകടം. ഒരാൾ നിലത്ത് വീണുകിടക്കുന്നു. ശരീരത്തിൽ നിന്ന് രക്തം തുടർച്ചയായി ഒഴുകുന്നു. ചുറ്റും ആളുകൾ കൂടുന്നു. ആംബുലൻസിനെ വിളിക്കുന്നു. ചിലർ പരിഭ്രാന്തരാകുന്നു. പക്ഷേ, ആ നിമിഷത്തിൽ ഒരു കാര്യം ഓർക്കണം:

ADVERTISEMENT

ആംബുലൻസ് എത്തുന്നതിന് മുമ്പുള്ള ഓരോ നിമിഷവും വിലപ്പെട്ടതാണ്!

ഗുരുതരമായ രക്തസ്രാവം ഒരു സാധാരണ മുറിവല്ല. അപകടങ്ങൾക്കു പുറമെ, വീഴ്ചകൾ, ജോലിസ്ഥലത്തെ പരിക്കുകൾ, ശാരീരിക ആക്രമണങ്ങൾ, അടുക്കളയിലെ അപകടങ്ങൾ എന്നിവയിലും അതിശക്തമായ രക്തസ്രാവം ഉണ്ടാകാം.

ADVERTISEMENT

ഒരു വലിയ രക്തക്കുഴലിൽ നിന്നുള്ള രക്തസ്രാവം തുടർന്നാൽ, മിനിറ്റുകൾക്കുള്ളിൽ തന്നെ വലിയ അളവിൽ രക്തം നഷ്ടപ്പെടാം. രക്തനഷ്ടത്തിന്റെ വേഗത കൂടുന്തോറും ജീവന് ഭീഷണിയും കൂടുന്നു.

രക്തത്തിന്റെ അളവ് പെട്ടെന്ന് കുറയുമ്പോൾ ഹൃദയത്തിന് ശരീരത്തിലേക്ക് ആവശ്യമായ രക്തം പമ്പ് ചെയ്യാൻ കഴിയാതെ വരുന്നു. മസ്തിഷ്കത്തിനും ഹൃദയത്തിനും മറ്റ് പ്രധാന അവയവങ്ങൾക്കും ആവശ്യമായ ഓക്സിജൻ ലഭിക്കാതെ വരുന്നു.

ADVERTISEMENT

ഇതാണ് ഹൈപ്പോവോളമിക് ഷോക്ക് (Hypovolemic Shock) — രക്തത്തിന്റെ അളവ് വൻതോതിൽ കുറഞ്ഞതിനെ തുടർന്ന് ഉണ്ടാകുന്ന ജീവന് ഭീഷണിയായ ഷോക്ക്.

തലചുറ്റൽ, ബലഹീനത, വിളറിയതോ തണുത്തതോ ആയ ചർമ്മം, വേഗത്തിലുള്ള ഹൃദയമിടിപ്പ്, വേഗത്തിലുള്ള ശ്വാസോച്ഛ്വാസം എന്നിവ ഉണ്ടാകാം. രക്തനഷ്ടം തുടരുകയാണെങ്കിൽ ബോധനില കുറയുകയും, ഒടുവിൽ ഹൃദയസ്തംഭനം വരെ സംഭവിക്കുകയും ചെയ്യാം.

അതുകൊണ്ട് ഇവിടെ “കുറച്ച് കഴിഞ്ഞ് നോക്കാം” എന്നൊരു ഓപ്ഷനില്ല.

രക്തസ്രാവം കാണുന്ന നിമിഷം തന്നെ — അമർത്തുക!

ആംബുലൻസ് വരുന്നത് അത്യാവശ്യമാണ്.

പക്ഷേ ആംബുലൻസ് എത്തുന്നതുവരെ രക്തസ്രാവം തുടരാൻ അനുവദിക്കരുത് !!

അപകടസ്ഥലത്ത് ചോദിക്കേണ്ട ആദ്യ ചോദ്യം:

“ആശുപത്രിയിലെത്താൻ എത്ര സമയം എടുക്കും?” എന്നതല്ല.

“അത് വരെ ഈ രക്തസ്രാവം എങ്ങനെ നിയന്ത്രിക്കും?” എന്നതാണ്.

നമ്മുടെ കൈകൾ തന്നെയാണ് ആദ്യ ജീവൻരക്ഷാ ഉപകരണം!

മുറിവിൽ നിന്ന് രക്തം ശക്തമായി ഒഴുകുന്നുണ്ടെങ്കിൽ, മുറിവിന് മുകളിൽ നേരിട്ട് ശക്തമായ സമ്മർദ്ദം നൽകുക.

ഗോസ്, വൃത്തിയുള്ള തുണി, അല്ലെങ്കിൽ ലഭ്യമായ വൃത്തിയുള്ള വസ്ത്രം ഉപയോഗിക്കാം.

തുടർച്ചയായി അമർത്തുക !

രക്തസ്രാവം നിയന്ത്രിക്കുന്നതുവരെ സമ്മർദ്ദം പിൻവലിക്കരുത്.

രക്തസ്രാവം നിന്നോ എന്ന് ഇടയ്ക്കിടെ പരിശോധിക്കുന്ന ഒരു പ്രവണത ആളുകൾക്കുണ്ട്; എന്നാൽ ഇതൊരു തെറ്റായ രീതിയാണ്.  രക്തസ്രാവം നിയന്ത്രിക്കപ്പെടുന്നതുവരെ തുടർച്ചയായ സമ്മർദ്ദമാണ് പ്രധാനം. അതിന് ഏകദേശം 3 മിനിറ്റ് വരെ  എടുത്തേക്കാം.

തുണി രക്തത്തിൽ കുതിർന്നാൽ അത് എടുത്തുമാറ്റരുത്. അതിന് മുകളിൽ മറ്റൊരു തുണി വെച്ച് സമ്മർദ്ദം തുടരുക.രക്തസ്രാവം നിയന്ത്രണവിധേയമായ ശേഷം ആ തുണി നീക്കം ചെയ്യരുത്; മറ്റൊരു തുണി ഉപയോഗിച്ച് അതിനു മുകളിലായി കെട്ടുക..

ആ നിമിഷം, നിങ്ങൾ ഒരു ഡോക്ടറോ ആരോഗ്യപ്രവർത്തകനോ അല്ലെങ്കിലും അതൊരു പ്രശ്നമല്ല.. നിങ്ങളുടെ കൈകൾക്ക് ഒരു ജീവൻ രക്ഷിക്കാൻ കഴിയും. ഈ ചെറിയ നടപടി കൂടുതൽ രക്തനഷ്ടം തടയാനും ആ വ്യക്തിക്ക് ആശുപത്രിയിലെത്താനുള്ള വിലപ്പെട്ട സമയം നേടിക്കൊടുക്കാനും സഹായിക്കും.

രക്തസ്രാവം നിർത്തുന്നത് ഒരു ചെറിയ First Aid നടപടി മാത്രമല്ല. അത് ജീവൻ രക്ഷിക്കുന്ന ചികിത്സയുടെ ആദ്യപടിയാണ്.

രക്തസ്രാവം നിയന്ത്രിക്കാനാകുന്നില്ലെങ്കിൽ - ടൂർണിക്കെറ്റ് (Tourniquet)

കൈയിലോ കാലിലോ ജീവന് ഭീഷണിയായ രക്തസ്രാവം, നേരിട്ട് ശക്തമായ സമ്മർദ്ദം നൽകിയിട്ടും നിയന്ത്രിക്കാനാകുന്നില്ലെങ്കിൽ, ശരിയായ രീതിയിൽ ഒരു  ടൂർണിക്കെറ്റ് ഉപയോഗിക്കുന്നത് ജീവൻ രക്ഷിക്കാൻ സഹായിക്കും.

മുറിവിന് മുകളിൽ, എന്നാൽ സന്ധിക്ക് മുകളിൽ അല്ലാതെ, ടൂർണിക്കെറ്റ് സ്ഥാപിക്കുക. രക്തസ്രാവം പൂർണ്ണമായി നിൽക്കുന്നതുവരെ ആവശ്യമായത്ര മുറുക്കണം.

ഒരിക്കൽ ടൂർണിക്കെറ്റ് ഇട്ടാൽ അത് സ്വയം അഴിച്ചുമാറ്റുകയോ ഇടയ്ക്കിടെ അയച്ചുകൊടുക്കുകയോ ചെയ്യരുത്.

ഉടൻ അടിയന്തര വൈദ്യസഹായം തേടുക.

 “വെറുതെ ഒരു കെട്ട് മതി” എന്ന് കരുതരുത്!

ടൂർണിക്കെറ്റ്  ആവശ്യത്തിന് മുറുക്കിയിട്ടില്ലെങ്കിൽ  രക്തസ്രാവം തുടരാം. അതുകൊണ്ട് ജീവന് ഭീഷണിയായ രക്തസ്രാവം നിയന്ത്രിക്കാൻ ശരിയായ രീതിയിൽ, ആവശ്യമായത്ര മുറുക്കി ഉപയോഗിക്കണം.

അതേസമയം, ടൂർണിക്കെറ്റ് അനാവശ്യമായി ഉപയോഗിക്കുകയോ തെറ്റായ രീതിയിൽ സ്ഥാപിക്കുകയോ ചെയ്യരുത്. യൂട്യൂബ് വഴി ടൂർണിക്കെറ്റ്  പ്രയോഗിക്കാൻ പഠിക്കുന്നത് വളരെ നല്ലതായിരിക്കും.

കൈകാലുകൾ ഉയർത്തിവയ്ക്കുന്നതോ?

സാധ്യമെങ്കിൽ പരിക്കേറ്റ കൈയോ കാലോ ഹൃദയനിരപ്പിന് മുകളിലേക്ക് ഉയർത്തിവയ്ക്കുന്നത് സഹായകരമായേക്കാം. എന്നാൽ ഇത് നേരിട്ട് മുറിവിൽ ശക്തമായ സമ്മർദ്ദം നൽകുന്നതിനോ, ആവശ്യമായാൽ ടൂർണിക്കെറ്റ് ഉപയോഗിക്കുന്നതിനോ പകരമല്ല.

പ്രധാനപ്പെട്ടത് നേരിട്ട് മുറിവിൽ ശക്തമായ സമ്മർദ്ദം നൽകുക എന്നതാണ്. കൈകാലുകൾ ഉയർത്തുന്നതിന്റെ പേരിൽ രക്തസ്രാവം നിയന്ത്രിക്കൽ വൈകിക്കരുത്.

പ്രധാന ലക്ഷ്യം ഒന്ന് മാത്രം — രക്തസ്രാവം എത്രയും വേഗം നിയന്ത്രിക്കുക

ചിലപ്പോൾ ആശുപത്രിയിൽ വലിയ അളവിൽ രക്തം വേണ്ടിവരുന്ന സാഹചര്യം ചിലപ്പോൾ അപകടസ്ഥലത്തുവെച്ചുതന്നെ ഒഴിവാക്കാമായിരുന്നു.

ഒരു അപകടത്തിൽ വലിയ തോതിൽ രക്തം നഷ്ടപ്പെട്ടാൽ ആശുപത്രിയിൽ പിന്നീട് വലിയ അളവിൽ രക്തവും രക്തഘടകങ്ങളും നൽകേണ്ടിവരാം.

പക്ഷേ ഒന്ന് ചിന്തിച്ചുനോക്കൂ…

അപകടസ്ഥലത്ത് തന്നെ രക്തസ്രാവം നേരത്തെ നിയന്ത്രിച്ചിരുന്നെങ്കിൽ ആ വലിയ രക്തനഷ്ടം ഒഴിവാക്കാനാകുമായിരുന്നോ?

തീർച്ചയായും !!

“അതുകൊണ്ട് പ്രഥമശുശ്രൂഷ (First Aid) ആശുപത്രിയിലെത്തുന്നതിന് മുമ്പുള്ള ഒരു ചെറിയ നടപടി മാത്രമല്ല; അത് ജീവൻ രക്ഷിക്കുന്ന ചികിത്സയുടെ ആദ്യപടിയാണ്.”

ഒരു ജീവൻ നിങ്ങളുടെ കൈകളിലായിരിക്കാം!

അപകടം സംഭവിക്കുമ്പോൾ നോക്കി നിൽക്കരുത്.

രക്തസ്രാവം  → നേരിട്ട് അമർത്തുക → മറ്റുള്ളവരിൽ നിന്ന് സഹായം തേടുക → ആവശ്യമായാൽ ടൂർണിക്കെറ്റ് ഉപയോഗിക്കുക → അടിയന്തര ചികിത്സ തേടുക.

നിങ്ങൾ ഡോക്ടറല്ല. നിങ്ങൾ നഴ്സുമല്ല. പക്ഷേ ആ നിമിഷത്തിൽ…  നിങ്ങൾ മാത്രമായിരിക്കാം ആ വ്യക്തിയുടെ ഏറ്റവും അടുത്തുള്ള ജീവൻരക്ഷാ പ്രതീക്ഷ.

ഒരു ചെറിയ പ്രഥമ ശ്രുശ്രൂഷ ( First Aid)  അറിവ്.

ഒരു ശരിയായ സമ്മർദ്ദം.

ഒരു ശരിയായ തീരുമാനം.

ഇവ മൂന്നും ചേർന്നാൽ… ഒരു ഹൃദയമിടിപ്പ് കൂടി നിലനിർത്താനാകും.

ഈ ലളിതമായ പ്രഥമശുശ്രൂഷാ രീതി ആളുകൾക്ക് പഠിക്കാനായാൽ, അപകടങ്ങളിലും മറ്റ് പരിക്കുകളിലും പെടുന്ന നിരവധി പേരുടെ ജീവൻ രക്ഷിക്കാൻ സാധിക്കും. അതിനാൽ, നമുക്കറിയാവുന്ന എല്ലാവരിലേക്കും ഈ അറിവ് പകർന്നുനൽകേണ്ടത് പ്രധാനമാണ്; ഒരുപക്ഷേ, എപ്പോഴെങ്കിലും വിലപ്പെട്ട ഒരു ജീവൻ രക്ഷിക്കാൻ നമുക്ക് ഇതിലൂടെ കഴിഞ്ഞേക്കാം.

എഴുത്ത്: Dr. Arun Oommen, Neurosurgeon

Control Severe Bleeding: Essential First Aid Steps:

First aid knowledge can be life-saving in emergencies, particularly when dealing with severe blood loss. Immediate application of direct pressure on a wound is the crucial first step, even before an ambulance arrives. If direct pressure isn't enough, a correctly applied tourniquet can be used as a last resort for life-threatening limb bleeding. Understanding how to control bleeding effectively can prevent severe blood loss, hypovolemic shock, and ultimately save a life. Sharing this essential first aid information can empower individuals to act decisively in critical moments. Basic first aid is not just a preliminary step but the initial phase of life-saving treatment.

ADVERTISEMENT