ADVERTISEMENT

“ചെറിയൊരു കടിയല്ലേ…”- റേബീസിന്റെ  (Rabies) കാര്യത്തിൽ ഈ ഒരു ചിന്ത  ജീവന് തന്നെ വിലയാകാം! നായ കടിച്ചാൽ ആദ്യത്തെ 15 മിനിറ്റ് എന്ത് ചെയ്യുന്നു എന്നത് നിർണായകമാണ്.

നായ കടിച്ചാൽ മുറിവിനെക്കാൾ പേടിക്കേണ്ടത് മറ്റൊന്നാണ്!

ADVERTISEMENT

മുറിവ് ചെറുതായിരിക്കാം. രക്തം വന്നിരിക്കണമെന്നില്ല. നായ സാധാരണപോലെ തോന്നിയേക്കാം. പക്ഷേ റേബീസിന്റെ കാര്യത്തിൽ “നാളെ നോക്കാം” എന്നത് അപകടകരമാണ്.

 മുറിവ് ഭേദമാക്കാം… പക്ഷേ റേബീസ് രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞാൽ രോഗം ഏതാണ്ട് 100% മാരകമാണ്. റേബീസ് (Rabies) തലച്ചോറിനെയും നാഡീവ്യവസ്ഥയെയും ബാധിക്കുന്ന ഗുരുതരമായ വൈറസ് രോഗമാണ്.

ADVERTISEMENT

റേബീസ് രോഗലക്ഷണങ്ങൾ വരുന്നതിന് മുമ്പ് ശരിയായ പ്രതിരോധ ചികിത്സ ലഭിച്ചാൽ രോഗത്തെ ഫലപ്രദമായി തടയാൻ കഴിയും.

നായ കടിച്ചാൽ ഈ 4 കാര്യങ്ങൾ ഉടൻ ചെയ്യുക!

ADVERTISEMENT

1. മുറിവ് ഉടൻ കഴുകുക - കുറഞ്ഞത് 15 മിനിറ്റ്! 

സോപ്പും ഒഴുകുന്ന വെള്ളവും ഉപയോഗിച്ച് മുറിവ് കുറഞ്ഞത് 15 മിനിറ്റ് നന്നായി കഴുകുക. സോപ്പ് ലഭ്യമല്ലെങ്കിൽ ധാരാളം ഒഴുകുന്ന വെള്ളം ഉപയോഗിച്ചും കഴുകണം.

തുടർന്ന് ലഭ്യമെങ്കിൽ പൊവിഡോൺ-അയോഡിൻ പോലുള്ള അണുനാശിനി ഉപയോഗിക്കാം.

 മുറിവ് കഴുകുന്നത് വെറും പ്രഥമശുശ്രൂഷയല്ല—റേബീസ് പ്രതിരോധത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആദ്യപടികളിലൊന്നാണ്.

2. മുറിവിൽ ‘നാട്ടുവൈദ്യം’ പരീക്ഷിക്കരുത്! 

മുറിവിൽ  എന്തൊക്കെ ചെയ്യരുത് എന്ന് അറിയേണ്ടത് പ്രധാനമാണ്.

മുളക്,  മഞ്ഞൾ,  എണ്ണ,  ചുണ്ണാമ്പ്, മണ്ണ്,  ചാരം,  സസ്യനീർ,  ടൂത്ത്‌പേസ്റ്റ്, സ്പിരിറ്റ്/ആസിഡ് പോലുള്ള ശക്തമായ രാസവസ്തുക്കൾ പുരട്ടരുത്.

ഇവയൊന്നും റേബീസ് തടയാനുള്ള ചികിത്സയല്ല. പകരം, ഇവ മുറിവിൽ കൂടുതൽ രാസപരമായോ ശാരീരികമായോ കേടുപാടുകൾ ഉണ്ടാക്കാനും അണുബാധയുടെ സാധ്യത വർധിപ്പിക്കാനും കഴിയും.

മുറിവിൽ നിന്ന് രക്തം വലിച്ചെടുക്കുകയോ വായകൊണ്ട് ചുഷണം ചെയ്യുകയോ ചെയ്യുന്നത് റേബീസ് തടയില്ല. ഇത്തരം പഴയ രീതികൾ ഒഴിവാക്കുക.

3. മുറിവ് മുറുക്കിക്കെട്ടുകയോ സ്വയം തുന്നുകയോ ചെയ്യരുത്.

മുറിവ് ശക്തമായി കെട്ടിയടയ്ക്കുന്നത് ശരിയായ നടപടിയല്ല.  തുന്നൽ ആവശ്യമായാൽ ആരോഗ്യപ്രവർത്തകർ മുറിവിന്റെ സ്വഭാവം വിലയിരുത്തി തീരുമാനിക്കണം. റേബീസ് ഇമ്യൂണോഗ്ലോബുലിൻ ആവശ്യമായ സാഹചര്യമാണെങ്കിൽ, അത് മുറിവിനുചുറ്റും ശരിയായ രീതിയിൽ നൽകുന്നതും ചികിത്സയുടെ ഭാഗമാണ്.

4. വൈകാതെ ആശുപത്രിയിലെത്തുക. 

വാക്സിൻ/PEP/RIG ആവശ്യമാണോ എന്ന് ആരോഗ്യപ്രവർത്തകർ തീരുമാനിക്കട്ടെ.

മുറിവ് ചെറുതാണെങ്കിലും, നായ പരിചിതമാണെങ്കിലും, നായയ്ക്ക് വാക്സിൻ എടുത്തിട്ടുണ്ടെന്ന് അറിയാമെങ്കിലും സ്വയം തീരുമാനിച്ച് ചികിത്സ ഒഴിവാക്കരുത്.

ഡോക്ടർ വിലയിരുത്തേണ്ടത്:

- കടിയേറ്റതിന്റെ സ്വഭാവം

- മുറിവിന്റെ സ്ഥാനം

- ത്വക്ക് പൊട്ടിയിട്ടുണ്ടോ

- ഉമിനീർ എവിടെ സമ്പർക്കപ്പെട്ടു

- നായയുടെ വാക്സിനേഷൻ/നിരീക്ഷണ സാഹചര്യം

- മുമ്പ് റേബീസ് വാക്സിൻ എടുത്തിട്ടുണ്ടോ എന്നിവയാണ്.

വാക്സിൻ എപ്പോൾ വേണം?

നായയുമായുള്ള സമ്പർക്കത്തിന്റെ സ്വഭാവം അനുസരിച്ചാണ്  PEP തീരുമാനിക്കുന്നത്.

PEP (Post-Exposure Prophylaxis) — റേബീസ് സാധ്യതയുള്ള സമ്പർക്കത്തിന് ശേഷം രോഗം വരുന്നതിന് മുമ്പ് നൽകുന്ന പ്രതിരോധ ചികിത്സ.

വിഭാഗം 1 — പ്രതിരോധ ചികിത്സ ആവശ്യമില്ല

നായയെ തൊടുക, ഭക്ഷണം കൊടുക്കുക, അല്ലെങ്കിൽ പൊട്ടാത്ത ത്വക്കിൽ മാത്രം നക്കുക എന്നിവ.

സാധാരണയായി റേബീസ് വാക്സിനോ മറ്റ് PEP-യോ ആവശ്യമില്ല. എങ്കിലും ത്വക്കിൽ ചെറിയ പൊട്ടലോ മുറിവോ ഉണ്ടായിരുന്നോ എന്ന് ഉറപ്പാക്കണം.

വിഭാഗം 2 — റേബീസ് വാക്സിൻ വേണം

“രക്തസ്രാവമില്ലാത്ത ചെറിയ ചീർത്തൽ, ഉരസൽ, അല്ലെങ്കിൽ ത്വക്കിന്റെ മേൽപ്പാളിക്ക് ഉണ്ടായ ചെറിയ പരിക്ക് തുടങ്ങിയവ

- മുറിവ് നന്നായി കഴുകിയ ശേഷം റേബീസ് വാക്സിൻ ഉടൻ ആരംഭിക്കണം.

- റേബീസ് ഇമ്യൂണോഗ്ലോബുലിൻ (RIG) ആവശ്യമില്ല.

വിഭാഗം 3 — വാക്സിനും,  റേബീസ് ഇമ്യൂണോഗ്ലോബുലിൻ(RIG)-ഉം ആവശ്യമാണ്.

ത്വക്ക് തുളച്ചുള്ള കടിയോ ചീർത്തലോ, പൊട്ടിയ ത്വക്കിൽ നായയുടെ ഉമിനീർ പതിയുകയോ, കണ്ണ്/വായ പോലുള്ള ശ്ലേഷ്മപടലങ്ങളിൽ ഉമിനീർ എത്തുകയോ ചെയ്താൽ ഇത് ഗുരുതരമായ എക്സ്പോഷറായി കണക്കാക്കുന്നു.

- റേബീസ് വാക്സിൻ ഉടൻ ആരംഭിക്കണം.

- “മുമ്പ് റേബീസ് വാക്സിൻ എടുത്തിട്ടില്ലാത്ത വ്യക്തിയിൽ, വാക്സിനോടൊപ്പം RIG കൂടി നൽകണം…”, സാധ്യമെങ്കിൽ കഴിയുന്നത്ര നേരത്തെ.

 RIG മുറിവിനകത്തും ചുറ്റുമായി ശരിയായ രീതിയിൽ നൽകുന്നതാണ് പ്രധാനപ്പെട്ടത്.

പ്രധാനമായി ഓർക്കുക

1. മുറിവിന്റെ വലുപ്പം മാത്രം നോക്കി റേബീസ് അപകടസാധ്യത തീരുമാനിക്കരുത്. കടിയേറ്റ സ്ഥലം, ത്വക്ക് പൊട്ടിയിട്ടുണ്ടോ, ഉമിനീർ എവിടെ സമ്പർക്കപ്പെട്ടു, മുമ്പ് വാക്സിൻ എടുത്തിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ കൂടി പരിഗണിക്കണം.

2.. Category II, III എക്സ്പോഷറുകളിൽ ചികിത്സ വൈകിക്കരുത്.

വാക്സിൻ എങ്ങനെ നൽകണം എന്നതും ഒരേ രീതിയല്ല. 

ത്വക്കിനുള്ളിലൂടെയോ (ഇൻട്രാഡെർമൽ)/ intradermal) പേശിയിലൂടെയോ (ഇൻട്രാമസ്കുലർ/ Intramuscular) നൽകുന്ന രീതിയും, ഏത് ദിവസങ്ങളിൽ എത്ര ഡോസ് വേണം എന്നതും, മുമ്പ് റേബീസ് വാക്സിൻ എടുത്തിട്ടുണ്ടോ എന്നതുമെല്ലാം പരിഗണിച്ചാണ് ചികിത്സാ പദ്ധതി തീരുമാനിക്കുന്നത്.

“ഒരു ഡോസ് എടുത്താൽ മതി” എന്ന് സ്വയം തീരുമാനിക്കരുത്. ഡോക്ടർ നിർദ്ദേശിക്കുന്ന മുഴുവൻ വാക്സിൻ കോഴ്‌സും കൃത്യമായി പൂർത്തിയാക്കുക.

റേബീസിനെതിരെ പാതിവഴിയിലെ സംരക്ഷണമല്ല—പൂർണ്ണമായ പ്രതിരോധമാണ് ലക്ഷ്യം.

“നായയ്ക്ക് വാക്സിൻ എടുത്തിട്ടുണ്ട്"  - അതിനാൽ എനിക്ക് വാക്സിൻ വേണ്ട!

ഇത് അപകടകരമായ ധാരണയാണ്.

നായയുടെ വാക്സിനേഷൻ നില, നായയുടെ ആരോഗ്യനില, കടിയേറ്റതിന്റെ സ്വഭാവം, ശരീരത്തിലെ ഏത് ഭാഗത്താണ് പരിക്ക് ഉണ്ടായത്, പ്രദേശത്തെ റേബീസ് സാഹചര്യം തുടങ്ങിയ നിരവധി കാര്യങ്ങൾ വിലയിരുത്തിയാണ് മനുഷ്യന് പ്രതിരോധ ചികിത്സ ആവശ്യമാണോ എന്ന് തീരുമാനിക്കുന്നത്.

നായയെ സുരക്ഷിതമായി പിടിച്ചുനിർത്താൻ കഴിയുന്ന സാഹചര്യത്തിൽ, വെറ്ററിനറി/പൊതുജനാരോഗ്യ അധികൃതരുടെ നിർദ്ദേശപ്രകാരം 10 ദിവസത്തെ നിരീക്ഷണം നടത്തുന്നത് ചികിത്സാ തീരുമാനത്തിന് സഹായകരമായേക്കാം. നായയെ നിരീക്ഷിക്കാനാകുമെന്ന് കരുതി PEP ആരംഭിക്കുന്നത് വൈകിക്കരുത്

റേബീസ് വാക്സിനെക്കുറിച്ചുള്ള തെറ്റായ പ്രചാരണങ്ങളെ സൂക്ഷിക്കുക!

- റേബീസ് വാക്സിൻ അപകടകരമാണ്.

- വാക്സിൻ എടുത്താൽ ശരീരം നശിക്കും.

- മുറിവ് ചെറുതാണെങ്കിൽ വാക്സിൻ വേണ്ട.

ഇത്തരം തെളിവില്ലാത്ത സാമൂഹ്യമാധ്യമ പ്രചാരണങ്ങൾ ഒരാളുടെ ജീവൻ പോലും അപകടത്തിലാക്കാം.

ആധുനിക റേബീസ് വാക്സിനുകൾ സുരക്ഷിതവും ഫലപ്രദവുമാണ്. ശരിയായ മുറിവ് പരിചരണവും ആവശ്യമായ പ്രതിരോധ ചികിത്സയും സമയത്ത് ലഭിക്കുന്നത് റേബീസ് തടയുന്നതിൽ നിർണായകമാണ്.

ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു - “റേബീസ് രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടാൽ രോഗം ഏതാണ്ട് 100% മാരകമാണ്.”

തെരുവുനായ നിയന്ത്രണം — ശാസ്ത്രീയമായിരിക്കണം!

തെരുവുനായ പ്രശ്നത്തിന് ക്രൂരത പരിഹാരമല്ല; അതുപോലെ പ്രശ്നത്തെ അവഗണിക്കുന്നതും പരിഹാരമല്ല.

തുടർച്ചയായ വന്ധ്യംകരണം, റേബീസ് വാക്സിനേഷൻ, മാലിന്യ-ഭക്ഷ്യമാലിന്യ നിയന്ത്രണം, ഉത്തരവാദിത്തമുള്ള വളർത്തുമൃഗ പരിപാലനം, അപകടകാരികളായ മൃഗങ്ങളെ സുരക്ഷിതമായി കൈകാര്യം ചെയ്യൽ—ഇവയെല്ലാം ഒരുമിച്ച് നടപ്പാക്കണം.

മനുഷ്യന്റെ സുരക്ഷയും മൃഗക്ഷേമവും ഒരുപോലെ സംരക്ഷിക്കുന്ന ശാസ്ത്രീയ “വൺ ഹെൽത്ത്” സമീപനമാണ് ദീർഘകാല പരിഹാരം.

നായയെ മാത്രം നിയന്ത്രിച്ചാൽ പോരാ—നായകളുടെ എണ്ണം വർധിക്കാൻ കാരണമാകുന്ന സാഹചര്യങ്ങളെയും നിയന്ത്രിക്കണം.

ഒടുവിൽ… ഇത് മറക്കരുത്...

നായയുടെ കടിയേറ്റാൽ ഭയപ്പെടേണ്ടത് മുറിവിനെ മാത്രമല്ല—റേബീസിനെയാണ്. റേബീസിനെ തോൽപ്പിക്കാനുള്ള ഏറ്റവും നല്ല സമയം രോഗലക്ഷണങ്ങൾ വന്നശേഷമല്ല- നായ കടിച്ച നിമിഷം മുതലാണ്.

- 15 മിനിറ്റ് മുറിവ് കഴുകുക.

- വൈകാതെ ആശുപത്രിയിലെത്തുക.

- ആവശ്യമായ വാക്സിനും ഇമ്യൂണോഗ്ലോബുലിനും സ്വീകരിക്കുക.

- ഡോക്ടർ നിർദ്ദേശിക്കുന്ന ചികിത്സാക്രമം പൂർണ്ണമായി പൂർത്തിയാക്കുക.

റേബീസിന്റെ അപകടം അതിന്റെ ഉയർന്ന മരണനിരക്കിൽ മാത്രമല്ല; തടയാൻ കഴിയുമായിരുന്ന ഒരു രോഗത്തെ തെറ്റായ തീരുമാനത്തിലൂടെ ജീവന് ഭീഷണിയാക്കുന്നതിലാണ്.

പ്രതിരോധ മാർഗങ്ങൾ ഫലപ്രദമായി ലഭ്യമായിരിക്കെ എന്തിന് അനാവശ്യമായ ഒരു റിസ്ക് എടുക്കണം?

നായ കടിച്ചാൽ—കാത്തിരിക്കരുത്.

കഴുകുക. ചികിത്സ തേടുക. പ്രതിരോധിക്കുക.

ഒരു ചെറിയ, ബുദ്ധിപൂർവ്വമായ തീരുമാനം ഒരു ജീവൻ രക്ഷിച്ചേക്കാം

എഴുത്ത്: Dr Arun Oommen, Neurosurgeon 

Rabies Prevention: What to Do Immediately After a Dog Bite:

Rabies prevention starts the moment a dog bites, emphasizing immediate wound washing for at least 15 minutes with soap and running water as the most crucial first step. Delaying treatment or resorting to unscientific home remedies can be fatal, as rabies is nearly 100% fatal once symptoms appear. Proper post-exposure prophylaxis (PEP), including vaccination and immunoglobulin, is determined by the bite's severity, exposure type, and individual's vaccination history. Misinformation about rabies vaccines is dangerous, and modern vaccines are safe and effective, offering complete protection when followed as prescribed. A scientific 'One Health' approach involving vaccination, sterilization, and waste management is essential for long-term control of stray dog issues and human safety.

ADVERTISEMENT