ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഒരുഗ്രന്‍ കഞ്ഞിയുടെ റെസിപ്പി ഇതാ.. വെന്ത റാഗിക്കുറുക്കും ബ്ലാക്ക് റൈസും തേങ്ങാപ്പാലും ചേര്‍ത്താണ് ഈ വിഭവം തയാറാക്കുന്നത്. പെട്ടെന്ന് ദഹിക്കാനും ആരോഗ്യത്തിനും ഉത്തമമാണ് ബ്ലാക്ക് റൈസ്- റാഗിക്കഞ്ഞി.
ബ്ലാക്ക് റൈസ്- റാഗിക്കഞ്ഞി
1. ബ്ലാക്ക് റൈസ് – 50 ഗ്രാം
2. വെള്ളം – 500 മില്ലി
3. റാഗിപ്പൊടി – 50 ഗ്രാം
4. വെള്ളം – പാകത്തിന്
5. തേങ്ങാപ്പാൽ – 50 മില്ലി
6. കല്ലുപ്പ് – പാകത്തിന്
പാകം ചെയ്യുന്ന വിധം
∙ ബ്ലാക്ക് റൈസ് നന്നായി കഴുകി ഊറ്റുക.
∙ ചുവടുകട്ടിയുള്ള പാത്രത്തിൽ വെള്ളം തിളപ്പിച്ച് അതിലേക്ക് അരി ചേർത്തിളക്കുക. ചെറുതീയിൽ വച്ചു വേവിക്കണം. ഇടയ്ക്കിടെ ഇളക്കുക.
∙ മറ്റൊരു പാനിൽ വെള്ളം തിളപ്പിച്ച് അതിലേക്കു റാഗിപ്പൊടി ചേർത്തു മെല്ലേ ഇളക്കി നന്നായി യോജിപ്പിക്കുക. കട്ടകെട്ടാതെ ശ്രദ്ധിക്കണം. ഒന്ന് – രണ്ടു മിനിറ്റ് വേവിക്കണം.
∙ വെന്ത റാഗിക്കുറുക്ക് അരി വേവുന്നതിൽ ചേർത്തിളക്കുക.
∙ തേങ്ങാപ്പാലും പാകത്തിനുപ്പും ചേർത്തിളക്കി വാങ്ങി ചൂടോടെ വിളമ്പാം.
പാചകക്കുറിപ്പുകള്‍ക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയതിനും കടപ്പാട്: ഷെഫ് അരുൺ രാമുണ്ണി നായർ, കോഴിക്കോട്