ADVERTISEMENT

“തല പൊട്ടിപ്പോകുന്നതുപോലെ…” വെളിച്ചവും ശബ്ദവും സഹിക്കാനാകുന്നില്ലേ? ഇത് മൈഗ്രെയ്ൻ ആണോ? മൈഗ്രെയ്‌നെ തിരിച്ചറിയാം… നിയന്ത്രിക്കാം!

തലവേദന വന്നാൽ പലരും പറയുന്ന ഒരു വാക്കുണ്ട്- “മൈഗ്രെയ്ൻ ആയിരിക്കും…” പക്ഷേ, എല്ലാ തലവേദനയും മൈഗ്രെയ്ൻ അല്ല.

ADVERTISEMENT

മൈഗ്രെയ്ൻ തലച്ചോറിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട ഒരു സങ്കീർണ്ണമായ ന്യൂറോളജിക്കൽ അവസ്ഥയാണ്.

മൈഗ്രെയ്ൻ (ചെന്നിക്കുത്ത്) ആണെന്ന് എങ്ങനെ തിരിച്ചറിയാം?

ADVERTISEMENT

മൈഗ്രെയ്ൻ വെറും തലവേദനയല്ല. തലപൊട്ടിപ്പോകുന്നതുപോലെ വേദനയ്‌ക്കൊപ്പം വെളിച്ചത്തോടും ശബ്ദത്തോടുമുള്ള അമിതസെൻസിറ്റിവിറ്റി, ഓക്കാനം, ഛർദ്ദി, ചിലരിൽ കാഴ്ചയിലോ സംസാരത്തിലോ ഉണ്ടാകുന്ന താൽക്കാലിക മാറ്റങ്ങൾ തുടങ്ങിയവയും ഉണ്ടാകാം..

സാധാരണയായി മൈഗ്രെയ്ൻ വേദന:

ADVERTISEMENT

തലയുടെ ഒരു വശത്ത് കൂടുതലായി അനുഭവപ്പെടാം — പക്ഷേ എല്ലായ്പ്പോഴും അങ്ങനെയല്ല.

- തുടിക്കുന്നതുപോലെയോ മിടിക്കുന്നതുപോലെയോ തോന്നാം  (Throbbing or pulsatile headache).

-  സാധാരണ ശാരീരിക പ്രവർത്തനങ്ങളിൽ വേദന കൂടാം.

- 4 മുതൽ 72 മണിക്കൂർ വരെ നീണ്ടുനിൽക്കാം.

- ഓക്കാനം, ഛർദ്ദി, വെളിച്ചത്തോടും ശബ്ദത്തോടുമുള്ള അസഹിഷ്ണുത എന്നിവ ഉണ്ടാകാം.

- ചിലർക്ക് ശക്തമായ മണങ്ങളോടും അസഹിഷ്ണുത അനുഭവപ്പെടാം.

- ഛർദ്ദിച്ചതിനുശേഷം ചിലർക്ക് താൽക്കാലികമായി ആശ്വാസം ലഭിക്കാം.

- ദേഷ്യം, പെട്ടെന്ന് പ്രകോപിതനാകുക,  തുടങ്ങിയ വൈകാരിക പ്രശ്നങ്ങൾ ഉണ്ടാകാം.

ചിലരിൽ “ഓറ” (Aura) ഉണ്ടാകാം...

തലവേദനയ്ക്ക് തൊട്ടുമുമ്പോ അതിനോടൊപ്പമോ ഉണ്ടാകുന്ന താൽക്കാലിക നാഡീസംബന്ധമായ ലക്ഷണങ്ങളാണ് 'ഓറ' .

കണ്ണിന് മുന്നിൽ മിന്നുന്ന വെളിച്ചം, സിഗ്-സാഗ് വരകൾ, താൽക്കാലിക കാഴ്ചമാറ്റങ്ങൾ, മുഖത്തോ കൈയിലോ മരവിപ്പോ തരിപ്പോ, സംസാരിക്കാൻ ബുദ്ധിമുട്ട്, ചിലപ്പോൾ ചെവിയിൽ മുഴക്കം എന്നിവ അനുഭവപ്പെടാം.

സാധാരണയായി ഇവ ക്രമേണ വികസിക്കുകയും പിന്നീട് പൂർണ്ണമായി മാറുകയും ചെയ്യും. 

ആക്രമണത്തിന് ശേഷം ചിലരിൽ ക്ഷീണം, ശ്രദ്ധക്കുറവ്, മാനസിക മന്ദത, ശരീരവേദന തുടങ്ങിയ പ്രശ്നങ്ങൾ മണിക്കൂറുകളോളം തുടരാം.  പലരും ഇതിനെ മൈഗ്രേൻ ഹാംഗ്ഓവർ (migraine hangover)  എന്നും വിശേഷിപ്പിക്കുന്നു.

അതുകൊണ്ട്

“തലവേദന = മൈഗ്രെയ്ൻ” എന്ന ധാരണ ശരിയല്ല.

എന്താണ് മൈഗ്രെയ്ൻ ഉണർത്തുന്നത്  (Migraine Triggers)?

മൈഗ്രെയ്ൻ പലപ്പോഴും ഒരൊറ്റ കാരണത്താൽ ഉണ്ടാകുന്നതല്ല. പല ഘടകങ്ങൾ ഒരുമിച്ച് ചേരുമ്പോഴാണ് ചിലരിൽ ഒരു ആക്രമണം (attack) ഉണ്ടാകുന്നത്.

ഉറക്കക്കുറവ് ,  ഭക്ഷണം ഒഴിവാക്കൽ , നിർജലീകരണം ,  മാനസിക സമ്മർദ്ദം , ഹോർമോൺ മാറ്റങ്ങൾ (പ്രത്യേകിച്ച് ആർത്തവസമയത്ത്) , ശക്തമായ വെളിച്ചം/മണം , സൂര്യപ്രകാശം ഏൽക്കൽ ,  ദീർഘനേരമുള്ള യാത്ര ,  വ്യക്തിഗത ഭക്ഷണ ട്രിഗറുകൾ — ഇവയൊക്കെ മൈഗ്രെയ്ൻ ഉണർത്താം.

പ്രധാനമായി ഓർക്കുക: എല്ലാവരുടെയും ട്രിഗറുകൾ ഒരുപോലെയല്ല. മൈഗ്രേൻ ഉണ്ടാക്കുന്ന ഘടകങ്ങൾ തിരിച്ചറിഞ്ഞ് അവ നിയന്ത്രിക്കുക എന്നത് മൈഗ്രെയ്ൻ നിയന്ത്രിക്കുന്നതിലെ പ്രധാനപ്പെട്ട ഘട്ടങ്ങളിലൊന്നാണ്.

മൈഗ്രെയ്ൻ നിയന്ത്രിക്കാൻ എന്ത് ചെയ്യാം?

മൈഗ്രെയ്ൻ വന്നാൽ വേദന മാത്രം കുറയ്ക്കുക എന്നതല്ല ലക്ഷ്യം — ആക്രമണങ്ങളുടെ ആവൃത്തിയും തീവ്രതയും കുറയ്ക്കുക എന്നതാണ്.

- ഉറക്കം 

സമയത്തിന് ഉറങ്ങുക

എല്ലാ ദിവസവും ഏകദേശം ഒരേ സമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്യുക. ഉറക്കക്കുറവും വലിയ സമയമാറ്റങ്ങളും ചിലരിൽ മൈഗ്രെയ്ൻ ഉണർത്താം.

-ഭക്ഷണം 

ഒഴിവാക്കരുത്

ദീർഘനേരം വിശന്നിരിക്കരുത്. ക്രമമായ സമീകൃത ഭക്ഷണം ശീലമാക്കുക.

-വെള്ളം 

 നിർജലീകരണം ഒഴിവാക്കുക

ആവശ്യത്തിന് വെള്ളം കുടിക്കുക. ചൂടിലും വ്യായാമത്തിനിടയിലും പ്രത്യേകം ശ്രദ്ധിക്കുക.

-വ്യായാമം 

പതുക്കെ, സ്ഥിരമായി നടത്തം, നീന്തൽ, സൈക്ലിംഗ്, യോഗ തുടങ്ങിയ മിതമായ വ്യായാമങ്ങൾ സഹായിച്ചേക്കാം. പെട്ടെന്ന് കഠിനമായ വ്യായാമം ചിലരിൽ ട്രിഗറാകാം.

- സമ്മർദ്ദം കുറയ്ക്കുക

ധ്യാനം, ശ്വാസാഭ്യാസം, യോഗ, വിശ്രമം—മനസ്സിന് ഇടയ്ക്കിടെ ഒരു ഇടവേള നൽകുക.

-കഫീൻ 

അളവ് ശ്രദ്ധിക്കുക

അമിതമായ കഫീനും പെട്ടെന്ന് കഫീൻ നിർത്തുന്നതും ചിലരിൽ മൈഗ്രെയ്ൻ ഉണർത്താം. ഉപയോഗം സ്ഥിരതയോടെ നിയന്ത്രിക്കുക.

-വെളിച്ചവും സ്ക്രീനും ശ്രദ്ധിക്കുക

തിളക്കമുള്ള വെളിച്ചവും ദീർഘനേരത്തെ സ്ക്രീൻ ഉപയോഗവും ചിലരിൽ പ്രശ്നമാകാം. കാഴ്ചയുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ അവ കണ്ടെത്തി പരിഹരിക്കണം

-നിങ്ങളുടെ ട്രിഗറുകൾ കണ്ടെത്തുക

എല്ലാ ട്രിഗറുകളും ഒഴിവാക്കേണ്ടതില്ല! Headache Diary സൂക്ഷിച്ച് നിങ്ങളിൽ യഥാർത്ഥത്തിൽ ആക്രമണം ഉണർത്തുന്ന ഘടകങ്ങൾ കണ്ടെത്തുക.

മൈഗ്രെയ്ൻ വന്നാൽ വീട്ടിൽ എന്തുചെയ്യാം?

വേദനയോട് പൊരുതേണ്ട… തലച്ചോറിന് ശാന്തമാകാനുള്ള സാഹചര്യം ഒരുക്കൂ!

മൈഗ്രെയ്ൻ ആക്രമണം തുടങ്ങിയാൽ:

-  വെളിച്ചവും ശബ്ദവും കുറയ്ക്കുക

ശാന്തവും ഇരുണ്ടതുമായ മുറിയിൽ വിശ്രമിക്കുക.

-  തണുത്ത കംപ്രസ് പരീക്ഷിക്കാം

നെറ്റിയിലോ കഴുത്തിലോ തണുത്ത തുണി വെക്കുന്നത് ചിലർക്ക് ആശ്വാസം നൽകാം.

- വെള്ളം കുടിക്കുക

നിർജലീകരണം ഒഴിവാക്കാൻ വെള്ളം പതുക്കെ കുടിക്കുക.

-  ആഴത്തിൽ, പതുക്കെ ശ്വസിക്കുക

ശ്വാസാഭ്യാസം ശരീരത്തെയും മനസ്സിനെയും ശാന്തമാക്കാൻ സഹായിച്ചേക്കാം.

- കഫീൻ — ശ്രദ്ധയോടെ

ചിലരിൽ ചെറിയ അളവിലുള്ള കഫീൻ സഹായിച്ചേക്കാം. എന്നാൽ അമിതമായ ഉപയോഗവും പെട്ടെന്ന് നിർത്തുന്നതും മൈഗ്രെയ്ൻ ഉണർത്താം. 

 - ഡോക്ടർ നിർദേശിച്ച മരുന്ന് വൈകിക്കരുത്

ആക്രമണം ശക്തമാകുന്നതിന് മുമ്പ് നിർദേശിച്ച രീതിയിൽ കഴിക്കുന്നത് കൂടുതൽ ഫലപ്രദമായേക്കാം.

-  “Natural” എന്നത് “Safe” എന്നല്ല!

ഹെർബൽ മരുന്നുകളോ സപ്ലിമെന്റുകളോ സ്വയം തുടങ്ങരുത്. ഡോക്ടറുടെ ഉപദേശം തേടുക.

മൈഗ്രെയ്ൻ ചികിത്സ: രണ്ട് ലക്ഷ്യങ്ങൾ!

1. അടിയന്തര ചികിത്സ — ആക്രമണം നിയന്ത്രിക്കാൻ

ആക്രമണം തുടങ്ങിയാൽ തലവേദന, ഓക്കാനം, ഛർദ്ദി, വെളിച്ചത്തോടും ശബ്ദത്തോടുമുള്ള അസഹിഷ്ണുത തുടങ്ങിയ ലക്ഷണങ്ങൾ കുറയ്ക്കാൻ ഡോക്ടർ നിർദേശിക്കുന്ന മരുന്നുകൾ ഉപയോഗിക്കുന്നു.

2. പ്രതിരോധ ചികിത്സ — ആക്രമണങ്ങൾ കുറയ്ക്കാൻ

മൈഗ്രെയ്ൻ പതിവായി വരുകയോ ശക്തമായിരിക്കുകയോ ജീവിതത്തെ ബാധിക്കുകയോ ചെയ്യുന്നുവെങ്കിൽ പ്രതിരോധ ചികിത്സ ആവശ്യമായേക്കാം.

എല്ലാവർക്കും ഒരേ ചികിത്സയല്ല. മൈഗ്രെയ്ൻ്റെ സ്വഭാവം, ആക്രമണങ്ങളുടെ ആവൃത്തി, മറ്റ് ആരോഗ്യപ്രശ്നങ്ങൾ, ഉപയോഗിക്കുന്ന മരുന്നുകൾ എന്നിവ പരിഗണിച്ചാണ് ചികിത്സ തിരഞ്ഞെടുക്കുന്നത്.

ഒരു പ്രധാന മുന്നറിയിപ്പ്

വേദനസംഹാരികളോ മൈഗ്രെയ്ൻ മരുന്നുകളോ അമിതമായി ഉപയോഗിക്കുന്നത് Medication-overuse headache ഉണ്ടാക്കാം. അതിനാൽ ആവർത്തിക്കുന്ന തലവേദനയ്ക്ക് സ്വയം മരുന്ന് കഴിച്ച് തുടരരുത്.

എപ്പോഴാണ് തലവേദന അടിയന്തരമായി വൈദ്യസഹായം തേടേണ്ടത്?

ജീവിതത്തിലെ ഏറ്റവും ശക്തമായ, പെട്ടെന്ന് തുടങ്ങിയ തലവേദന,

തലവേദനയ്‌ക്കൊപ്പം ബോധക്ഷയം, അപസ്മാരം, ശരീരത്തിന്റെ ഒരു ഭാഗത്ത് ബലക്കുറവ്/മരവിപ്പ്, സംസാരക്കുറവ്, കാഴ്ച നഷ്ടപ്പെടൽ, ഉയർന്ന പനി/കഴുത്ത് മുറുക്ക്, തുടർച്ചയായ ഛർദ്ദി, തലക്കേറ്റ പരിക്ക് എന്നിവ ഉണ്ടെങ്കിൽ അടിയന്തര വൈദ്യസഹായം തേടണം.

ഒടുവിൽ ഓർക്കേണ്ടത്…

മൈഗ്രെയ്ൻ നിങ്ങളുടെ ജീവിതത്തെ നിയന്ത്രിക്കേണ്ടതില്ല. മൈഗ്രെയ്ൻ പലപ്പോഴും ജനിതക പ്രവണതയുള്ള ഒരു നാഡീസംബന്ധമായ രോഗാവസ്ഥയാണ്.  മൈഗ്രെയ്ൻ പൂർണ്ണമായി ഇല്ലാതാക്കാൻ എല്ലായ്പ്പോഴും കഴിയണമെന്നില്ലെങ്കിലും, ശരിയായ ചികിത്സയിലൂടെ ആക്രമണങ്ങളുടെ ആവൃത്തിയും തീവ്രതയും ഗണ്യമായി കുറയ്ക്കാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും കഴിയും.”

നല്ല ഉറക്കം + ക്രമമായ ഭക്ഷണം + മതിയായ വെള്ളം + സ്ഥിരമായ വ്യായാമം + സമ്മർദ്ദനിയന്ത്രണം + വ്യക്തിഗത ട്രിഗറുകൾ തിരിച്ചറിയൽ + ശരിയായ ചികിത്സ - ഇവയാണ് മൈഗ്രെയ്ൻ നിയന്ത്രണത്തിന്റെ അടിത്തറ..

ശാസ്ത്രീയ തെളിവുകളില്ലാത്ത ‘ഒറ്റമൂലി’ ചികിത്സകളും തെറ്റായ അവകാശവാദങ്ങളും നൽകുന്നവരോട് ജാഗ്രത പാലിക്കുക. മൈഗ്രെയ്‌ന് ശാസ്ത്രീയവും വ്യക്തിഗതവുമായ ചികിത്സയാണ് സുരക്ഷിതമായ വഴി.

മൈഗ്രെയ്ൻ സാധാരണയായി ജീവന് ഭീഷണിയാകുന്ന രോഗമല്ലെങ്കിലും, അതിന്റെ ആവർത്തിക്കുന്ന ലക്ഷണങ്ങൾ ജോലിയെയും പഠനത്തെയും ദൈനംദിന ജീവിതത്തെയും കാര്യമായി ബാധിച്ചേക്കാം. അറിവില്ലായ്മയും തെറ്റായ ചികിത്സാരീതികളും ഈ ബുദ്ധിമുട്ട് വർധിപ്പിക്കാം.

മൈഗ്രെയ്ൻ മൂലം ബുദ്ധിമുട്ടുന്ന ഒരാളെയെങ്കിലും നിങ്ങൾക്കറിയാമെങ്കിൽ, ഈ വിവരങ്ങൾ അവരുമായി പങ്കുവെക്കൂ. 

എഴുത്ത്: Dr. Arun Oommen, Neurosurgeon

Understanding Migraine: Beyond Just a Headache:

Migraine is a complex neurological condition characterized by severe headaches, often on one side, accompanied by sensitivity to light and sound, nausea, and vomiting. Identifying and managing individual triggers like lack of sleep, stress, and hormonal changes is crucial for controlling attacks. Lifestyle adjustments such as regular sleep, balanced meals, hydration, exercise, and stress reduction play a significant role in prevention. Seeking medical advice for acute and prophylactic treatments is essential, and avoiding overuse of pain medication is advised to prevent medication-overuse headaches. Early recognition of severe or unusual headache patterns warrants immediate medical attention.

ADVERTISEMENT