ഓണത്തിന്റെ മധുരത്തിനൊപ്പം ഒട്ടേറെ മധുരവിഭവങ്ങൾ എത്തുന്ന കാലം കൂടിയാണു പൊന്നിൻചിങ്ങം. ചോക്‌ലെറ്റ് ഒരു ചെറിയ കഷ്ണം മതി എന്നു പറഞ്ഞാകും തുടക്കം. അത് അവിടെ നിൽക്കാറില്ലെന്നതാണു നമ്മളിൽ പലരുടേയും അനുഭവം.
ഓണത്തിന്റെ മാത്രമല്ല ഏത് ആഘോഷത്തിന്റെയും ഭാഗമാണു മധുരം. ചിലർക്ക് ടെൻഷൻ വന്നാൽ പോലും ആശ്രയം ചോക്‌ലെറ്റോ ഐസ്ക്രീമോ ആണ്. സ്നേഹത്തിന്റെ മുഖമാണ് സ്വീറ്റ്സ്. എങ്കിലും നമ്മളറിയാത്ത മറ്റൊരു മുഖം കൂടിയുണ്ടു മധുരത്തിന്. പ്രമേഹം, അമിതവണ്ണം, ഹൃദ്രോഗങ്ങൾ, ദന്തക്ഷയം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുടെ പിന്നിൽ പ ഞ്ചസാരയുടെ അമിത ഉപയോഗം പ്രധാനഘടകമാണ്.
എന്താണ് സ്വീറ്റ് ടൂത്ത്?
മധുരം അളവു തെറ്റുമ്പോൾ ആരോഗ്യത്തിനു ഭീഷണിയായി മാറും. ഈ അമിതമായ മധുരപ്രിയതയെയാണു പൊതുവെ 'സ്വീറ്റ് ടൂത്ത്'എന്നു വിളിക്കുന്നത്. മധുരമുള്ള ഭക്ഷണങ്ങളോട് അസാധാരണമായ ഇഷ്ടമോ, ഇടയ്ക്കിടെ മധുരം കഴിക്കാനുള്ള ശക്തമായ ആഗ്രഹമോ ഉള്ള അവസ്ഥയെയാണ് സാധാരണയായി ‘സ്വീറ്റ് ടൂത്ത്’ എന്നു വിളിക്കുന്നത്. ഇത് ഒരു രോഗമല്ല; എന്നാൽ, നമ്മുടെ ഭക്ഷണരീതിയെയും ആരോഗ്യത്തെയും സ്വാധീനിക്കുന്ന ഒരു പെരുമാറ്റ മാതൃകയാണ്.
മനുഷ്യർ ജന്മനാ മധുരരുചി ഇഷ്ടപ്പെടുന്നവരാണ്. അമ്മയുടെ മുലപ്പാലിലും സ്വാഭാവിക മധുരമുണ്ട്. മുലപ്പാലിന്റെ സ്വാഭാവിക മധുരം കുഞ്ഞിനു സുരക്ഷയും പോഷണവും നൽകുന്ന ആദ്യ അനുഭവമാണ്. അതുകൊണ്ടു തന്നെ മധുരം സുരക്ഷിതവും ഊർജം നൽകുന്നതുമായ ഭക്ഷണമാണെന്നു നമ്മുടെ മസ്തിഷ്കം തിരിച്ചറിയുന്നു. മധുരമുള്ള പഴങ്ങൾ ഊർജസമ്പുഷ്ടമായിരുന്നു. അങ്ങനെ മധുരം തിരിച്ചറിയാനും ഇഷ്ടപ്പെടാനും നമ്മുടെ മസ്തിഷ്കം പഠിച്ചു. ഇന്നും ആ സ്വഭാവം നമ്മോടൊപ്പമുണ്ട്. പക്ഷേ, പഴങ്ങളിലെ മധുരത്തിനു പകരം പഞ്ചസാര നിറഞ്ഞ ഭക്ഷണങ്ങളാണ് ഇന്നേറെയും നമ്മുടെ മുന്നിലെത്തുന്നത്.
ഒരു ചോക്‌ലെറ്റ് കഴിക്കുമ്പോഴോ ഒരു കഷ്ണം കേക്ക് കഴിക്കുമ്പോഴോ മസ്തിഷ്കത്തിലെ ‘റിവാർഡ് സെന്റർ’ സജീവമാകുന്നു. ഡോപമിൻ എന്ന ന്യൂറോ ട്രാൻസ്മിറ്റർ പുറത്തുവന്നു സന്തോഷവും സംതൃപ്തിയും നൽകുന്നു. എന്നാൽ, ഈ സന്തോഷം ദീർഘനേരം നിലനിൽക്കില്ല. രക്തത്തിലെ പഞ്ചസാര വേഗത്തിൽ ഉയരുകയും പിന്നീട് താഴുകയും ചെയ്യും. വീണ്ടും മധുരം കഴിക്കാനുള്ള ആഗ്രഹം ഉണ്ടാകും. ഇങ്ങനെ ഒരു ‘ഷുഗർ സൈക്കിൾ’ രൂപപ്പെടും. അതുകൊണ്ടാണ് വിഷമമുള്ള ദിവസങ്ങളിലും ക്ഷീണിച്ച സമയങ്ങളിലും പലരും ആദ്യം മധുരം തിരയുന്നത്. എന്നാൽ, ഈ അനുഭവം ആവർത്തിക്കപ്പെടുമ്പോൾ, സമ്മർദം, വിഷാദം, ഏകാന്തത, ആഘോഷം—എന്ത് വികാരമായാലും അതിന് പരിഹാരമായി മധുരത്തെ ആശ്രയിക്കുന്ന ശീലം രൂപപ്പെടാം.
ദന്തക്ഷയമുണ്ടാക്കുന്ന സ്വീറ്റ് ടൂത്ത്
അമിതമായാൽ ജീവിതശൈലീ രോഗങ്ങൾക്കൊപ്പം ദന്തക്ഷയത്തിനും സ്വീറ്റ് ടൂത്ത് കാരണമാകും.
∙ ഒട്ടിപ്പിടിക്കുന്ന മിഠായികൾ, കാരമൽ, ചോക്‌ലേറ്റുകൾ, മധുരപാനീയങ്ങൾ, ബോട്ടിലിലാക്കിയ ജ്യൂസുകൾ, എനർജി ഡ്രിങ്കുകൾ എന്നിവ പല്ലുകേടിനുള്ള സാധ്യത വർധിപ്പിക്കുന്നു. ഇന്നു വിപണിയിൽ ‘ഷുഗർ ഫ്രീ’, ‘നാച്ചുറൽ’, ‘ഹെൽത്തി’എന്നിങ്ങനെ പല പേരുകളിലും ഭക്ഷണങ്ങൾ ലഭ്യമാണ്. എന്നാൽ, അവയിൽ ചിലതിൽ ഒളിഞ്ഞിരിക്കുന്ന പഞ്ചസാരയോ ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റ്സോ ഉണ്ടാകാം. ആരോഗ്യകരമെന്ന് ഉറപ്പു വരുത്തിയ ശേഷം തിരഞ്ഞെടുക്കാം.
ചോക്‌ലെറ്റ്സ്, ബിസ്കറ്റ്, ഫ്ലേവേഡ് മിൽക്ക്, സോഫ്റ്റ് ഡ്രിങ്ക്സ്, പാക്കറ്റ് ജ്യൂസ്, എനർജി ഡ്രിങ്ക്സ് തുടങ്ങിയവയിലെല്ലാം ഒളിഞ്ഞിരിക്കുന്ന പഞ്ചസാരയുടെ അളവ് പലപ്പോഴും നമ്മൾ ശ്രദ്ധിക്കാറില്ല. അതിനാൽ ലേബൽ വായിക്കുന്ന ശീലം വളർത്തേണ്ടത് അത്യാവശ്യമാണ്. ‘Nutrition Facts’ വായിക്കുകയും അതിലുള്ള‘Added Sugar’ എത്രയാണെന്ന് ശ്രദ്ധിക്കുകയും വേണം.
പല്ലുകളുടെ ആരോഗ്യം
മധുരമുള്ള ഭക്ഷണം കഴിച്ചതുകൊണ്ടു മാത്രം പല്ലു കേടാകില്ല. എന്നാൽ, മധുരം പലതവണ കഴിക്കുകയും വായിൽ പറ്റിനിൽക്കുകയും ചെയ്താൽ വായിലെ ബാക്ടീരിയകൾ പഞ്ചസാരയെ ഉപയോഗിച്ച് ആസിഡ് ഉൽപ്പാദിപ്പിക്കും. ഈ ആസിഡ് പല്ലിന്റെ ഇനാമലിനെ ക്രമേണ നശിപ്പിച്ചു ദന്തക്ഷയത്തിലേക്കു നയിക്കും
ഒരു വലിയ മിഠായി ഒരിക്കൽ കഴിക്കുന്നതിനേക്കാൾ, ദിവസം പല തവണ ചെറിയ അളവിൽ കഴിക്കുന്നതാണ് കൂടുതൽ അപകടകരം. ഓരോ തവണയും പല്ലുകൾക്ക് പുതിയ ആസിഡ് ആക്രമണം നേരിടേണ്ടി വരുന്നു.
വീട്ടിൽ മുതിർന്നവർ മധുരം നിയന്ത്രിതമായി കഴിക്കുകയും ആരോഗ്യകരമായ ഭക്ഷണശീലം പിന്തുടരുകയും ചെയ്താൽ, അതുതന്നെയാണു കുട്ടികളുടെ ഭാവി ആരോഗ്യത്തിനുള്ള ഏറ്റവും നല്ല നിക്ഷേപം. കുട്ടികൾക്ക് മധുരം പൂർണമായും വിലക്കുന്നതിനു പകരം, അതിന്റെ അളവും സമയവും നിയന്ത്രിക്കുന്നതാണു നല്ലത്. ഭക്ഷണത്തിനിടയിൽ നിരന്തരം മധുരം നൽകുന്നതിനേക്കാൾ ഭക്ഷണത്തോടൊപ്പം ചെറിയ അളവിൽ നൽകുന്നതാണ് ഉചിതം.
സ്വീറ്റ് ടൂത്ത് നിയന്ത്രിക്കാം
ആരോഗ്യകരമായ ജീവിതശൈലിയുടെ ലക്ഷ്യം, നിയന്ത്രണമാണ്. മധുരം പ്രത്യേക അവസരങ്ങളിലേക്കു പരിമിതപ്പെടുത്തുക. പ്രഭാതഭക്ഷണം ഒരിക്കലും ഒഴിവാക്കരുത്. ഓരോ ഭക്ഷണത്തിലും പ്രോട്ടീനും നാരുകളും ഉൾപ്പെടുത്തുക. പഴങ്ങൾ ഉപയോഗിച്ചു മധുരത്തിന്റെ ആവശ്യം നിറവേറ്റാൻ ശ്രമിക്കുക.
ഭക്ഷണത്തോടൊപ്പം കഴിക്കുന്നതാണ് ഇടയ്ക്കിടെ കഴിക്കുന്നതിനേക്കാൾ നല്ലത്. ഏഴു മുതൽ എട്ടു മണിക്കൂർ വരെ ഉറക്കം ഉറപ്പാക്കുക. മാനസിക സമ്മർദം കുറയ്ക്കാൻ വ്യായാമവും ധ്യാനവും ജീവിതശൈലിയുടെ ഭാഗമാക്കുക. പഞ്ചസാര ചേർത്ത പാനീയങ്ങ ൾ കഴിവതും ഒഴിവാക്കുക.
∙മധുരം കഴിച്ചാൽ ഉടനെ തന്നെ വായ ശുദ്ധജലം കൊണ്ടു കഴുകുക.
∙ദിവസത്തിൽ രണ്ടുതവണ ഫ്ലൂറൈഡ് ടൂത്ത്‌പേസ്റ്റ് ഉപയോഗിച്ച് ബ്രഷ് ചെയ്യുക.
∙ആറുമാസത്തിലൊരിക്കൽ ദന്തപരിശോധന നടത്തുക.
ജീവിതത്തിൽ മധുരം വേണം; പക്ഷേ അതു ഭക്ഷണത്തിൽ മാത്രമല്ല, ആരോഗ്യത്തിലും ബന്ധങ്ങളിലും നിറയണം. മധുരം ആസ്വദിക്കുന്നതു തെറ്റല്ല. എന്നാൽ, അതിരുകടന്ന മധുരാസക്തി നമ്മുടെ ശരീരത്തിനും പല്ലുകൾക്കും ദീർഘകാല ദോഷം ചെയ്യുമെന്ന കാര്യം മറക്കരുത്.
വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ. ബിന്ദു വി.ഭാസ്കർ, അസിസ്റ്റന്റ് പ്രഫസർ, ഡിപാർട്മെന്റ് ഒാഫ് പബ്ലിക് ഹെൽത് ഡെന്റിസ്ട്രി, ഗവ. ഡെന്റൽ കോളജ്, കോട്ടയം